Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൊലീസിനെക്കൊണ്ടുള്ള...

പൊലീസിനെക്കൊണ്ടുള്ള പ്രയോജനങ്ങൾ

text_fields
bookmark_border
പൊലീസിനെക്കൊണ്ടുള്ള പ്രയോജനങ്ങൾ
cancel


ആലുവ ഈസ്​റ്റ്​ പൊലീസ് സ്​റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആർ. വിനോദ്, േഗ്രഡ് എസ്.ഐ ആർ. രാജേഷ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ്​​ ചെയ്തത് എതാനും ദിവസങ്ങൾക്ക് മുമ്പാണ്. മൊഫിയ എന്ന യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസ് സ്​റ്റേഷൻ മാർച്ച് നടത്തിയവരെ അറസ്​്​റ്റ്​ ചെയ്തപ്പോൾ എഫ്.ഐ.ആറിൽ ടി. കക്ഷികൾ തീവ്രവാദികളാണ് എന്നെഴുതിവെച്ചുവെന്നതാണ്​ അവർക്കെതിരായ കുറ്റം. എന്തുകൊണ്ടായിരിക്കും പൊലീസ് അങ്ങനെ എഴുതിവെച്ചത്? കേസിലെ പ്രതികളെല്ലാം മുസ്​ലിംകളാണ് എന്നതുതന്നെ ഉത്തരം. അങ്ങനെ എഴുതിവെച്ചതിൽ പൊലീസുകാരെമാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന് തോന്നുന്നു. മുസ്​ലിം തീവ്രവാദം എന്നത് അവരവരുടെ കാര്യങ്ങൾ ശരിയാക്കിയെടുക്കാൻ ഭരണകൂടത്തിനും മാധ്യമങ്ങൾക്കുമെല്ലാം നല്ലൊരു ഉപാധിയാണ് നമ്മുടെ നാട്ടിൽ. കെ.റെയിൽ പാത കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങൾ ആശങ്കാകുലരായി സമരത്തിനിറങ്ങുമ്പോൾ സാക്ഷാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നത് അത് മുസ്​ലിം തീവ്രവാദികളുടെ സമരമാണെന്നാണ്. ഗെയിൽ പൈപ്പ്​ലൈൻ, ദേശീയ പാത എന്നിങ്ങനെ വിവിധ വികസന പദ്ധതികളുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യർ പുനരധിവാസത്തിനും നഷ്​ടപരിഹാരത്തിനുമായി സമരം ചെയ്തപ്പോഴും സി.പി.എമ്മും സർക്കാറും സ്വീകരിച്ച സമീപനം സമരക്കാരെ ഇസ്​ലാമിക തീവ്രവാദികളാക്കുക എന്നതായിരുന്നു. അങ്ങനെയൊരു നാട്ടിൽ, തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സമരത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസുകാരായ മുസ്​ലിം ചെറുപ്പക്കാരെ ആലുവ പൊലീസ് തീവ്രവാദികളാക്കിയിട്ടുണ്ടെങ്കിൽ വലിയ അത്ഭുതമൊന്നുമില്ല. പക്ഷേ, ഇവിടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ടതുകൊണ്ടാകണം ഉത്തരവാദപ്പെട്ടവരെ സസ്പെൻഡ്​ ചെയ്യാൻ തയാറായിട്ടുണ്ട്.

പൊലീസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ വന്ന വേറെയും ചില വാർത്തകൾകൂടി പരിശോധിക്കുക. മോഷണക്കേസിൽ പിടിക്കപ്പെട്ടയാളുടെ സഹോദരിയുടെ എ.ടി.എം കാർഡ് കൈക്കലാക്കി പണം അപഹരിച്ച തളിപ്പറമ്പ് സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ. ശ്രീകാന്തിനെ സർവിസിൽനിന്ന് പിരിച്ചുവിട്ട വാർത്ത വന്നത് രണ്ടു ദിവസം മുമ്പാണ്. മോഷണ കുറ്റാരോപിത​െൻറ സഹോദരിയുടെ പണം മോഷ്​ടിക്കുക എന്ന അപൂർവ നേട്ടത്തിന് ഉടമയാണ് ആ പൊലീസുകാരൻ. മലപ്പുറം ജില്ലയിലെ കാടാമ്പുഴ സ്​റ്റേഷനിലെ േഗ്രഡ് എസ്.ഐമാരായ സന്തോഷ്, പോളി എന്നിവരെ സർവിസിൽനിന്ന് സസ്പെൻഡ്​ ചെയ്തത് ഡിസംബർ 14നാണ്. അപകടത്തിൽ മരണപ്പെട്ടയാളുടെ ബൈക്ക് സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചതിനാണ് രണ്ടു പേരെയും സസ്പൻഡ്​ ചെയ്തത്. കോഴിക്കോട് സിറ്റി പൊലീസിലെ േഗ്രഡ് എസ്.ഐ വിനോദ് കുമാർ അറസ്​റ്റിലായതും രണ്ട് ദിവസം മുമ്പ് തന്നെ. പണം വെച്ച് ചീട്ടുകളിച്ചതാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ മോഷ്​ടിച്ചുവെന്ന് ആരോപിച്ച് പിടികൂടി പൊതുജന മധ്യത്തിൽ അപമാനിച്ചത് ആറ്റിങ്ങലിലെ പിങ്ക് പൊലീസുകാരിയാണ്. പ്രസ്തുത വിഷയത്തിൽ അപമാനിതയായ പെൺകുട്ടി ഹൈകോടതിയെ സമീപിച്ചിരുന്നു. നമ്പി നാരായണൻ കേസ് മാതൃകയിൽ പൊലീസുകാരി പെൺകുട്ടിക്ക് നഷ്​ടപരിഹാരം നൽകണമെന്നാണ് ഹൈകോടതി ഇന്നലെ നിർദേശിച്ചിരിക്കുന്നത്. വാഹനം ഓടിക്കാൻ പോലുമറിയാത്ത ദീപു എന്ന് പേരായ ആദിവാസി യുവാവിനെ വയനാട് ബത്തേരി പൊലീസ് പിടിച്ചു കൊണ്ടുപോയി മർദിച്ചവശനാക്കിയത് നവംബർ ആദ്യവാരമാണ്. വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമീഷൻ ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരെയും റിപ്പോർട്ട് നൽകിയിട്ടില്ല. ആരോപണ വിധേയരായ പൊലീസുകാർ ഇപ്പോഴും സ്വസ്ഥം വാഴുന്നുവെന്ന് മാത്രമല്ല, കേസു പൊല്ലാപ്പുമായി പോയാൽ വിവരമറിയുമെന്ന് ദീപുവിെൻറ വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.

പൊലീസിനെതിരായ പരാതികളും ആക്ഷേപങ്ങളും കഴിഞ്ഞ പിണറായി വിജയൻ സർക്കാറിെൻറ കാലം മുതൽക്കേ ഉണ്ട്. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരിൽ ചിലർപോലും അക്കാര്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. സ്ത്രീവിരുദ്ധത, മുസ്​ലിം വിരുദ്ധത, ജാതീയത, ക്രിമിനലിസം ഇതെല്ലാം സമഞ്​ജസമായി സമ്മേളിച്ച ഒരു സംവിധാനമായി കേരള പൊലീസ് മാറിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യവാദികൾ ഇത് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നുവെന്നതല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും കാണുന്നില്ല. ജനങ്ങൾ വീണ്ടും ഞങ്ങളെ തെരഞ്ഞെടുത്തില്ലേ എന്ന ചോദ്യമാണ് എല്ലാ വിമർശനങ്ങൾക്കുമുള്ള ഉത്തരമായി ഉയർത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceMadhyamam Editorial
News Summary - madhyamam editorial 2021 december 16
Next Story