Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹരിദ്വാറിൽ അപായമണികൾ...

ഹരിദ്വാറിൽ അപായമണികൾ മുഴങ്ങുന്നു

text_fields
bookmark_border
ഹരിദ്വാറിൽ അപായമണികൾ മുഴങ്ങുന്നു
cancel

ഓരോ 12 വർഷം കൂടുമ്പോഴും ലക്ഷക്കണക്കിന്​ ഹിന്ദുമത സന്യാസികളും വിശ്വാസികളും കുംഭമേളക്കായി ഒരുമിച്ചുചേരുന്ന​ ഗംഗാതീര നഗരമാണ്​ ഹരിദ്വാർ. മോക്ഷപ്രാപ്തി കൊതിക്കുന്ന തീർഥാടകരും ശാന്തിതേടുന്ന സഞ്ചാരികളും നിത്യേന വന്നണയുന്ന ദേശം. പാലാഴി മഥനത്തിൽ ലഭിച്ച അമൃത്​ ദേവലോകത്തേക്ക്​ കൊണ്ടുപോകവെ കുംഭത്തിൽനിന്ന്​ ഒരു തുള്ളി ഇറ്റുവീണ ഇടമാണിതെന്നാണ്​ വിശ്വാസം.

മരണത്തെ തടയുന്ന അമൃത സാന്നിധ്യമുണ്ടെന്ന്​ കരുതപ്പെടുന്ന, ഭക്തിസാന്ദ്രമായ മന്ത്രധ്വനികളും മഹാദേവ കീർത്തനങ്ങളും നിത്യവും മുഴങ്ങുന്ന ഈ മണ്ണിൽ ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഉയർന്നത്​ വർഗീയ ​രക്തദാഹം മുറ്റിയ വിദ്വേഷക്കൊലവിളികളാണ്​.

ഡിസംബർ 17,18,19 തീയതികളിൽ അവിടെ ധർമ സംസദ്​ (മത പാർലമെന്‍റ്​) എന്ന പേരിൽ നടന്ന പരിപാടി രാജ്യത്തെ എണ്ണംപറഞ്ഞ ഒരുപറ്റം അധർമകാരികളുടെ സംഗമമായി മാറി. ഉച്ചരിക്കുന്ന ഓരോ വാക്കിലും വർഗീയ ഭീകരത നുരക്കുന്ന, കലാപാഹ്വാനങ്ങളും അതിക്രമങ്ങളും വഴി കുപ്രസിദ്ധനായ ഗോരഖ്​പുരിലെ യതി നരസിംഹാനന്ദാണ്​ മുഖ്യസംഘാടകരിലൊരാൾ എന്നറിഞ്ഞപ്പോൾ തന്നെ സമ്മേളന അജണ്ടയും ആലോചനകളും ഏതുവഴിക്കാവുമെന്ന്​ ഊഹിക്കപ്പെട്ടതാണ്​. സംഗമത്തിലെ ഇപ്പോൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വിദ്വേഷ ഭാഷണങ്ങൾ ​ ഊഹിക്കാനാവാത്തത്ര അപകടകരമായ മതധ്രുവീകരണത്തിലേക്കാണ്​​ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്​​ എന്നു വെളിപ്പെടുത്തുന്നു​.

മുസ്​ലിംകളെ രാജ്യത്തുനിന്ന്​ തുടച്ചു നീക്കുന്നതിന്​ ആയുധമെടുത്തിറങ്ങണം എന്നതായിരുന്നു ഏറ്റവും നേർപ്പിച്ചു പറഞ്ഞാൽ സമ്മേളനത്തിന്‍റെ സന്ദേശം. മ്യാൻമറിലേതു പോലെ ഒരു 'ശുചീകരണയജ്ഞം' വേണമെന്നും മുസ്​ലിം കച്ചവടക്കാരെ ഹിന്ദുക്കളുടെ നഗരങ്ങളിൽനിന്ന്​ പുറത്താക്കണമെന്നും ഗ്രാമങ്ങളിൽനിന്ന്​ ആട്ടിപ്പായിക്കണമെന്നും കള്ളകേസുകളിൽ കുടുക്കണമെന്നും തുടങ്ങി അവരെ കൊലപ്പെടുത്തി ജയിലുകൾ നിറക്കാൻ തയാറാവണമെന്നു വരെ സമ്മേളനത്തിന്‍റെ വിവിധ സെഷനുകളിൽ വിദ്വേഷ പ്രസംഗകർ പറഞ്ഞുവെച്ചു.

രാഷ്ട്രപിതാവിന്‍റെ രക്​തസാക്ഷി ദിനത്തിൽ ഗാന്ധി ചിത്രത്തിനുനേരെ നിറയൊഴിച്ച്​ അരിശം തീർക്കുകയും ഘാതകനായ നാഥുറാം ഗോദ്​സെയെ പ്രകീർത്തിക്കുകയും ചെയ്ത പൂജ ശകുൻ പാണ്ഡേ ആയിരുന്നു ഒരു പ്രസംഗക. മുസ്​ലിംകൾക്കെതിരെ മാത്രമല്ല, ഇന്ത്യൻ ഭരണഘടനക്കെതിരെയും കലാപം ചെയ്യാൻ അവർ നിർദേശിച്ചു. മുസ്​ലിംകളോട്​ അനുഭാവം പുലർത്തിയെന്നാരോപിച്ച്​ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെതിരെയുമുയർന്നു കൊലവിളി. ബി.ജെ.പി നേതാക്കളായ​ അശ്വിനി കുമാർ ഉപാധ്യായ, ഉദിത ത്യാഗി, ഈയിടെ നരസിംഹാനന്ദിന്‍റെ കാർമികത്വത്തിൽ മതംമാറ്റം പ്രഖ്യാപിച്ച്​ ജിതേന്ദ്ര നാരായൺ സിങ്​ ത്യാഗി എന്ന പേരു​ സ്വീകരിച്ച മുൻ ശിയ വഖഫ്​ ബോർഡ്​ അധ്യക്ഷൻ തുടങ്ങി നിരവധി പേർ പ്രസംഗകരായെത്തി.

ഹരിദ്വാർ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി പുഷ്കർ സിങ്​ ധാമി പരസ്യമായി പാദവന്ദനം ചെയ്ത ​പ്രബോധാനന്ദ ഗിരി സമ്മേളന ശേഷം മാധ്യമങ്ങൾക്ക്​ മുന്നിലും തന്‍റെ അക്രമ നിലപാടുകൾ ആവർത്തിക്കുകയും പൊലീസിനെ ഭയമില്ലെന്ന്​ പ്രഖ്യാപിക്കുകയും ചെയ്തു. പുഷ്കർ സിങ്​ ധാമിക്ക്​ പുറമെ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി ആദിത്യനാഥിന്‍റെയും ഉത്തമ സുഹൃത്താണ്​ ഗിരിയെന്നറിയുമ്പോൾ ഈ നിർഭയത്വത്തിന്‍റെ സ്രോതസ്സ്​ വ്യക്​തം. ജനവിരുദ്ധതക്കും കർഷക ദ്രോഹത്തിനും ബാലറ്റിലൂടെ കണക്കുചോദിക്കാൻ ഉത്തർപ്രദേശ്​ ജനത ഒരുങ്ങവെ മുസ്​ലിം വിരുദ്ധത ആളിക്കത്തിച്ച്​ വർഗീയ വിഷപ്പുക പരത്തി കാര്യങ്ങൾ അനുകൂലമാക്കിയെടുക്കുകയാണ് ഈ സമ്മേളനം നടത്തിയവരുടെയും നടത്തിച്ചവരുടെയും ഉള്ളിലിരിപ്പ്​.

പരമത വിദ്വേഷത്തിലൂന്നി ശക്തി സംഭരിച്ച്​ അധികാരം പിടിക്കുന്ന ശക്​തികളുടെ ഈ പ്രവൃത്തി ഞെട്ടിക്കുന്നതാണെങ്കിലും ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല. എന്നാൽ, നമ്മെ നടുക്കിക്കളയുന്നത്​ രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന ഇത്തരമൊരു അരുതായ്മ നടന്ന്​ ആഴ്ചയൊന്നായിട്ടും ഉത്തരവാദികൾക്കെതിരെ അവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇവിടത്തെ നിയമപാലന സംവിധാനങ്ങൾ താൽപര്യമെടുത്തില്ലെന്നറിയുമ്പോഴാണ്​. പരാതിയൊന്നും ലഭിക്കാത്തതുകൊണ്ടാണ്​ കേസെടുക്കാത്തത്​ എന്നായിരുന്നു ഹരിദ്വാർ എസ്​.പി സ്വതന്ത്രകുമാർ ഇതേക്കുറിച്ച്​ പ്രതികരിച്ചത്​. അരങ്ങേറാത്ത ഹാസ്യ പരിപാടിയിൽ പറഞ്ഞേക്കാമെന്ന്​ സംശയിച്ച തമാശയുടെ പേരിൽ മതവിദ്വേഷക്കുറ്റം ചുമത്തി മുനവ്വർ ഫാറൂഖി എന്ന സ്റ്റാൻഡ്​ അപ്​ കൊമേഡിയനെ ഒരു മാസത്തിലേറെ ജയിലിൽ പൂട്ടിയിട്ട രാജ്യത്തു തന്നെയാണ്​ ഇത്തരമൊരു പൊലീസ്​ നിലപാടെന്നതാണ്​ ക്രൂരമായ തമാശ.

മുസ്​ലിം വംശഹത്യക്കായുള്ള പരസ്യ ആഹ്വാനം മുമ്പും രാജ്യത്ത്​ ഉയർന്നിട്ടുണ്ട്​. അതിന്‍റെ ചുവടുപറ്റി​ ആസൂത്രിത വർഗീയ അതിക്രമങ്ങളും പലവട്ടമുണ്ടായിട്ടുണ്ട്​. കേന്ദ്ര ഭരണകൂടത്തിന്‍റെ അരുമകളായ വർഗീയ സംഘടന പ്രവർത്തകർ പാർലമെന്‍റ്​ മന്ദിരത്തിന്​ വിളിപ്പാടകലെയുള്ള ജന്തർമന്തറിൽ തടിച്ചുകൂടി കൊലവിളി മുഴക്കിയിട്ട്​ അധികമായിട്ടില്ല. മുൻകാലങ്ങളിൽ ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയുമെല്ലാം പിന്തുണ വംശഹത്യാവാദികൾ ആസ്വദിച്ചപ്പോഴും ഈ നിഷ്ഠുരതക്കെതിരെ പൗരസമൂഹവും രാഷ്ട്രീയ- സാമൂഹിക പ്രസ്ഥാനങ്ങളും നിലപാടെടുക്കുകയും ശബ്​ദമുയർത്തുകയും ചെയ്തിരുന്നു. ഇക്കുറിയും ഇല്ലെന്നല്ല, നാവിക സേന മുൻ മേധാവി അഡ്​മിറൽ അരുൺ പ്രകാശ്​, കാർഗിൽ യുദ്ധ നായകനും മുൻ കരസേന മേധാവിയുമായ വേദ്​ പ്രകാശ്​ മാലിക്​ എന്നിവരുൾപ്പെടെ ഒരു ചെറുകൂട്ടം ഇതിനെ തള്ളിപ്പറയാനുള്ള ചങ്കുറപ്പ്​ കാണിച്ചു. എങ്കിലുമതെ, ഉച്ചത്തിലുയരുന്ന കൊലവിളിക്കിടയിൽ നേർത്തുപോകുന്നൊരു ഞരക്കം കണക്കെ ദുർബലമാണ്​ പ്രതിഷേധ- പ്രതിപക്ഷ ശബ്​ദങ്ങൾ; ഹരിദ്വാർ നൽകുന്ന അപകട സൂചനയും അതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2021 december 25
Next Story