റാഗിങ് നിരോധന നിയമം പരിഷ്കരിക്കണം
text_fieldsവിദ്യാർഥികൾക്കിടയിൽ പടരുന്ന ആക്രമണോത്സുകത സമൂഹത്തിൽ വ്യാപക സംവാദമായിത്തീർന്ന സന്ദർഭത്തിലാണ് സംസ്ഥാനത്തെ കലാലയ റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. വ്യക്തികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാത്രമല്ല, സമൂഹത്തെയാകെ അസ്വസ്ഥപ്പെടുത്തുന്നതാണ് റാഗിങ്ങിലെ ക്രൂരതയെന്ന കോടതിയുടെ പരാമർശം എല്ലാവരും അംഗീകരിക്കുന്ന പരമാർഥം തന്നെ. കലാലയങ്ങളിലെ ഹിംസകൾ അതിരുവിടുന്ന പശ്ചാത്തലത്തിൽ 1998ലെ കേരള റാഗിങ് നിരോധന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്നും ഫലപ്രദവും സമഗ്രവുമായ ചട്ടങ്ങൾക്ക് രൂപം നൽകണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ് സമയോചിതമാണ്. 1998ലെ നിയമങ്ങൾക്കനുസൃതമായി ചട്ടങ്ങൾ രൂപവത്കരിക്കാത്തത് റാഗിങ്ങുകളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് തടസ്സമായി എന്ന നിരീക്ഷണം ഭരണസംവിധാനങ്ങളുടെ വീഴ്ചകളിലേക്ക് വെളിച്ചം വീശുന്നു. അതുകൊണ്ട്, 2009ലെ യു.ജി.സിയുടെ മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ച് മാർച്ച് 19ന് മുമ്പായി കർമസമിതിയുണ്ടാക്കാനും ഭേദഗതിക്കാവശ്യമായ കരടുനിർദേശങ്ങൾ സമർപ്പിക്കാനും സർക്കാറിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ജില്ലതല, സംസ്ഥാനതല മേൽനോട്ട സമിതികളുടെയും റാഗിങ് വിരുദ്ധ സമിതികളുടെയും അഞ്ചുവർഷത്തെ പ്രവർത്തന റിപ്പോർട്ട് ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ഡിജിറ്റൽ കാലത്ത് വെബ് സീരീസുകളിലും സിനിമകളിലും ഗെയിമുകളിലും വീണുപോയ കുട്ടികൾ ഹിംസയെ പ്രണയിക്കുന്നു, അവരുടെ ചുറ്റുപാടുകൾ അക്രമോത്സുകതയെ പ്രചോദിപ്പിക്കുന്നു, ലഹരിയുടെ വ്യാപകത്വം കൗമാരക്കാർക്കിടയിൽ ആഴമേറിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു തുടങ്ങിയ വാദങ്ങളുന്നയിച്ച് പുതുതലമുറയെ ആക്ഷേപിക്കുന്നതുകൊണ്ട് മാത്രം വലിയ കാര്യമൊന്നുമില്ല. കലാലയങ്ങളിലെ ആക്രമണങ്ങളും റാഗിങ്ങും തടയുന്നതിൽ ഭരണസംവിധാനങ്ങളുടെ അലസ സമീപനം വലിയ പങ്കുവഹിക്കുന്നുണ്ടെന്നതിന്റെ നേർസാക്ഷ്യമാണ് റാഗിങ് വിരുദ്ധ സമിതികളുടെ കാര്യക്ഷമതയിൽ ഹൈകോടതി പ്രകടിപ്പിച്ച സംശയം. 1998ലെ റാഗിങ് നിരോധന നിയമത്തിന് ഫലപ്രദമായ ചട്ടങ്ങൾ രൂപവത്കരിക്കാൻ 25 കൊല്ലങ്ങൾക്കുശേഷവും സാധിച്ചില്ല എന്ന് കോടതി വ്യക്തമാക്കുമ്പോൾ നാണംകൊണ്ട് എത്ര തലകളാണ് കുനിഞ്ഞുപോകേണ്ടത്. നിയമനിർവഹണത്തിലെ നിസ്സംഗതക്ക് വലിയ വില നൽകേണ്ടിവരുന്നു എന്ന് റാഗിങ് വിധിയിലൂടെ ഹൈകോടതി വീണ്ടും അടിവരയിടുകയാണ്.
നമ്മുടെ നിയമ നടപടിക്രമങ്ങളും കലാലയങ്ങളിലെ സംവിധാനങ്ങളും കുട്ടികളിൽ വളർന്നുവരുന്ന അക്രമപ്രവണതകളെ ചെറുക്കാനും ഇല്ലായ്മ ചെയ്യാനും സഹായകരമാണോ എന്ന ചോദ്യത്തിന് അത്രപോരാ എന്ന ഉത്തരമാണ് ഹൈകോടതി ഇന്നലെ നൽകിയിരിക്കുന്നത്. റാഗിങ് സമിതികളും നിരീക്ഷണ സെല്ലുകളും നിർജീവമാകുന്നതിൽ അധ്യാപകർക്കും കലാലയങ്ങളിലെ രാഷ്ട്രീയ സംഘടനകൾക്കും നിർണായകമായ പങ്കുണ്ട് എന്നത് നിസ്തർക്കമാണ്. കുട്ടികളെ തിരുത്തേണ്ട അധ്യാപകരും സംഘടനാ ഭാരവാഹികളും പ്രതികളുടെ ഒത്താശക്കാരും കുറ്റവാളികളുടെ സംരക്ഷകരുമായി മാറുന്നത് അത്ര രഹസ്യമൊന്നുമല്ല. കഴിഞ്ഞ മാസം റാഗിങ്ങിന്റെ പേരിൽ കുപ്രസിദ്ധമായ കോട്ടയം ഗവ. നഴ്സിങ് കോളജിൽ 2023ലും സമാനമായ റാഗിങ് നടന്നിരുന്നുവെന്നാണ് പുതിയ വാർത്ത. അത് തടയാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും പ്രിൻസിപ്പലും അധ്യാപകരും ശ്രമിച്ചപ്പോൾ അതിന് തടയിടുകയും പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയും അധ്യാപകരെ അവഹേളിക്കുകയും ചെയ്തത് ഭരണവർഗത്തോട് ചേർന്നുനിൽക്കുന്ന സംഘടനാ ഭാരവാഹികൾ നേരിട്ടാണ്. അവർക്ക് നോട്ടീസയച്ചിരിക്കുകയാണ് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ.
നിലനിൽക്കുന്ന രാഷ്ട്രീയ ചുറ്റുപാടിൽ ആ നോട്ടീസിന്റെ പരിണാമഗുപ്തി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. റാഗിങ്ങും വിദ്യാർഥികളുടെ ഹിംസകളും ഇത്രമാത്രം പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന സന്ദർഭത്തിലും പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനെ തുടർന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർഥിന് കാര്യഗൗരവമായ ഒരു ചരമവാർഷിക അനുസ്മരണ പരിപാടിപോലും ആ കലാലയത്തിൽ നടന്നില്ല. അതിന്റെ കാരണങ്ങൾ തേടിയാലും എത്തുന്ന ഉത്തരം കൗമാരക്കാരായ കുറ്റവാളികളെ സംരക്ഷിക്കുന്ന അധികാരത്തിന്റെ ദൂഷിതവലയം കലാലയങ്ങളിൽ വലയം ചെയ്തിട്ടുണ്ട് എന്നതിലാണ്. അത് തകർക്കാതെ, ഇല്ലായ്മ ചെയ്യാതെ റാഗിങ്ങുകളും കലാലയത്തിലെ തല്ലുമാലകളും അവസാനിപ്പിക്കുക അസാധ്യമാണ്.
സഹവർത്തിത്വത്തിന്റെയും സമഭാവനയുടെയും വിശാല ലോകം പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിൽ മുതിർന്നവർ വിജയിക്കുന്നില്ലെന്ന് സമ്മതിച്ചേ തീരൂ. ശിക്ഷണത്തിന്റെയും നിയന്ത്രണത്തിന്റെയും ശരിയായ അർഥം പറഞ്ഞുകൊടുക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾ നമുക്ക് സംഭവിക്കുന്നുണ്ട്. സ്വാതന്ത്ര്യമെന്നത് നിയന്ത്രണരഹിതമായ ജീവിതമല്ല, അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പരിഗണനകളും കരുതലുമൊക്കെ ചേർന്ന ജീവിതസൗന്ദര്യത്തെ ആവിഷ്കരിക്കാനുള്ള, സാമൂഹിക ജീവിയാകാനുള്ള അവകാശത്തിന്റെ പേരാണ്. അതുകൊണ്ട് ഹൈകോടതിയുടെ നിർദേശാനുസൃതം രൂപവത്കരിക്കുന്ന കർമസമിതി അക്കാദമിക പാഠങ്ങളെപ്പോലെ സാമൂഹിക ജീവിതത്തിന്റെ പരിശീലനക്കളരി കൂടിയായ കലാലയങ്ങളെ റാഗിങ്ങുകളുടെ അരങ്ങുകളാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുതകട്ടെ റാഗിങ് വിരുദ്ധ നിയമത്തിലെ ഭേദഗതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.