Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅമ്മ ജനാധിപത്യം...

അമ്മ ജനാധിപത്യം അത്യാസന്ന നിലയിൽ

text_fields
bookmark_border
അമ്മ ജനാധിപത്യം അത്യാസന്ന നിലയിൽ
cancel

‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്‍റെ കരുത്തുറ്റ പ്രവർത്തനത്തിന്​ സ്വതന്ത്രമാധ്യമങ്ങൾ മർമപ്രധാനമാണ്​. സ്​​റ്റേറ്റിന്‍റെ പ്രവർത്തനങ്ങൾക്ക്​ വെളിച്ചം പകരുന്ന മാധ്യമങ്ങളുടെ പങ്ക്​ ജനാധിപത്യസമൂഹത്തിൽ നിർണായകമാണ്​. അധികാരകേന്ദ്രങ്ങളുടെ മുഖം നോക്കി നേരു വിളിച്ചുപറയാനും ജനാധിപത്യത്തെ ശരിയായ ദിശയിലേക്ക്​ നയിക്കാൻ പൗരരെ പ്രാപ്തരാക്കുംവിധം പരുത്ത വസ്തുതകൾ അവരെ അറിയിക്കാനുമുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ട്​. മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നത്​ പൗരജനങ്ങളെ ഒറ്റവാർപ്പിൽ ചിന്തിക്കാൻ നിർബന്ധിക്കും. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളിൽ ഏകപക്ഷീയമായ കാഴ്ചപ്പാട്​ ജനാധിപത്യത്തെ അതീവഗുരുതരമായ അപകടത്തിൽ ചാടിക്കും’ -നേരിന്റെയും നീതിയുടെയും പക്ഷത്ത്​ പതിറ്റാണ്ടുകാലം നിലയുറപ്പിച്ച മീഡിയവൺ മലയാള വാർത്ത ചാനലിനുമേൽ ബി.ജെ.പി ഭരണകൂടം അടിച്ചേൽപിച്ച വിലക്ക്​ റദ്ദാക്കി 2023 ഏപ്രിൽ അഞ്ചിന്​ പുറപ്പെടുവിച്ച വിധിന്യായത്തിൽ സുപ്രീംകോടതി നൽകിയ മുന്നറിയിപ്പാണിത്​. ജനാധിപത്യത്തിന്‍റെയും പൗരാവകാശത്തിന്‍റെയും പ്രതിരോധശേഷി വർധിപ്പിച്ച വിധി പൗരസഞ്ചയത്തിന് സന്തോഷം പകർന്നു. ജനാധിപത്യധ്വംസനത്തിനെതിരായ പരമോന്നത നീതിപീഠത്തിന്‍റെ എക്കാലത്തേക്കുമുള്ള വിധിനിർദേശം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സുയർത്തി. ഇതൊന്നും പക്ഷേ, അവകാശധ്വംസനത്തിനു മുതിർന്ന കേന്ദ്ര ഭരണകൂടം അഭിലഷണീയമായല്ല കണ്ടത്​ എന്നു വ്യക്തമാക്കുന്നതാണ്​ കഴിഞ്ഞ ഒരുവർഷത്തെ ബി​.ജെ.പി സർക്കാറിന്‍റെ മാധ്യമ ഇടപെടലുകൾ​. മീഡിയവൺ ചാനലിന്‍റെ ലൈസൻസ്​ പുതുക്കാൻ കാരണമൊന്നും ബോധിപ്പിക്കാതെ കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രകടിപ്പിച്ച വിസമ്മതത്തെ നിരാകരിച്ച സുപ്രീംകോടതി ജനാധിപത്യരാഷ്ട്രത്തിന്‍റെ ആധാരശിലകളായ സ്വാതന്ത്ര്യവും സ്വാഭാവികനീതിയും നിക്ഷിപ്തതാൽപര്യങ്ങളുടെ തൊടുന്യായങ്ങൾ പറഞ്ഞത്​ നിഷേധിക്കാനാവില്ലെന്ന്​ ശക്തമായ ഭാഷയിലാണ്​ ഭരണകൂടത്തെ ഓർമിപ്പിച്ചത്​. ഭരണകൂടത്തിനും ഭരണാധികാരികൾക്കും അഹിതകരമായി തോന്നുന്ന എന്തും രാജ്യസുരക്ഷക്ക്​ ഹാനികരമാണെന്ന്​ വരുത്തിത്തീർത്ത്​ നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള മോദി സർക്കാറിന്‍റെ നീക്കത്തെ മേൽവിധിയിൽ സുപ്രീംകോടതി കണക്കിന്​ കശക്കിയിരുന്നു. ഭരണഘടനദത്തമായ അവകാശങ്ങളെ ഹനിക്കുന്ന ഭരണകൂടത്തിന്‍റെ സമഗ്രാധിപത്യ പ്രവണതകൾക്കെതിരായ ശക്തമായ താക്കീതായിരുന്നു കഴിഞ്ഞവർഷത്തെ ചരിത്രവിധി. എന്നാൽ, ജനാധിപത്യരാഷ്​ട്രത്തിന്‍റെ അന്തസ്സുയർത്തിപ്പിടിക്കാൻ സുപ്രീംകോടതി നൽകിയ നിർദേശങ്ങളെ അവഗണിക്കുന്ന നീക്കങ്ങളാണ്​ കേന്ദ്രം തുടർന്നുവരുന്നത്​.

ജനാധിപത്യത്തിന്‍റെയും നീതിയുടെയും സാമാന്യമാനകങ്ങളെ തിരസ്കരിക്കുന്നതിന്‍റെ അടയാളമായി വേണം ‘റിപ്പോർട്ടേഴ്​സ്​ വിത്തൗട്ട്​ ബോഡേഴ്​’സിന്‍റെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഒറ്റ വർഷത്തിനകം ഇന്ത്യ 150ൽ നിന്ന്​ 161 ലേക്ക്​ മൂക്കുകുത്തിയതിനെ കാണാൻ. ഏറ്റവുമൊടുവിൽ സമൂഹമാധ്യമങ്ങളെയും സർക്കാർ വരുതിയിലാക്കാനുദ്ദേശിച്ച്​ കേന്ദ്രം നിർദേശിച്ച ഫാക്ട്​ ചെക്ക്​ യൂനിറ്റ്​ സ്ഥാപിക്കാനുള്ള കേ​ന്ദ്രസർക്കാർ നീക്കം സ്​റ്റേ ചെയ്ത്​ സു​​പ്രീംകോടതി വീണ്ടുമൊരിക്കൽകൂടി ജനാധിപത്യ വിരുദ്ധ നീക്കത്തിന്​ തടയിട്ടിരിക്കുന്നു. മാധ്യമപ്രവർത്തനത്തിന് സ്വാഭാവികനീതി നിഷേധിക്കാനുള്ള നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ ഭരണകൂടം തല്ലിപ്പടക്കുന്ന സന്ദർഭത്തിൽതന്നെ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമല്ലാത്ത വിധത്തിൽ മാധ്യമസ്ഥാപനങ്ങളെയും പ്രവർത്തകരെയും അധാർമികവത്​കരിക്കുന്നതിനും ചിത്രവധം നടത്തുന്നതിനും ഭരണതലത്തിലും പാർട്ടിതലത്തിലുമൊക്കെ കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടാവുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 22ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വാ​ഷി​ങ്​​ട​ണി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സം​യു​ക്ത​വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ നി​ല​യെ​ക്കു​റി​ച്ച്​ ചോ​ദ്യ​മു​ന്ന​യി​ച്ച ‘വാ​ൾ​സ്​​ട്രീ​റ്റ്​ ജേ​ണ​ൽ’ ലേ​ഖി​ക സ​ബ്രീ​ന സി​ദ്ദീ​ഖി​യെ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും നേ​തൃ​ത​ല​ത്തി​ലു​ള്ള​വ​ർ ഭീ​ക​ര​മാ​യ സൈ​ബ​ർ​ലി​ഞ്ചി​ങ്ങി​നു വി​ധേ​യ​മാ​ക്കി. ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ​യി​​ൽ മ​ത,ജാ​തി,വം​ശ,ദേ​ശ, പ്രാ​യ വി​വേ​ച​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യം ഇ​ന്ത്യ​യു​ടെ ഡി.​എ​ൻ.​എ​യി​ലു​ണ്ടെ​ന്നും അ​ത്​ ത​ങ്ങ​ളു​ടെ സി​ര​ക​ളി​ലോ​ടു​ന്ന വീ​ര്യ​മാ​ണെ​ന്നു​മൊ​ക്കെ മോ​ദി വി​ശ​ദ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ അ​പ്പ​ടി റ​ദ്ദാ​ക്കി​ക്ക​ള​യു​ന്ന വി​ധ​ത്തി​ലാ​യി സി​ദ്ദീ​ഖി​ക്കെ​തി​രെ ന​ട​ന്ന വം​ശീ​യാ​ധി​ക്ഷേ​പ​വും ആ​ക്ര​മ​ണ​വും.​ അതിരുവിട്ടപ്പോൾ പ്രചാരണത്തെ അപലപിച്ചും ജനാധിപത്യ തത്ത്വങ്ങൾക്ക് നിരക്കാത്തതും അസ്വീകാര്യവു​മെന്ന് അധിക്ഷേപിച്ചും വൈറ്റ്​ ഹൗസ്​ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു.

സ്വതന്ത്ര ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിന്‍റെ ഇരുണ്ടയുഗമെന്നു വിശേഷിപ്പിക്കപ്പെട്ടത്​ ഇന്ദിരഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലമായിരുന്നു. എന്നാൽ, അന്നത്തേതിലും മോശമായ സാഹചര്യമാണ്​ മോദി ഭരണത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം നേരിടുന്നത്​. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വിലക്കെടുത്തും അതിനാവാത്തവർക്ക്​ വിലക്ക് ഏർപ്പെടുത്തിയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച്​ നിരന്തരം വേട്ടയാടിയും അടിയന്തരാവസ്ഥാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്​ സർക്കാർ. സർക്കാറിന്‍റെ വാഴ്ത്തുപാട്ടുകാർക്കു മാത്രമേ നിലനിന്നു പോകാനാവൂ എന്നതാണ്​ അവസ്ഥ. അതിനാൽ മുട്ടിലിഴഞ്ഞവരെയും തോൽപിക്കുന്നുണ്ട്​ മോദിയുടെ മെഗാഫോണുകളായി മാറിയ പുതിയ മാധ്യമങ്ങൾ. സാമാന്യേന നിഷ്പക്ഷത പുലർത്തിയ മാധ്യമങ്ങളൊന്നൊന്നായി മോദിയുടെ സ്വന്തം കോർപറേറ്റുകൾ വിലക്കെടുത്തു സർക്കാർ വിലാസത്തിലേക്ക് മാറ്റി. വഴങ്ങാതിരുന്നവരെ ഇ.ഡി, ​ഐ.ടി മർ​ദനോപാധികളുപയോഗിച്ചും ദേശവിരുദ്ധർ, അർബൻ നക്സലുകൾ, ഫേക്​ മീഡിയ, ലൂട്ടിയൻസ്​ ​ഡൽഹി മീഡിയ തുടങ്ങിയ ചാപ്പകൾ അടിച്ചേൽപിച്ചും തടവിലേക്കു ​തെളിച്ചു. അങ്ങനെ എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിച്ചു എതിരില്ലാ സമഗ്രാധിപത്യം സൃഷ്ടിച്ചെടുക്കാനായി ഒരു രാജ്യം, ഒരു മീഡിയ എന്ന നിലയിലേക്ക്​ രംഗം പരുവപ്പെടുത്തുകയാണ്​ മോദി സർക്കാർ. രാജ്യം മുഴുക്കെ സർക്കാർ വിലാസം വാർത്തകൾ മാത്രം മതിയെന്ന ഈ ശാഠ്യം തന്നെയല്ലേ അടിയന്തരാവസ്ഥ? ജനാധിപത്യത്തിന്‍റെ അമ്മയെന്നാണ്​ നരേന്ദ്ര മോദി ഇന്ത്യയെ വിശേഷിപ്പിക്കാറ്​. എന്നാൽ, ജനാധിപത്യം ഇന്ത്യയിൽ രോഗാതുരമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ‘ഫിനാൻഷ്യൽ ടൈംസ്​’ പരിഹസിച്ചതും ഈ ദുരവസ്ഥ ചൂണ്ടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialIndian MediaPerss Freedom
News Summary - Madhyamam Editorial 2024 April 5
Next Story