Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൊറുപ്പിക്കരുത് ഈ...

പൊറുപ്പിക്കരുത് ഈ സഹകരണക്കൊള്ള

text_fields
bookmark_border
പൊറുപ്പിക്കരുത് ഈ സഹകരണക്കൊള്ള
cancel

തൃശൂർ ജില്ലയിലെ കരുവന്നൂർ മാപ്രാണത്തെ ഫിലോമിന എന്ന വയോധികയുടെ മരണത്തെ സ്റ്റേറ്റ് സ്​പോൺസേഡ് കൊലപാതകമെന്ന് വിശേഷിപ്പിച്ചാൽ തെറ്റുപറയാനാകില്ല. കുപ്രസിദ്ധമായ കരുവന്നൂർ സഹകരണബാങ്ക് നിക്ഷേപത്തട്ടിപ്പിന്റെ ഇരയാണ് ഫിലോമിനയും കുടുംബവും. സർക്കാർ നഴ്സായിരുന്ന ഫിലോമിനയുടെയും ഭർത്താവിന്റെയും സമ്പാദ്യവും ആനുകൂല്യങ്ങളുമെല്ലാം ചേർത്ത് 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ചത് ഈ ബാങ്കിലായിരുന്നു. ഒരു മാസത്തോളമായി തൃശൂർ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫിലോമിനയെ വിദഗ്ധ ചികിത്സക്ക് മറ്റൊരു മൾട്ടി സ്​പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനായി പണം പിൻവലിക്കാൻ ഭർത്താവ് ദേവസി ബാങ്കിൽ ചെന്നപ്പോഴാണ് അകപ്പെട്ട അപകടത്തിന്റെയും ചതിയുടെയും ആഴം അവർ തിരിച്ചറിഞ്ഞത്. പലകുറി ബാങ്കിനെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം. ഒടുവിൽ മതിയായ ചികിത്സ കിട്ടാതെ ഫിലോമിന മരണത്തിന് കീഴടങ്ങി. ഈ മരണത്തിന് ഉത്തരവാദി ബാങ്കും അധികാരികളുമാണെന്ന് ചൂണ്ടിക്കാട്ടി ദേവസിയും മകൻ ഡിനോയും കരുവന്നൂർ ബാങ്കിനുമുന്നിൽ ഫിലോമിനയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഇതേ ബാങ്കിൽ 10 ലക്ഷം രൂപയുടെ നി​േക്ഷപമുണ്ടായിരുന്ന രാമൻ എന്നയാളും സമാന സാഹചര്യത്തിൽ ഏതാനും നാൾ മുമ്പ് മരണപ്പെട്ടിട്ടുണ്ട്; അതിനും മുമ്പ് മറ്റൊരാളും. നിക്ഷേപത്തട്ടിപ്പുകൾ കേവലം ധനനഷ്ടം മാത്രമല്ല വരുത്തിവെക്കുന്നത്; പല കുടുംബങ്ങളുടെയും ജീവിതവും ജീവനും ഈ കൊള്ളസംഘങ്ങളുടെ പിടിയിലാണ്.

പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പുമായി ഏറെ സാമ്യമുണ്ട് കരുവന്നൂർ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പുകൾക്കും. 40 വർഷത്തിലേറെയായി സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സഹകരണ ബാങ്കിൽ 300 കോടിയുടെ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. 104 കോടിയുടെ പ്രത്യക്ഷക്കൊള്ളതന്നെ ബ്രാഞ്ച് മാനേജറും ബാങ്ക് സെക്രട്ടറിയും ഒരു കമീഷൻ ഏജന്റും ചേർന്ന് നടത്തിയെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച സമിതി കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് രണ്ടു വർഷം മുമ്പ് പിടിക്കപ്പെട്ട ഈ സംഭവത്തിൽ പ്രധാന പ്രതികളെല്ലാം പാർട്ടിയുടെ പ്രാദേശിക നേതാക്കളാണെന്നതിനാൽ, അവർക്ക് മതിയാവോളം സർക്കാറിന്റെ സംരക്ഷണം ലഭിച്ചു. പ്രതികളെല്ലാം അറസ്റ്റിലായെങ്കിലും അവർക്ക് ജാമ്യംകിട്ടാൻ അധികസമയം വേണ്ടിവന്നില്ല. ചിട്ടി നടത്തിപ്പിൽ കൃത്രിമം കാണിച്ചും ഇല്ലാത്ത ഭൂമിയുടെ വ്യാജരേഖ പണയംവെച്ച് പണം തട്ടിയു​മൊക്കെയാണ് ഈ ക്രിമിനൽസംഘം വൻ സാമ്പത്തിക അട്ടിമറി നടത്തിയിരിക്കുന്നത്. പത്തു വർഷത്തോളം തുടർന്ന ഈ കൊള്ളയിൽ ഇല്ലാതായിപ്പോയത് പതിനായിരത്തിലധികം വരുന്ന നിക്ഷേപകരുടെ ആകെയുള്ള ജീവിത സമ്പാദ്യമാണ്. അക്കൂട്ടത്തിലൊരാൾ മാ​ത്രമായിരുന്നു ഫിലോമിന.

തട്ടിപ്പ് പുറംലോകം അറിഞ്ഞയുടൻ സർക്കാർ ഇട​പെട്ടു എന്നത് ശരിയാണ്. പ്രതിപക്ഷം വിഷയം സഭയിലുന്നയിച്ചപ്പോൾ സഹകരണമന്ത്രി വി.എൻ. വാസവൻ നിക്ഷേപകർക്ക് ആശ്വാസവാക്കുകളുമായി രംഗത്തെത്തി. നി​ക്ഷേപക ഗാരന്റി പദ്ധതിവഴി പണം മടക്കിനൽകുമെന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച സമാപിച്ച നിയമസഭ സമ്മേളനത്തിലും വിഷയം ഉയർന്നിരുന്നു. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവെ മുഖ്യമന്ത്രി പറഞ്ഞത്, മുഴുവൻ നിക്ഷേപകർക്കും ഗാരന്റി നൽകുമെന്നാണ്. പ​േക്ഷ, ഒരുറപ്പും പാലിക്കപ്പെട്ടില്ല. എന്നല്ല, കരുവന്നൂർ ബാങ്കി​ന്റെ പ്രതിസന്ധി പഠിക്കാൻ നിയോഗിക്ക​പ്പെട്ട സമിതിയുടെ നിർദേശങ്ങൾ സർക്കാർ സമ്പൂർണമായി അവഗണിക്കുകയും ചെയ്തു. ഇപ്പോൾ, ഫിലോമിനയുടെ മരണവാർത്ത പുറത്തുവന്നപ്പോഴും ആദ്യഘട്ടത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ബാങ്കിൽനിന്ന് പണം ലഭിച്ചില്ലെന്ന വാദം കള്ളമാണെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽതന്നെ ഫിലോമിനക്ക് വിദഗ്ധ ചികിത്സ നൽകിയെന്നും സ്ഥലം എം.എൽ.എകൂടിയായ മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. തൊട്ടടുത്ത ദിവസം അവർക്ക് ആ പ്രസ്താവന പിൻവലിക്കേണ്ടിവന്നെങ്കിലും മുൻവാഗ്ദാനങ്ങളുടെ കാര്യത്തിൽ അവർക്കിപ്പോഴും ഉറപ്പില്ല. 25 കോടി രൂപയാണ് പ്രശ്നപരിഹാരത്തിന് അടിയന്തരമായി നൽകുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്. 50 കോടി ധനസഹായം ബാങ്കിന് അനുവദിക്കണമെന്ന് നേരത്തേതന്നെ സമിതി ശിപാർശ ചെയ്തതാണ്. അത് നടപ്പാക്കിയിരുന്നുവെങ്കിൽ ഒരുപക്ഷേ, ഈ 'കൊലപാതകങ്ങൾ' ഒഴിവാക്കാ​ൻ കഴി​യുമായിരുന്നു.

കരുവന്നൂർ ബാങ്കിലേതിന് ഏറക്കുറെ സമാനമാണ് സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണ സംഘങ്ങളുടെയും അവസ്ഥ. നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണം തിരിച്ചുനൽകാനാവാതെ കേരളത്തിൽ 164 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി വകുപ്പുമ​ന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. അഥവാ, കരുവന്നൂരിലെ നിക്ഷേപകരെപ്പോലെത്തന്നെ സ്വന്തം പണം പിൻവലിക്കാനാവാതെ നിസ്സഹായരായി ലക്ഷക്കണക്കിനാളുകൾ ഇവിടെ കഴിയുന്നുണ്ട്. അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. കേരളത്തിന്റെ ഗ്രാമീണ​ സമ്പദ്‍വ്യവസ്ഥയെ സന്തുലിതമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് നമ്മുടെ സഹകരണ സ്ഥാപനങ്ങൾ. ഇക്കാര്യത്തിൽ സവിശേഷമായൊരു മാതൃകതന്നെ കേരളം സൃഷ്ടിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്. എന്നാൽ, വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങൾ തങ്ങളുടെ താൽപര്യത്തിനും അജണ്ടകൾക്കുമനുസരിച്ച് ഈ സംഘങ്ങളെ ഉപയോഗപ്പെടുത്തുന്നതോടെയാണ് സഹകരണ പ്രസ്ഥാനങ്ങൾ അഴിമതിയുടെയും തട്ടിപ്പിന്റെയും കൂത്തരങ്ങായി മാറിയത്. ഈ കൊള്ളസംഘത്തെ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2022 july 30
Next Story