Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേരളത്തിലെ പേവിഷബാധ...

കേരളത്തിലെ പേവിഷബാധ മരണങ്ങൾ

text_fields
bookmark_border
കേരളത്തിലെ പേവിഷബാധ മരണങ്ങൾ
cancel

രണ്ടര വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ മുക്ത സംസ്ഥാനമാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിയമസഭയിൽ പ്രഖ്യാപിച്ചത്. പേവിഷബാധ മരണങ്ങളുടെയും അനിയന്ത്രിതമാംവിധം രൂക്ഷമായ തെരുവുനായ് ശല്യത്തിന്റെയും പശ്ചാത്തലത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മതിയായ വാക്സിനെടുത്തിട്ടും പേവിഷ മരണങ്ങൾ എങ്ങനെ സംഭവിച്ചുവെന്നന്വേഷിക്കുമെന്നും പ്രതിരോധ കുത്തിവെപ്പ് കൂടുതൽ സജീവമാക്കുമെന്നും തെരുവുനായ് ശല്യം പരിഹരിക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ അനാസ്ഥയും അബദ്ധങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചുവെന്നതൊഴിച്ചാൽ, കാര്യമായ അഭിപ്രായ വ്യത്യാസമില്ലാതെ പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ തേടുകയാണ് ഇരുപക്ഷവും ചെയ്തത്. ഒരുവേള, ആരോഗ്യമന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രി തിരുത്തിയ സന്ദർഭവും സഭയിലുണ്ടായി. മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്ത പ്രതിപക്ഷം, ഗൗരവതരമായൊരു വിഷയം സഭയിൽ ഉന്നയിച്ച ചാരിതാർഥ്യത്തിൽ വാക്കൗട്ട് ഒഴിവാക്കിയതും ശ്രദ്ധേയമായി. ആ അർഥത്തിൽ, സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ അത്യപൂർവവും അനുകരണീയവുമായ സംഭവമായി പ്രസ്തുത ചർച്ച.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടെങ്കിലുമായി സംസ്ഥാനം തെരുവുനായ്ക്കളുടെ പിടിയിലാണെന്നുപറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. സംസ്ഥാനത്ത് പ്രതിവർഷം തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തിനു മുകളിൽ വരുമെന്നാണ് കണക്ക്. കഴിഞ്ഞവർഷം മുതൽ അത് പിന്നെയും വർധിക്കുന്നതായി കാണുന്നു. 2021ൽ, രണ്ടേ കാൽ ലക്ഷത്തിനടുത്ത് ആളുകൾക്ക് കടിയേറ്റിട്ടുണ്ട്. ഈ വർഷം, ജൂൺ വരെ ഒന്നര ലക്ഷം പേർക്ക് കടിയേറ്റു. അഥവാ, ഈ നിലതുടർന്നാൽ മൂന്നു ലക്ഷം പേരെങ്കിലും ഈ വർഷം തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകും. കഴിഞ്ഞ ആറു മാസത്തിനിടെ പൂച്ചകളുടെ കടിയേറ്റ് 2.19 ലക്ഷം പേർ ചികിത്സതേടിയതും ഇതോടൊപ്പം ചേർത്തുവായിക്കണം. ഈ വർഷം ജൂലൈ വരെ സംസ്ഥാനത്ത് 3.6 ലക്ഷം പേർ റാബിസ് വാക്സിൻ സ്വീകരിച്ചുവെന്നാണ് സർക്കാർവൃത്തങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഈ കണക്കുകളത്രയും ആരെയും ആശങ്കയിലാഴ്ത്തും; ആളുകൾക്ക് നിർഭയമായി വീട്ടുമുറ്റത്തും പരിസരത്തും ഇറങ്ങിനടക്കാൻ കഴിയാത്തവിധം വളർത്തുനായ്ക്കളും തെരുവുനായ്ക്കളും നമ്മുടെ ഇടങ്ങൾ കീഴടക്കിയിരിക്കുകയാണ്. ഈ ആശങ്കക്കിടയിലാണ് പേവിഷബാധ മരണങ്ങളുടെ കൂടി വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ഈ വർഷം, 20 പേർ പേവിഷബാധയേറ്റു മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇതിൽ അഞ്ചു പേർ കുത്തിവെപ്പെടുത്തിരുന്നവരായിരുന്നു. വാക്സിൻ സുരക്ഷിതത്വം നേടിയിട്ടും എന്തുകൊണ്ട് ഇവർ മരണത്തിന് കീഴടങ്ങിയെന്നത് ആരോഗ്യവിദഗ്ധരെപ്പോലും കുഴക്കുന്ന ചോദ്യമാണ്. വാക്സിന്റെ ഗുണനിലവാരം, ഫലപ്രാപ്തി തുടങ്ങിയ കാര്യങ്ങളിൽ ചിലർ സംശയങ്ങളുന്നയിക്കുമ്പോൾ, കുത്തിവെപ്പെടുക്കുന്നതിലെ പിഴവുകളാണ് മറ്റുചിലർ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും, ഇക്കാര്യം വിശദമായിത്തന്നെ പഠിക്കേണ്ടതുണ്ട്; ഓരോ മരണവും പ്രത്യേകമായി അന്വേഷിക്കുകയും വേണം. എങ്കിൽമാത്രമേ, ഈ സമസ്യ പരിഹരിക്കാനാവൂ. മറുവശത്ത്, മരണപ്പെട്ട 15 പേർ എന്തുകൊണ്ട് വാക്സിനെടുത്തില്ല എന്നും പരിശോധിക്കേണ്ടതുണ്ട്. സാധാരണഗതിയിൽ, വളർത്തുമൃഗങ്ങളുടെ ചെറിയ കടിയേറ്റാൽ പോലും കുത്തിവെപ്പെടുക്കാൻമാത്രം ജാഗ്രതയുള്ളവരാണ് കേരളീയർ. കേരള ആരോഗ്യ മോഡലിന്റെ ഗുണവശമായി പലപ്പോഴും ഇക്കാര്യം ഉയർത്തിക്കാണിക്കാറുമുണ്ട്. എന്നിട്ടും, ഇക്കൊല്ലംമാത്രം 15 പേർ വാക്സിനെടുക്കാതെ മരണപ്പെട്ടതെന്തുകൊണ്ടാവും? വാക്സിൻ അപര്യാപ്തതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നതെന്ന് നിസ്സംശയം പറയാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമല്ല, താലൂക്ക് ആശുപത്രികളിൽപോലും ആവശ്യത്തിന് റാബിസ് വാക്സിൻ ലഭ്യമല്ല എന്നതാണ് വസ്തുത. ഈ യാഥാർഥ്യത്തെയും അടിയന്തരമായി സർക്കാർ അഭിമുഖീകരിക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഴുവൻ കാരണവും തെരുവുനായ്ക്കളാണെന്ന തരത്തിലുള്ള ചർച്ചയും ശരിയല്ല. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിച്ചുള്ള പ്രശ്നപരിഹാര സാധ്യതകളാണ് നിയമസഭയിലും ചർച്ചയായത്. തെരുവുനായ്ക്കളെ വന്ധീകരിക്കണമോ അതോ കൊന്നുകളയണമോ എന്ന തരത്തിലുള്ള പരിഹാര ശ്രമങ്ങളെല്ലാം ഉപരിപ്ലവം മാത്രമാണ്. എന്തുകൊണ്ട് തെരുവുനായ്ക്കളുടെ എണ്ണം നമ്മുടെ തെരുവുകളിൽ കുറഞ്ഞകാലത്തിനുള്ളിൽ നിയന്ത്രണാതീതമാംവിധം വർധിച്ചുവെന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. ആ അന്വേഷണം ചെന്നെത്തുക നമ്മുടെതന്നെ ജീവിതശൈലികളിലേക്കായിരിക്കും; വിശേഷിച്ചും, ജൈവമാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന മലയാളിയുടെ പൊതുശീലങ്ങളിലേക്ക്. ഗൃഹമാലിന്യങ്ങളത്രയും വീട്ടുപരിസരത്തുനിന്നും റോഡിലേക്ക് തള്ളുന്ന 'ശുചിത്വബോധം' കൂടിയാണ് ഇവിടെ വില്ലൻ എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. തെരുവുകൾ നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി മാറുന്നത് ഇക്കാരണംകൊണ്ടുകൂടിയാണ്. അതിനാൽ, ഈ 'ശുചിത്വബോധ'ത്തിനെതിരായ ബോധവത്കരണംകൂടി ആവശ്യമാണ്. അതേസമയം, തീർത്തും ശാസ്ത്രീയമായ മാർഗങ്ങളിലൂടെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കേണ്ടതുമുണ്ട്. ഇതിനാവശ്യമായ നടപടികളിലേക്ക് കടക്കുമ്പോൾ ചില 'മൃഗസ്നേഹി'കൾ രംഗത്തുവരാറുണ്ട്. തെരുവുനായ്ക്കളെ കൊന്നും വന്ധീകരിച്ചുമുള്ള ഒരു പരിഹാരവും വേണ്ട എന്ന നിലപാടാണ് ഇക്കൂട്ടർക്ക്. വേണമെങ്കിൽ, പേപ്പട്ടികളെ കൊല്ലാം എന്ന് ഇവർ പറയാറുണ്ട്. തെരുവുനായ്ക്കളിൽ എങ്ങനെയാണ് പേപ്പട്ടികളെ മാത്രമായി കണ്ടുപിടിക്കുക എന്നുകൂടി ഇക്കൂട്ടർ പറയണം. മനുഷ്യജീവന് പട്ടിയുടെ വിലകൽപിക്കാത്ത ഈ 'മൃഗസ്നേഹം' രംഗം വഷളാക്കുകയേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2022 september 02
Next Story