ബാബരിയെ ഓർമിപ്പിക്കുന്ന ഗ്യാൻവാപി കേസ്
text_fieldsഉത്തർപ്രദേശിലെ വാരാണസിയിലുള്ള മുഗൾ ഭരണകാല നിർമിതിയായ ഗ്യാൻവാപി മസ്ജിദ് പുരാതന ക്ഷേത്രാവശിഷ്ടങ്ങൾക്കുമേൽ പടുത്തുയർത്തിയതാണോ എന്നു പരിശോധിക്കാൻ ഉത്ഖനനം അടക്കമുള്ള ശാസ്ത്രീയ സർവേ നടത്താനുള്ള നീക്കം സുപ്രീംകോടതി നാളെ വരെ തടഞ്ഞിരിക്കുന്നു. സർവേ നടത്താൻ കഴിഞ്ഞ വെള്ളിയാഴ്ച വാരാണസിയിലെ ജില്ല കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഏഴിന് എ.എസ്.ഐ ഉദ്യോഗസ്ഥർ തുടങ്ങിവെച്ച സർവേ ജോലികൾ സുപ്രീംകോടതി നിർത്തിവെപ്പിക്കുകയായിരുന്നു. ജില്ല കോടതി വിധിക്കെതിരെ അലഹബാദ് ഹൈകോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് ‘ഒരു വീർപ്പിട’ നൽകുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഗ്യാൻവാപി പള്ളിയിൽ നമസ്കാരത്തിനെത്തുന്നവർ അംഗസ്നാനം ചെയ്യുന്ന ജലസംഭരണി (വുദുഖാന)യിലെ ഫൗണ്ടൻ ശിവലിംഗമാണെന്ന വാദവിവാദങ്ങളും കോടതിവ്യവഹാരങ്ങളും നടന്നുവരുന്നതിനിടെയാണ് മസ്ജിദിന്റെ താഴികക്കുടങ്ങൾക്കു താഴെയും ചുമരുകളും പുരാവസ്തു പരിശോധനക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നാലു വനിതകൾ വാരാണസി ജില്ല കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച വാരാണസി ജില്ല കോടതി ജൂലൈ 21ന് വെള്ളിയാഴ്ച വൈകീട്ട് 4.30ന് സർവേക്കു നിർദേശം നൽകി ഉത്തരവിട്ടു. മസ്ജിദ് കമ്മിറ്റിയുടെ വക്കീലിന് ഉത്തരവിന്റെ കോപ്പിപോലും ലഭ്യമാക്കിയിരുന്നില്ല. മറുന്യായം സമർപ്പിക്കാനുള്ള അവസരം നൽകാതെ ഉത്തരവ് നടപ്പാക്കാൻ അനാവശ്യധിറുതിയാണ് അധികൃതർ കാണിച്ചതെന്ന് മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ ഹുസേഫ അഹ്മദ് സുപ്രീംകോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച് സർവേ നിർത്തിവെക്കാനും മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈകോടതിയിൽ അപ്പീൽ സമർപ്പിക്കാനുമായിരുന്നു സുപ്രീംകോടതി നിർദേശം.
ബാബരി മസ്ജിദ് ധ്വംസനത്തിനും തുടർന്ന് മൂന്നു പതിറ്റാണ്ടോളം നീണ്ട നിയമയുദ്ധത്തിനുംശേഷം അയോധ്യയിൽ രാമക്ഷേത്രനിർമാണം പുരോഗമിക്കെ നേരത്തേ സംഘ്പരിവാർ അജണ്ടയിലുള്ള മഥുര, കാശി മസ്ജിദുകൾക്കുമേലുള്ള അവകാശവാദത്തിന് ആക്കംകൂടുകയാണ്. രാഷ്ട്രീയമായി വിഷയം ഉന്നയിക്കുന്നതിനു പുറമെ, നിയമവ്യവഹാരങ്ങളിലൂടെ ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് ഗ്യാൻവാപി കേസ് പിന്തുടരുമ്പോൾ വ്യക്തമാവുന്നു. പുരാതന ക്ഷേത്രാവശിഷ്ടങ്ങൾക്കുമേലാണ് ഗ്യാൻവാപി പള്ളി പണിതതെന്ന സംഘ്പരിവാർ വാദം ബാബരി മസ്ജിദിനു മേലുള്ള അവരുടെ അവകാശവാദത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. പുതിയ മസ്ജിദ്-മന്ദിർ തർക്കം കോടതികയറുന്നതിന്റെ രീതികൾ പരിശോധിച്ചാലും പഴയ ബാബരി എപ്പിസോഡുമായി പൊരുത്തങ്ങൾ കാണാനുണ്ട്. ഹിന്ദുദൈവങ്ങളുടെ ആസ്ഥാനമായ മാ ശ്രിങ്കാർ ഗൗരി സ്ഥൽ എന്ന ഗ്യാൻവാപി സമുച്ചയത്തിനകം നിർവിഘ്നം ആരാധനക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് രേഖ പഥക്, മഞ്ജു വ്യാസ്, സീത സാഹു, ലക്ഷ്മിദേവി എന്നിവർ 2021 ആഗസ്റ്റിൽ കോടതിയിൽ കേസ് ഫയൽചെയ്തു. 2022 ഏപ്രിൽ എട്ടിന് വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവികുമാർ ദിവാകർ, കോടതി നിയമിക്കുന്ന ഒരു കമീഷൻ കാശി വിശ്വനാഥ ക്ഷേത്ര-ഗ്യാൻവാപി മസ്ജിദ് സമുച്ചയം സർവേ നടത്തണമെന്നും അതിന്റെ വിഡിയോ സഹിതമുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിട്ടു. അടുത്ത മാസം രണ്ടാം വാരത്തിൽ നടന്ന സർവേ മേയ് 16ന് അവസാനിക്കെയാണ് അംഗസ്നാന ജലസംഭരണിയിലെ ഫൗണ്ടൻ, ശിവലിംഗമാണെന്ന അവകാശവാദമുയരുന്നത്.
പള്ളിയിലെ വുദുഖാനയിൽ കണ്ടെത്തിയ ശിവലിംഗവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ സർവേയും കാർബൺ ഡേറ്റിങ്ങും നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 14ന് മുൻ പരാതിക്കാർ വാരാണസി ജില്ല കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. തുടർന്ന് അവർ അലഹബാദ് ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ മേയ് 12ന് പരാതിക്കാരുടെ ആവശ്യം അംഗീകരിച്ച് ‘ശാസ്ത്രീയ സർവേ’ക്ക് ഉത്തരവിട്ടു. സർവേ വാരാണസി ജില്ല ജഡ്ജിയുടെ മേൽനോട്ടത്തിലായിരിക്കണമെന്നും എ.എസ്.ഐ അധികൃതർ മേയ് 22ന് വിചാരണ ജഡ്ജിയുടെ മുന്നിൽ ഹാജരായി വേണ്ട നിർദേശങ്ങൾ സ്വീകരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. എന്നാൽ, ഹൈകോടതി നിർദേശം തൽക്കാലം നടപ്പിലാക്കേണ്ടതില്ലെന്നു വിധിച്ച സുപ്രീംകോടതി ഇതിനെതിരെ കോടതിയെ സമീപിച്ച മസ്ജിദ് കമ്മിറ്റിയുടെ അപ്പീലിൽ കേന്ദ്ര, യു.പി ഗവൺമെന്റുകളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. ഈ കേസ് ശേഷിക്കുന്നതിനിടെയാണ് സംരക്ഷിത ജലസംഭരണി ഭാഗം ഒഴികെയുള്ള മസ്ജിദിന്റെ മറ്റു ഭാഗങ്ങളിൽ ഉത്ഖനനമടക്കമുള്ള സർവേക്ക് വാരാണസി കോടതി നിർദേശം നൽകിയത്. പള്ളിക്കകത്ത് നേരത്തേ കണ്ടെടുത്തതുപോലുള്ള ശിവലിംഗങ്ങളും വിഗ്രഹങ്ങളും സർവേയിലൂടെ കണ്ടെത്താനാകുമെന്നാണ് ഹരജിക്കാരുടെ വാദം. നിലവിലെ ‘ശിവലിംഗ’ത്തിന്റെ കാര്യത്തിൽ തീർപ്പായാൽതന്നെ ആരാധനാമൂർത്തിയെ സ്വത്തവകാശമുള്ള നിയമാനുസൃത വ്യക്തിത്വമായി അംഗീകരിച്ച രാമക്ഷേത്രവിധിയുടെ വഴിയേ ഗ്യാൻവാപിയെ നടത്താമെന്നാണ് സംഘ്പരിവാർ കണക്കുകൂട്ടൽ. അതിലേക്കുള്ള ആദ്യപടിയാണ് മസ്ജിദ് സമുച്ചയമൊന്നാകെ സർവേ നടത്താനുള്ള നീക്കം. അതിനെ നീതിന്യായ കോണിലൂടെ നിരപേക്ഷവും സ്വതന്ത്രവുമായി കൈകാര്യംചെയ്യാൻ സുപ്രീംകോടതി ഇടപെടൽ നിമിത്തമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

