Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആനവലുപ്പത്തിൽ

ആനവലുപ്പത്തിൽ കള്ളങ്ങൾ

text_fields
bookmark_border
ആനവലുപ്പത്തിൽ കള്ളങ്ങൾ
cancel

‘മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ നോക്കൂ. സാമുദായികസംഘട്ടനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സ്​ഥലമാണത്. ഒരു പക്ഷേ, രാജ്യത്തെ ഏറ്റവും അപകടം പിടിച്ച ജില്ലയായിരിക്കും അത്. എല്ലാ ദിവസവും അവിടെ എന്തെങ്കിലും നടന്നിരിക്കും. അവർ ഒരുപാട് സ്​ത്രീകളെ കൊന്നുകളഞ്ഞിട്ടുണ്ട്. അവർ ഹിന്ദു-മുസ്​ലിം സംഘർഷമുണ്ടാക്കുന്നു. ആളുകളുടെ കൈകൾ വെട്ടിമാറ്റുന്നു. മലപ്പുറത്തെ സ്​ഥിതിഗതികൾ അത്യധികം ഭയാനകമാണ്. കേരള സർക്കാറിനുതന്നെ മലപ്പുറത്തെ പേടിയാണ് എന്നാണ് തോന്നുന്നത്. അതിനാൽ, അവർ ഒരു നടപടിയും എടുക്കുന്നില്ല. ഭരണരംഗത്തെ ഏറ്റവും ദുർബലരായ ആളുകളെയാണ് മലപ്പുറത്തേക്ക് നിശ്ചയിക്കുന്നത്’ -പ്രമുഖ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി ജൂൺ മൂന്നിന് വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഇക്കാര്യങ്ങൾ.

ഈ പ്രസ്​താവനയെ വിപുലീകരിച്ച് ‘ഇന്ത്യ ടുഡേ’ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ ഇത്രകൂടി പറഞ്ഞു: ‘കുറ്റവാളികൾക്ക് കൈതച്ചക്കയിൽ ബോംബ് വെക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അതി​െൻറ അർഥം അത് പ്രഫഷനൽ ബോംബാണ് എന്നതാണ്. നിങ്ങൾക്കോ എനിക്കോ വീടുകളിലിരുന്ന് പ്രഫഷനൽ ബോംബ് ഉണ്ടാക്കാൻ പറ്റില്ല. അങ്ങനെയുണ്ടാക്കിയാൽ നമ്മൾതന്നെ ചത്തുപോവും. ഇതി​െൻറയർഥം, മലപ്പുറത്ത് ഒന്നോ രണ്ടോ സ്​ഥലങ്ങളിൽ റൂമിലിരുന്ന് ബോംബുകളുണ്ടാക്കാനുള്ള സംവിധാനമുണ്ട് എന്നാണ്. ഇന്ന് അവർ അത് ആനക്കെതിരെ ഉപയോഗിച്ചു. നാളെ അവർ ആ ബോംബുകൾ മനുഷ്യർക്കു നേരെ ഉപയോഗിക്കും.’ വസ്​തുതാവിരുദ്ധത, പച്ചക്കള്ളം, അപരവിദ്വേഷം എന്നിവയുടെ വിഷപ്രവാഹം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രസ്​താവനകൾ വന്നത് ഏതെങ്കിലും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലല്ല. മറിച്ച്, ബി.ജെ.പിയുടെ ദേശീയ നേതാക്കളിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായ ഒരാൾ കാമറക്ക് മുന്നിൽ വന്ന് ആവർത്തിച്ച് പ്രസ്​താവിച്ചതാണ്. ​േമനക ഗാന്ധിയുടെ പ്രസ്​താവനക്കുശേഷം, മലപ്പുറത്തെ ആനക്കൊലക്ക് പിന്നിൽ പ്രവർത്തിച്ച ഒരാളെയും വെറുതെ വിടില്ല എന്ന പ്രസ്​താവനയുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്​ദേക്കറും രംഗത്തെത്തി. 

മലപ്പുറത്തെ അങ്ങേയറ്റം നീചമായി ചിത്രീകരിക്കുന്ന പ്രസ്​താവനയുടെ പ്രകോപനമാണ് കൗതുകകരം. സ്​ഫോടകവസ്​തുക്കൾ നിറച്ച കൈതച്ചക്ക കഴിച്ചതിനെ തുടർന്നുണ്ടായ പരിക്കുകൾ കാരണം ഗർഭിണിയായ ഒരു ആന മേയ് 27ന് ചരിഞ്ഞിരുന്നു. വേദനയും പട്ടിണിയും ഏറെ സഹിച്ചാണ് ആ മിണ്ടാപ്രാണി ജീവൻ വെടിഞ്ഞത്. ആന കൊല്ലപ്പെട്ടതിന് മലപ്പുറത്തെ തെറി പറയുന്നതെന്തിനാണ് എന്നത് ആർക്കുമുണ്ടാവുന്ന സ്വാഭാവിക സംശയമാണ്. ഇന്ത്യയിൽ ആനകളുള്ള മിക്കയിടങ്ങളിലും അവക്ക് നേരെയുള്ള അതിക്രമങ്ങളും നടക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ അങ്ങനെയൊന്ന് നടന്നാൽ അതിന് ജില്ലക്കാരെ മുഴുവൻ ചീത്തപറയുകയും അങ്ങേയറ്റം വിഷലിപ്തമായ പ്രചാരണം നടത്തുകയും ചെയ്യുന്നതി​െൻറ ലക്ഷ്യമെന്താണ്? ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം, ഈ ആനസംഭവം നടന്നിരിക്കുന്നത് മലപ്പുറം ജില്ലയിലല്ല; പാലക്കാട് ജില്ലയിലെ തിരുവഴാംകുന്നിലാണ് എന്നതാണ്. പാലക്കാട് ജില്ലയിൽ നടന്ന ഒരു സംഭവ​െത്ത മലപ്പുറത്തുകാരുടെ പിടലിക്കിട്ട് അതി​െൻറ പേരിൽ ആ നാടിനെയും നാട്ടുകാരെയും പൈശാചികവത്കരിക്കുന്ന പ്രചാരണങ്ങൾ നടത്തുക; അതിന് മുൻ കേന്ദ്രമന്ത്രിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും നേതൃത്വം നൽകുക എന്ന അങ്ങേയറ്റം അപലപനീയമായ കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്.

വലിയ മൃഗസ്​നേഹിയായി അറിയപ്പെടുന്നയാളാണ് മേനക ഗാന്ധി. മൃഗസ്​നേഹം നാട്ടുകാരെ അറിയിക്കാനായി സംഘടനയും നടത്തുന്നുണ്ട് അവർ. യഥാർഥത്തിൽതന്നെ അവർ മൃഗസ്​നേഹിയാണോ എന്ന് നമുക്കറിയില്ല. പക്ഷേ, അവർ പ്രകടമായും സ്​പഷ്​ടമായും മനുഷ്യവിരുദ്ധയാണ് എന്നതിൽ സംശയമില്ല. മേനകയും ജാവ്​ദേക്കറും തുടങ്ങിവെച്ച മലപ്പുറം വിരുദ്ധത മുസ്​ലിം വിരുദ്ധതയായി മാറ്റിയെടുക്കാൻ വളരെ പെട്ടെന്നുതന്നെ സംഘ്​പരിവാർ സോഷ്യൽ മീഡിയ ടീമിന് സാധിച്ചു. ഉത്തരേന്ത്യൻ മാധ്യമങ്ങൾ പലതും ഈ വിദ്വേഷ കാമ്പയിൻ ഏറ്റെടുത്തു. കോവിഡ് മഹാമാരിയെ തബ്​ലീഗുമായി ബന്ധപ്പെടുത്തി മുസ്​ലിം വിരുദ്ധത പടർത്തിയ സംഘം ആനക്കള്ളങ്ങൾ എഴുന്നള്ളിച്ച് മുസ്​ലിം വിരുദ്ധ വിഷപ്രചാരണത്തി​െൻറ പ്രളയം സൃഷ്​ടിക്കുന്നതാണ് പിന്നീട് കണ്ടത്.

മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പ്രചാരണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിദ്യാഭ്യാസവും സംസ്​കാരവുമില്ലാത്ത മനുഷ്യർ പാർക്കുന്നയിടം എന്നതായിരുന്നു ആ ജില്ലയെക്കുറിച്ച് മുമ്പുള്ള പൊതുബോധം. അവിടത്തെ കുട്ടികൾ പഠിക്കാനും മുന്നേറാനും തുടങ്ങിയപ്പോൾ അത് കോപ്പിയടിച്ച് നേടുന്ന വിജയമാണ് എന്നതായി പ്രചാരണം. തലമുതിർന്ന കമ്യൂണിസ്​റ്റായ വി.എസ്​. അച്യുതാനന്ദനാണ് ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലക്കാരൻതന്നെയായ ഇപ്പോഴത്തെ എൽ.ഡി.എഫ് കൺവീനർ വർഗീയമുന വെച്ചുള്ള മലപ്പുറം വിരുദ്ധ പ്രചാരണത്തിൽ പ്രത്യേക പ്രാവീണ്യം ലഭിച്ചയാളാണ്. അങ്ങനെ ഇടത്തും വലത്തുമുള്ള സങ്കുചിത മനസ്​കർ എപ്പോഴും അലർജിയോടുകൂടിമാത്രം കേൾക്കുന്ന പേരാണ് മലപ്പുറം എന്നത്.

മുസ്​ലിംകൾ ഭൂരിപക്ഷമായ ജില്ലയായിപ്പോയി എന്നതുമാത്രമാണ് ആ ജില്ലയുടെ കുഴപ്പം. അതായത്, 14 ജില്ലകളുള്ള ഒരു സംസ്​ഥാനത്ത് ഒരു ജില്ലയിൽ മുസ്​ലിംകൾ എണ്ണത്തിൽ അൽപം കൂടിപ്പോയാൽ അതുപോലും അംഗീകരിക്കാനും സഹിക്കാനുമുള്ള ത്രാണി നമ്മുടെ മുഖ്യധാരക്കില്ല എന്നതാണ് വാസ്​തവം. ഈ മാനസികാവസ്​ഥയെ കുടഞ്ഞു തെറിപ്പിക്കുക എന്നതാണ് അടിസ്​ഥാനപരമായി സംഭവിക്കേണ്ടത്. എന്നാൽ,  അത് അത്ര എളുപ്പമല്ല. കാരണം, അത്രയധികം ആഴത്തിൽ പതിഞ്ഞ ബോധവുമായാണ് ഈ കൂട്ടർ ജീവിക്കുന്നത്. പുതിയ വിവാദങ്ങൾ മൃഗസ്​നേഹമോ പരിസ്​ഥിതി പ്രണയമോ ഒന്നുമല്ല. ആഴത്തിൽ വേരോടിയ മുസ്​ലിം വിരുദ്ധത മാത്രമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka Gandhiprakash javadekarElephant Deathmalayalam EditorialMalappuram News
News Summary - lies in elephant size- editorial
Next Story