Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightറാൻമൂളികളുടെ...

റാൻമൂളികളുടെ തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
റാൻമൂളികളുടെ തെരഞ്ഞെടുപ്പ് കമീഷൻ
cancel

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെയും നിയമിക്കാനുള്ള പേരുകൾ ശിപാർശചെയ്യാൻ സ്വതന്ത്ര സമിതിയുണ്ടാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജികളിൽ വാദംകേൾക്കെ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് കെ.എം. ജോസഫ് നടത്തിയ കടുത്തവിമർശനങ്ങൾ രാജ്യത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ ഹരജികളിൽ പരമോന്നതകോടതി തീർപ്പുകൽപിക്കുന്നതിന് മുമ്പേ ധിറുതിപിടിച്ച് അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ച നടപടിയാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്. 1985 ബാച്ച് പഞ്ചാബ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോയൽ അടുത്തമാസം 31നാണ് വിരമിക്കേണ്ടിയിരുന്നത്. എന്നാൽ, ഈ മാസം 18ന് സ്വ​മേധയാ വിരമിച്ച അദ്ദേഹത്തിന് വെറും മൂന്നു ദിവസത്തിനകം ഇലക്ഷൻ കമീഷണറായി നിയമനം ലഭിക്കുകയായിരുന്നു. സാധാരണ വിരമിച്ചവരെയാണ് കമീഷണർമാരായി നിയമിക്കാറുള്ളതെന്നും എന്നാൽ, വെള്ളിയാഴ്ച സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വമേധയാ വിരമിച്ച ഗോയലിനെ ശനിയാഴ്ചതന്നെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുകയും തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാൻ വഴിയൊരുക്കുകയും ചെയ്തകാര്യം പ്രശാന്ത് ഭൂഷണാണ് ഭരണഘടനാബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തിയത്. ഒരൊറ്റ ദിവസംകൊണ്ട് ഒരാളെ സർക്കാർ നിയമിക്കുന്നു. എന്ത് നടപടിക്രമമാണ് ഇക്കാര്യത്തിൽ പാലിച്ചതെന്നോ എന്ത് കരുതൽ ഏർപ്പാടുകളാണ് പൂർത്തിയാക്കിയതെന്നോ ആർക്കുമറിയില്ല എന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് അരുൺ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടത്. അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണി സർക്കാറിന്റെ നിലപാട് അവതരിപ്പിച്ചപ്പോൾ ആവശ്യമായിവന്നാൽ പ്രധാനമന്ത്രിക്കെതിരെ പോലും നടപടിയെടുക്കാൻ നിശ്ചയദാർഢ്യമുള്ള വ്യക്തിയായിരിക്കണം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെന്ന് ജസ്റ്റിസ് ജോസഫ് ഓർമിപ്പിക്കുകയായിരുന്നു. ''പ്രധാനമന്ത്രിയെക്കുറിച്ച് ഒരാരോപണം ഉയർന്നു, തെരഞ്ഞെടുപ്പ് കമീഷണർക്ക് നടപടിയെടുക്കേണ്ടിയും വന്നു. പക്ഷേ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ മുട്ട് വിറക്കുകയായിരുന്നു. അയാൾക്ക് പ്രവർത്തിക്കാനാവില്ല. എങ്കിൽ വ്യവസ്ഥ അപ്പാടെ തകരുകയല്ലേ സംഭവിക്കുക'' എന്ന ജസ്റ്റിസ് ജോസഫിന്റെ ചോദ്യം മർമസ്പർശിയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനമായിരിക്കണം ഇലക്ഷനുണ്ടായിരിക്കേണ്ടത് എന്ന് ഊന്നിപ്പറയുകയായിരുന്നു കോടതി. അധികാരത്തിലിരിക്കുന്ന പാർട്ടി ഏതായാലും അവരുടെ റാൻമൂളിയെയാണ് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുന്നതെന്നും ഭരണഘടനാബെഞ്ച് നിരീക്ഷിക്കുകയുണ്ടായി.

ഗതകാലസംഭവങ്ങൾ സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ശരിവെക്കുന്നതാണെന്നകാര്യത്തിൽ സംശയമേയില്ല. 1990 മുതൽ ആറുവർഷം ഇലക്ഷൻ കമീഷന്റെ മേധാവിയായിരുന്ന മലയാളിയായ ടി.എൻ. ശേഷൻ മാത്രമാണ് സർക്കാർ ചട്ടുകമായിരുന്ന കമീഷന് ജീവൻനൽകിയതും പരിഷ്‍കരണങ്ങൾ നടപ്പാക്കിയതും. അക്കാലത്ത് എല്ലാ രാഷ്ട്രീയപാർട്ടികളും കർശനമായ ഇലക്ഷൻ ചട്ടങ്ങൾ പാലിക്കേണ്ടിവരുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമീഷൻ ഗുരുതരമായ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയതാകട്ടെ നരേന്ദ്ര മോദി രാജ്യം ഭരിക്കാൻ തുടങ്ങിയ കാലത്തുമാണ്. 2021 നവംബറിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി മോദി പ്രചാരണങ്ങളിൽ ഏർപ്പെട്ടപ്പോഴൊന്നും നടപ്പാക്കാത്ത നിയന്ത്രണങ്ങൾ കോവിഡ് കാലത്തിന്റെ പേരുപറഞ്ഞ് പ്രതിപക്ഷ പാർട്ടികളുടെമേൽ അടിച്ചേൽപിച്ചതായ പരാതി കമീഷനെതിരെ ഉയർന്നു. 2019​ലെ പൊതുതെരഞ്ഞെടുപ്പിൽതന്നെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരുനടപടിയും ഭരണകക്ഷിനേതാക്കൾക്കും സ്ഥാനാർഥികൾക്കുമെതിരെ സ്വീകരിക്കാതിരിക്കെ പ്രതിപക്ഷത്ത് പലരുടെയും പേരിൽ നടപടികളെടുത്തുവെന്ന ന്യായമായ പരാതിയും ഇലക്ഷൻ കമീഷനുനേരെ ഉന്നയിക്കപ്പെട്ടു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി മാത്രമല്ല, സംസ്ഥാനപദവി തന്നെ രാഷ്ട്രപതി കാര്യാലയത്തിൽനിന്നുള്ള ഉത്തരവിനാൽ എടുത്തുകളയുകയും കശ്മീരിനെ മൂന്നായി വിഭജിച്ച് കേന്ദ്രഭരണം അടിച്ചേൽപിക്കുകയും ചെയ്ത ഞെട്ടിക്കുന്ന നടപടി അഭംഗുരം തുടരുന്നു. പക്ഷേ, സംസ്ഥാനപദവിയെങ്കിലും തിരിച്ചുനൽകാതെ ഈയവസ്ഥ എക്കാലവും തുടരാനാവില്ലെന്ന ബോധ്യത്തിൽ മോദി-അമിത് ഷാ ടീം ജമ്മു-കശ്മീരിൽ മണ്ഡല പുനർനിർണയസമിതിയെ നിയമിക്കുകയായിരുന്നു. പുനർനിർണയ കമ്മിറ്റി സമർപ്പിച്ച ഏകപക്ഷീയ റിപ്പോർട്ട് അപ്പടി അംഗീകരിക്കുകയാണ് കേന്ദ്ര ഇലക്ഷൻ കമീഷൻ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം കൂടുതൽ ജനസംഖ്യയുള്ള കശ്മീർ താഴ്വരയിൽ ഒരേയൊരു മണ്ഡലവും ജനസംഖ്യ കുറഞ്ഞ ഹിന്ദുഭൂരിപക്ഷ ജമ്മുവിൽ ആറ് മണ്ഡലങ്ങളുമാണ് വർധിപ്പിച്ചിരിക്കുന്നത്. കശ്മീരിൽ സംവരണ സീറ്റുകളുടെ എണ്ണവും കൂട്ടിയിരിക്കുന്നു. മണ്ഡലങ്ങളുടെ അതിർത്തികളും തോന്നിയപോലെ മാറ്റിവരച്ചിട്ടുണ്ടെന്നാണ് കശ്മീരികളുടെ പരാതി. എന്നെങ്കിലും ഒരു തെരഞ്ഞെടുപ്പ് വേണ്ടിവന്നാൽ ബി.ജെ.പിയുടെ ഭരണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തം. ഇവ്വിധം പ്രവർത്തിക്കുന്ന റാൻമൂളികളുടെ ഒരു ഇലക്ഷൻ കമീഷൻ ജനാധിപത്യസംവിധാനത്തെ തന്നെ അട്ടിമറിക്കുന്നതാണ്. അതിനാൽ സ്വതന്ത്രവും നിഷ്പക്ഷവും ആർജവമുള്ളതുമായ ഒരു കമീഷൻ യാഥാർഥ്യമാവാൻ സുപ്രീംകോടതി ഭരണഘടനാബെഞ്ച് അഭിപ്രായപ്പെട്ടതുപോലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കൂടി നിയമന സമിതിയിൽ അംഗമാക്കുകയോ കൂടുതൽ ഫലപ്രദമായ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്യേണ്ടത് ആരോഗ്യകരമായ ജനാധിപത്യക്രമത്തിന് അനുപേക്ഷ്യമാണ്.

Show Full Article
TAGS:Madhyamam editorial 
News Summary - Madhyamam editorial 2022 November 25
Next Story