Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവയറ്റത്തടിക്കലല്ല...

വയറ്റത്തടിക്കലല്ല ഹീറോയിസം

text_fields
bookmark_border
വയറ്റത്തടിക്കലല്ല ഹീറോയിസം
cancel

മടിയോ മഴയോ വെയിലോ മൂലം വീട്ടിൽനിന്നോ ജോലിസ്ഥലത്തുനിന്നോ പുറത്തിറങ്ങാനാവാത്ത സന്ദർഭത്തിൽ പകലാവട്ടെ രാത്രിയാവട്ടെ മൊബൈൽ ഫോണിലെ ആപ് ഓർഡർ വഴി ചെയ്താൽ നിമിഷ നേരംകൊണ്ട് ഭക്ഷണം പടിവാതിലിൽ എത്തിക്കുന്നു വിവിധ ഫുഡ് ഡെലിവറി കമ്പനികൾക്കുവേണ്ടി പ്രവർത്തിക്കുന്ന താൽക്കാലിക ജീവനക്കാർ. ഭക്ഷണം മാത്രമല്ല, മരുന്നും പാലും പലവ്യഞ്ജനങ്ങളുമുൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കൾക്കായും ആയിരക്കണക്കിന് ഉപഭോക്താക്കൾ ദിനേന ആശ്രയിക്കുന്നത് ഇത്തരം ഗിഗ് തൊഴിലാളികളെയാണ്. പെരുമഴയും പൊരിവെയിലും റോഡുകളിലെ ഗതാഗതക്കുരുക്കും കുണ്ടുംകുഴികളും താണ്ടി വീട്ടുപടിക്കലേക്ക് ഓടിയെത്തുന്ന ഈ മനുഷ്യരുംകൂടി ചേർന്നാണ് നമ്മുടെ ജീവിതത്തിന്റെ ക്ലോക്ക് സമയം തെറ്റാതെ ചലിപ്പിക്കുന്നത്.

വമ്പൻ ഡെലിവറി കമ്പനികളുടെ പേരുപതിച്ച ടിഷർട്ടും തൊപ്പിയും ധരിച്ച് നമുക്ക് മുന്നിലെത്തുന്ന ഇവർ തുച്ഛമായ ശമ്പളത്തിൽ, ഒരു ആനുകൂല്യങ്ങളും തൊഴിൽ സുരക്ഷയുമില്ലാതെയാണ് തൊഴിലെടുക്കുന്നത്. സ്വതേ തൊഴിലില്ലായ്മ രൂക്ഷമായ നമ്മുടെ രാജ്യത്ത് കോവിഡാനന്തരം വർധിച്ച തൊഴിൽ-വരുമാന നഷ്ടമാണ് പലരെയും ഈ മേഖലയിലെ ജോലി തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കിയത്. പഠനത്തിനും താമസത്തിനുമുള്ള പണം കണ്ടെത്താൻ പെൺകുട്ടികളുൾപ്പെടെ ഒട്ടേറെ വിദ്യാർഥികളും ഈ മേഖലയിലേക്ക് കടന്നുവരുന്നു. മറ്റൊരാളുടെയും ഔദാര്യം തേടാതെ, പ്രത്യക്ഷത്തിലുള്ള തൊഴിലുടമയുടെ കാർക്കശ്യം ഭയക്കാതെ സ്വാഭിമാനത്തോടെ ജോലി ചെയ്ത് ചെറിയൊരു വരുമാനം നേടാൻ ആഗ്രഹിക്കുന്നവർ മുതൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബത്തെ പോറ്റാനുള്ള വക കണ്ടെത്താനുള്ളവരും വിമുക്ത ഭടന്മാരുൾപ്പെടെ മുതിർന്ന പൗരന്മാരും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ മുൻ പ്രവാസികളുമെല്ലാം ഈ രംഗത്തുണ്ട്. വേതനം വെട്ടിക്കുറക്കലും തൊഴിൽ ചെയ്യുന്നതിനിടെ റസ്റ്റാറന്റുകളിൽനിന്നും ഇടപാടുകാരിൽനിന്നും മറ്റും അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമെല്ലാം പ്രത്യേകമായിത്തന്നെ വിശദമാക്കേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം ഈ രംഗത്ത് നിലനിൽക്കെത്തന്നെ 77 ലക്ഷം ഗിഗ് തൊഴിലാളികളാണ് ഇന്ത്യയിലുള്ളത് എന്നാണ് നിതി ആയോഗിന്റെ കണക്ക്. 2029-30 വർഷം അത് 200 ശതമാനം വർധിച്ച് 23.5 ദശലക്ഷമാകും.

രാജ്യത്തെ വലിയൊരു തൊഴിൽസേനയായി മാറിക്കഴിഞ്ഞ ഈ മനുഷ്യരെക്കുറിച്ച് തീർച്ചയായും മാധ്യമങ്ങൾ വാർത്തയും പൊതുസമൂഹം ചർച്ചയും ചെയ്യേണ്ടതുണ്ട്; അവർ അനുഭവിക്കുന്ന വേദനകളെയും യാതനകളെയും സംബന്ധിച്ച്, അവർ കാണുന്ന നിറമുള്ള സ്വപ്നങ്ങളെക്കുറിച്ച്, അവരുടെ പിടിച്ചുപറിക്കപ്പെടുന്ന അവകാശങ്ങളെക്കുറിച്ച്, പ്രളയക്കെടുതിക്കിടയിലും അവധിയെടുക്കാതെ വെള്ളക്കെട്ടുകൾ മുറിച്ചുകടന്ന് നഗരത്തിന്റെ വിശപ്പാറ്റിയ സ്നേഹത്തെക്കുറിച്ച്, രാജസ്ഥാനിലെ അശോക് ഗഹ് ലോട്ട് സർക്കാർ ആവിഷ്കരിച്ചതുപോലൊരു സാമൂഹിക സുരക്ഷ നിയമം കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി...

എന്നാൽ, ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഈ തൊഴിലാളികളെയും അവരുടെ തൊഴിൽ രീതിയെയും സംബന്ധിച്ച് അപസർപ്പക കഥകൾ ചമച്ച് സമൂഹത്തിൽ അപരവത്കരിക്കാനാണ് ചില മാധ്യമങ്ങൾക്കും അവരുടെ കൂട്ടാളികൾക്കും തിടുക്കം. ഫൂഡ് ഡെലിവറി സേവനത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്തുന്നു എന്ന കിംവദന്തിയെ അന്വേഷണാത്മക റിപ്പോർട്ട് എന്ന നാട്യേന പുറത്തുവിട്ട് ഈ സാധുമനുഷ്യരെ ആൾക്കൂട്ട വിചാരണക്ക് എറിഞ്ഞുകൊടുക്കുന്നതിനെ ദയവായി മാധ്യമപ്രവർത്തനം എന്ന് വിളിക്കരുത്. ഒരുകാലത്ത് ഇത്തരം മാധ്യമ വിചാരണകളും മുൻവിധികളുംമൂലം വേട്ടയാടപ്പെട്ടിരുന്നത് നമ്മുടെ ജീവിതം സുഗമമാക്കാനും വീടുകൾ കെട്ടിപ്പടുക്കാനും മാലിന്യങ്ങൾ നീക്കാനും എല്ലുമുറിയെ പണിപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി ഇഴുകിച്ചേർന്നുകഴിഞ്ഞിട്ടും അവർക്ക് നേരെയുള്ള മലയാളിയുടെ നോട്ടത്തിന് സംശയത്തിന്റെ കൂർത്തമുനയുണ്ട്. ഉന്തുവണ്ടിക്കച്ചവടക്കാരും തട്ടുകടക്കാരുമെല്ലാം ഏറിയും കുറഞ്ഞും ഇത്തരം കുറ്റവാളി ചാപ്പകുത്തിന് ഇരയായവരാണ്.

ഗിഗ് തൊഴിലാളികളിൽ ആരെങ്കിലും ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ സേവനം എവിടെയെങ്കിലും തെറ്റായ കാര്യത്തിന് ദുരുപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ സംഭവമാണ് സംബോധന ചെയ്യേണ്ടത്, അല്ലാതെ ഈ മനുഷ്യർക്കൊന്നാകെ കുറ്റവാളിമുദ്ര ചാർത്തുകയല്ല. മാധ്യമ പ്രവർത്തകരിൽ ആരെങ്കിലുമൊരാൾ ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടുവെന്ന ആരോപണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർ അപ്പാടെ ക്രിമിനലുകളാണെന്ന് ചില തൽപരകക്ഷികൾ ആക്ഷേപിക്കുന്നതിനെ നാം വകവെച്ചുകൊടുക്കാറില്ലല്ലോ.

ഗിഗ് തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനുവേണ്ടി സംസാരിക്കാൻ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തണമെന്ന് പൊതുസമൂഹത്തോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു, ഒപ്പം അവരുടെ സാമൂഹിക സുരക്ഷക്ക് ഉതകുന്ന നിയമനിർമാണത്തിന് മുൻകൈയെടുക്കണമെന്ന് സംസ്ഥാന സർക്കാറിനോടും അഭ്യർഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialFood Delivery
News Summary - Life of Food Delivery Workers
Next Story