Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസ്വയം തോൽപിക്കുന്ന...

സ്വയം തോൽപിക്കുന്ന കോൺഗ്രസ്​

text_fields
bookmark_border
സ്വയം തോൽപിക്കുന്ന കോൺഗ്രസ്​
cancel

വെറുപ്പും വിദ്വേഷവും കനത്തുവരുന്ന ഇന്ത്യയിൽ ജനതയുടെ ചുവടുകളൊരുമിപ്പിച്ച്​ രാജ്യത്തെ ഐക്യച്ചരടിൽ കെട്ടാനായി കോൺഗ്രസ്​​ നേതാവ്​ രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെ കാൽനടയാത്ര യജ്ഞത്തിലാണ്. ഒരു രാഷ്ട്രീയപാർട്ടി നേതാവിന്‍റെ പുതുമയാർന്ന ഈ ജനസമ്പർക്കപരിപാടി ഇതിനകം ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏതാനും ആ​​ഴ്ചകളായി ഇന്ത്യൻ രാഷ്ട്രീയം സംബന്ധിച്ച ചർച്ചകളൊക്കെ ചുറ്റിത്തിരിയുന്നത്​ ഭാരത്​ ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ്​. കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രതിയോഗികളെ എത്രമേൽ അസ്വസ്ഥപ്പെടുത്തുന്നുണ്ട്​ രാഹുലിന്‍റെ പദയാത്രയെന്ന്​ അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്​. കക്ഷി രാഷ്ട്രീയത്തിനതീതമായി പാർലമെന്‍ററി താൽപര്യങ്ങളൊന്നുമില്ലാതെയാണ്​ ഇത്തരമൊരു യാത്ര ആസൂത്രണം ചെയ്തതെന്ന് കോൺഗ്രസ്​ പറയുമ്പോഴും 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാജ്യത്തിന്‍റെ മനസ്സളക്കാനും ഇളക്കാനും പ്രവർത്തകർക്ക്​ നവോ​ന്മേഷം പകരാനും യാത്ര ഉപകരിക്കുമെന്നാണ്​ പാർട്ടിയുടെ​ ആത്മവിശ്വാസം. അതു ശരിവെക്കും വിധമാണ്​ തമിഴ്​നാട്ടിൽ തുടങ്ങി കേരളത്തിലൂടെ മുന്നേറുന്ന യാത്രയുടെ ഇതുവരെയുള്ള പ്രയാണം​. ഈ യാത്രക്കാലയളവിൽ കടന്നുവരുന്ന സംഘടന തെരഞ്ഞെടുപ്പ്​ പാർട്ടിക്ക്​ ​വർധിത വീര്യം പകരുമെന്നും​ അകത്തും പുറത്തുമുള്ളവർ ഒരുപോലെ വിശ്വസിക്കുന്നു​.

അങ്ങനെ നാടിളക്കിമറിച്ച്​ ജനമുന്നേറ്റയാത്ര തുടരുന്ന രാഹുൽ ഗാന്ധിക്കോ കോൺഗ്രസിനോ പക്ഷേ, പാർട്ടിയിലെ നേതാക്കളുടെ മനസ്സിളക്കാൻ ഇനിയും സാധിച്ചിട്ടില്ലെന്നാണ്​ പാളയത്തിലെ പട തെളിയിക്കുന്നത്​. യാത്ര ഏഴാം നാളെത്തിയപ്പോൾ ഗോവയിൽ നിന്നായിരുന്നു ആദ്യവെടി. അവിടെ കോൺഗ്രസിൽ ആകെയുള്ള 11 എം.എൽ.എ മാരിൽ മനസ്സ് ആടിനിന്ന മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്​ അടക്കം എട്ടുപേർ ബി.ജെ.പിയിലേക്ക്​ ചാടി. അതുകഴിഞ്ഞ്​ ഒരാഴ്ച പിന്നിടുമ്പോൾ പാർട്ടി അധ്യക്ഷ​സ്ഥാനത്തേക്ക്​ മത്സരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിന്‍റെ വകയാണ്​ അടുത്ത പ്രഹരം. ഗാന്ധികുടുംബത്തിന്‍റെ പ്രസിഡന്‍റ്​ സ്ഥാനാർഥിയായി പാർട്ടി കണ്ടു​വെച്ചതാണ്​ ​ ഗെഹ്​ലോട്ടിനെ. അദ്ദേഹത്തെ പ്രസിഡന്‍റാക്കി ഉയർത്തുമ്പോൾ ഒഴിയുന്ന കസേര സചിൻ പൈലറ്റിനു നൽകിയാൽ ഒരു വെടിക്കു രണ്ടു തലവേദന തീർന്നു കിട്ടുമെന്ന ആശ്വാസത്തിലായിരുന്നു നേതൃത്വം. എന്നാൽ 'കക്ഷത്തിലുള്ളതു പോകുകയുമരുത്​, ഉത്തരത്തിലുള്ളത്​ എടുക്കുകയും വേണം' എന്ന മട്ടാണ്​ ഗെഹ്​ലോട്ടിന്​. അതുകൊണ്ടുതന്നെ അദ്ദേഹം ആദ്യം വോട്ടുറപ്പിച്ചത്​ മുഖ്യമന്ത്രി പദം കളയാതിരിക്കാൻ രാജസ്ഥാനിലെ കോൺഗ്രസ്​ നിയമസഭ കക്ഷിയിലാണ്​. അതു വിജയിച്ചതിന്‍റെ തെളിവാണ്​ പാർട്ടിയിലെ 82 എം.എൽ.എമാർ രാജിസമർപ്പിച്ച സംഭവം. നേരത്തേ പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്താലും മുഖ്യമന്ത്രി പദം വിടില്ലെന്ന് കട്ടായം പറഞ്ഞ ഗെഹ്​ലോട്ടിനെ ഒരാൾക്ക്​ ഒരു പദവി പാർട്ടി പ്രഖ്യാപിച്ച്​ രാഹുൽ അടക്കിയതായിരുന്നു. എന്നാൽ അതിനു വഴങ്ങി മുഖ്യമന്ത്രിയായി നിർദേശിക്കപ്പെടുന്ന സചിൻ പൈലറ്റിനെ ​അംഗീകരിക്കാനാവില്ലെന്ന വാശിയാണ്​ എം.എൽ.എമാരുടെ രാജിയിലേക്കു നയിച്ചത്​. അങ്ങനെ പരിഹാരം മറ്റൊരു പ്രശ്നമായി മാറിയതോടെ കോൺഗ്രസ്​ നേതൃത്വം ഇടപെടുന്നുണ്ടെങ്കിലും ഇതുവരെയും വഴിയൊന്നും തെളിഞ്ഞിട്ടില്ല.

ബി.ജെ.പിയുടെ എതിരില്ലാ മുന്നേറ്റത്തിന് തടയിടുന്ന പ്രതിപക്ഷത്തെ ഏതു നീക്കത്തെയും ആശ്വാസത്തോടെയും ആവേശത്തോടെയും നോക്കിക്കാണുന്ന പാർട്ടിക്കകത്തും പുറത്തുമുള്ളവരെ ഒരുപോലെ നിരാശപ്പെടുത്തുന്നതാണ്​ കോൺഗ്രസിന്‍റെ ജനിതകരോഗമായ തമ്മിൽപോര്​. 2024 ലെ പൊതു​തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുള്ള രാഷ്​ട്രീയ കരുനീക്കങ്ങൾക്ക്​ ആക്കം കൂടിവരുന്ന സന്ദർഭമാണിപ്പോൾ. ബിഹാറിൽ ബി.ജെ.പിയുടെ തുടൽ വലിച്ചെറിഞ്ഞ് കളംമാറിയ ജനതാദൾ യു വിന്‍റെ നിതീഷ്​കുമാറും ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവും കഴിഞ്ഞ ദിവസം​ ​കോൺഗ്രസ്​ ഇടക്കാല പ്രസിഡന്‍റ്​ സോണിയ ഗാന്ധിയെ കണ്ട്​ പ്രതിപക്ഷ കൂട്ടായ്മയെക്കുറിച്ച് ചർച്ച നടത്തുകയും ഐക്യസമ്മേളനം വിളിച്ചുചേർക്കുകയും ചെയ്തതാണ്​​. സമ്മേളനത്തിൽ കോൺഗ്രസ്​ പ​ങ്കെടുത്തില്ലെങ്കിലും പുതിയ അധ്യക്ഷൻ നിലവിൽ വന്നശേഷം തെരഞ്ഞെടുപ്പ്​ സഖ്യമടക്കമുള്ള യോജിച്ച നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാമെന്നാണ്​ സോണിയ ഗാന്ധി നൽകിയ വാഗ്ദാനം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള നീക്കം ഇതിനു സമാന്തരമായി വേറെയും നടക്കുന്നുണ്ട്​. ഇത്തരത്തിൽ പ്രതിപക്ഷത്തിന് നവജീവൻ പകരാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുന്നതിനിടയിലാണ്​ കോൺഗ്രസിന്‍റെ കാൽച്ചുവട്ടിലെ മണ്ണുചോരുന്ന വിചിത്രമായ കാഴ്ച. പാർട്ടിയെ ഒന്നിച്ചു മുന്നോട്ടു നയിക്കേണ്ട അധ്യക്ഷന്‍റെ പദവിയിലേക്ക്​ മത്സരിക്കുന്നയാൾ സ്വന്തം തട്ടകത്തിൽ തന്നെ ഗ്രൂപ്​ രാഷ്ട്രീയത്തിന്‍റെ വിളവെടുക്കാൻ നോക്കുന്ന വിരോധാഭാസം​. പാർട്ടിയുടെ കേന്ദ്രനിരീക്ഷകരെ തിരിച്ചയച്ച ദുരനുഭവത്തിൽ നിന്ന് ഗെഹ്​ലോട്ടിന്‍റെ സ്ഥാനാർഥിത്വം തന്നെ പുനരാലോചിക്കേണ്ട നിലയിലാണ്​ കോൺഗ്രസ്​. പണ്ട് സീതാറാം കേസരിയെ മാറ്റി സോണിയ തന്നെ വരേണ്ടി വന്നപോലെ അറ്റ​കൈക്ക്​ രാഹുലിന് തന്നെ രംഗപ്രവേശനം ചെയ്യേണ്ടിവരുമോ എന്ന ഊഹവും ഉയരുന്നുണ്ട്​. ഏതുവിധേനയും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ഭാരത്​ ജോഡോ ലക്ഷ്യം കാണും മുമ്പേ, പ്രതിയോഗികൾ പരിഹസിക്കുംപോലെ കോൺഗ്രസ്​ ഛോഡോ (കോൺഗ്രസ്​ വിടുക)യിലേക്ക്​ കാര്യങ്ങളെത്തും. ബി.ജെ.പി അതിനു തക്കം പാർത്തിരിക്കുമ്പോൾ വിശേഷിച്ചും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 2022 september 27
Next Story