കേസ് തന്നെ ശിക്ഷയാകുമ്പോൾ സർക്കാർ കോടതിയാകും
text_fieldsനിരപരാധിയായ പ്രവാസിയെ കള്ളക്കേസിൽ കുടുക്കി 54 ദിവസം ജയിലിലിട്ടതിന് നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കേരള ഹൈകോടതി ഉത്തരവിട്ടത്, അവകാശലംഘനത്തിനിരയാകുന്ന പൗരന്മാർക്ക് ജുഡീഷ്യറിയിൽനിന്ന് അർഹമായ സംരക്ഷണം ലഭിക്കാമെന്നതിന്റെ ഉദാഹരണമാണ്.
തലശ്ശേരി സ്വദേശി വി.കെ. താജുദ്ദീനെയാണ് മാല തട്ടിപ്പറിച്ച കേസിൽ പ്രതിചേർത്ത് കുടുക്കിയത്. ഖത്തറിൽ ജോലിചെയ്തിരുന്ന അദ്ദേഹം മകളുടെ വിവാഹത്തിന് 15 ദിവസത്തെ അവധിക്കെത്തിയതായിരുന്നു. മണ്ണിൽപുതഞ്ഞ ഒരു പൊലീസ് ജീപ്പ് തള്ളിക്കൊടുക്കാൻ ഒപ്പമുണ്ടായിരുന്നവർ കാറിൽനിന്നിറങ്ങിയിട്ടും നടുവേദന കാരണം താജുദ്ദീൻ ഇറങ്ങിയില്ല. പൊലീസ് അരിശം തീർത്തത്, മാലപറിച്ചോടുന്ന ഒരു സി.സി.ടി.വി ദൃശ്യത്തിലുള്ള കള്ളൻ താജുദ്ദീനാണ് എന്നാരോപിച്ചായിരുന്നു. സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനാൽ ഹൈകോടതിയെ സമീപിക്കേണ്ടിവന്നു. കോടതി അനുമതിയോടെയല്ലാതെ രാജ്യംവിടരുതെന്നായിരുന്നു ജാമ്യവ്യവസ്ഥ.
ഖത്തറിലെ ജോലിക്കെത്താതിരുന്നതിനാൽ അത് നഷ്ടപ്പെട്ടു. ഭാര്യയുടെ പരാതിയിൽ പൊലീസിലെ മേലുദ്യോഗസ്ഥൻ അന്വേഷിച്ചപ്പോൾ, കേസിൽ താജുദ്ദീൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. അദ്ദേഹത്തിൽ ആരോപിച്ച മാലമോഷണക്കുറ്റം യഥാർഥത്തിൽ ചെയ്തത് ശരത് വൽസരാജ് എന്നയാളാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനകം താജുദ്ദീനും കുടുംബവും അനുഭവിച്ച വേദനക്ക് പരിഹാരമല്ലെങ്കിലും ഹൈകോടതി കൽപിച്ച നഷ്ടപരിഹാരം ഒരു പാഠമെന്ന നിലക്ക് സ്വാഗതാർഹമാണ്. ഇതിനുവേണ്ടി താജുദ്ദീൻ നിയമപോരാട്ടം നടത്തിയതുകൊണ്ടു കൂടിയാണ് കോടതിക്ക് ഇടപെടാൻ സാധിച്ചത്. ജുഡീഷ്യറിയിൽനിന്ന് പൗരന് കിട്ടേണ്ട സംരക്ഷണത്തിന്റെ ഉദാഹരണമെന്ന് പറയുമ്പോഴും, ഇത് അപൂർവങ്ങളിൽ അപൂർവമായ നീതിയായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന ദുഃഖസത്യം ചൂണ്ടിക്കാട്ടാതെ വയ്യ.
കഴിഞ്ഞയാഴ്ച സുപ്രീംകോടതിയിൽനിന്നുണ്ടായ ഒരു വിധി, നിയമവൃത്തങ്ങളിൽ ഏറെ വിമർശനം വിളിച്ചുവരുത്തിയത് സ്വാഭാവികം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായ പ്രക്ഷോഭം നടക്കുന്നതിനിടെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിന്റെ കുറ്റം ചുമത്തപ്പെട്ട രണ്ട് വിദ്യാർഥി നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതാണ് ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശ സുരക്ഷയെപ്പറ്റി പുതിയ ആശങ്കയുയർത്തിയിരിക്കുന്നത്. അഞ്ചരവർഷത്തിലേറെ തടങ്കലിലുള്ള വിചാരണത്തടവുകാരിൽ അഞ്ചുപേർക്ക് ജാമ്യം നൽകുന്നു; രണ്ടുപേർക്ക് ജാമ്യം നിഷേധിക്കുന്നു. വിചാരണ വൈകുന്നത് തടവിലുള്ളവരുടെ പിഴവല്ല, കോടതി അടക്കമുള്ള ഭരണകൂട ഘടകങ്ങളുടെ പിഴവാണ്. എന്നിട്ടും ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ച് നൽകേണ്ട ജാമ്യം നൽകുന്നില്ല.
ജീവനുവേണ്ടിയുള്ള അവകാശം ഉയർത്തിപ്പിടിക്കുന്ന 21ാം വകുപ്പിന്, വേഗത്തിലുള്ള വിചാരണ എന്നുകൂടി അർഥമുണ്ട്. യു.എ.പി.എ കേസുകളിലെ വിചാരണക്കും ഈ വകുപ്പിന്റെ ആനുകൂല്യം ബാധകമാണെന്ന് നജീബ് കേസിൽ സുപ്രീംകോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. പക്ഷേ, തടവ് അഞ്ചരവർഷം കഴിഞ്ഞിട്ടും കോടതി ഇപ്പോൾ പറയുന്നു, ഇപ്പോഴും വിചാരണത്തടവുകാലം ‘അനനുവദനീയതയുടെ അതിര് വിട്ടിട്ടില്ലെ’ന്ന്. പ്രോസിക്യൂഷന്റെ വാദങ്ങളല്ലാതെ ഒരു തെളിവും കോടതിയുടെ ജാമ്യനിഷേധത്തിന് ആധാരമായിട്ടില്ല എന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
പ്രോസിക്യൂഷന്റെ ചില കള്ളത്തെളിവുകൾ ഇതിനകം കീഴ്കോടതികളിൽ തുറന്നുകാട്ടപ്പെട്ടിട്ടുണ്ടു താനും. മൊത്തത്തിൽ, യുഎ.പി.എ ചുമത്തുന്നതോടെ, പ്രോസിക്യൂഷനും ഭരണകൂടത്തിനും കോടതി തീർപ്പുകളെപ്പോലും നിർണായകമായി സ്വാധീനിക്കാവുന്ന അമിതാധികാരം വന്നുചേരുന്നു. ഇതിനർഥം, കേസ് തന്നെ ഫലത്തിൽ ശിക്ഷയായിത്തീരുന്നെന്ന് മാത്രമല്ല, ആ ശിക്ഷ തീരുമാനിക്കുന്നത് കോടതിയല്ല ഭരണകൂടമാണ് എന്ന് കൂടിയാണ്.
വിചാരണ കഴിഞ്ഞ്, വർഷങ്ങൾക്കുശേഷം, വിചാരണത്തടവുകാർ നിരപരാധികളാണെന്ന് കണ്ടെത്തിയിട്ടെന്ത് കാര്യം? കേരള ഹൈകോടതി വിധിച്ച നഷ്ടപരിഹാരം ഒരു പാഠമായേക്കുമെന്നല്ലാതെ, ആയുസ്സ് ജയിലിൽ ചെലവിടേണ്ടി വന്നവർക്ക് എന്ത് നഷ്ടമാണ് പരിഹരിക്കപ്പെട്ട് കിട്ടുക? സർക്കാറിന്റെ നയനിലപാടുകളോട് വിയോജിച്ചു, പ്രതിഷേധിച്ചു എന്ന ഒറ്റക്കാരണത്താൽ തടവിൽ കിടക്കുന്ന അസംഖ്യം പേർക്ക് ഭരണഘടനയുടെ സംരക്ഷണം കിട്ടേണ്ടതല്ലേ? ഒരു പതിറ്റാണ്ടോളം തടവിൽ ജലപാനത്തിനുവരെ പ്രയാസപ്പെട്ടുകഴിഞ്ഞ പ്രഫ. ജി.എൻ. സായിബാബ കുറ്റമുക്തനാക്കപ്പെട്ടത് മരണത്തിന് ഏഴുമാസം മുമ്പായിരുന്നു.
ഹുബ്ലി കേസിൽ യഹ്യ കമ്മുക്കുട്ടി ഏഴുവർഷം ജയിലിൽ കിടക്കേണ്ടിവന്നു, കേസിൽ തെളിവില്ലെന്നുകണ്ട് കോടതി വിട്ടയക്കുന്നതിനുമുമ്പ്. നന്ദേഡ് ഗൂഢാലോചന കേസിൽ മുഹമ്മദ് ഇർഫാൻ ഒമ്പതുവർഷം ജയിലിൽ കിടന്നു; വിധിയിൽ കോടതി പറഞ്ഞു, ഇർഫാൻ കുറ്റവാളിയല്ല, ഇത് കള്ളക്കേസാണെന്ന്. പൗരത്വ പ്രക്ഷോഭക്കേസിൽ അസമിലെ അഖിൽ ഗോഗോയ് എം.എൽ.എ, യു.എ.പി.എ ചാർത്തപ്പെട്ട് 19 മാസം ജയിലിൽ കിടന്നു. എൻ.ഐ.എ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കി. കള്ളക്കേസുകളിൽ നഷ്ടപരിഹാരം മാത്രമല്ല, കുറ്റവാളികളായ പൊലീസുകാർക്കും മറ്റും ശിക്ഷ കൂടി നൽകുമ്പോഴേ നീതി പൂർണമാകൂ. കേരള ഹൈകോടതിയുടെ മാതൃകയെ സ്വാഗതം ചെയ്യുമ്പോഴും ജാമ്യം നൽകുന്നതിൽപോലും പ്രോസിക്യൂഷന്റെ വാദങ്ങളോട് ചേർന്നുനിൽക്കുന്ന പരമോന്നത കോടതി ആത്മപരിശോധനക്ക് തയാറാകണമെന്നുകൂടി പറയേണ്ടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

