Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅട്ടപ്പാടി:...

അട്ടപ്പാടി: ആവർത്തിക്കുന്ന ദുരവസ്ഥക്ക് പ്രതികളുണ്ട്

text_fields
bookmark_border
അട്ടപ്പാടി: ആവർത്തിക്കുന്ന ദുരവസ്ഥക്ക് പ്രതികളുണ്ട്
cancel

അട്ടപ്പാടിയിലെ ആദിവാസി ജനതയെ വംശീയമായി ഇല്ലാതാക്കാൻ മാത്രം 'പരിഷ്കൃത' മലയാളസമൂഹത്തോട് എന്ത് ക്രൂരതയാണ് അവർ ചെയ്തത്​ എന്ന ചോദ്യം ഉച്ചത്തിലുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാം തെരഞ്ഞെടുത്ത സർക്കാറുകൾ, നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് അധികാരനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർ, ഊരുകളിലെ പെണ്ണുങ്ങളടക്കമുള്ള വിഭവങ്ങളിൽ കഴുകക്കണ്ണു വെച്ച സംഘബലമുള്ളവർ-ഇവരെല്ലാവരും ചേർന്ന് ഒരു ജനതയുടെ അവകാശങ്ങൾ ഹനിക്കുന്നു. അത്​ അവിരാമം തുടരു​മ്പോഴും പരിഷ്കൃതരെന്നും അവകാശബോധമുള്ളവരെന്നും അഭിമാനിക്കുന്ന നാം ഒരസ്വസ്ഥതയുമില്ലാതെ നിശ്ശബ്ദരായിരിക്കുന്നതിന്‍റെ ന്യായമെന്താണ്? അയ്യപ്പൻ-സരസ്വതി ദമ്പതികളുടെ മൂന്നുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ഭവാനിപ്പുഴയുടെ മറുകരയിലെ മുരുഗള ഊരിലേക്ക് കിലോമീറ്ററോളം മഴയത്ത് ചുമന്നുപോകേണ്ടിവന്നത് ഭരണകൂട കുറ്റകൃത്യമല്ലാതെ മറ്റെന്താണ്​? കഴിഞ്ഞ പ്രളയത്തിൽ ഇവിടേക്കുള്ള പാലം തകർന്നിട്ട് ഇതുവരെ പുനർനിർമിക്കാതിരിക്കുന്നതിന് സർക്കാറല്ലാതെ മറ്റാരാണ് ഉത്തരവാദി? പ്രളയ പുനർനിർമാണപദ്ധതികളുടെ മുൻഗണനകളിൽ ആദിവാസികൾ പുറത്താകുന്നതിന്‍റെ കാരണം വ്യക്തമാണ്. നമ്മുടെ പൊതുബോധത്തിനകത്ത് അവർക്കിടമില്ല. അട്ടപ്പാടിയിലെ നിഷ്കളങ്കമായ ആദിവാസി സമൂഹം 'നമുക്ക്' അത്രമേൽ അന്യവത്കരിക്കപ്പെട്ടുകഴിഞ്ഞു എന്നു മനസ്സിലാക്കാൻ കഴിഞ്ഞദിവസം നിയമസഭയിൽ അരങ്ങേറിയ പ്രക്ഷുബ്ധരംഗങ്ങളും സംവാദങ്ങളും ഒരിക്കൽക്കൂടി കണ്ടുനോക്കിയാൽ മതി.

അട്ടപ്പാടിയിൽ ഈ വർഷം മരിച്ചത് ഏഴ് നവജാത ശിശുക്കളാണ്. കഴിഞ്ഞ മാസത്തിനിടയിൽ മൂന്ന് കുട്ടികൾ മരിച്ചു. ഇതത്ര വലിയ സംഖ്യയാണോ എന്നു ചോദിച്ച് ആദിവാസി മരണങ്ങളെ നിസ്സാരവത്കരിക്കുന്നവർ 1951ൽ അട്ടപ്പാടിയിലെ ജനസംഖ്യയിൽ 98 ശതമാനമുണ്ടായിരുന്ന ഒരു ജനത ഇന്ന് ന്യൂനപക്ഷമായതെങ്ങനെ എന്നതിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. ഒപ്പം, അവരിൽ 80 ശതമാനം പേരും പോഷകാഹാരക്കുറവുകൊണ്ടുള്ള വിവിധ രോഗങ്ങൾക്കടിപ്പെട്ടതിന്‍റെ കാരണവും വ്യക്തമാക്കേണ്ടതുണ്ട്. ഈ ശിശുമരണനിരക്ക് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്​. ഇപ്പോഴും പോഷകാഹാരക്കുറവ് നിമിത്തം ഗ​ർ​ഭം അ​ല​സു​ന്ന​തും ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ശി​ശു മ​രി​ക്കു​ന്ന​തും സർക്കാറിന്‍റെ ഔദ്യോഗികപട്ടികയിൽ ശിശുമരണമായി ഇ​ടം പി​ടി​ച്ചി​ട്ടി​ല്ല. കുട്ടികളുടെ മരണം പോഷകാഹാരക്കുറവു കൊണ്ടല്ലെന്ന് സ്ഥാപിക്കാനാണ് എപ്പോഴും സർക്കാറിന്‍റെയും ഉദ്യോഗസ്ഥരുടെയും വ്യഗ്രത. കഴിഞ്ഞ ദിവസം മന്ത്രി കെ. രാധാകൃഷ്ണൻ സഭയിൽ ആവർത്തിച്ചതും കുട്ടിയുടെ മരണം പോഷകാഹാരക്കുറവു കൊണ്ടല്ല എന്നുതന്നെയാണ്.

കഴിഞ്ഞ എട്ടുവർഷത്തിനിടെ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലാ​യി അ​ട്ട​പ്പാ​ടി​യി​ൽ ചെ​ല​വ​ഴി​ച്ച​ത്​ 300​ കോ​ടി രൂ​പയാണ്. എന്നിട്ടും ആദിവാസികളുടെ പ്രധാന ആശ്രയകേന്ദ്രമായ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി അതിന്‍റെ ദയനീയാവസ്ഥയിൽനിന്ന് മുക്തമായിട്ടില്ല. ആദിവാസി രോഗികൾക്ക് ആശ്വാസമായിരുന്ന കാന്‍റീൻ വിറക് കുടിശ്ശികയുടെ പേരിൽ അടച്ചുപൂട്ടി. 100 കിടക്കകളുള്ള സ്പെഷാലിറ്റി ആശുപത്രി എന്നതാണ് സർക്കാർ ഭാഷ്യമെങ്കിലും 55 കിടക്കക്കുള്ള ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. അൾട്രാ സൗണ്ട് സ്കാനിങ് മെഷീൻ ഉണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കാൻ റേഡിയോളജിസ്റ്റ് ഇല്ല. 35 ലക്ഷത്തിന്‍റെ കുടിശ്ശികയുടെ പേരിൽ ആശുപത്രിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടില്ലെങ്കിലും ജീവനക്കാർ താമസിക്കുന്ന ഡോർമിറ്ററിയിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി നിഷേധിച്ചിരിക്കുന്നു. ആശുപത്രിയിലേക്കുള്ള ജലവിതരണവും വ്യവസ്ഥാപിതമല്ല. സംസ്ഥാന ബജറ്റുകളിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ വികസനത്തിനു നീക്കിവെച്ച ഫണ്ടുകളിൽ പകുതിയെങ്കിലും ശരിയാംവിധം വിനിയോഗിച്ചിരുന്നുവെങ്കിൽ കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ ആതുരാലയമാകുമായിരുന്നു അത്.

അട്ടപ്പാടിയിലെ ആദിവാസികളുടെ പുനരുജ്ജീവനത്തിനുള്ള സമഗ്രപദ്ധതികൾ പലതും തയാറാക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും നടപ്പാക്കാതിരിക്കുന്നത് ആരാണ്? ആദിവാസികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കൊണ്ടുവന്നതാണ് സമൂഹ അടുക്കള. സിവിൽ സപ്ലൈസ് കോർപറേഷന് കോടിയിലധികം കുടിശ്ശികയുള്ളതിനാൽ അതിന്‍റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ആശുപത്രിയിൽ വൈദ്യുതി കുടിശ്ശിക വരുത്തുന്നതിനും മരുന്ന് ലഭ്യമാകാതിരിക്കുന്നതിനും സമയബന്ധിതമായി റോഡുകളും പാലങ്ങളും നവീകരിക്കാതിരിക്കുന്നതിനും സമൂഹ അടുക്കള നിലച്ച് അന്നം മുട്ടുന്നതിനും ഉത്തരവാദി ആദിവാസികളാണോ? പട്ടിണി കിടക്കേണ്ടി വരുന്നവരുടെ, രോഗികളാകുന്നവരുടെ, മരിക്കുന്നവരുടെ, ഏറ്റവും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകളോളം ചുമക്കേണ്ടിവരുന്നവരുടെ കെടുതികൾക്ക് ആരാണ് ഉത്തരം പറയേണ്ടത്?

അട്ടപ്പാടിയിൽ നടക്കുന്ന പോഷകാഹാരക്കുറവിന്‍റെയും മരണങ്ങളുടെയും കുറ്റത്തിന് അധികാരവർഗം വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. നിശ്ശബ്ദമായി അവിടെ നടക്കുന്ന വംശീയ ഉന്മൂലനത്തിൽ ഭൂരിപക്ഷ പൊതുബോധം കൂട്ടുപ്രതിയാണ്​ എന്നും സമ്മതിച്ചേ മതിയാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2022 July 16 Saturday
Next Story