ഇനിയെങ്കിലും ഗസ്സയെ ചേർത്തുപിടിക്കണം
text_fieldsപശ്ചിമേഷ്യയെ 16 മാസം സംഘർഷഭരിതമാക്കുകയും ആഗോളതലത്തിൽതന്നെ ചോദ്യചിഹ്നമായി മാറുകയും ചെയ്ത ഗസ്സ യുദ്ധം, കഴിഞ്ഞ ഞായറാഴ്ച നിലവിൽ വന്ന വെടിനിർത്തലിന്റെ ഒന്നാം ഘട്ടത്തിലൂടെ താൽക്കാലിക ശമനത്തിലെത്തി എന്നുപറയാം. അടുത്ത ഘട്ടം പിന്നിട്ടാൽ ഗസ്സയുടെ പുനർനിർമാണം എന്ന ബൃഹത്തായ അജണ്ടയിലേക്ക് കടക്കുകയായി.
അതിനിടയിൽ ഇസ്രായേൽ കരാർ അപകടത്തിലാക്കിയാലുണ്ടാകാവുന്ന പ്രവചനാതീതമായ സാഹചര്യം തൽക്കാലം മാറ്റി നിർത്താം. അമേരിക്കയിൽ ഡോണൾഡ് ട്രംപ് വീണ്ടും സ്ഥാനമേറ്റ ശേഷം ഗസ്സയുടെ പുനർനിർമാണത്തിന്റെ ആവശ്യകത പരാമർശിച്ചതിനൊപ്പം യുദ്ധവിരാമം നിലനിൽക്കുമോ എന്ന സംശയംകൂടി പ്രകടിപ്പിച്ചിരുന്നു. അതെന്തായാലും അതിദുഷ്കര സാഹചര്യങ്ങളിൽ കഴിയുന്ന മൂന്നു ദശലക്ഷത്തിനടുത്ത് അഭയാർഥികളെ കൈയുംകെട്ടി നോക്കിനിൽക്കാൻ ഇനി ലോകസമൂഹത്തിന് സാധ്യമല്ല.
എന്നാണ് പുനർനിർമാണ പ്രക്രിയ തുടങ്ങാനാവുക? അതിൽ ഇസ്രായേലിന്റെ പങ്കെന്താവും? ഗസ്സയുടെ ഭരണം ഇനി എവ്വിധമാവും? ഇതിനകം നിശ്ചലമായ ഫലസ്തീൻ അതോറിറ്റിയുടെ തുടർച്ച എന്താവും? ഫലത്തിൽ ഗസ്സയെ നിയന്ത്രിക്കുന്ന ഹമാസിന്റെ പങ്ക് ഇനി എങ്ങനെയാവും തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ടെങ്കിലും പ്രഥമപ്രധാനം ഗസ്സ എന്ന ഭൂഭാഗത്തിന്റെ മനുഷ്യവാസ യോഗ്യമായ പുനർനിർമാണംതന്നെ. അതിനു മുന്നോടിയായി ആ ഭൂപ്രദേശത്തെ നാശാവശിഷ്ടങ്ങൾ മുഴുവൻ നീക്കം ചെയ്യേണ്ടതുണ്ട്.
അതിഭീകരമായ ആൾനാശവും വസ്തുനാശവുമാണ് ഗസ്സയിൽ സംഭവിച്ചത്. ഇസ്രായേൽ ബോംബിട്ടു തകർത്ത കെട്ടിടാവശിഷ്ടങ്ങൾതന്നെ 42 മില്യൺ ടൺ വരും. യു.എന്നിന്റെ കണക്കനുസരിച്ച് അവ നീക്കം ചെയ്യാൻ 10 വർഷത്തിലധികമെടുക്കും. അതിനു മാത്രം ഏതാണ്ട് 1.2 ബില്യൺ ഡോളർ തുക ചെലവിടുകയും വേണം.
ഗസ്സയിലെ 70 ശതമാനത്തോളം കെട്ടിടങ്ങളും തകർന്ന നിലയിലാണ്. വീടുകളുടെ 90 ശതമാനവും ഇല്ലാതായിക്കഴിഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരത്തോളം മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ജോലിയും ബാക്കിയുണ്ട്. റോഡുകളുടെ 68 ശതമാനവും ഏതാണ്ട് തകർന്നനിലയിലാണ്. മൊത്തം പുനർനിർമാണ പദ്ധതിക്ക് 50 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് യു.എൻ മതിപ്പ്.
ആരോഗ്യ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയെന്ന അടിയന്തരലക്ഷ്യം പൂർത്തീകരിക്കാൻതന്നെ ആറേഴു വർഷവും 10 ബില്യൺ ഡോളറും വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം. ഇതിനു പുറമെ, 136 സ്കൂളുകളും സർവകലാശാലകളും 200 സർക്കാർ സ്ഥാപനങ്ങളും 800ൽ പരം പള്ളികളും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഈ പണം എവിടെനിന്ന് എങ്ങനെ കണ്ടെത്തുമെന്ന പ്രശ്നത്തിന് പുറമെ, അതിന്റെ നിയന്ത്രണവും നിർവഹണവും ഏതു സംവിധാനത്തിൻ കീഴിലാവുമെന്ന കാര്യവും തീർപ്പാക്കാനുണ്ട്.
ഗസ്സയുടെ 23 ലക്ഷം ജനസംഖ്യയിൽ 19 ലക്ഷം അഭയാർഥികളായിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഗണ്യമായി കുറഞ്ഞു. ഉദാഹരണമായി കഴിഞ്ഞ മാസം യു.എൻ മാനുഷികസഹായ കാര്യാലയത്തിന്റെ കണക്കിൽ ജല വിതരണം 2023 ഒക്ടോബർ ഏഴിനു മുമ്പുണ്ടായിരുന്നതിന്റെ കാൽ ഭാഗത്തിലും താഴെയായി കുറഞ്ഞിരിക്കുന്നു.
അഭയാർഥികളായി കഴിയുന്ന ഫലസ്തീനികൾക്ക് പുനർനിർമാണം കഴിയുന്നത് വരെ താൽക്കാലിക വാസത്തിനു ഇന്തോനേഷ്യയിലേക്ക് മാറ്റിപ്പാർപ്പിക്കുക എന്ന വിചിത്രമായ ഒരു ആശയവും ഇതിനിടയിൽ പുറത്തുവന്നിരിക്കുന്നു. എൻ.ബി.സി ചാനലാണ് ഇത്തരമൊരു ‘ഐഡിയ’ മുന്നോട്ടുവെച്ചത്. അതിനെക്കുറിച്ച് ഒരറിവുമില്ല എന്ന് ഇന്തോനേഷ്യൻ വിദേശ മന്ത്രാലയം ഉടൻപ്രതികരണം ഇറക്കുകയും ചെയ്തു. 11 മണിക്കൂർ വിമാനയാത്ര ദൂരമുള്ള അനറബി രാജ്യത്തേക്ക് ഫലസ്തീനികളെ താൽക്കാലികമെങ്കിൽപോലും മാറ്റിപാർപ്പിക്കാമെന്ന ‘ബുദ്ധി’ ആരുടെ തലയിലുദിച്ചതാണെന്നു തിട്ടമില്ല. യാതനകൾ അനുഭവിക്കുമ്പോഴും ഇസ്രായേലിനു കീഴടങ്ങാനോ മറ്റൊരു രാജ്യത്തേക്ക് കൂട്ട പലായനം നടത്തി അഭയം തേടാനോ ഫലസ്തീനികൾ മുതിരാത്തത് എന്തുകൊണ്ടാണെന്ന് ലോകത്തിനറിവുള്ളതാണല്ലോ.
ഹമാസ് ഭരിക്കുന്ന/ഭരിക്കേണ്ട ഗസ്സയുടെ ഭരണം ഇനി യഥാവിധി ആവണമെങ്കിൽതന്നെ അതിനു മുന്നിൽ പ്രതിബന്ധങ്ങളേറെയാണ്. 2023 ഒക്ടോബർ ഏഴു കഴിഞ്ഞത് മുതൽ ഹമാസിനെ നശിപ്പിക്കുക എന്നതായിരുന്നല്ലോ ഇസ്രായേലിന്റെ പദ്ധതിതന്നെ. അതിനിടയിൽ അമേരിക്കൻ ഭരണകൂടത്തിൽ നിർണായക സ്വാധീനം ചെലുത്താൻ ഇടയുള്ള ‘ഉപദേഷ്ടാവ്’ ഇലോൺ മസ്ക് പോലും ഹമാസിനെ തകർത്ത ശേഷം ഗസ്സയെ പുനർനിർമിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
പക്ഷേ, അത്തരം ഒരു ഹമാസ് മുക്ത ഗസ്സക്കോ ഫലസ്തീനുതന്നെയോ തദ്ദേശീയർ സന്നദ്ധമായിട്ടു വേണ്ടേ! ഇപ്പോൾ ഗസ്സക്ക് വേണ്ടത് അടിയന്തര മാനുഷികസഹായമാണ്- ഭക്ഷണം, പാർപ്പിടം എന്നിവക്കുള്ള സംവിധാനങ്ങളും വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും. ഇവയുടെ നിർമാണമാണ് ത്വരിതഗതിയിൽ നടക്കേണ്ടത്. അതിനെല്ലാം വേണ്ടതായ ഭീമമായ ഫണ്ടിങ്ങും. അന്താരാഷ്ട്ര സമൂഹം എന്ന് വിളിക്കപ്പെടുന്ന ലോക രാഷ്ട്രങ്ങൾ ഇതുവരെ ഇസ്രായേലിന്റെ കൈക്കു പിടിച്ചു അക്രമം അവസാനിപ്പിക്കാൻ മുന്നോട്ടു വന്നിട്ടില്ല. എന്നാൽ, യുദ്ധത്തിന് താൽക്കാലിക അറുതിയായിക്കഴിഞ്ഞ നിലയിൽ ഇനിയെങ്കിലും ഇരകളായിരുന്ന ആ ജനസഞ്ചയത്തെ കൈവിടാതെ കൂടെ നിർത്താനുള്ള അലിവും അനുകമ്പയും അവർ പുലർത്തുമോ എന്നാണ് ലോക മനഃസാക്ഷി ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

