Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅണപൊട്ടുന്ന...

അണപൊട്ടുന്ന യുദ്ധദുരന്തങ്ങൾ

text_fields
bookmark_border
അണപൊട്ടുന്ന യുദ്ധദുരന്തങ്ങൾ
cancel

യുദ്ധം മാനവരാശിയുടെ പരാജയമാണ് എന്ന ആപ്തവാക്യത്തിന് അടിവരയിടുന്ന ഭീകരതകളും കെടുതികളുമാണ് ഓരോ യുദ്ധമുഖത്തും അരങ്ങേറുന്നത്. അധിനിവേശം എന്ന് വിളിക്കാവുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം 471 ദിവസം പിന്നിടുമ്പോൾ സകല ശുഭപ്രതീക്ഷകളും ചാമ്പലാക്കിക്കളയും വിധമുള്ള ആക്രമണങ്ങൾക്കും അതിലേറെ അഹങ്കാരം മുറ്റിയ പിടിവാശിക്കുമാണ് ലോകം സാക്ഷിയാവുന്നത്.

ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിലുള്ള നോവ കഖോവ്ക അണക്കെട്ട് ചൊവ്വാഴ്ച സ്ഫോടനത്തിൽ തകർക്കപ്പെട്ടിരിക്കുന്നു. ഈ കൊടിയ അതിക്രമം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്നും ചെയ്തിക്കുപിന്നിൽ യുക്രെയ്നെന്ന് റഷ്യയും പഴിപറയുന്നു. യുക്രെയ്ൻ നടത്തിയ ‘പ്രാകൃത ചെയ്തി’യെന്നാണ് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഡാം തകർച്ചയെ വിശേഷിപ്പിച്ചത്. ഡാം തകർത്ത റഷ്യൻ സൈന്യം തങ്ങളുടെ രക്ഷാപ്രവർത്തകരെയും അക്രമത്തിലൂടെ തടസ്സപ്പെടുത്തുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആരോപിക്കുന്നു. തോക്കിനും ബോംബിനും മിസൈലുകൾക്കുംപുറമെ പ്രോപഗണ്ടയും മാധ്യമ അജണ്ടകളും യുദ്ധത്തിലെ ആയുധങ്ങളാകുന്നുവെന്നതിനാൽ അക്രമം നടത്തിയത് ആരാണെന്ന് എളുപ്പത്തിൽ കണ്ടെത്തുക അസാധ്യം. രണ്ടുഭാഗത്തും ഒരേ വിധത്തിൽ നാശം സംഭവിക്കാനിടയുള്ളതിനാൽ ആരാണ് കൃത്യത്തിന് പിന്നിലെന്ന് പറയാനാവില്ലെന്നാണ് ലണ്ടൻ ആസ്ഥാനമായ അന്താരാഷ്ട്ര നിരീക്ഷക കൂട്ടായ്മയായ ചാത്തം ഹൗസ് പ്രതികരിച്ചത്. ചെയ്തത് ആരുതന്നെയായാലും പിഴയൊടുക്കുന്നത് പാവം ജനങ്ങളാണ്.

അണക്കെട്ട് തകർക്കൽ എന്ന ഹീനമായ യുദ്ധതന്ത്രം, 1568ൽ ആരംഭിച്ച് 80 വർഷം നീണ്ടുനിന്ന സ്പാനിഷ് സൈന്യവും ഡച്ച് വിമതരും തമ്മിലെ യുദ്ധം മുതൽ പ്രയോഗത്തിലുണ്ട്. രണ്ടാം ലോകയുദ്ധത്തിനിടെ ജർമനിയിലെ മൂന്ന് അണക്കെട്ടുകളാണ് ബ്രിട്ടീഷ് സൈന്യം തകർത്തത്. 1950ൽ നടന്ന കൊറിയൻ യുദ്ധത്തിൽ രക്ഷാദൗത്യമെന്ന മട്ടിൽ ദക്ഷിണകൊറിയക്ക് പിന്തുണയുമായി സൈനിക ഇടപെടൽ നടത്തിയ യു.എസ് സേന ഉത്തരകൊറിയൻ പ്രവിശ്യയിലെ ജലവൈദ്യുതി നിലയങ്ങൾ തകർത്തിരുന്നു. ഇത്തരം അതിക്രമങ്ങൾ സൃഷ്ടിക്കുന്ന നാശങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്താൻ തുടങ്ങിയതോടെ ഡാമും അണുനിലയങ്ങളും തകർക്കലടക്കം മനുഷ്യരെയും പരിസ്ഥിതിയെയും മുച്ചൂടും നശിപ്പിക്കുന്ന ചെയ്തികളിൽ നിന്ന് വിട്ടുനിൽക്കുന്നത് സംബന്ധിച്ച രണ്ട് യുദ്ധനിയമങ്ങൾ കൂടി ജനീവ ഉടമ്പടിയിൽ ചേർക്കപ്പെട്ടു. ലോകമൊട്ടുക്ക് സമാധാനം എത്തിക്കാൻ കുത്തകപ്പാട്ടമെടുത്ത അമേരിക്ക ഈ വ്യവസ്ഥയിൽ ഒപ്പുവെച്ചിട്ടില്ല; ഐ.എസ് ഭീകരരെ തുരത്താൻ എന്ന പേരിൽ നടത്തിയ സൈനിക നടപടിക്കിടെ 2017ൽ സിറിയയിലെ തബ്ഖ അണക്കെട്ട് അവർ ബോംബിട്ട് തകർക്കുകയും അത് ആയിരക്കണക്കിന് മനുഷ്യരുടെ ഉന്മൂലനത്തിന് വഴിവെക്കുകയും ചെയ്തു. വിനാശ യുദ്ധരീതികളിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഒപ്പുവെച്ച് അംഗീകരിച്ചിരുന്ന റഷ്യ 2019ൽ അതിൽനിന്ന് പിന്മാറിയിരുന്നു.

2022ൽ തുടങ്ങിയ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ കുറഞ്ഞത് അഞ്ചു തവണയെങ്കിലും അണക്കെട്ടുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, പുതിയ അതിക്രമം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ വിവരണാതീതമാണ്. നിപ്പർ നദിയുടെ തീരത്തുള്ള ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങും, ക്രിമിയയിലേക്കുൾപ്പെടെയുള്ള ജലവിതരണം അവതാളത്തിലാവും, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപൊറീഷ്യക്ക് കേടുപാട് സംഭവിച്ചേക്കും, ഡാമിൽ സൂക്ഷിച്ചിരിക്കുന്ന എൻജിൻ ഓയിൽ വെള്ളത്തിൽ കലർന്നാൽ നിപ്പർ നദി കാളിന്ദിക്ക് സമാനമാകും.

ഇരുഭാഗത്തുമുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ തുടരുകയാണ്. ഇതിനകം തന്നെ യുദ്ധം കൊടിയ നഷ്ടങ്ങൾ വരുത്തിവെച്ചിരിക്കെ പുനരധിവാസമൊക്കെ എത്രമാത്രം ഫലപ്രദമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നഗരങ്ങളുടെയും വസ്തുവകകളുടെയും നഷ്ടക്കണക്ക് തിട്ടപ്പെടുത്താൻ കഴിഞ്ഞാലും ആൾനാശം സംബന്ധിച്ച കണക്ക് എളുപ്പമൊന്നും പുറത്തുവരാൻ വഴിയില്ല. ഡാം തകർന്ന മേഖലയിൽ ഇരു സൈന്യങ്ങളും വിതറിയ കുഴിബോംബുകൾ കണ്ടെത്തുക ഇനി അസാധ്യമാണ്. അതു സൃഷ്ടിച്ചേക്കാവുന്ന നാശത്തെക്കുറിച്ച് ഇൻറർനാഷനൽ റെഡ്ക്രോസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിയും തുള്ളികുടിക്കാൻ ശുദ്ധജലം ലഭിക്കാതെയും ജനങ്ങൾ ദുരിതക്കടലിന്റെ നടുവിൽ നിൽക്കുമ്പോഴും ഇരുപക്ഷത്തെയും യുദ്ധപ്രഭുക്കൾക്ക് മടുത്തിട്ടോ മതിയായിട്ടോ ഇല്ല. മിസൈലുകൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി നിർമിച്ച് എത്തിക്കാൻ സർക്കാറിന്റെ ആയുധ വിതരണ സ്ഥാപനമായ അൽമാസ് ആന്റേയോട് ഉത്തരവിട്ടിരിക്കുകയാണ് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു. അമേരിക്കൻ പിന്തുണയോടെ അരലക്ഷത്തിലേറെ സൈനികരെ സജ്ജമാക്കി നിർത്തിയിരിക്കുന്നു യുക്രെയ്ൻ. അവർക്ക് ചുണകൂട്ടാനും ആയുധമണിയിക്കാനും തകൃതി കാണിക്കുകയാണ് നാറ്റോ സഖ്യരാഷ്ട്രങ്ങൾ. യുദ്ധത്തിൽ പ്രത്യക്ഷ പങ്കാളിത്തമില്ലാത്ത രാജ്യങ്ങളാകട്ടെ, കപടനിഷ്പക്ഷതയുടെ കമ്പളത്തിനുള്ളിൽ മയക്കം നടിച്ച് കിടക്കുന്നു. ഇനിയെങ്കിലും യുദ്ധം നിർത്തിവെക്കൂ, ജനങ്ങളെ വെള്ളമിറങ്ങി മരിക്കാനെങ്കിലും അനുവദിക്കൂ എന്ന് വിളിച്ചുപറയാൻ പേരിനുപോലും ഒരു രാഷ്ട്രമോ വിശ്വസനീയമായ ഒരു സംവിധാനമോ ഈ ഭൂമുഖത്തില്ല എന്നത് അതീവ ദൗർഭാഗ്യകരം തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2023 june 9
Next Story