Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമകോക്ക മോഡൽ...

മകോക്ക മോഡൽ കേരളത്തിലും?

text_fields
bookmark_border
Madhyamam editorial 01-07-2021
cancel
സ്​ഥാനമൊഴിയുന്ന കേരള പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ വിവിധ മാധ്യമങ്ങൾക്ക് നൽകിയ വ്യത്യസ്​ത അഭിമുഖങ്ങളിൽ പറഞ്ഞ പല കാര്യങ്ങളും സമൂഹത്തിൽ പലവിധ പ്രതികരണങ്ങൾ സൃഷ്​ടിച്ചിട്ടുണ്ട്. കേരളം ഇസ്​ലാമിക് സ്​റ്റേറ്റ് ഭീകരവാദികളുടെ റിക്രൂട്ടിങ്​ കേന്ദ്രമാവുന്നുവെന്ന സംഘ്​പരിവാർ പ്രചാരണങ്ങൾക്ക് ബലമേകുന്ന തരം പരാമർശമാണ് അതിലൊന്ന്. അതേസമയം, ലവ് ജിഹാദുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതു വെറുമൊരു രാഷ്​ട്രീയ പ്രചാരണം മാത്രമാണെന്നും അദ്ദേഹം മറുപടി പറയുന്നുണ്ട്. ബെഹ്റ കേരള പൊലീസ്​ മേധാവിയായിരിക്കെ ആ വകുപ്പി​ന്‍റെ പ്രവർത്തനങ്ങൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒന്നാം പിണറായി സർക്കാറി​ന്‍റെ പ്രവർത്തനങ്ങളെ പൊതുവെ സ്വാഗതം ചെയ്യുന്നവർപോലും ആഭ്യന്തര വകുപ്പി​ന്‍റെ പ്രകടനത്തിൽ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘ്​പരിവാർ താൽപര്യങ്ങൾക്ക് അനുഗുണമായാണ് പലപ്പോഴും കേരള പൊലീസ്​ പ്രവർത്തിച്ചത് എന്നതാണ് ആ വിമർശനങ്ങളുടെ കാതൽ. അത്തരമൊരു പൊലീസിങിന് നേതൃത്വം നൽകിയ ആൾ പിരിയുമ്പോൾ പറയുന്ന കാര്യങ്ങൾ അതിനാൽതന്നെ സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമാവും. ഇസ്​ലാമിക തീവ്രവാദം, മാവോവാദി ഏറ്റുമുട്ടൽ തുടങ്ങിയ വിഷയങ്ങളിൽ ബെഹ്റ പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുന്നതിന് ഈയൊരു പശ്ചാത്തലം കൂടിയുണ്ട്.

ലോക്നാഥ് ബെഹ്റ മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യം പ്രത്യേകം വിശകലനമർഹിക്കുന്നു. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ, മഹാരാഷ്​​ട്രയിൽ പ്രാബല്യത്തിലുള്ള, ദ മഹാരാഷ്​ട്ര കൺ​േട്രാൾ ഓഫ് ഓർഗനൈസ്​ഡ് ൈക്രം (മ​കോക്ക 1999) മോഡലിൽ നിയമം കേരളത്തിൽ കൊണ്ടുവരണമെന്ന ശിപാർശ താൻ സർക്കാറിന് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ചൊവ്വാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം സ്​ഥിരീകരിക്കുക മാത്രമല്ല, 'സംഘടിത കുറ്റകൃത്യം തടയാൻ പുതിയ ക്രമീകരണം കൊണ്ടുവരുന്നത് ആലോചിക്കു'മെന്ന് കൂട്ടിച്ചേർക്കുക കൂടി ചെയ്തു. ഡി.ജി.പിയുടെ ശിപാർശയിലും അതിനെ പിന്താങ്ങുന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും അപകടകരമായ പല സൂചനകളുമുണ്ട്.

ഭരണകൂടത്തി​ന്‍റെ മർദനോപാധികളായ മാരണ നിയമങ്ങളെ കുറിച്ച് സി.പി.എമ്മിന് ദേശീയതലത്തിൽ വളരെ വ്യക്തമായ നിലപാടുണ്ട്. യു.എ.പി.എ യെ ശക്തമായി എതിർക്കുന്നവരാണവർ. അതേസമയം, പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ മുഖ്യമന്ത്രിയായ കേരളത്തിൽ എത്ര മാരകമായാണ് യു.എ.പി.എ പ്രയോഗിച്ചത് എന്നത് നാം കണ്ടതാണ്. രാഷ്​ട്രീയ വിയോജിപ്പുകളെ ഇല്ലാതാക്കാനും മതപരമായ വിവേചനബോധത്തോടെയും യു.എ.പി.എ എടുത്തു വീശിയ അഞ്ചു വർഷങ്ങളാണ് കഴിഞ്ഞുപോയത്. അത് പ്രയോഗിക്കുന്നിടത്ത് തദ്വിഷയത്തിലെ സി.പി.എം കേന്ദ്ര നേതൃത്വത്തി​ന്‍റെ നിലപാടുപോലും കേരള സർക്കാർ മറന്നുപോവുകയായിരുന്നു. അമിതാധികാര നിയമങ്ങളോട് അനുരാഗാത്്മകമായ ഭ്രമം മുഖ്യമന്ത്രിക്ക് ഉണ്ടോ എന്ന് സംശയിക്കപ്പെടാവുന്ന തരത്തിലായിരുന്നു അദ്ദേഹത്തി​ന്‍റെ പല നിലപാടുകളും. കേരള പൊലീസ്​ ആക്ട്​ ഭേദഗതി ചെയ്ത് സമൂഹമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാൻ നടത്തിയ നീക്കം വമ്പിച്ച പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിൽ മാത്രമാണ്​ കഴിഞ്ഞ സർക്കാർ വേണ്ടെന്ന്​ വെച്ചത്​. ഇടതുപക്ഷത്തുനിന്നുവരെ അതിശക്തമായ പ്രതിഷേധമാണ് ആ നീക്കത്തിനെതിരെ ഉണ്ടായത്. കേന്ദ്രത്തി​ന്‍റെ കിരാത നിയമങ്ങൾ മുൻപിൻ നോക്കാതെ പ്രയോഗിക്കുക മാത്രമല്ല, സ്വന്തമായി അത്തരം നിയമങ്ങൾ ഉണ്ടാക്കാനും സർക്കാർ ആലോചിച്ചുവെന്നതാണ് സത്യം.

അടിച്ചമർത്തൽ നിയമങ്ങളോടുള്ള പിണറായി വിജയൻ സർക്കാറിെൻറ ഈ ഭ്രമത്തിെൻറ പശ്ചാത്തലത്തിലാണ് മ​കോക്ക മോഡൽ നിയമം നടപ്പാക്കണമെന്ന ലോക്നാഥ് ബെഹ്റയുടെ പ്രസ്​താവനയും അതിനെ പരോക്ഷമായി പിന്താങ്ങിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്​താവനയും വായിക്കപ്പെടേണ്ടത്. നിരന്തര കുറ്റവാളികളെയും സംഘടിത കുറ്റവാളികളെയും കൈകാര്യം ചെയ്യാൻ കാപ അടക്കമുള്ള നിയമങ്ങൾ ഉണ്ടായിരിക്കെ മ​കോക്ക മോഡൽ നിയമത്തിെൻറ പ്രസക്തി എന്തെന്ന് ആലോചിക്കേണ്ടതാണ്. പൗരാവകാശങ്ങളെ ധ്വംസിക്കുന്ന നിയമങ്ങളുടെ സാന്ദ്രത കൂടിക്കൂടി വരുന്നത് നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ്. ഒരു ഇടതുപക്ഷ സർക്കാർ ഇത്തരം നിയമങ്ങളോട് അടുപ്പം കാണിക്കുന്നത് ആശ്ചര്യകരവുമാണ്. നിലവിലുള്ള അന്യായനിയമങ്ങൾക്കെതിരെ മാത്രമല്ല, വരാനിരിക്കുന്നവക്കെതിരെയും ജനാധിപത്യവാദികൾ ജാഗ്രതയോടെ ഉണർന്നിരിക്കേണ്ടതുണ്ട്.

Show Full Article
TAGS:madhyamam editorial MCOCA isis 
News Summary - madhyamam editorial 01-07-2021
Next Story