ഫാഷിസത്തിെൻറ ടൂൾ കിറ്റുകൾ
text_fieldsആഗോളതാപനത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും കെടുതികളെക്കുറിച്ച് ലോകത്തോട് നിരന്തരമായി സംസാരിച്ചും സംവദിച്ചും വർത്തമാന പരിസ്ഥിതിരാഷ്ട്രീയത്തിന് പുതിയ ദിശ പകർന്നുനൽകിയവരുടെ കൂട്ടത്തിൽ ഒന്നാമതാണ് ഗ്രെറ്റ തുൻബർഗ് എന്ന 18കാരിയുടെ സ്ഥാനം.
നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന, അനുഗൃഹീതമായ പ്രകൃതിയെയും കാലാവസ്ഥയെയുമൊക്കെ തിരിച്ചുപിടിക്കാൻ ഇൗ സ്വീഡിഷ് പെൺകുട്ടി നടത്തിയ ഒറ്റയാൾ സമരങ്ങൾ സമാനതകളില്ലാത്തതാണ്. 2018 സെപ്റ്റംബറിൽ, 'കാലാവസ്ഥക്കുവേണ്ടിയുള്ള സ്കൂൾ പണിമുടക്ക്' എന്ന പേരിൽ അവർ തുടങ്ങിവെച്ച സമരം ഇക്കാലമത്രയും ലോകം സാക്ഷ്യംവഹിച്ച പരിസ്ഥിതിപ്രക്ഷോഭങ്ങളിൽ വേറിട്ടതുതന്നെയായിരുന്നു.
ക്ലാസ്മുറികൾ വിട്ട്, ഗ്രെറ്റക്കൊപ്പം വിദ്യാർഥികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്കും ആ സമരാഗ്നി പടർന്നു. അതോടെ ഗ്രെറ്റയുടെ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രചരിച്ചു. ബ്രസൽസിലെ യൂറോപ്യൻ യൂനിയൻ പാർലമെൻറിനു പുറത്ത് പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും ദാവോസിലെ ലോക സാമ്പത്തികഫോറത്തിൽ പ്രഭാഷണം നടത്താനും അവർക്ക് അവസരമുണ്ടായി.
സമാധാന നൊബേലിനുവരെ നാമനിർദേശം ചെയ്യപ്പെട്ടു. ബ്രിട്ടീഷ് പാർലമെൻറിലെ അവരുടെ സംസാരമാണ് ആ രാജ്യത്ത് 'കാലാവസ്ഥ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കാൻ ഇടയായത്. പരിസ്ഥിതിയുടെ കാവൽഭടന്മാരായ കർഷകരെ മാറ്റിനിർത്തിയുള്ള ഹരിത രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നിരിക്കെ, ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തോട് ഗ്രെറ്റയെപ്പോലൊരാൾ െഎക്യദാർഢ്യം പ്രകടിപ്പിക്കുക സ്വാഭാവികം മാത്രം. എന്നാൽ, ആ പിന്തുണയെ രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയായി ചിത്രീകരിച്ച് ഗ്രെറ്റയുടെ ശബ്ദം ഏറ്റെടുത്തവരെ തുറുങ്കിലടക്കാൻ ഇറങ്ങിയിരിക്കുകയാണിപ്പോൾ ഭരണകൂടം.
ഭരണകൂടത്തിെൻറ സകലഭീഷണികളെയും സമ്മർദങ്ങളെയും നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം നേരിട്ടാണ് കർഷകസമരം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സ്വന്തക്കാരെ സമരമുഖത്ത് നുഴഞ്ഞുകയറ്റി സമരം പൊളിക്കാനുള്ള അധികാരികളുടെ ശ്രമവും പാളി. സംഘർഷഭരിതമായ രാജ്യാതിർത്തിയിൽപോലും കാണാത്ത തരത്തിലാണ് സമരത്തെ നേരിടാൻ രാഷ്ട്രതലസ്ഥാനത്തിെൻറ അതിരുകളിൽ നീളൻ മുള്ളുവേലികളും ബാരിക്കേഡുകളും സ്ഥാപിച്ചത്.
എന്നിട്ടും, സമരം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇൗ ഘട്ടത്തിലാണ് ഗ്രെറ്റയുടെ െഎക്യദാർഢ്യ സന്ദേശം ട്വിറ്ററിൽ വരുന്നത്. സമരത്തോട് എങ്ങനെയൊക്കെ െഎക്യപ്പെടാമെന്നതുസംബന്ധിച്ച വിശദമായ മാർഗരേഖ(ടൂൾ കിറ്റ്)യോടെയാണ് ആ കുറിപ്പ് പുറത്തുവന്നത്.
ഇത് ആഗോളതലത്തിൽ പതിവുള്ളതാണ്; അസ്വാഭാവികമായി ഒന്നുംതന്നെയില്ല. എന്നാൽ, ആ പോസ്റ്റിനെ രാജ്യത്തിനെതിരായ ഗൂഢാലോചനയായി അവതരിപ്പിക്കുകയായിരുന്നു കേന്ദ്രമന്ത്രിമാരടക്കമുള്ളവർ. കർഷകസമരത്തിന് പുറത്തുനിന്ന് പിന്തുണകിട്ടുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ വലിയ പടയൊരുക്കംതന്നെ നടക്കുന്നുവെന്നുമുള്ള ഭരണകൂടത്തിെൻറ നേരത്തേയുള്ള വാദത്തിന് തെളിവായിട്ടാണ് ഗ്രെറ്റയുടെ ടൂൾ കിറ്റിനെ അവർ അവതരിപ്പിച്ചത്. ആ ടൂൾ കിറ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ടൂൾ കിറ്റ് കേസിലിപ്പോൾ ദിശ രവി അടക്കമുള്ള മൂന്ന് ആക്ടിവിസ്റ്റുകൾ അറസ്റ്റിലായിരിക്കുന്നു. ഗ്രെറ്റ മുന്നോട്ടുവെക്കുന്ന ഹരിത രാഷ്ട്രീയത്തിെൻറ ഇന്ത്യയിലെ കരുത്തുറ്റ വക്താവാണ് ദിശ രവി എന്ന 21കാരി. ഗ്രെറ്റയെപ്പോലെത്തന്നെ, അവരുടെ പരിസ്ഥിതി ഇടപെടലുകൾ ഇതിനകം ജനശ്രദ്ധ നേടിയതാണ്. കർഷക കുടുംബത്തിൽനിന്നുള്ള ദിശ രവിയും കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് ഇൗ ടൂൾ കിറ്റ് ഉപയോഗിച്ചത്.
പക്ഷേ, അതിെൻറപേരിൽ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി അവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരിക്കുന്നു. ഒരാളെ അറസ്റ്റ് ചെയ്യുേമ്പാൾ കാണിക്കേണ്ട ജുഡീഷ്യൽമര്യാദകളും ദിശയുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. പോരാത്തതിന് അവർ ഖലിസ്താൻ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന ആരോപണവും അധികാരികൾ ഉന്നയിച്ചിരിക്കുന്നു.
ജനാധിപത്യത്തിെൻറ ഉറച്ച ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഫാഷിസത്തിെൻറ 'ടൂൾ കിറ്റാ'ണ് ദിശ രവിക്കും കൂട്ടർക്കുമെതിരെ ഭരണകൂടം പ്രയോഗിച്ചിരിക്കുന്നത്. വിയോജിപ്പുകളെ തിരസ്കരിക്കാൻ അവയെ പൈശാചികവത്കരിക്കുകയാണ് ഫാഷിസത്തിെൻറ അടിസ്ഥാനതന്ത്രം. മോദി സർക്കാർ അധികാരമേറ്റതിെൻറ ഒന്നാം നാൾമുതലുണ്ട് ഇൗ പ്രവണത; തുടക്കത്തിൽ അതിന് അൽപം ഒളിയും മറയുമൊക്കെയുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴതിന് പ്രത്യക്ഷ ഹിംസയുടെ മൂർത്തഭാവമാണ്.
കഴിഞ്ഞവർഷം ഇതേകാലത്ത്, സി.എ.എ പ്രക്ഷോഭകർക്കുനേരെയും ഇതേ ടൂൾ കിറ്റ് പ്രയോഗിച്ചതായി കാണാം. കർഷക പ്രക്ഷോഭകർ 'ഖലിസ്താൻ തീവ്രവാദികളാ'ണെങ്കിൽ, ശാഹീൻബാഗ് േപാരാളികൾ 'പാകിസ്താനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ' ആയിരുന്നുവെന്ന വ്യത്യാസമേയുള്ളൂ. വിമർശനമുന്നയിച്ച മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയതും ഇതേ മാതൃകയിൽതന്നെയായിരുന്നു. ഹാഥറസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദീഖ് കാപ്പൻ അടക്കമുള്ള മാധ്യമ പ്രവർത്തകർ അറസ്റ്റിലാകുന്നതും ഇതേ 'ടൂൾ കിറ്റി'െൻറ ബലത്തിലാണ്.
സിദ്ദീഖ് കാപ്പനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം, കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ശരീഫ് എന്ന യുവാവിനെ യോഗി പൊലീസ് പിടിച്ചുകൊണ്ടുപോയതിനു പിന്നിലെ തന്ത്രവും മറ്റൊന്നല്ല. വിയോജിപ്പുകളുടെയും വിമത സ്വരങ്ങളുടെയും നേരിയ ശബ്ദത്തെപ്പോലും നിഷ്കാസനം ചെയ്യുന്ന ഇൗ അപകട രാഷ്ട്രീയം തുറന്നുകാണിച്ചേ മതിയാകൂ. ദിശയുടെയും മറ്റും മോചനം ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങൾ ആ ദിശയിൽകൂടി സഞ്ചരിക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

