Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅകത്തെ ഭീകരതയെ...

അകത്തെ ഭീകരതയെ അമർത്താനാകാതെ അമേരിക്ക

text_fields
bookmark_border
അകത്തെ ഭീകരതയെ അമർത്താനാകാതെ അമേരിക്ക
cancel

അമേരിക്കയി​ലെ വെള്ള വംശീയവാദികൾക്ക്​ ഇനിയും ചോരക്കൊതി തീരുന്നില്ല. അവർക്ക്​ തോക്ക്​ കൊടുത്ത്​ കച്ചവടം പൊടിപൊടിക്കുകയാണ്​ തോക്കു വ്യവസായികൾ. അതിന് ഒത്താശയേകാൻ ഭരണഘടന ഉയർത്തിപ്പിടിച്ച്​ ഭരണകൂടവും. ഇക്കഴിഞ്ഞ ഞായറാഴ്ച ലോസ്​ ആഞ്ജലസിൽ പത്ത് ജീവനുകളാണ്​ തോക്കുധാരിയായ വൃദ്ധന്‍റെ വംശീയവെറിയുണ്ടയേറ്റ് പൊലിഞ്ഞത്​; പത്തുപേർക്ക്​ സാരമായ പരിക്കേറ്റു. ചൈനീസ് പുതുവത്സരം ആഘോഷിക്കാൻ അവിടത്തെ മോണ്ടെറി പാർക്കിലെത്തിയവർക്കുനേരെയായിരുന്നു അതിക്രമം. ടെക്സസിലെ ഒരു സ്കൂളിൽ കയറി 21 പേരെ വെടിവെച്ചുകൊന്ന ഖാദുകസംഭവത്തിൽനിന്ന് രാജ്യം മോചിതമായി വരുന്നതിനുമുമ്പേയാണ്​ വീണ്ടും ​കൂട്ടക്കൊല നടക്കുന്നത്​. അക്രമി​യെന്നു കരുതുന്ന 72കാരൻ ഹൂ കാൻ ട്രാനി​നെ പൊലീസ്​ പിന്തുടർന്നെങ്കിലും പിടികൂടാനാകും മുമ്പ്​ അയാൾ ​വെടിവെച്ച്​ ആത്മഹത്യ ചെയ്തു.

ഈയൊരു മാസത്തിനുള്ളിൽ മാത്രം അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ സമാനമായ ഭീകരകൃത്യമാണിത്​. കഴിഞ്ഞ ഒരൊറ്റ വർഷം അമേരിക്കയിൽ 647 കൂട്ട​ ​വെടിവെപ്പാണുണ്ടായത്​. (സ്വന്തം രാജ്യത്തെ ഈ അതിക്രമങ്ങളെ അമേരിക്ക ഇപ്പോഴും ഭീകരപ്രവൃത്തിയെന്നു വിളിച്ചിട്ടില്ല, കൂട്ട ​വെടിവെപ്പ്​ എന്നേ പറയൂ. നാലോ അതിൽ കൂടുതലോ ആളുകൾ കൊല്ലപ്പെടുന്നതിനാണ്​ കൂട്ടവെടി എന്നു വിളിക്കുന്നത്). അമേരിക്കതന്നെ പുറത്തുവിടുന്ന കണക്കനുസരിച്ച്​ 1968നും 2017 നുമിടക്ക്​ അമേരിക്കയിൽ തോക്കേന്തിയ ഭീകരർ കൊലപ്പെടുത്തിയവരുടെ എണ്ണം 15 ലക്ഷം വരും. 1775ലെ സ്വാതന്ത്ര്യസമരം മുതൽ എല്ലാ സംഘർഷങ്ങളിലുമായി കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തെയും കവച്ചു​വെക്കുന്നതാണ്​ ഈ സംഖ്യയത്രേ. 2020ൽ 45,222 പേർ അമേരിക്കയിൽ തോക്കിൻകുഴലിലൂടെ കൊല്ലപ്പെട്ടുവെന്ന്​ രോഗനിയന്ത്രണ, പ്രതിരോധകേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകൾ മുന്നിൽവെച്ച്​ പ്യൂ റിസർച്​ സെന്‍റർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 54 ശതമാനം (24, 292) ആത്മഹത്യയും 43 ശതമാനം (19,384) കൊലപാതകവുമായിരുന്നു. ബാക്കിയുള്ളവ മനഃപൂർവമല്ലാത്തതും (535) ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ളതും (611) അജ്ഞാത സാഹചര്യത്തിലുള്ളതും (400) ആണ്​. അമേരിക്കയിൽ വർഷംതോറും വർധിച്ചുവരുന്ന ആത്മഹത്യകളിലധികവും തോക്ക്​ ഉപയോഗിച്ചുള്ളതാണ്​.

ലോകമെങ്ങുമുള്ള ഭീകരവാദത്തിനെതിരെ ദേശാന്തരീയമായിത്തന്നെ പട നയിക്കുന്ന രാജ്യമാണ്​ അമേരിക്ക. എവിടെ ജനാധിപത്യം അപകടത്തിലാകുന്നോ, അവിടെയൊക്കെ ഇടപെട്ടും​ യുദ്ധംചെയ്തും ശരിപ്പെടുത്തുകയാണ്​ അവരുടെ പ്രഖ്യാപിതരീതി. ഇങ്ങനെ ലോകം മുഴുക്കെ ഭീകരതയെ പിഴുതെടുക്കാനുള്ള യജ്ഞമേറ്റെടുത്ത അമേരിക്കക്ക്​ ഇതുവരെയായി ആഭ്യന്തരതീവ്രവാദത്തെയും ഭീകരവാദത്തെയും അമർച്ച ചെയ്യാനായിട്ടില്ല എന്നത്​ ദയനീയമായ വിരോധാഭാസം തന്നെ. മാത്രമല്ല, ലോകത്ത്​ തോക്ക്​ കൈവശംവെക്കു

ന്നത്​ പൗരർക്ക്​ ഭരണഘടനാവകാശമായി നിശ്ചയിച്ച മൂന്നു രാജ്യങ്ങളിൽ മുമ്പനാണ്​ അമേരിക്ക (മെക്സികോയും ഗ്വാട്ടമാലയുമാണ്​ ഇതരർ). എഴുപതുകൾക്കുശേഷം അമേരിക്കയിൽ തോക്കിന്മുനയിൽ ജീവിതം പാഴായവരുടെ എണ്ണം 45000 കടന്നതിനു പിറ്റേവർഷം തോക്ക്​ നിർമാണത്തിൽ 60 ശതമാനം വർധനയുണ്ടായി. മദ്യം, പുകയില എന്നീ ലഹരിവസ്തുക്കൾക്കൊപ്പം തോക്കും സ്​ഫോടകസാമ​ഗ്രികളും കൂടി ഉൾപ്പെടുത്തിയാണ്​ ​അമേരിക്ക അവ നിയന്ത്രിക്കാനുള്ള വകുപ്പുതന്നെ കൊണ്ടുനടത്തുന്നത്​. മെക്സികോയും ഗ്വാട്ടമാലയും തോക്ക്​ ഭരണഘടനാ അവകാശമായി കാണുന്നുണ്ടെങ്കിലും ജീവിക്കാനുള്ള അവകാശത്തെ അതിനുമീതെ പരിഗണിക്കുന്നതിനാൽ പലതരത്തിലുള്ള നിയന്ത്രണസംവിധാനങ്ങളും കൊണ്ടുവന്നിട്ടുണ്ട്​. എന്നാൽ, അമേരിക്ക ഇപ്പോഴും തോക്ക്​ നിയന്ത്രിക്കണോ വേണ്ടേ എന്നകാര്യത്തിൽ സംവാദം തുടരുകയാണ്​. അതിനനുസരിച്ച്​ തോക്കുവ്യവസായം തഴച്ചുവളരുന്നു. അതിന്‍റെ ഉപയോഗവും വർധിച്ച്​ രാജ്യം തോക്കുഭീകരതയുടെ വിളനിലമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സ്വന്തം ജനങ്ങൾ ഇവ്വിധം കൊന്നുമുടിക്കുമ്പോഴും തോക്ക് ജന്മാവകാശമാണെന്ന പഴയനിയമം മാറ്റിയെഴുതാൻ അമേരിക്കയിപ്പോഴും മടിക്കുകയാണ്​. കൊളറാഡോ, സൗത്ത്​ ​കാരൊലിന, ടെക്സസ്​ എന്നിവിടങ്ങളി​ലെ ദുരന്തത്തിനുശേഷം കഴിഞ്ഞവർഷം പ്രസിഡന്‍റ്​ ജോ ബൈഡൻ തോക്കുനയം പരിഷ്കരിക്കുന്നതിനെക്കുറിച്ച്​ ചർച്ച സജീവമാക്കി. 2021 മാർച്ചിൽ ജനപ്രതിനിധി സഭ ലൈസൻസില്ലാത്തവരെയും സ്വകാര്യ കച്ചവടക്കാരെയും നിയന്ത്രിക്കാനും അംഗീകൃത കച്ചവടക്കാർക്കുതന്നെ കർക്കശ ചട്ടങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ച്​ നിയമനിർമാണം പാസാക്കിയെങ്കിലും അതിപ്പോഴും സെനറ്റിൽ മുടങ്ങിക്കിടക്കുകയാണ്​. 80 ശതമാനം റിപ്പബ്ലിക്കന്മാരും 19 ശതമാനം ഡെമോക്രാറ്റുകളും തോക്ക്​ കൈവശാവകാശം നിയന്ത്രിക്കുന്നതിനെതിരാണ്​ എന്നിരിക്കെ അടുത്തകാലത്തൊന്നും ഈ ദിശയിൽ അമേരിക്കക്ക്​ ചുവടു ​വെക്കാനാകുമെന്നു തോന്നുന്നില്ല. ആധുനികതയുടെയും ഉദാരസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയുമൊക്കെ നേരവകാശി ചമഞ്ഞ്​​, മറ്റെല്ലാ മാലോകരെയും അതിന്‍റെ മറുപുറത്തുനിർത്തി അപരിഷ്കൃതരും ഭീകരരും തീവ്രവാദികളുമെന്നു ചാപ്പകുത്തുന്നതാണ്​ അമേരിക്കൻ രീതി; പിന്നെ അവരെ നന്നാക്കാ​നെന്ന ഭാവേന മേക്കിട്ടുകയറുകയും. ഈ ലോക സാമ്രാജ്യത്വശക്തി എത്ര അപകടകരമായ അപരിഷ്കൃതത്ത്വവും മനുഷ്യത്വവിരുദ്ധതയുമാണ്​ അകമേ ചുമക്കുന്നതെന്നു വെളിപ്പെടുത്തുന്നു അമേരിക്കയിൽ ഇടക്കിടെ പൊട്ടുന്ന ഭീകരവെടികൾ. അകത്തെ ഭീകരതയിൽനിന്ന് രക്ഷപ്രാപിക്കാനാകാത്ത ഇവരാണോ ലോകത്തി​നു മുഴുവൻ സുരക്ഷയൊരുക്കാനുള്ള പട നയിക്കുന്നത്​?!

Show Full Article
TAGS:Madhyamam Editorial 
News Summary - Madhyamam Editorial 2023 january 24
Next Story