Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാറാരോഗമായി മാറുന്ന വംശവെറി
cancel

പരമതവിദ്വേഷവും വംശീയവൈരവും ജീവിതശൈലി രോഗമായി മാറിക്കഴിഞ്ഞ ഗുരുതരമായ സ്ഥിതിവിശേഷത്തിലാണ്​ നമ്മൾ ഇന്ത്യക്കാർ എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യബോധത്തെ ബാധിക്കുന്ന ഈ മാരകരോഗത്തിന്‍റെ ഫലമാണ്​ വംശീയത്തിമിരം. അതോടെ വസ്തുസ്ഥിതി വിവരങ്ങൾക്കോ യാഥാർഥ്യങ്ങൾ​ക്കോ കണ്ണും കാതും കൊടുക്കാൻ വിമ്മിട്ടം അനുഭവപ്പെടും. നേർക്കാഴ്ചകൾക്കുനേരെ കുരച്ചുചാടും. ഉള്ളതു പറയുന്നവരെ ഇഛാഭംഗത്തോടെ കൊഞ്ഞനംകുത്തും. സത്യം കാലഗതിയടഞ്ഞെന്നും ഇനി ​പെരുംനുണക്കാലമാണെന്നും സ്ഥാപിച്ചെടുക്കും. ഈ രോഗം ഭരണകൂട​ത്തെയും മാധ്യമങ്ങളെയും ബാധിച്ചാൽ സംഭവിക്കുന്ന ദുരന്തം ഭീകരമായിരിക്കും. ആൾക്കൂട്ടക്കൊലകളും വംശീയാതിക്രമങ്ങളും വംശീയഹത്യ മുറവിളികളും അതു തെര്യപ്പെടുത്തുന്നുണ്ട്​. എന്നിട്ടും വിദ്വേഷവും പകയും വളർത്തുന്ന വംശീയത്തിമിരം പുതുകാലത്തെ 'ന്യൂ നോർമൽ' ആയി മാറുകയാണ്​. റിപ്പബ്ലിക്​ ദിനത്തോടനുബന്ധിച്ചു നടന്ന ഒരു പരിപാടിയുടെ പേരിൽ മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ്​ അൻസാരിക്കുനേരെ നടക്കുന്ന ഒറ്റതിരിഞ്ഞ ​ആക്രമണം അതാണ്​ ​തെളിയിക്കുന്നത്​.

അമേരിക്കയിലെ ഒരു സർക്കാറേതര സന്നദ്ധസംഘടനയായ 'ഹിന്ദൂസ്​ ഫോർ ഹ്യൂമൻറൈറ്റ്​സ്​' രാജ്യത്തെ നയരൂപകർത്താക്കളെയും കോൺഗ്രസ്​ അംഗങ്ങളെയും ബോധവത്​കരിക്കുന്നതിനായി ജനുവരി 26ന്​ ഇന്ത്യൻ റിപ്പബ്ലിക്​ ദിനത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചു. രാജ്യത്തെ 16 സർക്കാറിതര സംഘടനകളെ ഒന്നിച്ചുചേർത്തായിരുന്നു പരിപാടി. ഡിസംബർ 17-19 തീയതികളിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദുത്വ തീവ്രവാദിസംഘടനകൾ സംഘടിപ്പിച്ച ധർമസംസദിലെ മുസ്​ലിം നിർമൂലന ആഹ്വാനത്തിന്‍റെയും ക്രിസ്മസ്ദിനത്തിൽ ചിലയിടങ്ങളിൽ ചർച്ചുകൾക്കു നേരെ നടന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ്​ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന്​ സംഘാടകർ പറയുന്നു. 1994ൽ റുവാണ്ടയിൽ നടന്ന വംശഹത്യയെക്കുറിച്ച്​ 1998ൽ പരാമർശിക്കെ ലോകരാഷ്ട്രനേതാക്കളുടെ കസേരയിലിരുന്നവർ​ക്കൊന്നും ഇക്കാര്യത്തിൽ ദീർഘദർശനമുണ്ടായി​ല്ലെന്നും അതുകൊണ്ടു വലിയൊരു വിപത്തു തടയാനാവാതെ പോയെന്നും അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ്​ ബിൽ ക്ലിന്‍റൺ ഏറ്റുപറഞ്ഞിരുന്നു. അത്തരമൊരു ദുരന്തത്തിന്‍റെ വക്കിലാണ്​ ഇന്ത്യയെന്നും പ്രസിഡന്‍റ്​ ബൈഡൻ സന്ദർഭത്തിനൊത്തുയർന്ന്​ ഇന്ത്യയിൽ രൂക്ഷത പ്രാപിക്കുന്ന വംശീയത വംശഹത്യയിലേക്ക്​ എത്താതെ ​കാക്കാൻ അടിയന്തരമായി ഇടപെടണമെന്നായിരുന്നു 'ഹിന്ദൂസ്​ ഫോർ ഹ്യൂമൻറൈറ്റ്​സി'ന്‍റെ ആവശ്യം. ഈ വിഷയത്തിൽ ​ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ അമേരിക്ക​യെ ഇടപെടലിനു സമ്മർദം ചെലുത്തുകയായിരുന്നു 'ഇന്ത്യയുടെ ബഹുസ്വര ഭരണഘടന​യുടെ സംരക്ഷണം' എന്ന തലക്കെട്ടിലുള്ള പരിപാടിയുടെ ഉ​ദ്ദേശ്യം.

ഓൺലൈനിൽ നടന്ന പരിപാടിയിൽ മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ്​ അൻസാരിയും പ​ങ്കെടുത്തു. പരിപാടിയുടെ സ്​പോൺസർമാരായി 17 സംഘടനകളുണ്ടായിരുന്നു; 11 പ്രഭാഷകരും. അതിൽ നിന്നു ഇന്ത്യൻ അമേരിക്കൻ മുസ്​ലിം കൗൺസിൽ എന്ന ഒരു സംഘടനയുടെയും പ്രഭാഷകരിലെ ഏക മുസ്​ലിം ആയ ഹാമിദ്​ അൻസാരിയെയും മാറ്റിനിർത്തി ആക്രമിക്കുകയാണ്​ മാധ്യമങ്ങളും ഔദ്യോഗികകേന്ദ്രങ്ങളും. അൻസാരിയുടെ റെക്കോഡ്​ ചെയ്ത വിഡിയോ പ്രഭാഷണത്തിൽ ഇന്ത്യയുടെ നാനാത്വം എടുത്തുപറഞ്ഞ ശേഷം, നാഗരിക ദേശീയത (civic nationalism)യെന്ന പ്രഖ്യാപിത തത്ത്വത്തിൽനിന്നു സാംസ്കാരിക ദേശീയതയെന്ന സങ്കൽപത്തിലേക്കു മാറുന്നതിലെ അപചയവും അപകടവും ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെടുപ്പിലെ ഭൂരിപക്ഷത്തെ മതഭൂരിപക്ഷമായി വ്യാഖ്യാനിച്ച്​ രാഷ്ട്രീയാധികാ​രത്തെ കുത്തകയാക്കാനുള്ള ശ്രമം നടക്കുന്നതിനെക്കുറിച്ച്​ അദ്ദേഹം വളരെ ഹ്രസ്വമായ സംസാരത്തിൽ മുന്നറിയിപ്പ്​ നൽകി. എന്നാൽ, വിദേശത്തു നടന്ന ചടങ്ങിൽ രാജ്യത്തെ അധിക്ഷേപിച്ചു​വെന്നും രാജ്യവിരുദ്ധസംഘടനകളുടെ വേദി പങ്കിട്ടുവെന്നു​മൊക്കെ ആരോപിച്ച്​ മുഖ്യധാരാ മാധ്യമങ്ങൾ ബഹളം വെച്ചു. അതിന്‍റെ ചുവടുപിടിച്ച്​ വിദേശകാര്യ മന്ത്രാലയം മുൻ ഉപരാഷ്ട്രപതിയുടെ പ്രഭാഷണത്തെയും പരിപാടിയെയും അപലപിച്ചു.

പരിപാടിയിലെ മുസ്​ലിം ആഭിമുഖ്യത്തിലുള്ള സംഘടനയെയും ഹാമിദ്​ അൻസാരിയെയും മാത്രം എടുത്തുകാട്ടിയ മുഖ്യധാരാ മാധ്യമങ്ങൾ പരിപാടിയുടെ സംഘാടകരായ 'ഹിന്ദൂസ്​ ഫോർ ഹ്യൂമൻറൈറ്റ്​സി'നെയോ മറ്റു സംഘടനകളെയോ പ്രഭാഷകരെയോ പരാമർശിക്കാതിരുന്നത്​ ബോധപൂർവമാണെന്നും അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത്​ കൃത്യമായ ഇസ്​ലാംപേടിയുടെ ചിന്താഗതിയിൽനിന്നുകൊണ്ടാണെന്നും വേദിയുടെ എക്സിക്യൂട്ടിവ്​ ഡയറക്ടർ സുനിത വിശ്വനാഥ്​ കുറ്റപ്പെടുത്തുന്നു. 'അടിച്ചമർത്തപ്പെട്ടവർ അതിക്രമങ്ങളെ അഭിമുഖീകരിക്കുമ്പോൾ ശബ്ദമുയർത്തേണ്ടത്​ ഹിന്ദുവായ തന്‍റെ ബാധ്യതയാണ്​' എന്ന ആമുഖത്തോടെ മോ​ഡറേറ്റർ ശ്രവ്യ താഡപ്പള്ളി ചർച്ച തുടങ്ങിവെച്ച കാര്യം ചൂണ്ടിക്കാട്ടിയ അവർ അതെല്ലാം മറച്ചു​വെച്ച്​ അൻസാരിക്കെതിരെ ആക്രമണത്തിന്‍റെ മുന തിരിക്കുന്നത്​ വംശീയവൈരം കത്തിക്ക​ണമെന്ന ദുരുദ്ദേശ്യത്തോടെയാണ്​ എന്നു കുറ്റപ്പെടുത്തുന്നു.

ഡോ. എസ്.​ രാധാകൃഷ്ണനുശേഷം രാജ്യത്ത്​ തുടർച്ചയായി രണ്ടു തവണ ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന നയതന്ത്രവിദഗ്​ധനും പണ്ഡിതനുമായ ഡോ. ഹാമിദ്​ അൻസാരി നിഷ്പക്ഷമായ ജനാധിപത്യനിലപാടിലൂടെ രാജ്യത്തിനകത്തും പുറത്തും കഴിവു തെളിയിച്ച വ്യക്തിത്വമാണ്​. രാജ്യസഭ ചെയർമാൻ പദവിയിലിരിക്കെ, യു.പി.എ, എൻ.ഡി.എ ഗവൺമെന്‍റുകളോട്​ ഒരുപോലെ അദ്ദേഹത്തിന്​ ഇടയേണ്ടിവന്നിട്ടുണ്ട്​. അത്​ ജനാധിപത്യക്രമത്തിലെ സ്വാഭാവികതയും സാമാന്യമര്യാദയുമായി കാണാവുന്നതേയുള്ളൂ. എന്നാൽ, എൻ.ഡി.എ സർക്കാർ ജുഗുപ്സാവഹമായ രീതിയിലാണ്​ അതിനെ നേരിട്ടത്​. എല്ലാ പതിവും ​തെറ്റിച്ച്​ ഭരണനേതൃത്വം അദ്ദേഹത്തെ യാത്രയാക്കിയത് വംശീയ ദുസ്സൂചനകൾ നിറഞ്ഞ കുത്തുവാക്കുകൾ ചൊരിഞ്ഞാണ്​. സംഘ്​പരിവാറിന്​ അദ്ദേഹത്തോടുള്ള കലിയടങ്ങിയില്ല എന്നു തെളിയിക്കുന്നതാണ്​ ഇപ്പോൾ ഡോ. അൻസാരിക്കെതിരെ നടത്തിവരുന്ന പ്രചണ്ഡമായ പ്രചാരവേല. ഭരണവും ഭരണകൂടവും വിമർശിക്കപ്പെടുമ്പോൾ അതിനെ ആരോഗ്യകരമായി അഭിമുഖീകരിക്കുന്നതിനുപകരം വിമർശകരുടെ മതവും വംശവും പ്രശ്നവത്​കരിക്കുന്ന കുബുദ്ധിയെ ആശങ്കയോടെ വേണം കാണാൻ. ഇന്ത്യൻപ്രതിസന്ധിയുടെ ആഴം 'ഹിന്ദൂസ്​ ഫോർ ഹ്യൂമൻറൈറ്റ്​സ്​' കണ്ടതിനുമപ്പുറത്താണ്​ എന്നു സാക്ഷ്യപ്പെടുത്തുകയാണ്​ ഈ അനാശാസ്യ വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 03-02-2022
Next Story