Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
സുപ്രീ​ംകോടതി വിധിയും സന്തുലിത അവകാശവും
cancel
Homechevron_rightOpinionchevron_rightEditorialchevron_rightസുപ്രീ​ംകോടതി വിധിയും ...

സുപ്രീ​ംകോടതി വിധിയും സന്തുലിത അവകാശവും

text_fields
bookmark_border

പൊതുവഴികളും പൊതു ഇടങ്ങളും അനിശ്ചിതമായി അധീനപ്പെടുത്തിയുള്ള പ്രതിഷേധങ്ങൾ അനുവദിക്കാനാവില്ലെന്നും ജനാധിപത്യവും പ്രതിഷേധവും കൈകോർത്ത്​ നീങ്ങേണ്ടതാണെങ്കിലും പ്രതിഷേധ പ്രകടനപരിപാടികൾ അതിന്​ നിശ്ചയിച്ച സ്​ഥലങ്ങളിൽ പരിമിതപ്പെടണമെന്നും സു​പ്രീംകോടതി വിധിച്ചിരിക്കുന്നു. പാർലമെൻറ്​ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹി ശാഹീൻബാഗിൽ 2019 ഡിസംബർ 14 മുതൽ 2020 മാർച്ചുവരെ നടന്ന സ്​ത്രീകളുടെ അക്രമരഹിത കുത്തിയിരിപ്പു പ്രക്ഷോഭത്തിനെതിരെ അഭിഭാഷകനും വ്യവഹാരിയുമായ അമിത്​ സാഹ്​നി, മുൻ ബി.​ജെ.പി എം.എൽ.എ നന്ദകിഷോർ ഗാർഗ്​ എന്നിവർ സമർപ്പിച്ച ഹരജിയിലാണ്​ ജസ്​റ്റിസുമാരായ എസ്​.കെ. കൗൾ, അനിരുദ്ധ ബോസ്​, ​കൃഷ്​ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചി​െൻറ ഉത്തരവ്​.

പൗരത്വഭേദഗതിക്കെതിരെ ഭരണഘടനാനുസൃതമായ പ്രതിഷേധമായി തുടങ്ങിയ ശാഹീൻബാഗ്​ കൈയടക്കൽ ഒടുവിൽ വഴിയാത്രക്കാർക്ക്​ ഏറെ അസൗകര്യമുണ്ടാക്കുന്ന തരത്തിൽ ​പൊതുറോഡ്​ മുഴുവൻ കൈയടക്കി എന്നു ചൂണ്ടിക്കാട്ടിയ കോടതി മാർഗതടസ്സമൊഴിവാക്കാൻ ഭരണകൂടത്തിന്​ കോടതി ഇടപെടൽ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന്​ കുറ്റപ്പെടുത്തി​. ഇൗ സ്​ഥലമോ, മറ്റു വല്ലയിടമോ പ്രതിഷേധത്തിനുവേണ്ടി കൈയടക്കുന്നത്​ അംഗീകരിക്കാനാവില്ലെന്നും പ്രദേശം കൈയേറി മാർഗതടസ്സം സൃഷ്​ടിച്ചതിനെതിരെ ഭരണസംവിധാനം നടപടിയെ​ട​ുക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇതുമായി ബന്ധപ്പെട്ട ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി പ്രാഥമികനിരീക്ഷണത്തിൽതന്നെ പൊതുഇടങ്ങൾ പ്രക്ഷോഭമുക്തമാക്കണമെന്ന ആവശ്യം കടുപ്പിച്ചിരുന്നു. ​ആളുകൾ എല്ലായിടത്തും പ്രതിഷേധങ്ങൾ നടത്താൻ തുടങ്ങിയാൽ എന്തു സംഭവിക്കും എന്നു കോടതി ചോദിച്ചു. ഇക്കാര്യത്തിൽ പ്രക്ഷോഭക്കാരുമായി സംസാരിക്കാൻ അഭിഭാഷകരായ സഞ്​ജയ്​ ഹെഗ്​ഡെ, സാധന രാമചന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തി. ചർച്ചയെ തുടർന്ന്​ റോഡി​െൻറ ഒരു ഭാഗം ഗതാഗതത്തിനു തുറന്നുകൊടുത്തെങ്കിലും സമരം പിൻവലിക്കാൻ പ്രതിഷേധക്കാർ തയാറായില്ല. ചർച്ചയുടെ വിശദാംശങ്ങൾ മധ്യസ്​ഥർ ഫെബ്രുവരി 24ന്​ മുദ്ര​െവച്ച കവറിൽ കോടതിക്കു കൈമാറി. അതിനിടെ മാർച്ചിൽ കോവിഡ്​ മഹാമാരിയുടെ വ്യാപനം ഡൽഹിയിൽ രൂ​ക്ഷത പ്രാപിച്ചപ്പോൾ മാർച്ച്​ 24ന്​ ഡൽഹി പൊലീസ്​ സമരപ്പന്തൽ പൊളിച്ചുനീക്കി. തുടർന്ന്​ രോഗഭീതിയിൽ സമരം നിർത്തിവെക്കുകയായിരുന്നു.

എന്നാൽ, പ്രതിഷേധത്തിനു കടിഞ്ഞാണിടണമെന്ന​ ആവശ്യത്തിൽ ഹരജിക്കാർ ഉറച്ചുനിന്ന​തിനെ തുടർന്നു കോടതി കേസുമായി മുന്നോട്ടുപോയി. കഴിഞ്ഞ സെപ്​റ്റംബർ 21ന്​ ഹരജിയിൽ അന്തിമവാദം കേൾക്കെ, ഒാരോ സംഭവവും വ്യത്യസ്​തമാകയാൽ പ്രതിഷേധത്തിന്​ ആഗോളതലത്തിൽ ഒരു നയമൊന്നും രൂപവത്​കരിക്കാനാവില്ലെന്നും പ്രതിഷേധത്തിനുള്ള അവകാശവും സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള അവകാശവും തമ്മിൽ ഏറ്റുമുട്ടു​േമ്പാൾ സന്തുലിതസമീപനം വേണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇൗ മുൻനിരീക്ഷണങ്ങൾക്കെല്ലാം അടിവരയിട്ട്​ വഴിതടസ്സം സൃഷ്​ടിച്ചുള്ള പ്രതിഷേധങ്ങൾ സ്വീകാര്യമല്ലെന്ന്​ പരമോന്നത നീതിപീഠം അസന്ദിഗ്​ധമായി വിധി പ്രസ്​താവിച്ചിരിക്കുകയാണിപ്പോൾ​.

നിയമാനുസൃതമായ പ്രതിഷേധം ജനാധിപത്യത്തി​െൻറ അനിവാര്യവും സവിശേഷവുമായ ഗുണമാണ്​. പ്രതിഷേധക്കാർ ഭൂരിപക്ഷമോ ന്യൂനപക്ഷമോ, അവരുയർത്തുന്ന വിഷയം ശരിയോ തെറ്റോ എന്നത്​ പ്രസക്തമല്ല. ഏതു വിഷയത്തിലും അതു ബാധിക്കുന്ന, ഇരകളായവർക്ക്​ അവരുടെ സങ്കടവും രോഷവുമൊക്കെ പ്രകടിപ്പിക്കാനുള്ള അവകാശമാണ്​ ഭരണഘടനയുടെ 19ാം വകുപ്പ്​ അടയാളപ്പെടുത്തുന്നത്​. അതുകൊണ്ടാണ്​ നാളിതുവരെ കീഴ്​കോടതികൾ മുതൽ സുപ്രീംകോടതി വരെ ജനാധിപത്യത്തി​െൻറ ഇൗ മഹത്തായ തത്ത്വം ഉയർത്തിപ്പിടിച്ചു വിധിപ്രസ്​താവങ്ങൾ നടത്തിയത്​. 1972 സെപ്​റ്റംബർ 15ലെ ഹിമ്മത്​ലാൽ കെ. ഷാ/പൊലീസ്​ കമീഷണർ അഹ്​മദാബാദ്​ കേസിൽ, 2011 ജൂൺ അഞ്ചി​െൻറ അണ്ണാ ഹസാരെയുടെ രാംലീല മൈതാൻ പ്രക്ഷോഭ കേസിൽ, 2018 ജൂലൈ 23ന്​ മസ്​ദൂർ കിസാൻ ശക്തി സംഘട​െൻറ ഡൽഹി ജന്തർ മന്തർ പ്രക്ഷോഭ കേസിൽ ഒക്കെ ആവിഷ്​കാരസ്വാതന്ത്ര്യമെന്ന ജനാധിപത്യാവകാശം ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ മഹത്വം വിളംബരപ്പെടുത്തുന്നതെന്ന തരത്തിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ വകവെച്ചുകൊടുക്കുകയായിരുന്നു സുപ്രീംകോടതി.

അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും ധർണയും സമാധാനപരമായ സമരങ്ങളും നടത്താനുമുള്ള അവകാശം ജനാധിപത്യത്തി​െൻറ മൗലികസവിശേഷതയായാണ്​ അന്നൊക്കെ​ പരമോന്നത കോടതി കണ്ടത്​. നമ്മുടേതു പോലുള്ള ഒരു ജനാധിപത്യരാജ്യത്ത്​ സർക്കാർ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെ ജനത്തിന്​ ശബ്​ദമുയർത്താൻ അവകാശമുണ്ട്​. ഗവൺമെൻറ്​ അതിനെ മാനിക്കുകയും അത്തരം അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്​. ആവിഷ്​കാരസ്വാതന്ത്ര്യത്തെ അതി​െൻറ സമഗ്രസ്വഭാവത്തിൽ കണ്ട്​ സഹായിക്കണം. ഗവൺമെൻറി​െൻറ നിയമനിർമാണ, ഭരണനിർവഹണ അധികാരമുപയോഗിച്ച്​ ന്യായമായ നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ്​ ഇത്തരം പൗരാവകാശങ്ങളുടെ കഴുത്തു ഞെരിക്കരുത്​ -രാംലീല കേസിൽ സുപ്രീംകോടതി വിധിച്ചു.

ബുധനാഴ്​ച ശാഹീൻബാഗ്​ കേസിലും പ്രതിഷേധിക്കാനും സംഘം ചേരാനുമൊ​ക്കെ ഭരണഘടന പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കു​േമ്പാൾ അവകാശസംരക്ഷണം സന്തുലിതമായിരിക്കണം എന്നു സുപ്രീംകോടതി ഒാർമിപ്പിക്കുന്നുണ്ട്​. പക്ഷേ, കോടതിവിധിയിൽ ആ സന്തുലനമാണോ അതല്ല, ഇരകളുടെ അവകാശസംരക്ഷണത്തിനു വേണ്ടിയുള്ള സമാധാനപരമായ മുറവിളിപോലും ശല്യമായിക്കാണുന്നവർക്കുള്ള​ മുന്തിയ പരിഗണനയാണോ പ്രതിഫലിക്കുന്നത്​ എന്നതാണ്​ കാതലായ ചോദ്യം.

Show Full Article
TAGS:madhyamam editoial Supreme Court 
Web Title - madhyamam editoial october 8 Supreme Court Judgment and Rights
Next Story