തമിഴ്നാട്ടിലും വിഭജനപ്പുക
text_fieldsരാജ്യത്തെ ശിഥിലീകരണപ്രവർത്തനങ്ങളിൽനിന്നും അരാജകത്വവാഴ്ചയിൽനിന്നും രക്ഷിച്ച് െഎക്യത്തിലും അഖണ്ഡതയിലും നിലനിർത്തുകയാണ് ഭരണകൂടത്തിെൻറ പ്രാഥമികബാധ്യത. വ്യാജപ്രചാരവേലകളും ഉൗഹാപോഹങ്ങളുമുയർത്തി സമൂഹത്തിൽ ഛിദ്രതയും കാലുഷ്യവും വളർത്താനുള്ള ഏതു ശ്രമത്തെയും സമൂഹവിരുദ്ധ/രാജ്യദ്രോഹ പ്രവർത്തനമായി കണ്ടു തടയിടാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇതിനു നേർവിപരീതദിശയിലാണ് കാര്യങ്ങളെങ്കിൽ അത് രാജ്യത്തിെൻറ സുസ്ഥിരതക്കാണ് ഭീഷണി സൃഷ്ടിക്കുക എന്നു മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി. വിസ്മയകരം എന്നല്ല, വിനാശമെന്നേ പറയേണ്ടൂ, സംഘ്പരിവാർ ഭരണത്തിൻകീഴിൽ പൗരന്മാരുടെ സാമാന്യബോധം നിരന്തരം വെല്ലുവിളിക്കപ്പെടുകയാണ്. വിശ്വസിച്ചുപോരുന്ന ജനത്തെ അമ്പരപ്പിച്ചു സാധാരണജീവിതത്തെ അവതാളത്തിലാക്കുന്ന നയപരിപാടികൾ പെെട്ടന്നൊരു നാൾ ഭരണകൂടവും അനുബന്ധ സംവിധാനങ്ങളും പ്രഖ്യാപിക്കുകയോ നടപ്പിൽവരുത്തുകയോ ചെയ്യുേമ്പാൾ തകരുന്നത് പരസ്പരവിശ്വാസമാണ്. ചിലരുടെ താൽക്കാലിക നിക്ഷിപ്ത താൽപര്യങ്ങൾക്ക് ഗുണകരമാകാമെങ്കിലും വിദൂരഭാവിയിൽ രാജ്യത്തിനു ഗുണമായിരിക്കില്ല അതിെൻറ പ്രത്യാഘാതങ്ങൾ. നോട്ടുനിരോധം, ജമ്മു-കശ്മീർ സംസ്ഥാന വിഭജനം, പൗരത്വ ഭേദഗതിനിയമം, കോവിഡിനെതിരായ പ്രതിരോധം എന്നിവയിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കൈക്കൊണ്ട നയപരിപാടികൾ നിലവിട്ടതായിപ്പോയി എന്നു നാടിപ്പോൾ അനുഭവിച്ചറിയുന്നുണ്ട്.
ഇൗ പരിഷ്കരണങ്ങൾ നമ്മുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ടാക്കിയ അസ്വസ്ഥതകൾ പരിഹൃതമാകാതെ തുടരുകയാണ്. അതിനിടെയാണ്, കൂനിന്മേൽ പിന്നെയും കുരുവുണ്ടാക്കാനുള്ള ദുരൂഹമായ അണിയറയൊരുക്കങ്ങളുടെ കൗതുകകരവും ആശങ്കജനകവുമായ വാർത്തകൾ വരുന്നത്. പുതുമയാർന്ന ജനക്ഷേമ പരിപാടികളുമായി പുതിയ ഭരണകൂടം പ്രതീക്ഷയുണർത്തി കർമമണ്ഡലത്തിലേക്കിറങ്ങുന്ന ശുഭമുഹൂർത്തത്തിൽതന്നെ തമിഴ്നാട്ടിൽ ഒരു വിഭജനവിവാദത്തിെൻറ അമിട്ട് പൊട്ടിച്ചിരിക്കുന്നു സംഘ്പരിവാർ. പൊള്ളാച്ചി, നാമക്കൽ, ധാരാപുരം, തിരുചെേങ്കാട്, ഇൗറോഡ്, പളനി, കരൂർ, സേലം, നീലഗിരി, അവിനാശി, സത്യമംഗലം, ധർമപുരി, േകായമ്പത്തൂർ, ഉദുമൽപേട്ട് ജില്ലകളടങ്ങുന്ന തമിഴ്നാടിെൻറ പടിഞ്ഞാറൻ ഭാഗങ്ങൾ അടർത്തിയെടുത്തു 'കൊങ്കുനാട്' എന്ന കേന്ദ്രഭരണ പ്രദേശത്തിന് രൂപം കൊടുക്കാൻ കേന്ദ്രം പദ്ധതിയിടുന്നു എന്ന പ്രചാരണം തമിഴ്നാട്ടിൽ വ്യാപകമായ പ്രതിഷേധത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
കേന്ദ്രമന്ത്രിസഭ വികസനത്തിൽ ഇത്തവണ ഇടം കിട്ടിയ തമിഴ്നാട് ബി.ജെ.പി അധ്യക്ഷനായിരുന്ന എൽ. മുരുകൻ തെൻറ ദേശം കൊങ്കുനാട് എന്ന് അടയാളപ്പെടുത്തിയതാണ് വിവാദത്തിനു വഴിമരുന്നിട്ടതെന്ന് പറയപ്പെടുന്നു. അദ്ദേഹം കേന്ദ്രത്തിലെത്തിയ ഒഴിവിൽ പാർട്ടി പ്രസിഡൻറായ കെ. അണ്ണമലൈയും ദേശപ്പേര് നൽകിയത് കൊങ്കുനാടു തന്നെ. സമൂഹമാധ്യമങ്ങളിൽ ഇതിെൻറ സ്ക്രീൻഷോട്ടുകൾ വൈറലാകുകയും അതിെൻറ ചുവടുപിടിച്ച് 'തമിഴ്നാട് വിഭജിക്കുന്നു, കൊങ്കുനാട് പിറക്കുന്നു' എന്ന തലെക്കട്ടിൽ ഒരു തമിഴ്പത്രത്തിൽ വാർത്ത വരുകയും ചെയ്തതോടെ ജനങ്ങളിൽ ആശങ്കയുണർന്നു. ഒ.ബി.സി വിഭാഗമായ ഗൗണ്ടർ സമുദായത്തിന് സ്വാധീനമുള്ള ഇൗ പ്രദേശത്ത് ഡി.എം.കെയുടെ ഗംഭീരവിജയത്തിനിടയിലും എ.െഎ.എ.ഡി.എം.കെയാണ് ആധിപത്യം സ്ഥാപിച്ചത്. അവിടം കേന്ദ്രീകരിച്ച് പുതിയൊരു കേന്ദ്ര ഭരണപ്രദേശം ഉണ്ടാക്കാൻ കേന്ദ്രം ഗൂഢനീക്കം നടത്തുന്നു എന്നാരോപിച്ച് ബി.ജെ.പി ഇതര കക്ഷികളെല്ലാം തെരുവുസമരങ്ങളടക്കമുള്ള പ്രക്ഷോഭപരിപാടികളുമായി മുന്നിട്ടിറങ്ങി. തമിഴ്നാടിനെ ഒരു നിലക്കും െവട്ടിമുറിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി ആവർത്തിച്ചു ആണയിടുന്നു. വാർത്ത സ്ഥിരീകരിക്കാൻ സംസ്ഥാന ബി.ജെ.പി നേതൃത്വം തയാറല്ല. എന്നാൽ, സംസ്ഥാനനേതാക്കൾ ഇൗയൊരു നിർദേശത്തിനു ന്യായീകരണം ചമയ്ക്കുന്നുമുണ്ട്. ജനാഭിലാഷം സാക്ഷാത്കരിക്കപ്പെടുമെന്നും തെലങ്കാന പോലുള്ള മറ്റു സംസ്ഥാനങ്ങളിൽ ഇതു നടന്നിട്ടുണ്ടല്ലോ എന്നുമാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാരു നാഗരാജെൻറ പ്രതികരണം. 'എന്തിനു ഡി.എം.കെ ഭയപ്പെടുന്നു, എല്ലാം തമിഴ്നാടല്ലേ' എന്നു ബി.ജെ.പി നിയമസഭ കക്ഷിനേതാവ് നൈനാർ നാഗേന്ദ്രനും ചോദിക്കുന്നു. ആന്ധ്രയും യു.പിയുമൊക്കെ വിഭജിക്കപ്പെട്ടല്ലോ. ജനങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ അതു ചെയ്തുകൊടുക്കാൻ കേന്ദ്രഗവൺമെൻറ് ബാധ്യസ്ഥമാണ് എന്ന് അദ്ദേഹം പറയുന്നു. കളിയല്ല കാര്യം എന്നുതന്നെ സൂചന.
നേരത്തേ ഡി.എം.കെ ഗവൺമെൻറ് ഒൗദ്യോഗികരേഖകളിൽ 'കേന്ദ്ര' ഗവൺമെൻറിനെ (മധ്യ അരശു) ഇനിമേൽ 'യൂണിയൻ' ഗവൺമെൻറ് (ഒൺട്രിയ അരശു) എന്നു അഭിസംബോധന ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനാണ് ഭരണഘടന സാധുത എന്നാണ് സ്റ്റാലിൻ സർക്കാർ പറഞ്ഞ ന്യായം. അതിനു പകരം വീട്ടാനാണ് ബി.ജെ.പി നേതാക്കൾ കൊങ്കുനാട് പ്രയോഗവുമായി രംഗത്തുവന്നത് എന്നു പറയുന്നുണ്ട്. എന്നാൽ, കളി കാര്യമാകുന്നുവെന്നു കണ്ടപ്പോൾ അവരും പിടിമുറുക്കുന്നതാണ് കാണുന്നത്. വിവിധ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി മുന്നോട്ടുപോകുന്ന ഫെഡറൽ ഘടനയുടെ സൂചകമാണ് ഭരണഘടനയിലെ 'യൂണിയൻ' പ്രയോഗമെന്നും എല്ലാ അധികാരങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കാനുള്ള ഏകാധിപത്യപ്രവണതയുടെ അടയാളമാണ് 'സെൻട്രൽ' (കേന്ദ്ര) എന്നുമാണ് പദപ്രയോഗം മാറ്റാൻ തമിഴ്നാട് ചൂണ്ടിക്കാട്ടിയത്. വിരോധാഭാസമെന്നു പറയെട്ട, ആ ചൂണ്ടിയിടത്തുതന്നെയാണ് ആരുണ്ടു ചോദിക്കാൻ എന്ന ധാർഷ്ട്യത്തോടെ തങ്ങൾ എന്നു വ്യക്തമാക്കിയിരിക്കുന്നു തമിഴ്നാട്ടിൽ വിഭജനചിന്തക്ക് തീകൊളുത്തി ബി.ജെ.പി. വടക്ക് ജമ്മു-കശ്മീരിെൻറ വിഭജനാനുഭവം മുന്നിലിരിക്കെ, തെക്ക് തമിഴ്നാടിനെയും കാലുഷ്യത്തിലേക്കു വലിച്ചിഴക്കാനുള്ള അവിവേകം മോദിസർക്കാർ കാണിക്കില്ലെന്നു പ്രതീക്ഷിക്കുക, പ്രാർഥിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

