Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവെറുതെ ഒരു പാർലമെന്റ്

വെറുതെ ഒരു പാർലമെന്റ്

text_fields
bookmark_border
വെറുതെ ഒരു പാർലമെന്റ്
cancel

പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ് ലോക്സഭ സെക്രട്ടേറിയറ്റ്. 65 വാക്കുകളുടെ സമാഹാരമാണത്. ആ വാക്കുകൾക്കെല്ലാമുള്ള പൊതുസ്വഭാവം നാം സാധാരണഗതിയിൽ ഉപയോഗിക്കാറുള്ള വിമർശനാത്മക ​പ്രയോഗങ്ങളാണവ എന്നതാണ്. വിമർശനാത്മക വാക്കുകളും പ്രയോഗങ്ങളും സഭ്യേതരമാണെന്നാണ് ലോക്സഭ സെക്രട്ടേറിയറ്റ് തീരുമാനം. അതായത്, ഭരണകൂടത്തെ വിമർശിക്കുന്ന വാക്കുകൾ പരമോന്നത നിയമനിർമാണ സഭയിൽ ഉയർന്നുകൂടാ എന്ന് സർക്കാർ നിശ്ചയിച്ചിരിക്കുന്നു. നിരോധിക്കപ്പെട്ട വാക്കുകളിൽ മിക്കവയും നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സർക്കാറിനുമെതിരെ ഉയർന്നുവരാറുള്ളവയാണ് എന്നതും പ്രത്യേകം കുറിച്ചുവെക്കേണ്ടതാണ്.

'പുതിയ ഇന്ത്യക്കു വേണ്ടിയുള്ള പുതിയ നിഘണ്ടു' എന്നാണ് വാക്ക് നിരോധനത്തെക്കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചത്. പ്രതിപക്ഷത്തുള്ള രാഷ്ട്രീയപാർട്ടികൾ രൂക്ഷമായ പ്രതികരണവുമായി വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ ഇതിനോടുള്ള പരിഹാസങ്ങൾകൊണ്ട് നിറയുകയാണ്. അങ്ങനെയൊ

ക്കെയാണെങ്കിലും തീരുമാനത്തിലെന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. നാം വേറൊരു ഇന്ത്യയിലാണുള്ളത് എന്ന യാഥാർഥ്യം തിരിച്ചറിയുക എന്നു മാത്രം.

ഏകാധിപതികൾ വിമർശനങ്ങളെ ഇഷ്​ടപ്പെടുന്നില്ല എന്നത് സാർവലൗകിക സത്യമാണ്. ഏകാധിപത്യ സ്വഭാവത്തെ ദ്യോതിപ്പിക്കുന്ന അര ഡസനോളം വാക്കുകൾ പുതിയ നിരോ

ധന പട്ടികയിലുണ്ട്. വിയോജനത്തിനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ്. പ്രതിപക്ഷവും മാധ്യമങ്ങളുമാണ് അവ കൂടുതലായി നിർവഹിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളെ നേരത്തെതന്നെ പലവിധ വേലകളിലൂടെ നിശ്ശബ്ദമാക്കാൻ മോദി ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. ഭരണകൂട ദാസ്യപ്പണി ചെയ്യുന്നവരുടെ കൂടാരമായി ദേശീയ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിട്ട് കുറച്ചായി. മാധ്യമങ്ങൾ വിമർശനമുന്നയിക്കുന്നില്ല എന്നതു മാത്രമല്ല, വിമർശനങ്ങളെയും വിമർശനമുന്നയിക്കുന്നവരെയും തമസ്​കരിക്കുകകൂടി ചെയ്യുന്നു അവർ. പ്രലോഭനങ്ങളും ഭീഷണികളുമാണ് മാധ്യമങ്ങൾക്കെതിരെ സർക്കാർ ഉപയോഗിക്കുന്നത്. ഇ.ഡി, സി.ബി.ഐ പോലുള്ള ഏജൻസികളെ ഉപയോഗിച്ച് വഴങ്ങാത്തവരെ വരുതിയിലാക്കുന്നുണ്ട്. അങ്ങനെയും കുടുക്കാൻ പറ്റാത്തവരെ നേരിട്ട് ഇല്ലാതാക്കുക എന്ന പദ്ധതിയുമുണ്ട്. കേരളത്തിലെ മീഡിയവൺ ചാനൽ നിരോധിച്ചതും ആൾട്ട് ന്യൂസ്​ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ കള്ളക്കേസിൽപെടുത്തി അറസ്റ്റ് ചെയ്തതും അതിന്റെ ഭാഗമാണ്. ഭരണകൂട വിമർശനം ഉന്നയിക്കുന്ന രണ്ടാമതൊരു കൂട്ടർ ആക്ടിവിസ്റ്റുകളും സന്നദ്ധ പ്രവർത്തകരുമാണ്. ആ തരത്തിൽപെട്ട രാജ്യത്തെ എണ്ണംപറഞ്ഞവരെയെല്ലാം പലവിധ കാരണങ്ങൾ പറഞ്ഞ് ഇതിനകം ജയിലിനകത്താക്കിക്കഴിഞ്ഞു. ആംനസ്റ്റി ഇന്റർനാഷനൽ പോലെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ, വിമർശനങ്ങൾ ഉയർന്നുവരാനിടയുള്ള ഒരേയൊരു സ്ഥലം പാർലമെന്റാണ്. അവിടെ ഉയർത്തുന്ന വിമർശനങ്ങൾക്ക് ആധികാരികതയുണ്ട്. അത് രേഖപ്പെടുത്തപ്പെടും. അതുകൂടി അങ്ങ് അവസാനിപ്പിച്ചുകളയാം എന്ന നിശ്ചയമാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചതിലൂടെ നടപ്പാക്കപ്പെടുന്നത്. ഇത് അത്യന്തം ജനാധിപത്യവിരുദ്ധമായ നികൃഷ്​ടമായ ഏർപ്പാടാണ്.

അടിസ്ഥാന പ്രശ്നം, പാർലമെന്റ് തന്നെ അനാവശ്യ നേരമ്പോക്കാണ് എന്ന് സത്യമായും വിചാരിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത് എന്നതാണ്. സംവാദത്തിന്റെയും ജനാധിപത്യത്തിന്റെയും വിമർശനത്തിന്റെയും വിയോജനത്തിന്റെയും ഭാഷ അവർക്കറിയില്ല. ഏകഛത്രാധിപത്യമാണ് അവർക്കിഷ്​ടപ്പെട്ട ഏർപ്പാട്. ഇന്ത്യയിൽ ഇപ്പോൾ അത് നടക്കില്ല എന്നതുകൊണ്ട് മാത്രമാണ് പാർലമെന്റ് കേടുകൂടാതെ അവിടെ നിൽക്കുന്നത്. പക്ഷേ, പാർലമെന്റിനെ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ അപ്രസക്തമാക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. രാജ്യനിവാസികളെ ബാധിക്കുന്ന നിർണായകമായ പല തീരുമാനങ്ങളും ചർച്ച ചെയ്യാറില്ലെന്നത് പോകട്ടെ, പാർലമെന്റിനെ അറിയിക്കുക പോലും ചെയ്യാതെയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യുമ്പോൾ പ്രതിപക്ഷത്തുനിന്ന് ഒരാളുടെ പോലും സാന്നിധ്യമില്ല. പാർലമെന്റ് എന്നത് സർക്കാർ ഡിപ്പാർട്മെന്റല്ല. എല്ലാ അംഗങ്ങൾക്കും പ്രാതിനിധ്യവും അവകാശവുമുള്ള ഇടമാണ്. ഇപ്പോൾ, പുതിയ നിരോധന ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴും പാർലമെന്റുമായി കൂടിയാലോചിച്ചിട്ടില്ല. പാർലമെന്റ് എത്തിക്സ്​ കമ്മിറ്റിയിൽ പോലും ചർച്ചക്ക് വന്നിട്ടില്ല. എല്ലാം ഛത്രപതി ഇച്ഛിക്കുന്നതുപോലെ എന്നാണ് മട്ട്.

ഭരണഘടനയെ നിലനിർത്തി, അതിൽ പ്രത്യക്ഷത്തിൽ മാറ്റങ്ങൾ ഒന്നും വരുത്താതെ ഭരണഘടനയെ അസന്നിഹിതമാക്കുക, പാർലമെന്റിനെ നിലനിർത്തി പാർലമെന്ററി പ്രക്രിയകളെ അവസാനിപ്പിക്കുക എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോ

ട്ടുപോകുന്നത്. ജനാധിപത്യ ആവരണമണിഞ്ഞ ഏകാധിപത്യവാഴ്ചയാണിത്. ഓരോ ദിവസവും അന്നന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കണമെന്ന് വിചാരിക്കുന്ന മുഴുവൻ മനുഷ്യരെയും രംഗത്തിറക്കി നടത്തേണ്ട വലിയ സമരമാണ് പുതിയ കാലത്തെ രാഷ്ട്രീയം. സമയം വൈകുന്നതിനനുസരിച്ച് നിൽക്കുന്ന മണ്ണ് നഷ്​ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ നിസ്സംഗമായ ചെയ്തികൾ കാണുമ്പോൾ അവർക്ക് ഇനിയും ഇതൊന്നും മനസ്സിലായിട്ടില്ലെന്ന് തോന്നിപ്പോകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2022 July 15
Next Story