Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തീവ്രചിന്ത നീതിനിഷേധത്തിന്റെ സ്വാഭാവിക ഫലം
cancel

മുസ്‍ലിം യുവാക്കൾക്കിടയിലെ തീവ്രചിന്ത ദേശസുരക്ഷക്കു വലിയ വെല്ലുവിളിയുയർത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഡി.ജി.പിമാരുടെയും എ.ജിമാരുടെയും ത്രിദിന യോഗത്തിൽ, ഉയർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതായി പി.ടി.ഐ അടക്കമുള്ള ന്യൂസ് ഏജൻസികളും മാധ്യമങ്ങളും കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. പാർലമെന്റ് സമ്മേളനങ്ങളിലടക്കം അത്യപൂർവമായി ഏതാനും സമയം ചെലവഴിക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഉന്നതതല യോഗത്തിൽ 10 മണിക്കൂർ സംബന്ധിക്കാൻ സമയം കണ്ടെങ്കിൽ വിഷയത്തിന്റെ വൻ പ്രാധാന്യം വ്യക്തമാണ്.

യോഗത്തിൽ പങ്കെടുത്തവരിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മുന്നൂറ്റമ്പതോളം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. തീവ്രചിന്താഗതിയുള്ള നിരവധി മുസ്‍ലിം സംഘടനകൾ ഇന്ത്യയിൽ സജീവമാണെന്ന് റിപ്പോർട്ടിലുണ്ട്. ഇസ്‍ലാമികാശയങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും തീവ്രചിന്താഗതിയോടെ വ്യാഖ്യാനിക്കുകയാണത്രെ ഈ സംഘടനകൾ. ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആധുനിക മൂല്യങ്ങൾക്കു വിരുദ്ധമാണ് അവരുടെ പ്രബോധനമെന്നും മുസ്‍ലിം യുവാക്കൾക്കിടയിൽ തീവ്രചിന്ത വളർത്താൻ സംഘടിത പ്രവർത്തനം നടക്കുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മുസ്‍ലിം മനസ്സുകൾ വിഷലിപ്തമാക്കാനും അക്രമവഴിയിലേക്കു തള്ളിവിടാനും സമ്മിശ്ര സംസ്കാരത്തിനെതിരെ പ്രവർത്തിക്കാനുമുള്ള പ്രവണത അവർക്കുണ്ടെന്നും കുറ്റപ്പെടുത്തുന്നു. രാജ്യത്ത് മതമൗലികവാദവും തീവ്രചിന്തയും വളരുന്നതിനുള്ള കാരണങ്ങളിൽ തെറ്റായ മതപഠനം, ഇന്റർനെറ്റ് പോലുള്ള നൂതന മാർഗങ്ങളിലൂടെയുള്ള അനായാസ ആശയവിനിമയം, ഗൾഫ് പണം തുടങ്ങിയ പലതും രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ കണ്ടെത്തുന്നുണ്ട്. നിരോധിത സിമി, പി.എഫ്.ഐ, വഹ്ദത്തെ ഇസ്‍ലാമി, അൽ ഉമ്മ തുടങ്ങിയ സംഘടനകളെ തീവ്രചിന്ത വളർത്തുന്ന സംഘടനകളിൽ എണ്ണുന്നുമുണ്ട്. ഇവരുടെ ചിന്താഗതികളെ പ്രതിരോധിക്കാൻ മിതവാദികളായ മുസ്‍ലിം നേതാക്കളെയും പണ്ഡിതരെയും ഉപയോഗപ്പെടുത്തണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

തീവ്രവാദവും മതമൗലികവാദവും ആത്യന്തിക ചിന്തകളുമൊക്കെ ആഗോളവ്യാപകമായി മുസ്‍ലിം സംഘടനകളുടെയും ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെയും പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്, പ്രത്യേകിച്ചും 2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണത്തിനുശേഷം. അതിന്റെ പേരിൽ ഒട്ടേറെ രാജ്യങ്ങളിൽ പല സംഘടനകളും നിരോധിക്കപ്പെട്ടിട്ടുണ്ട്; പല ഭരണകൂടങ്ങളും അവയെ അടിച്ചമർത്താനെന്നപേരിൽ ഭീകരനിയമങ്ങൾ ചുട്ടെടുത്തിട്ടുമുണ്ട്. ജനസേവനത്തിനും മാനുഷിക സഹായത്തിനുമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകൾക്കുള്ള ഫണ്ടുകൾപോലും കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്ത സംഭവങ്ങളുമുണ്ട്. തീവ്രവാദമോ ഭീകരതയോ ഇന്നുവരെ കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും ഓരോ രാജ്യത്തെയും സർക്കാറുകൾ തങ്ങൾക്കു തോന്നുന്ന കൂട്ടായ്മകളിൽ അത്തരം മുദ്രകൾ ചാർത്തി അടിച്ചമർത്തുന്നതാണ് കണ്ടുവന്നിട്ടുള്ളത്. സ്വാഭാവികമായും അപരാധികളോടൊപ്പം നിരപരാധികളും ശിക്ഷിക്കപ്പെടുകയാണ് അനന്തര ഫലം.

നമ്മുടെ രാജ്യത്തും 20 കോടിയോളം വരുന്ന മുസ്‍ലിംകളിലെ ചില സംഘടനകളുടെയും വ്യക്തികളുടെയും പേരിൽ തീവ്രവാദവും ഭീകരകൃത്യങ്ങളും ആരോപിച്ച് നിരോധിക്കുകയും നേതാക്കളെയോ പ്രവർത്തകരെയോ സംശയിക്കപ്പെടുന്നവരെയോ പിടികൂടി അനിശ്ചിതകാലം തടവറക്കുള്ളിൽ കെട്ടിപ്പൂട്ടുകയുമാണ് ചെയ്തുവരുന്നത്. വിചാരണ കൂടാതെയും പൂർത്തിയാവാതെയും വർഷങ്ങളോളം കാരാഗൃഹങ്ങളിൽ അവരെ അടക്കുന്നതിനോ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനോ ഒരു തടസ്സവുമില്ല. കാരണം, യു.എ.പി.എ പോലുള്ള കഠോരനിയമങ്ങൾ അതിനായി നിർമിക്കപ്പെട്ടതാണ്. ഇത്തരമൊരു അരക്ഷിതാവസ്ഥ യുവാക്കളിൽ തീവ്രചിന്തയും വികാരവും വളർത്തുന്നതിൽ വഹിക്കുന്ന പങ്ക് സർക്കാറിന്റെയോ ജുഡീഷ്യറിയുടെപോലുമോ ചർച്ചാവിഷയമാവുന്നില്ലെന്നതാണ് ഏറ്റവും നിർഭാഗ്യകരം. തീവ്രവാദവും ഭീകരതയും ആത്യന്തിക ചിന്തകളും ഒരുവിധത്തിലും യഥാർഥ മതാധ്യാപനങ്ങളുടെ ഭാഗമല്ല, ഇസ്‍ലാം വിശേഷിച്ചും അത് ഒരളവിലും അനുവദിക്കുന്നില്ല എന്നതും സംശയാതീതമാണ്.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ജീവിതദർശനമായാണ് ഇസ്‍ലാമിനെ മുസ്‍ലിമിതര ചിന്തകരും പണ്ഡിതന്മാരും വരെ പരിചയപ്പെടുത്തിയിട്ടുള്ളത്. ഇതേക്കുറിച്ച നേരറിവും തദടിസ്ഥാനത്തിലുള്ള പരിശീലനവും ലഭിക്കാത്തവർ മുസ്‍ലിം യുവാക്കളിലില്ലെന്നു പറയാൻ പറ്റില്ല. ചിലരുടെ അക്ഷമയും ദീർഘദൃഷ്ടിയില്ലായ്മയും വിവരക്കേടും സമുദായത്തിന് മൊത്തം വിനാശം വരുത്തിവെക്കുന്നുണ്ട് എന്നതും വാസ്തവമാണ്. അത് തിരിച്ചറിഞ്ഞുള്ള ബോധവത്കരണം എത്രയും അടിയന്തരവും അനുപേക്ഷ്യവുമാണെന്നേ വിവേകശാലികൾ പറയൂ.

അതേസമയം, മുസ്‍ലിം മതന്യൂനപക്ഷങ്ങൾക്ക് മതനിരപേക്ഷ ജനാധിപത്യ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വകവെച്ചുകൊടുക്കുന്നതിൽ നിലവിലെ ഹിന്ദുത്വ ഭരണകൂടം എവിടെനിൽക്കുന്നു എന്ന ചോദ്യത്തിന് മറുപടി ലഭിക്കേണ്ടതുണ്ട്. മതേതരത്വവും ജനാധിപത്യവും നിരാകരിക്കുന്നവർ ഏതാനും മുസ്‍ലിം സംഘടനകൾ മാത്രമാണോ, അതോ ഇന്ത്യ അടക്കിഭരിക്കുന്ന ശക്തികളോ? ജുഡീഷ്യറിയെപ്പോലും തീവ്രഹിന്ദുത്വ ആശയങ്ങളാൽ സ്വാധീനിക്കാൻ പാടുപെടുന്നവർക്ക് എങ്ങനെ എല്ലാ വിഭാഗം മനുഷ്യരെയും ഒരേ കണ്ണിൽ കാണാൻ കഴിയും? നീതിനിഷേധമാണ് മറ്റെന്തിലുമേറെ ആത്യന്തിക പ്രതികരണങ്ങളെയും തീവ്രചിന്തകളെയും വളർത്തുന്നത് എന്ന പ്രാഥമിക സത്യം സമ്മതിച്ചേ പറ്റൂ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി വർഗീയ ധ്രുവീകരണത്തിന്റെ ചതുരുപായങ്ങൾ നെയ്യുമ്പോൾ ഏതാനും മനസ്സാക്ഷിവഞ്ചകരെ കൂടെക്കൂട്ടി കാണിക്കാൻപോവുന്ന അഭ്യാസങ്ങൾ രാജ്യം ഏറെ കണ്ടതാണെന്ന് ഓർക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam Editorial
Next Story