രണ്ടു നിയമങ്ങളും ഒരു സർക്കാർ ലക്ഷ്യവും
text_fieldsപാർലമെൻറിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന വ്യക്തിഗത വിവരസംരക്ഷണ ബിൽ, 2023 (ഡിജിറ്റൽ പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ) നേരത്തേ പരിഗണിച്ചിരുന്ന വിവര സംരക്ഷണ ബില്ലിന്റെ പരിഷ്കരിച്ച പതിപ്പാണ്. മുൻ ബിൽ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കുകയും ബന്ധപ്പെട്ട കക്ഷികൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും നൽകാൻ അവസരം നൽകുകയും ചെയ്തിരുന്നുവെങ്കിലും, നിർദേശങ്ങളുൾപ്പെടുത്തിയശേഷം എന്ത് ഉള്ളടക്കവുമായാണ് ഇപ്പോൾ ബിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നറിയാൻ പാർലമെന്റ് അംഗങ്ങൾക്കോ വിഷയത്തിന്റെ സ്ഥിരം സമിതിക്കോ അവസരം ലഭിച്ചിട്ടില്ല.
വിവരസംരക്ഷണ ബില്ലിന്റെ ആദ്യ കരട് 2022 നവംബറിൽ തയാറായപ്പോൾതന്നെ ഉദ്ദിഷ്ട ലക്ഷ്യങ്ങളെ റദ്ദ് ചെയ്യുന്നതാണതെന്ന് ആശങ്കകൾ ഉയർന്നിരുന്നു. അന്നും ജനങ്ങളുടേതിനേക്കാൾ വൻകിട ടെക് കമ്പനികളുടെയും വ്യവസായങ്ങളുടെയും പ്രതികരണങ്ങൾ അറിയാനായിരുന്നു സർക്കാറിന് താൽപര്യം. ഡിജിറ്റൽ ആശയവിനിമയവും ക്രയവിക്രയങ്ങളും വ്യാപകമായ ഈ കാലത്ത് വ്യക്തിഗത വിവരങ്ങൾ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുമെങ്കിലും സർക്കാറിന് അതത്ര പ്രശ്നമേ ആയിരുന്നില്ല. ഇപ്പോൾ ബില്ലിന്റെ അന്തിമ കരട് പൊതുമണ്ഡലത്തിൽ ഒരുവിധത്തിലും വരാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചതുപോലെയാണ് ഓരോ നീക്കവും. പാർലമെന്റ് ഒരു ബിൽ ചർച്ചചെയ്യുമ്പോൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെയും വേണ്ടത്ര ചർച്ചചെയ്യാതെയും പാസാക്കിയെടുക്കാൻ തിടുക്കം കാണിക്കുന്നു എന്ന് പ്രതിപക്ഷം മാത്രമല്ല ചൂണ്ടിക്കാട്ടിയത്.
ജൂലൈ അഞ്ചിനാണ് ബില്ലിന് കേന്ദ്ര കാബിനറ്റ് അനുമതി നൽകിയത്. പക്ഷേ, എം.പിമാർക്ക് ബില്ലിന്റെ കരട് കാണാൻ കിട്ടിയിട്ടില്ല. 2017ൽ കേന്ദ്ര സർക്കാർ വിവരസംരക്ഷണ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചു കൊണ്ടാരംഭിച്ച നടപടികൾ വിവിധ ഘട്ടങ്ങൾ കടന്ന ശേഷമാണ് നടപ്പു പാർലമെന്റ് സെഷനിൽ ബില്ലായി വരാൻ പോകുന്നത്. എന്നാൽ, ഇതുവരെ നടന്ന സുതാര്യതയില്ലായ്മയിലും ബില്ലിന്റെ കരടിനു പകരം അതുസംബന്ധമായ അവലോകന റിപ്പോർട്ട് മാത്രം കാണിച്ചതിലും പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികൾ കഴിഞ്ഞ ബുധനാഴ്ച സമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതാണ്. കമ്മിറ്റിയുടെ അംഗീകാരം ഉണ്ടെന്നു വരുത്തിത്തീർക്കൽ മാത്രമായിരുന്നു സർക്കാറിന്റെ ലക്ഷ്യം. ചർച്ചക്കു 24 മണിക്കൂർ മുമ്പ് മാത്രമാണത്രെ അംഗങ്ങൾക്ക് റിപ്പോർട്ട് തന്നെ വായിക്കാൻ ലഭിച്ചതും. ബില്ലിന്റെ ഉള്ളടക്കം യഥാവിധി ഒരു ചർച്ചക്കും വിധേയമാക്കരുതെന്നും റിപ്പോർട്ട് എങ്ങനെയെങ്കിലും പാസായാൽ മതിയെന്നും കേന്ദ്രം ആഗ്രഹിക്കുകയാണെന്നു വ്യക്തം.
ഡിജിറ്റൽ വിവരങ്ങളുടെ ശേഖരണം, വിതരണം എന്നിവ കൈകാര്യംചെയ്യുന്ന കക്ഷികൾ അവയുടെ സ്വകാര്യത സംരക്ഷിക്കുകയാണ് വിവരസംരക്ഷണം എന്നതിൽനിന്ന് പൗരസമൂഹം പ്രതീക്ഷിക്കുന്നത്. അതുസംബന്ധമായ പരാതികൾ പരിഹരിക്കേണ്ടതും നിയമം നടപ്പാക്കേണ്ടതും ബിൽ അനുസരിച്ച് സർക്കാർതന്നെ രൂപവത്കരിക്കുന്ന ഡേറ്റ പ്രൊട്ടക്ഷൻ ബോർഡാണ്. ഡിജിറ്റൽ ഡേറ്റ-അധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നിടത്ത് വ്യക്തിക്ക് പരിമിതമായ അറിവും നിയന്ത്രണവുമേ ഉണ്ടാവൂ. ഈ ഘട്ടത്തിൽ അയാളുടെ രക്ഷക്കെത്തേണ്ടത് ബോർഡാണ്. പക്ഷേ, പരാതി കിട്ടിയാൽ മാത്രമേ ബോർഡിന് ഇടപെടാൻ അധികാരമുള്ളൂ എന്നു വന്നാൽ ഉപയോക്താവ് അറിയാതെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അയാൾ നിസ്സഹായനാണ്. ഉദാഹരണമായി, ഒരു ഭക്ഷണവിതരണ കമ്പനി ഉഭയകക്ഷി കരാർ ലംഘിച്ചുകൊണ്ട് ഓൺലൈൻ ഇടപാടുകളുടെ അടിസ്ഥാനത്തിൽ വ്യക്തിവിവരങ്ങൾ കൈമാറിയാൽ ഉപയോക്താവ് അതറിയണമെന്നില്ല. ഇതിൽ സജീവമായ ഒരു ഇടപെടൽ ഉപയോക്താവിനുവേണ്ടി ബോർഡ് നടത്തിയാൽ മാത്രമേ സംരക്ഷണമാവൂ. പക്ഷേ, ഈ റോൾ ബോർഡിന് വിഭാവന ചെയ്യപ്പെട്ടതായി സൂചനയില്ല. പിന്നെ വിവരങ്ങൾ ഏറ്റവും കൂടുതൽ ശേഖരിച്ചുപയോഗിക്കുന്നത് സർക്കാർതന്നെയാവുമ്പോൾ പരാതികൾ പരിശോധിക്കേണ്ടതും അതേ സർക്കാറിന്റെ ഏജൻസി ആണെങ്കിൽ അത് നിരർഥകമാവും.
ബില്ലിനെതിരെയുള്ള പ്രധാന വിമർശനം അത് വിവരാവകാശ നിയമത്തിലെ ചില സുപ്രധാന വകുപ്പുകളെ മുഖ്യലക്ഷ്യത്തിന്റെ മറവിൽ ഇല്ലാതാക്കുമെന്നതാണ്. വിവരാവകാശനിയമമനുസരിച്ച് നൽകേണ്ട വിവരങ്ങളിൽ പലതും വ്യക്തിഗത വിവരസംരക്ഷണത്തിന്റെ പേരിൽ മറച്ചുപിടിക്കാനാവും സർക്കാറിന്റെ വ്യഗ്രത. പൗരജനങ്ങളുടെ അറിയാനുള്ള അവകാശവും സ്വകാര്യ വിവരങ്ങളുടെ സംരക്ഷണവും തമ്മിൽ സന്തുലനം നിലനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, ഫലത്തിൽ സംഭവിക്കുക സർക്കാർ പ്രവർത്തനങ്ങളെക്കുറിച്ച് പൗരന്മാർ അറിയാൻ ആഗ്രഹിക്കുന്ന മിക്ക വിവരങ്ങളും നിഷേധിക്കാൻ ഭരണകൂടത്തിന് പഴുത് ലഭിക്കും എന്നതാണ്. യഥാർഥത്തിൽ വിവരാവകാശ നിയമത്തിൽതന്നെ ഈ സന്തുലനം ലക്ഷ്യമിട്ടുള്ള വകുപ്പുകളുണ്ട്. നിയമത്തിലെ വകുപ്പ് 8 (1) ജെ അനുസരിച്ച് വ്യക്തിഗത വിവരങ്ങൾ സ്വകാര്യത ലംഘിക്കുന്നതോ പൊതുതാൽപര്യം ഇല്ലാത്തതോ ആണെങ്കിൽ അത് നിഷേധിക്കാമെന്നാണ്. ഇത് വ്യക്തിഗത വിവരങ്ങൾക്ക് ഒരു തലത്തിലുള്ള സംരക്ഷണമാണ്. എന്നാൽ, ഈ വകുപ്പിൽ മാറ്റം വന്നാൽ ഏതുവിധത്തിലുള്ള വ്യക്തിഗത വിവരവും നിഷേധിക്കാമെന്നാവും. ഉദ്യോഗസ്ഥരുടെ പെരുമാറ്റം, അഴിമതി എന്നിവ സംബന്ധമായ ഏതു വിവരത്തിലും വ്യക്തിയുടെ വിവരങ്ങൾ ഉണ്ടാവുമെന്നിരിക്കെ അതെല്ലാം വ്യക്തിഗത രഹസ്യം എന്ന മറയിൽ നിഷേധിച്ചാൽ പൗരജനങ്ങളുടെ ഒരു വിവരസ്രോതസ്സ് അടഞ്ഞുപോവുകയാണ് ചെയ്യുക.
മൊത്തത്തിൽ, ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണവും വിവരാവകാശവും പരസ്പരം ഏറ്റുമുട്ടുന്ന നിയമങ്ങളാക്കി പ്രതിഷ്ഠിച്ച് അവസാനം പൗരജനങ്ങൾക്ക് വിവരങ്ങൾ ലഭിക്കാനുള്ള അവസരം നിഷേധിക്കുകയും, ഒപ്പം നിർണായക സന്ദർഭങ്ങളിൽ സർക്കാറിന് വ്യക്തിഗത വിവരങ്ങളിലേക്ക് ചുഴിഞ്ഞുനോക്കാനുള്ള അവസരം നിലനിർത്തുകയും ചെയ്യുന്ന സ്ഥിതിയാവും വന്നുചേരുക. ഒരുപക്ഷേ വരികൾക്കിടയിൽ നിലവിലെ ഭരണകൂടം ആഗ്രഹിക്കുന്നതും അത്തരം ഒരു നിയമവ്യവസ്ഥതന്നെയാവും എന്ന് ആരോപിച്ചാൽ തെറ്റുപറയാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

