"ഇഡി'ക്കൂട്ടിൽ രാജ്യം
text_fieldsസാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും തടയാനുമായി 1956ൽ, കേന്ദ്ര ധനവകുപ്പിനു കീഴിൽ രൂപവത്കൃതമായ ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് 1999 (ഫെമ), പ്രിവൻഷൻ ഓഫ് മണി ലോൻഡറിങ് ആക്ട് 2002 (പി.എം.എൽ.എ) എന്നീ നിയമങ്ങൾക്കു കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുകയാണ് ഇ.ഡിയുടെ ചുമതല. പല നിലക്കുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണ ഇടപാടുകളും സജീവമായ നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് ഇങ്ങനെയൊരു ഏജൻസി എന്തുകൊണ്ടും നല്ലതാണ് എന്നായിരിക്കും അതേക്കുറിച്ച സാമാന്യ ധാരണ. എന്നാൽ, ഇ.ഡി എന്നത് ഇന്ന് കേന്ദ്രഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അധികാരദണ്ഡായി മാറിയതാണ് അനുഭവം.
ക്രമസമാധാനപാലനം, നമ്മുടെ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. അന്തർസംസ്ഥാന സ്വഭാവമുള്ളതും കൂടുതൽ ഗൗരവപ്പെട്ടതുമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ എന്നൊരു ഏജൻസിയും നമുക്കുണ്ട്. പിന്നീട്, എൻ.ഐ.എ സ്ഥാപിതമായതോടെ സി.ബി.ഐക്കുള്ള പരിമിതികളെയും മറികടന്ന് ഏതു സംസ്ഥാനത്ത് സംഭവിക്കുന്ന കുറ്റകൃത്യങ്ങളിലും നേരിട്ട് ഇടപെടാനും കേസെടുക്കാനും അറസ്റ്റ് ചെയ്യാനും കേന്ദ്രത്തിന് അധികാരം ലഭിക്കുന്ന സാഹചര്യമുണ്ടായി. അതായത്, ഭരണഘടന ഭേദഗതി വരുത്താതെതന്നെ സ്റ്റേറ്റ് ലിസ്റ്റിൽ വരുന്ന ഒരു ജോലി കേന്ദ്രത്തിന് ഏറ്റെടുക്കാൻ പറ്റുന്ന അവസ്ഥ സംജാതമാവുകയായിരുന്നു. കൊലപാതകം, കലാപം, സ്ഫോടനം തുടങ്ങിയ അക്രമസ്വഭാവമുള്ള കുറ്റകൃത്യങ്ങളേ എൻ.ഐ.എക്ക് ഏറ്റെടുക്കാൻ പറ്റുകയുള്ളൂ. സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണ ആരോപണങ്ങൾ, അഴിമതി വിവാദങ്ങൾ തുടങ്ങിയവയിൽ എൻ.ഐ.എക്ക് റോളില്ല. ആ റോൾ ഏറ്റെടുത്ത് കേന്ദ്രത്തിനുവേണ്ടി സംസ്ഥാനങ്ങളിൽ ഇറങ്ങിക്കളിക്കുക എന്ന ജോലി നിർവഹിക്കുന്നത് ഇ.ഡിയാണ്. സംസ്ഥാന പൊലീസിനോ വിജിലൻസിനോ അന്വേഷിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി നേരിട്ട് ഏറ്റെടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് വ്യാപകമായിരിക്കുന്നു. അതായത്, രാജ്യം മൊത്തം ഇ.ഡിയുടെ ഇടിക്കൂടായി മാറിയ അവസ്ഥ.
ഇ.ഡി ഏറ്റെടുത്ത കേസുകളുടെ സ്വഭാവം പരിശോധിച്ചാൽ അവക്കെല്ലാമുള്ള പൊതുവായ കാര്യം ഒന്നാണ്. ബി.ജെ.പിയുടെ രാഷ്ട്രീയശത്രുക്കളോ ആർ.എസ്.എസ് സാമുദായികമായോ സാമൂഹികമായോ ലക്ഷ്യംവെക്കുന്ന വിഭാഗങ്ങളോ ആണ് അതിന്റെ പിടിയിൽപെട്ടിരിക്കുന്നത് എന്നതാണത്. കർക്കശവ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് പി.എം.എൽ ആക്ട്. ആരെങ്കിലും കള്ളപ്പണം സ്വരൂപിച്ചതായി ഇ.ഡിക്ക് സംശയം തോന്നിയാൽ (വെറും സംശയം) അയാളെ വിളിച്ചുവരുത്താനും അറസ്റ്റ് ചെയ്യാനും സ്വത്ത് മരവിപ്പിക്കാനും ഇ.ഡിക്ക് സാധിക്കും. ഭരണഘടന വ്യക്തിക്ക് നൽകുന്ന അടിസ്ഥാന പൗരാവകാശങ്ങളെ ലംഘിക്കുന്നതാണ് പി.എം.എൽ ആക്ടിലെ പല വ്യവസ്ഥകളും. ധനബില്ലായാണ് പി.എം.എൽ ആക്ടിലെ ഭേദഗതികൾ കേന്ദ്ര സർക്കാർ 2018ൽ കൊണ്ടുവന്നത്. അതിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ടുള്ള ഹരജി സുപ്രീംകോടതിക്കു മുമ്പാകെയുണ്ട്. അതിൽ തീർപ്പുകൽപിക്കാതെയാണ് അതിലെ ചില വ്യവസ്ഥകളെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജികളിൽ ബുധനാഴ്ച സുപ്രീംകോടതി തീർപ്പുകൽപിച്ചത്. അതായത്, അടിസ്ഥാനപ്രശ്നത്തെ അഭിമുഖീകരിക്കാതെ ശാഖാപരമായ കാര്യങ്ങളിൽ വേഗം തീർപ്പുകൽപിക്കുകയായിരുന്നു സുപ്രീംകോടതി. അതിലാകട്ടെ, കേന്ദ്ര സർക്കാറിന് ആഹ്ലാദിക്കാവുന്ന രീതിയിലാണ് വിധിതീർപ്പ് വന്നതും.
പി.എം.എൽ ആക്ട് നമ്മുടെ ഭരണഘടന പൗരജനങ്ങൾക്ക് നൽകുന്ന അടിസ്ഥാനാവകാശങ്ങളെ ഹനിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. അവരുടെ സ്വത്തും അധ്വാനവും ബിസിനസുമെല്ലാം അജ്ഞാതമായ കാരണങ്ങളുടെ പേരിൽ മരവിപ്പിക്കാനും ജനങ്ങളെ ദീർഘകാലം തടവിൽ വെക്കാനും ഇ.ഡിക്ക് അധികാരം ലഭിക്കുന്നുവെന്നതാണ് ആ നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. അതിന്റെ ഭരണഘടനാ സാധുതയായിരുന്നു സുപ്രീംകോടതി പരിശോധിക്കേണ്ടിയിരുന്നത്. പകരം, പി.എം.എൽ.എ പാർലമെന്റ് പാസാക്കിയ നിയമമാണ്, അത് പുനഃപരിശോധിക്കേണ്ട ഉത്തരവാദിത്തം പാർലമെന്റിനു മാത്രമാണ് എന്ന സാങ്കേതികശരി ഉയർത്തുകയായിരുന്നു കോടതി. നിയമം നിർമിക്കേണ്ടതും പുനഃപരിശോധിക്കേണ്ടതും പാർലമെന്റ് തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ട ഉത്തരവാദിത്തം കോടതിക്കുണ്ടായിരുന്നു. അവർ അത് ചെയ്തില്ല.
രാഷ്ട്രീയ എതിരാളികളെ കുത്തിവീഴ്ത്താനുള്ള കുന്തമായി ഇ.ഡി മാറ്റപ്പെട്ടു എന്നത് നമ്മുടെ അനുഭവമാണ്. അത് ഫലത്തിൽ ഒരു കേന്ദ്ര പൊലീസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ആ നിലപാടിന് സുപ്രീംകോടതിയും തുല്യംചാർത്തിക്കഴിഞ്ഞുവെന്നതാണ് ഏറ്റവും ദുഃഖകരമായ പുതിയ കാര്യം. അതിനാൽ, ഇനി ജനകീയവും രാഷ്ട്രീയവുമായ പ്രതിരോധം മാത്രമേ വഴിയുള്ളൂ. അതിന് പ്രതിപക്ഷം എന്തുമാത്രം സജ്ജമാണ് എന്നതാണ് ചോദ്യം. ഇ.ഡി മാർക്സിസ്റ്റുകാരെ പിടിക്കുമ്പോൾ സന്തോഷിക്കുന്ന കോൺഗ്രസും തൃണമൂലുകാരെ പിടിക്കുമ്പോൾ ആഹ്ലാദിക്കുന്ന മാർക്സിസ്റ്റുകാരുമൊക്കെയാണ് ഇപ്പോഴുള്ളത്. സ്വാഭാവിക നീതിയുടെ നിഷേധം, മനുഷ്യാവകാശ വിരുദ്ധത, ഫെഡറൽ തത്ത്വങ്ങളുടെ ലംഘനം എന്നിങ്ങനെ ഇ.ഡി എന്ന സംവിധാനത്തിനും പി.എം.എൽ.എ എന്ന നിയമത്തിനുമുള്ള അടിസ്ഥാന പ്രശ്നങ്ങളെ മുൻനിർത്തി തത്ത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇങ്ങനെപോയാൽ 'അവസാനം ഇ.ഡി എന്നെത്തേടി വന്നു, എനിക്കുവേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല' എന്ന് എല്ലാവരും ആവലാതി പറയുന്ന ഒരു കാലം അത്ര വിദൂരമല്ല.