വിദ്വേഷരാഷ്ട്രീയത്തിന് ജനപക്ഷത്തിന്റെ തിരുത്ത്
text_fieldsപത്ത് വർഷങ്ങൾക്കുശേഷം കേവലഭൂരിപക്ഷം നേടി കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുമ്പോൾ, അത് ദേശീയ രാഷ്ട്രീയത്തിൽ അതിനിർണായകമായൊരു ചരിത്രസന്ദർഭമായി മാറുന്നുണ്ട്. കന്നഡദേശത്ത് ബി.ജെ.പി നാണംകെട്ട തോൽവിയോടെ പുറത്തുപോയി എന്നതിനപ്പുറം, ദക്ഷിണേന്ത്യയിൽതന്നെയും കാവിപ്പടയുടെ അധികാര സാന്നിധ്യം സമ്പൂർണമായും അസ്തമിച്ചുവെന്നു കാണാൻ സാധിക്കും.
ഇത് ചെറിയ കാര്യമല്ല; വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ സൂചനകളും സന്ദേശവും ഈ തെരഞ്ഞെടുപ്പും ഫലവും നൽകുന്നുണ്ട്. അതിനപ്പുറം, സഹജമായ ദൗർബല്യങ്ങൾ അവശേഷിക്കവെതന്നെ കോൺഗ്രസ് എന്ന പാർട്ടിയുടെ ശക്തിയും രാഷ്ട്രീയ സൗന്ദര്യവും വെളിച്ചത്തുവന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. ഏത് പ്രതികൂല സാഹചര്യത്തിലും ഉയിർത്തെഴുന്നേൽക്കാൻ അതിന്റെ സംഘടനാസംവിധാനവും നേതൃത്വവും ഇപ്പോഴും പ്രാപ്തമാണെന്ന് അവർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
ഈ ആത്മവിശ്വാസം ദേശീയതലത്തിൽ പ്രതിഫലിച്ചാൽ, ഇപ്പോൾ കർണാടകയിൽ സംഭവിച്ചതുപോലെ സംഘ്പരിവാറിന് കേന്ദ്രത്തിലും ഇളക്കം തട്ടുമെന്നതിൽ തർക്കമില്ല. ഇക്കാരണംകൊണ്ടുകൂടിയാകാം, കോൺഗ്രസുമായി എതിർചേരിയിൽനിൽക്കുന്ന മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾപോലും ഈ വിജയത്തിൽ പരസ്യമായി ആഹ്ലാദം പ്രകടിപ്പിക്കുന്നത്. ഹിന്ദുത്വ ഫാഷിസത്തിൽ വീർപ്പുമുട്ടി കഴിയുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷിക്കാനുള്ള വകയുണ്ട് കോൺഗ്രസിന്റെ വിജയത്തിൽ.
ദക്ഷിണേന്ത്യയിൽ ഹിന്ദുത്വയുടെ രാഷ്ട്രീയ പരീക്ഷണശാലയാണ് കർണാടക. കേന്ദ്ര-സംസ്ഥാന ഭരണത്തിന്റെ പിൻബലത്തിൽ ഗുജറാത്തിലും യു.പിയിലും മധ്യപ്രദേശിലുമെല്ലാം തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ ഹീനകൃത്യങ്ങൾ അതേയളവിൽ പലകുറി കർണാടകയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അതൽപം രൂക്ഷവുമായിരുന്നു. ഹിജാബ്-ഹലാൽ വിവാദം മുതൽ മുസ്ലിം സംവരണം വരെ അവിടെ ചർച്ചയായത് അതിന്റെ ഭാഗമായാണ്. ഒരുവേള, അപരവത്കരണത്തിന്റെയും ന്യൂനപക്ഷവേട്ടയുടെയും രാഷ്ട്രീയം മാത്രമായിരുന്നു മുഖ്യമന്ത്രി ബൊമ്മൈയുടെയും കൂട്ടരുടെയും കൈമുതൽ. കേന്ദ്രത്തിൽ മോദി-അമിത് ഷാ ദ്വയം നടപ്പാക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ തനി കന്നഡ പതിപ്പായി ബൊമ്മൈ ഭരണം മാറി.
കേന്ദ്രത്തിലേതിന് സമാനമായി അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നാറുന്ന കഥകളും ഇക്കാലത്ത് കേട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഇതെല്ലാം പ്രതിഫലിച്ചു. ബി.ജെ.പിയെ സംബന്ധിച്ച് വിദ്വേഷ പ്രചാരണത്തിന്റെ ഗോദയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേദികളത്രയും. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഈ കൃത്യത്തിന് നേതൃത്വം വഹിച്ചു. അദ്ദേഹവും അമിത് ഷായുമെല്ലാം നടത്തിയ റോഡ് ഷോകളിൽനിന്ന് ഉയർന്നുകേട്ടത് വികസനവാദങ്ങളോ രാഷ്ട്രീയ പ്രഖ്യാപനങ്ങളോ ആയിരുന്നില്ല; ഉത്തരേന്ത്യയിലെ ‘രാമ രാഷ്ട്രീയ’ത്തിനു പകരമായി ഇവിടെ ‘ഹനുമാൻ ഭക്തി’ പ്രകടിപ്പിച്ചുവെന്നതൊഴിച്ചാൽ ബാക്കിയെല്ലാം ഹിന്ദുത്വയുടെ ഉന്മാദ രാഷ്ട്രീയത്തിന്റെ ആക്രോശങ്ങൾ മാത്രമായിരുന്നു. അതിന്റെ ഭാഗമായാണ് ‘കേരള സ്റ്റോറി’ എന്ന പ്രൊപഗണ്ട സിനിമയുടെ പ്രചാരകനായി മോദി സ്വയം മാറിയത്. മറുവശത്ത്, ഈ പ്രചാരണങ്ങൾക്കെല്ലാം കൃത്യമായ രാഷ്ട്രീയ മറുപടി നൽകാൻ കോൺഗ്രസിനായി.
ബജ്റംഗ്ദൾ പോലുള്ള തീവ്ര പ്രസ്ഥാനങ്ങളെ നിരോധിക്കുമെന്ന് തുറന്നുപറയാൻ അവർക്ക് കഴിഞ്ഞു. ഹിന്ദുത്വയെ വിമർശിച്ചാൽ സാധാരണ ഹിന്ദുമത വിശ്വാസികൾ തങ്ങളിൽനിന്ന് അകന്നുപോകുമെന്ന വാദമുയർത്തി മൃദുഹിന്ദുത്വയുടെ വഴി സ്വീകരിച്ചുപോന്ന സ്ഥിരം ശൈലിയിൽനിന്ന് അവർ സ്വയം മാറി സഞ്ചരിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സംഘ്പരിവാർ ഹിജാബിനെ ഒരു ഭീകരമുദ്രയായി ചിത്രീകരിച്ചപ്പോൾ, ഹിജാബി വനിതയെ സ്ഥാനാർഥിയാക്കി ആ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിച്ചു. സംഘ്പരിവാർ ഭരണത്തിനുകീഴിൽ തീർത്തും അരക്ഷിതരായിപ്പോയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കോൺഗ്രസ് പ്രതീക്ഷയായി മാറുന്നത് ഇത്തരം പ്രതികരണങ്ങൾകൊണ്ടുകൂടിയാണ്. ബൊമ്മൈ സർക്കാർ നടത്തിയ സകല അഴിമതിക്കഥകളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിലും അവർ വിജയിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞതുപോലെ, വിദ്വേഷരാഷ്ട്രീയത്തിനുമേൽ ജനാധിപത്യത്തിന്റെ വിജയമാണിത്. വിദ്വേഷരാഷ്ട്രീയത്തെ ജനപക്ഷ രാഷ്ട്രീയംകൊണ്ട് കീഴടക്കുകയായിരുന്നു കോൺഗ്രസ് എന്നു സാരം. ആ അർഥത്തിൽ, ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ ആത്മാവിനെ ഉയർത്തിക്കാട്ടുന്ന ചരിത്രവിജയംതന്നെയാണിത്. സ്വാഭാവികമായും, തോൽവി പിണഞ്ഞിരിക്കുന്നത് വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കൾക്കുതന്നെയാണ്. അതിന്റെ നേതാക്കളായ മോദിയും അമിത് ഷായുമെല്ലാം ദയനീയമായി തോറ്റുപോയിരിക്കുന്നു. അവർക്ക് നഷ്ടമായിരിക്കുന്നത് കേവലമൊരു സംസ്ഥാനമല്ല; സമീപഭാവിയിൽ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പിനായി കരുതിവെച്ചിരുന്ന പരീക്ഷണശാലകൂടിയാണ്. ഇക്കാര്യം മറച്ചുവെക്കാൻ, ഇത് കേവലമൊരു ‘സംസ്ഥാന വിഷയ’മായി ഒതുക്കാനുള്ള തത്രപ്പാടിലാണവർ. മറുവശത്ത്, കോൺഗ്രസ് അതിന്റെ സംഘടനാശേഷി കൂടുതൽ തിരിച്ചറിഞ്ഞ തെരഞ്ഞെടുപ്പായും ഇത് വിലയിരുത്തപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ഒട്ടേറെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഇമ്മട്ടിലൊരു വിജയം അത്ഭുതമാണ്. ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തികഞ്ഞ ആസൂത്രണപാടവത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം വഹിച്ചു. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ സൃഷ്ടിച്ച അനുരണനങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. മതേതര വോട്ടുകൾ ഏകീകരിക്കുന്നതിൽ പാർട്ടി വലിയ അളവിൽ വിജയിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, കൃത്യവും വ്യക്തവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവെക്കുന്ന സന്ദേശം. ആ സന്ദേശം പ്രഥമവും പ്രധാനമായും ഉൾക്കൊള്ളേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. ആ ബാധ്യത അവർ നിറവേറ്റിയാൽ തുടർന്നും ഇതുപോലുള്ള അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

