Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവീണ്ടുമൊരു...

വീണ്ടുമൊരു ചാന്ദ്രദൗത്യം

text_fields
bookmark_border
Lunar Mission
cancel


''മാനവരാശിക്ക് പ്രതീക്ഷയും സമാധാനവുമായി നാം വീണ്ടും ഇവിടേക്ക് തിരികെയെത്തുകതന്നെ ചെയ്യും'' -ഏകദേശം മൂന്നു ദിവസത്തിനടുത്ത് ചന്ദ്രോപരിതലത്തിൽ ചെലവഴിച്ച് ഭൂമിയിലേക്ക് മടങ്ങവെ യാത്രികരിലൊരാളായ യൂജീൻ കെർമാന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. മനുഷ്യനെ ചന്ദ്രനിലെത്തിച്ച നാസയുടെ 'അപ്പോളോ' ദൗത്യത്തിലെ അവസാന യാത്രികരായിരുന്നു കെർമാനും ഹാരിസൺ ഷ്മിറ്റും. ആ ദിവസങ്ങളിൽ അവർ ചാന്ദ്രവാഹനത്തിൽ (ലൂണാർ റോവർ) ഏതാണ്ട് 30 കിലോമീറ്റർ സഞ്ചരിച്ച് 100 കിലോയിലധികം പാറക്കല്ലും മണ്ണും ശേഖരിച്ചു; അവർക്കൊപ്പം അവയും ഭൂമിയിലെത്തി.

അതോടെ, ബഹിരാകാശ പര്യവേക്ഷണത്തിലെ ഒരു യുഗം അവസാനിക്കുകയാണ്. ആ ചരിത്രസംഭവത്തിന്റെ അമ്പതാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയൊരു ദൗത്യത്തിന്റെ വിജയവഴിയിലാണ് നാസ. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പുതിയൊരു പര്യവേക്ഷണപദ്ധതിക്ക് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി തുടക്കമിട്ടിരിക്കുന്നു. ആർട്ടിമിസ് എന്നാണ് ദൗത്യത്തിന് നാമകരണം ചെയ്തിരിക്കുന്നത്.

യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ എയ്റോസ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി പുരോഗമിക്കുന്ന ദൗത്യത്തിന്റെ ആദ്യഘട്ടം (ആർട്ടിമിസ്-1) ഏറക്കുറെ സമ്പൂർണമായിത്തന്നെ വിജയിച്ചിരിക്കുന്നു. നവംബർ 16ന് ഒറിയോൺ എന്ന ബഹിരാകാശപേടകവുമായി കുതിച്ച എസ്.എൽ.എസ് റോക്കറ്റ് കഴിഞ്ഞദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.

ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം ഒമ്പതിനായിരം കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന ഒറിയോണിൽനിന്നുള്ള വിവിധ ചിത്രങ്ങളും നാസ പുറത്തുവിട്ടു. കെർമാനും ഹാരിസൺ ഷ്മിറ്റും ചന്ദ്രനിൽനിന്ന് മടങ്ങിയ അതേ ദിവസംതന്നെയായിരിക്കും (ഡിസംബർ 11) ഒറിയോണിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയെന്നത് യാദൃച്ഛികമെങ്കിലും ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയുമെല്ലാം പല കൗതുകങ്ങളും അവയിൽ ഒളിഞ്ഞിരിപ്പുണ്ട്.

രണ്ടു വർഷത്തിനുള്ളിൽതന്നെ ആർട്ടിമിസ്-2 ദൗത്യവും യാഥാർഥ്യമാകുമെന്നാണ് നാസയുടെ വിശദീകരണം. ഇതിന്റെ ഭാഗമായി പുറപ്പെടുന്ന ഒറിയോൺ പേടകത്തിൽ നാലു യാത്രികരുണ്ടായിരിക്കും. എന്നാൽ, ഇവർ ചന്ദ്രനിലിറങ്ങില്ല; തൊട്ടടുത്ത വർഷം പുറപ്പെടുന്ന ഒറിയോണിലെ (ആർട്ടിമിസ്-3) യാത്രികർക്കായിരിക്കും അതിനുള്ള ഭാഗ്യം സിദ്ധിക്കുക. അതിനുശേഷമുള്ള ആർട്ടിമിസ്-4, ചാന്ദ്രഭ്രമണപഥത്തിൽ ഒരു ബഹിരാകാശ നിരീക്ഷണശാല സ്ഥാപിക്കാനുള്ള സാമഗ്രികളുമായാണ് പുറപ്പെടുക.

ഭൗമേതര ലോകത്ത് ആദ്യമായി ഒരു നിരീക്ഷണാലയം സ്ഥാപിക്കുക എന്നതുകൂടിയാണ് ആർട്ടിമിസിന്റെ ദൗത്യമെന്ന് സാരം. 2030ഓടെ, ബഹിരാകാശ യാത്രികരുടെ സ്ഥിരം കേന്ദ്രമായി ചാന്ദ്രപരിസരത്തെ മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒറിയോൺ സ്പേസ് പ്രോഗ്രാം മേധാവി ഹവാർഡ് ഹ്യൂ കഴിഞ്ഞദിവസം പ്രസ്താവിക്കുകയുണ്ടായി. ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോങ് പറഞ്ഞതുപോലെ, മാനവരാശിക്ക് വലിയൊരു കുതിച്ചുചാട്ടത്തിന് 'ആർട്ടിമിസ്' ദൗത്യവും വഴിയൊരുക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

അതെന്തായാലും, അരനൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം മനുഷ്യന്റെ ചാന്ദ്രയാത്ര പുനരാരംഭിക്കാൻ പോവുകയാണ്. ആദ്യ ചാന്ദ്രദൗത്യത്തിന് ശീതയുദ്ധത്തിന്റേ രാഷ്ട്രീയ പശ്ചാത്തലംകൂടിയുണ്ടായിരുന്നു. അന്ന് അമേരിക്കയുടെ 'അപ്പോളോ' മാത്രമല്ല ചന്ദ്രനിലേക്കു കുതിച്ചത്; സോവിയറ്റ് യൂനിയന്റെ സോയൂസും ലൂണയുമെല്ലാം ആ മത്സരത്തിൽ പങ്കാളിയായിരുന്നു. മത്സരങ്ങൾ കേവല ചാന്ദ്രയാത്രയിൽ പരിമിതവുമായിരുന്നില്ല. ഭൂമിയിലെ രണ്ടു വൻശക്തികൾ തമ്മിലുള്ള പോര് ആകാശത്തേക്കും വ്യാപിക്കുകയായിരുന്നുവെന്നതാണ് ശരി. ആ 'സ്പേസ് റേസി'ൽ അമേരിക്കയും നാസയുമാണ് വിജയിച്ചത്.

ആ വിജയത്തിന്റെ അകമ്പടിയായി മനുഷ്യൻ ചന്ദ്രനിലെത്തി; ചൊവ്വയിൽ മനുഷ്യനിർമിത റോബോട്ടുകളും വാഹനങ്ങളുമെത്തി; ഭൂമിക്കുപുറത്ത് ബഹിരാകാശനിലയങ്ങൾ സ്ഥാപിക്കപ്പെട്ടു; അവിടേക്ക് ഗവേഷകർ തുടർച്ചയായി യാത്ര പോയി. ഈ അന്വേഷണങ്ങളും യാത്രകളും പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ അറിവുകൾ പങ്കുവെച്ചു; ഭൗമസമാനമായ പതിനായിരക്കണക്കിന് ഗ്രഹങ്ങളെ കണ്ടെത്തി; പ്രവിശാലമായ പ്രപഞ്ചത്തിൽ മനുഷ്യൻ ഒറ്റക്കല്ല എന്ന സംശയത്തെ ഈ കണ്ടെത്തലുകൾ ബലപ്പെടുത്തി. അറ്റമില്ലാത്ത ഈ അറിവുകളത്രയും മാനവകുലത്തിന് സമ്മാനിച്ചത് ഭൂമിക്കു പുറത്തേക്കുള്ള യാത്രകളിലൂടെയാണ്. ആ യാത്രകളെ ജനപ്രിയമാക്കിയ ചാന്ദ്രപര്യവേക്ഷണമാണ് ഗവേഷക ലോകം പുനരാരംഭിച്ചിരിക്കുന്നത്.

ഈ പുതുയാത്രക്കുമുണ്ട് മറ്റൊരു രാഷ്ട്രീയ പശ്ചാത്തലം. വൻശക്തി രാഷ്ട്രങ്ങളുടെ പുതിയൊരു ബലപരീക്ഷണംകൂടിയാണ് ഈ യാത്രകൾ. പുതിയ 'സ്പേസ് റേസി'ൽ അമേരിക്കക്ക് ഏകപക്ഷീയമായ മുന്നേറ്റം അത്രകണ്ട് സാധ്യമല്ല. പല രാജ്യങ്ങളുടെയും സഹായത്തോടുകൂടി മാത്രമേ ഇതുപോലുള്ള വലിയ ദൗത്യങ്ങൾ സാധ്യമാകൂ. മറുവശത്തുള്ള ചൈനയാകട്ടെ, ബഹിരാകാശത്ത് മറ്റൊരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. തിയാങ്ഗോങ് എന്ന പേരിൽ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിച്ച ചൈന കഴിഞ്ഞവർഷം ജൂണിൽ അവിടേക്ക് മൂന്നു യാത്രികരെ സുരക്ഷിതമായി എത്തിച്ചു. ദിവസങ്ങളുടെ പരീക്ഷണ-നിരീക്ഷണങ്ങൾക്കുശേഷം അവർ ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു. മറ്റനേകം ദൗത്യങ്ങളിലും ചൈന വിജയവഴിയിലാണ്.

അവരുടെ ചൊവ്വാപര്യവേക്ഷണ വാഹനമായ തിയാൻവെൻ, 2021ൽ ചുവന്നഗ്രഹത്തിലൊരു റോബോട്ടിക് വാഹനത്തെ ഇറക്കി. 2020 ഡിസംബറിൽ അവരുടെ ഷാങ്ങെ-5 എന്ന പേടകം ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ഭൂമിയിലെത്തിക്കുകയുമുണ്ടായി. കെർമാനും ഹാരിസൺ ഷ്മിറ്റും മടങ്ങിയതിൽപിന്നെ ആദ്യമായിട്ടാണ് ഒരു രാജ്യം ചന്ദ്രനിൽനിന്നുള്ള വസ്തുക്കൾ ഭൂമിയിലെത്തിക്കുന്നത്. ചുരുക്കത്തിൽ, ആർട്ടിമിസ് കുതിച്ചുപായുന്നത് പുതിയ അറിവുകളിലേക്കു മാത്രമല്ല; അപ്രവചനീയമായ പുതിയൊരു 'യുദ്ധ'ത്തിലേക്കുകൂടിയാണ്. ഈ മത്സരമൊക്കെ പ്രപഞ്ചത്തെക്കുറിച്ചുള്ള പുത്തനറിവുകൾ മാനവകുലത്തിന് സമ്മാനിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ശാസ്ത്രവും സാങ്കേതികവിദ്യയും സമ്മാനിക്കുന്ന ഈ അറിവുകൾ മനുഷ്യൻ എങ്ങനെയായിരിക്കും ഉപയോഗിക്കുക എന്നു മാത്രമേ അറിയേണ്ടതുള്ളൂ.

Show Full Article
TAGS:Lunar Mission 
News Summary - Lunar Mission
Next Story