Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആവിയാകേണ്ടതല്ല...

ആവിയാകേണ്ടതല്ല ആവിക്കൽതോടിന്‍റെ ആശങ്കകൾ

text_fields
bookmark_border
ആവിയാകേണ്ടതല്ല ആവിക്കൽതോടിന്‍റെ ആശങ്കകൾ
cancel



കോഴിക്കോട്​ നഗരത്തിലെ വെള്ളയിൽ ആവിക്കൽതോട്​ പ്രദേശത്തെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്​. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ്​ സ്ഥാപിക്കാൻ കണ്ടുവെച്ച ഇവിടെ​ സർവേ പ്രവർത്തനങ്ങളുമായി മുന്നോ

ട്ടുപോകാൻ കോർപറേഷൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധവും അണപൊട്ടിയത്. പൊലീസ്​ ലാത്തിച്ചാർജിൽ പലർക്കും പരിക്കേറ്റു. കേന്ദ്ര സർക്കാറിന്‍റെ അമൃത്​ പദ്ധതിയുടെ ഭാഗമായ സംസ്കരണ പ്ലാന്‍റ്​ സ്ഥാപിച്ചില്ലെങ്കിൽ മറ്റു പദ്ധതികളും അവതാളത്തിലാകുമെന്നതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകു​മെന്നാണ്​ കോർപറേഷൻ നിലപാട്​. പ്ലാന്റ് തങ്ങളുടെ ആവാസവ്യവസ്ഥയും ഉപജീവനമാർഗവും തകർക്കുമെന്ന് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളടങ്ങുന്ന പ്രദേശവാസികളും പറയുന്നു.

കോർപറേഷനിലെ 66, 67 വാർഡുകളി​ലെയും ഭാഗികമായി 62ാം വാർഡിലെയും ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കാൻ ഏകദേശം 75 കോടിയോളം രൂപ ചെലവിട്ടാണ് പ്ലാന്റ് നിർമിക്കുന്നത്​.​ ഖരമാലിന്യങ്ങൾ ബാക്ടീരിയകൾ ഉൽപാദിപ്പിച്ച്​ ഇല്ലായ്​മ ചെയ്ത്​ ക്ലോറിനേഷനിലൂടെ വെള്ളം അണുമുക്തമാക്കി പുനരുപയോഗത്തിന് സംസ്കരിച്ചെടുക്കുന്ന പദ്ധതി വരുന്നതോടെ മലിനജലം തോട്ടിലൂടെ ഒഴുകി കടലിൽ പതിക്കുന്നതിന്റെ കെടുതികൾ പരിഹരിക്കാനാവുമെന്നാണ്​ വാദം. എന്നാൽ, ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്​ വെറും 60 സെന്‍റ്​ സ്ഥലത്ത്​ ഇത്തരമൊരു ​പ്ലാന്‍റ്​ വരുന്നതുമൂലമുള്ള ദോഷങ്ങൾ എണ്ണിപ്പറഞ്ഞാണ്​ എതിർപ്പുയർന്നിരിക്കുന്നത്​. പ്രദേശത്തെ ജലനിരപ്പിൽ വരുന്ന വ്യതിയാനം വീടുകൾ വെള്ളത്തിനടിയിലാക്കും, കിണറുകളിലെ കുടി​വെള്ളം മലിനമാകും, രോഗസാധ്യത വർധിക്കും, പ്ലാന്‍റിൽനിന്ന് രാസവസ്തുക്കളോടെ ഒഴുക്കിവിടുന്ന അവശിഷ്ടജലം വെള്ളയിൽ ഹാർബറിലേക്ക്​ ഒഴുകിയെത്തുന്നത്​ മത്സ്യസമ്പത്ത്​ നശിപ്പിക്കും, മത്സ്യബന്ധനത്തെ ആ​ശ്രയിച്ചുകഴിയുന്ന പ്രദേശത്തുകാർക്ക്​ ആഘാതമാവും -ഇങ്ങനെ നീളുന്നു ആശങ്കകൾ. അതിനാൽ മറ്റുള്ളവരുടെ മാലിന്യം തങ്ങളുടെ തലയിൽ കൊണ്ടുവന്നു കൊട്ടരുത്​ എന്നാണ്​ അവരുടെ ആവശ്യം. നാട്ടുകാരുടെ സംശയങ്ങൾക്കു മറുപടി നൽകാൻ കോർപറേഷൻ കൗൺസിലർമാരും തദ്ദേശീയരുമടങ്ങുന്ന സംഘത്തെ കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുര​ത്തു കൊണ്ടുപോയി മെഡിക്കൽ കോളജിലെ മലിനജല സംസ്കരണ പ്ലാന്‍റിന്‍റെ പ്രവർത്തനം കാണിച്ചുകൊടുത്തിരുന്നു. അതേസമയം, തിരുവനന്തപുരം മുട്ടത്തറയിലെയും കൊച്ചി ബ്രഹ്മപുരത്തെയും സമാനപദ്ധതികളുടെ പ്രവർത്തനവും അതിനു സമീപം താമസിക്കുന്നവരുടെ ദുരിതവും കണ്ടും കേട്ടുമാണ്​ പ്ലാന്‍റിനെതിരെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതെന്നാണ്​ ആവിക്കൽ സമരക്കാർ പറയുന്നത്​. ആവിക്കലിലേതിനേക്കാൾ വിശാലമായ സ്ഥലത്താണ്​ മുട്ടത്തറയിലെ പ്ലാന്‍റ്​. എല്ലാ ഉറപ്പുകളും നൽകി ആരംഭിച്ച പ്ലാന്‍റിൽ ട്രീറ്റ്​മെന്‍റ്​ നടക്കുന്നത് തോന്നിയ മട്ടാണ്​. മാലിന്യം നേരിട്ടു പുഴയിലേക്കു പുറന്തള്ളുന്ന ഏർപ്പാടുമുണ്ട്. ഇപ്പോൾ ​തദ്ദേശീയരെ നിസ്സാരസംഖ്യ നൽകി കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും സമരക്കാർ ആരോപിക്കുന്നു.

മാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള പരമ്പരാഗത വികേന്ദ്രീകൃത രീതി കൈയൊഴിഞ്ഞ്​ ആഗോള മൂലധനശക്തികളുടെ കാണാച്ചരടിലുള്ള വികസന പദ്ധതികൾക്കു പിറകെ കൂടിയത്​ കേരളത്തെ കെട്ടുനാറുന്ന നിലയിലേക്കാണ്​ എത്തിച്ചത്​ എന്ന്​ അതിന്‍റെ നാൾവഴികൾ പരിശോധിച്ചാൽ മനസ്സിലാകും. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഉൽപാദകരുടെ ഉത്തരവാദിത്തത്തിൽ പരമാവധി ഉറവിടത്തിൽതന്നെ സംസ്കരിക്കുന്ന രീതിയായിരുന്നു മുമ്പുകാലത്ത്​​. അത്​ സാധ്യമാകാത്ത ഇടങ്ങളിൽ അങ്ങാടികളിലും വാസസ്ഥലങ്ങളിലും കുപ്പത്തൊട്ടികൾ സ്ഥാപിച്ച്​ തദ്ദേശ സ്ഥാപനങ്ങൾ അതിന് സംവിധാനമൊരുക്കി. പാരിസ്ഥിതിക അവബോധം ഇന്ന​ത്തേക്കാൾ കുറവായിരുന്നുവെങ്കിലും സാമൂഹികബോധം കൂടിയിരുന്നതിനാൽ മാലിന്യങ്ങൾ മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ കൈകാര്യം ചെയ്തുപോന്നു​. നഗരവത്​കരണം ത്വരിതഗതിയിലായതോടെ ഉപഭോഗത്തിലെ ധാരാളിത്തം ജീവി​തശൈലിയായി മാറി. അതോടെ ഉച്ഛിഷ്ടത്തിന്‍റെയും മാലിന്യത്തിന്‍റെയും അളവും വർധിച്ചു. വികേന്ദ്രീകൃത സംസ്കരണം വിഷമകരമായിത്തീരുന്ന നിലവന്നു. അതിനൊപ്പമാണ്​ ഏഷ്യൻ ഡെവലപ്​മെന്‍റ്​ ബാങ്കിന്‍റെ സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പരിപാടിയും മാറിയത്​. വലിയ നഗരങ്ങളിൽ നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങൾ ആവിഷ്കരിക്കപ്പെട്ടു. വീടുകളിലെയും സ്ഥാപനങ്ങളി​ലെയും മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുന്ന ഉറവിട മാലിന്യസംസ്കരണത്തിനുള്ള പ്രചാരവേലകളും പ്രവർത്തനങ്ങളു​മൊക്കെ മുറക്കു നടന്നെങ്കിലും കേ​ന്ദ്രീകൃത സംസ്കരണ പദ്ധതികൾ ഇഴഞ്ഞുനീങ്ങി. അതോടെ, മാലിന്യങ്ങൾ നഗരങ്ങളിൽ കുമിഞ്ഞുകൂടി. നഗരത്തിന്‍റെ വിഴുപ്പും അഴുക്കും കക്കൂസ്​ മാലിന്യങ്ങളും മുഴുക്കെ ചുമക്കുകയും സഹിക്കുകയും ചെയ്യേണ്ടത്​ നഗര​പ്രാന്തങ്ങളിൽ രണ്ടോ മൂന്നോ സെന്‍റിൽ വീടു​വെച്ചു ജീവിതം കഷ്ടപ്പെട്ടു മുന്നോട്ടു നീക്കുന്നവരുടെ ബാധ്യതയായി മാറി. നഗരങ്ങൾ അന്ത​സ്സിൽ ഞെളിയാൻ ഓരങ്ങളിലേക്കു തള്ളിമാറ്റിയ സാധാരണക്കാ​രുടെ മേൽ മാലിന്യം കൊണ്ടുവന്നു തള്ളി ഞെളിയൻ പറമ്പുകളുണ്ടാക്കി. അവിടെ അന്ത​സ്സോടെ മനുഷ്യരായി പാർപ്പുറപ്പിക്കാനാവാതെ പൊറുതിമുട്ടുന്നവ​രുടെ ദുരനുഭവം​ തുറിച്ചുനോക്കുന്നതു കണ്ടാണ്​ ആവിക്കൽ പ്രദേശം സമരത്തിനിറങ്ങിയത്​. പണ്ടു താമസിച്ചിരുന്നവർ മാലിന്യപ്രശ്നം മൂലം പ്രദേശം വിട്ടുപോയെന്നും എവിടെയും ഗതിയില്ലാത്ത കുറെ പേരാണ്​ അവിടെ താമസിക്കുന്നതെന്നുമാണ്​ ​മേയറുടെ ഭാഷ്യം. ​പ്രദേശത്തുകാർ ആരുടെയൊക്കെയോ കളിപ്പാവകളായി മാറുകയാണെന്ന് ആരോപിക്കുന്ന അധികാരികളെ പദ്ധതി നടപ്പാക്കിയയിടത്തെ ദുരിതം കാണാൻ ക്ഷണിച്ച്​ സമരക്കാർ വെല്ലുവിളിക്കുന്നു​. പാവപ്പെട്ടവരുടെ പരാധീനതകളെയും പരിഭവങ്ങളെയും പരിഹസിക്കാനല്ല, പരിഹാരം കണ്ടെത്താനാണ്​ ജനപ്രതിനിധികൾ ആവേശം കാണിക്കേണ്ടത്​. നാലു വർഷം മുമ്പ് പ്രളയകാലത്ത് ശേഖരിച്ച പ്ലാസ്​റ്റിക്​ മാലിന്യം കാർഷിക ​മൊത്ത വിപണന കേന്ദ്രത്തിൽ 'നിക്ഷേപിച്ചു കടന്നുകളഞ്ഞ' കോർപറേഷൻ കൊണ്ടുവരുന്ന പുതിയ മാലിന്യ സംസ്കരണ പദ്ധതിയെ ചൊല്ലി ആശങ്കകൾ ഉന്നയിക്കുന്ന ജനത്തെയാണോ തിരുത്തേണ്ടത്​, അതോ, സ്വയം ​തന്നെയോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 05 July 2022
Next Story