Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഓർഡിനൻസ് വിലാപവും...

ഓർഡിനൻസ് വിലാപവും രാഷ്ട്രീയ ക്രമപ്രശ്നങ്ങളും

text_fields
bookmark_border
ഓർഡിനൻസ് വിലാപവും രാഷ്ട്രീയ ക്രമപ്രശ്നങ്ങളും
cancel

സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുന്ന ഓർഡിനൻസുകൾ ഒപ്പിട്ട് പാസാക്കുക ഗവർണറുടെ ഭരണഘടന പരമായ ബാധ്യതയാണ്. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ വിയോജിപ്പുകളുണ്ടാകു​മ്പോഴും, ഭരണഘടനാപരമായ ആ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു പൊതുവായ രീതി. പകരം, സ്വന്തം രാഷ്ട്രീയനിലപാടിനും ബോധ്യത്തിനുമനുസൃതമായി കാര്യങ്ങൾ നീക്കിയാൽ അത് ഭരണപരമായ പ്രതിസന്ധിക്കു വഴിവെക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചില സമീപനങ്ങൾ പലപ്പോഴും സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ, ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി സംബന്ധിച്ച ഓർഡിനൻസ് മുന്നിൽവന്നപ്പോൾ അദ്ദേഹം ഒപ്പുവെക്കാൻ വിസമ്മതിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തി. ഒന്നു രണ്ടു ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ രാജ്ഭവനിൽചെന്ന് നേരിട്ടു കണ്ടതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചതും ഓർഡിനൻസിൽ ഒപ്പിട്ടതും. ആറു മാസത്തിനുശേഷം സമാനമായ മറ്റൊരു ഓർഡിനൻസ് വിവാദത്തിനാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഏതാനും ദിവസങ്ങൾക്കുമുമ്പ് അദ്ദേഹം മടക്കി. ഓർഡിനൻസുകളിൽ കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്നും അവ പിന്നെയും പുതുക്കണമെങ്കിൽ വകുപ്പുമന്ത്രിമാരുടേതടക്കം വിശദീകരണം വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇക്കുറി, ഗവർണറുമായി അനുനയ സംഭാഷണത്തിനൊന്നും മുതിരാതെ പ്രത്യേക നിയമസഭ സമ്മേളനം ചേർന്ന് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പാസാക്കാനാണ് സർക്കാറിന്റെ നീക്കം. ആഗസ്റ്റ് 22 മുതൽ അതിനായി പത്ത് ദിവസം സഭ ചേരാനും മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു.

സർക്കാർ തീരുമാനത്തോടെ ഭരണപ്രതിസന്ധി ഒഴിഞ്ഞെങ്കിലും ഈ വിവാദം സൃഷ്ടിച്ച രാഷ്ട്രീയമാനങ്ങൾ അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം, 'പ്രതിപക്ഷ സംസ്ഥാന'ങ്ങളിൽ സമാന്തരമായൊരു 'രാജ്ഭവൻ സർക്കാറി'ന് കേന്ദ്രം ശ്രമിക്കാറുണ്ട്. ബി.ജെ.പിയിതര സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ചൊൽപ്പടിക്ക് നിർത്താനുള്ള സമ്മർദകേന്ദ്രങ്ങളാക്കി രാജ്ഭവനുകളെ മാറ്റിത്തീർക്കുക എന്ന അജണ്ട ഹിന്ദുത്വ സർക്കാറിനുണ്ടെന്ന് ഇതിനകംതന്നെ തെളിഞ്ഞതുമാണ്. പലപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനും ഇത് കാരണമായി. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റ ശേഷം കേരളത്തിലുമുണ്ടായി സമാന രാഷ്ട്രീയപ്രതിഭാസങ്ങൾ. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഐകകണ്​ഠ്യേന പാസാക്കിയ പ്രമേയത്തിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചതടക്കമുള്ള എത്രയോ സന്ദർഭങ്ങളിൽ സർക്കാറിന് അദ്ദേഹവുമായി ഇടയേണ്ടിവന്നിട്ടുണ്ട്. പല ഘട്ടത്തിലും രാഷ്ട്രീയ വിലപേശലിനുള്ള വേദിയായും അദ്ദേഹം രാജ്‍ഭവനെ ഉപയോഗപ്പെടുത്തി. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകണമെന്ന അദ്ദേഹത്തിന്റെ ശിപാർശ കേരള യൂനിവേഴ്സിറ്റി തള്ളിയ പശ്ചാത്തലത്തിൽകൂടിയായിരുന്നു ലോകായുക്ത ഓർഡിനൻസിൽ ആദ്യം ഒപ്പുവെക്കാൻ വിസമ്മതിച്ചതെന്ന് വിസ്മരിക്കരുത്. ഗവർണറുടെ ചാൻസലർപദവിതന്നെ എടുത്തുകളഞ്ഞ് സർവകലാശാലാ ഭരണത്തിൽ അദ്ദേഹത്തെ അപ്രസക്തമാക്കാനുള്ള ഇടതുസർക്കാറിന്റെ രാഷ്ട്രീയ നീക്കത്തിന്റെകൂടി പശ്ചാത്തലത്തിലാണ് പുതിയ ഓർഡിനൻസെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ, രാഷ്ട്രീയപരമായി അവഗണിക്കപ്പെടുകയോ അപ്രസക്തനാക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം ഗവർണർ സർക്കാറിനെതിരെ തിരിയുന്നു. കീഴ്വഴക്കങ്ങളും ഭരണഘടനാ ബാധ്യതയും മറന്ന് അദ്ദേഹം അധികാരപ്രയോഗം നടത്തുന്നു. എത്രതവണ പുതുക്കിയതാണെങ്കിലും, ഭേദഗതിയില്ലെങ്കിൽ ഓർഡിനൻസുകളിൽ ഒപ്പുവെക്കുന്നതായിരുന്നു രാഷ്ട്രീയ മര്യാദ.

എന്തുകൊണ്ട് ഇത്രയും ഓർഡിനൻസുകൾ ഗവർണർക്കുമുന്നിൽ വെക്കേണ്ടി വന്നു എന്നകാര്യം സർക്കാറും ചിന്തിക്കേണ്ടതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സഭചേരുന്ന സംസ്ഥാനമാണ് കേരളം. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​​മെന്റ് ബിൽ സഭയിൽ വന്നപ്പോൾ 1600 ഭേദഗതികളാണ് അംഗങ്ങൾ മുന്നോട്ടുവെച്ചത്. ഓരോന്നും വിശദമായി അവതരിപ്പിക്കാൻ അനുവാദം നൽകുകയും ചെയ്തു. ഇത്രമേൽ കണിശ​ത​േയാടെ സഭ ചേരുന്ന കേരളത്തിൽതന്നെയാണ് ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ ചുട്ടെടുക്കുന്നതെന്ന വസ്തുത ആരെയും അമ്പരപ്പിക്കും. സഭാസമ്മേളനത്തിന് കാത്തുനിൽക്കാൻ സമയമില്ലാതെവരുന്നതും അടിയന്തരപ്രാധാന്യമുള്ളതുമായ കാര്യങ്ങൾക്ക് നിയമപ്രാബല്യം ലഭിക്കാനാണല്ലോ സാധാരണഗതിയിൽ ഓർഡിനൻസുകളായി അവതരിപ്പിക്കുക. ഗവർണർ തള്ളിയ 11 ഓർഡിനൻസുകളിൽ ആ സ്വഭാവത്തിലുള്ള എ​ത്രയെണ്ണമുണ്ടായിരുന്നു എന്നചോദ്യം പ്രസക്തമാണ്. സ്വകാര്യ വനം നിക്ഷിപ്തമാക്കലുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഓർഡിനൻസ് ഏഴു തവണയാണ് പുതുക്കിയിരിക്കുന്നത്. ഇതിനിടയിൽ ചേർന്ന സഭാസമ്മേളനങ്ങളിൽ എന്തുകൊണ്ടായിരിക്കും ഈ വിഷയം ബില്ലായി അവതരിപ്പിക്കാതിരുന്നത്? സാ​ങ്കേതിക ന്യായങ്ങൾക്കപ്പുറം, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മിക്കപ്പോഴും ഓർഡിനൻസുകൾ പിറക്കുന്നതെന്ന് കാണാൻ കഴിയും. ലോകായുക്ത നിയമഭേദഗതി സഭയിൽ അവതരിപ്പിക്കാൻ അവസരമുണ്ടായിട്ടും അതിനുമുന്നേ തിടുക്കപ്പെട്ട് ഓർഡിനൻസ് ആക്കി മാറ്റിയതിന്റെ യുക്തി അതുമാത്രമാണ്. ലോകായുക്തയുടെ ചിറകരിയുന്ന തീർത്തും ജനവിരുദ്ധമായ ഭേദഗതിക്കെതിരെ പ്രതിപക്ഷവും പൗരസമൂഹവും രംഗത്തുവന്ന​പ്പോഴാണ് സർക്കാറിന് ഓർഡിനൻസിനെക്കുറിച്ച് ആലോചിക്കേണ്ടിവന്നത്. ഇടതുകക്ഷിയായ സി.പി.ഐയും നിയമഭേദഗതിക്ക് എതിരായിരുന്നു. എന്നിട്ടും അവരുടെ മന്ത്രിമാരടങ്ങുന്ന കാബിനറ്റ് അത് ഓർഡിനൻസ് ആക്കി. ബിൽ സഭയിൽ വരുമ്പോഴും ഇതേ 'നിലപാടാ'യിരിക്കുമോ സി.പി.ഐക്ക് എന്ന് കാത്തിരുന്നുകാണാം. ചുരുക്കത്തിൽ, ഈ 'ഓർഡിനൻസ് വിലാപങ്ങള'ത്രയും ഗിമ്മിക്കുകൾ മാ​ത്രമാണ്; സ്വന്തം നേട്ടങ്ങൾക്കപ്പുറം മറ്റൊരു ലക്ഷ്യവുമില്ലാത്ത രാഷ്ട്രീയപ്രഹസനങ്ങൾ! ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നത് നന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2022 August 13
Next Story