Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകമറിയട്ടെ, പൗരാവകാശത്തിന്റെ കൊലയാളികളെ
cancel

1957 ഏപ്രിലിലെ ഒരു സായാഹ്നം. വംശവെറി കൊടികുത്തി വാഴുന്നൊരു നാട്ടിൽ കറുത്തതൊലിയുള്ള ഒരു ചെറുപ്പക്കാരൻ പൊലീസിന്റെ ക്രൂരമർദനത്തിനിരയാവുന്നു. ഈ ക്രൂരതയെ ചോദ്യംചെയ്യാനൊരുമ്പെട്ട മറ്റൊരു മനുഷ്യനെ അതിലേറെ ക്രൂരമായി, തലയോട് പൊട്ടുംവരെ മർദിച്ച് കൈയാമംവെച്ച് കൊണ്ടുപോയി പൊലീസ്. വിവരമറിഞ്ഞ് ഏതാനും അനുയായികൾക്കൊപ്പമെത്തിയ ഒരു യുവനേതാവ് മർദനമേറ്റ ചെറുപ്പക്കാരനെ കാണണമെന്നും ചികിത്സ നൽകണമെന്നും അധികൃതരോടാവശ്യപ്പെടുന്നു.

ആദ്യം വിസമ്മതിച്ചെങ്കിലും പുറത്ത് യുവനേതാവിന്റെ അനുയായികളുടെ എണ്ണപ്പെരുക്കം കണ്ട് വഴങ്ങി പൊലീസ്. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി തിരികെ വരുമ്പോഴേക്കും സ്റ്റേഷന് മുന്നിലെ ആൾക്കൂട്ടം പതിന്മടങ്ങായി. നീതിപൂർവമായി ഇടപെടുമെന്നും ജാമ്യം ലഭ്യമാവുമെന്നും ഉറപ്പുവന്ന ഘട്ടത്തിൽ ജനക്കൂട്ടത്തെ നോക്കി ഒരക്ഷരം ഉരിയാടാതെ നേതാവ് കൈയാംഗ്യം കാണിക്കുന്നു. അതനുസരിച്ച് നാലായിരത്തിലധികം വരുന്ന അനുയായികൾ സമാധാനപൂർവം പിരിഞ്ഞുപോകുന്നു- സംഭവം നടന്നത് ന്യൂയോർക് നഗരത്തിലായിരുന്നു, അമേരിക്കൻ പൊലീസിനെയും മാധ്യമങ്ങളെയും ആശ്ചര്യപ്പെടുത്തിയ ആ യുവ നേതാവ് ലോകമൊട്ടുക്കുമുള്ള മർദിത ജനതകളെ മരണത്തിലും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന മാൽകം എക്സ് എന്ന അൽഹാജ് മാലിക് അൽ ശഹ്ബാസും.

ഇത്രമാത്രം ആജ്ഞാശക്തിയുള്ള പൊതുപ്രവർത്തകർ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാവുന്നത് സ്വാഭാവികം, അവർ ഏതെങ്കിലും പാർശ്വവത്കൃത സമൂഹത്തിൽനിന്നുള്ളവരെങ്കിൽ വിശേഷിച്ചും. മാൽകം എക്സിന്റെ കാര്യത്തിൽ ഇതെല്ലാം ഒത്തുവന്നു. അദ്ദേഹത്തെയും പ്രവർത്തിച്ചിരുന്ന നേഷൻ ഓഫ് ഇസ്‍ലാം എന്ന സംഘടനയെയും പൊലീസും ഭരണകൂടത്തിന്റെ രഹസ്യക്കാരും മാധ്യമപ്രവർത്തകരെന്ന വ്യാജേനയുൾപ്പെടെ നിരന്തരം പിന്തുടർന്നു. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) നിയോഗിച്ച ‘മിടുക്കൻ കുട്ടികൾ’ നേഷൻ ഓഫ് ഇസ്‍ലാമിന്റെ താക്കോൽ സ്ഥാനങ്ങളിൽ കയറിപ്പറ്റുകയും ചെയ്തു. അഭിപ്രായ ഭിന്നതകളെയും ആശയ സംഘർഷങ്ങളെയും തുടർന്ന് ഏഴു വർഷത്തിനുശേഷം ആ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കുമ്പോഴേക്ക് അന്തർദേശീയ പ്രസക്തിയും പ്രാധാന്യവുമുള്ള അവകാശപ്പോരാളിയായി മാറിയിരുന്നു അദ്ദേഹം; വംശീയത മുറ്റിയ യു.എസ് ഭരണകൂടത്തിന് നിരന്തര തലവേദനയും.

സംഘടന വിട്ട മാൽകം എക്സിന് പഴയ സഹപ്രവർത്തകരിൽനിന്ന് നിരന്തര ഭീഷണികൾ വന്നിരുന്നു. ഒടുവിൽ 1965 ഫെബ്രുവരി 21ന് താൻ പുതുതായി രൂപവത്കരിച്ച ഓർഗനൈസേഷൻ ഓഫ് ആഫ്രോ അമേരിക്കൻ യൂനിറ്റിയുടെ മാൻഹാട്ടൻ സമ്മേളനത്തിൽ സംബന്ധിക്കവെ മൂന്ന് അക്രമികൾ സമ്മേളന മുറിയിലേക്ക് ഇരച്ചുകയറി വെടിയുതിർത്തു. 21 വെടിയുണ്ടകൾ തറച്ചുകയറി എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നേഷൻ ഓഫ് ഇസ്‍ലാം പ്രവർത്തകരായ തൽമാജ് ഹയർ (മുജാഹിദ് അബ്ദുൽ ഹലീം), നോർമാൻ ബട്‍ലർ (മുഹമ്മദ് അബ്ദുൽ അസീസ്), തോമസ് ജോൺസൻ (ഖലീൽ ഇസ്‍ലാം) എന്നിവരായിരുന്നു കുറ്റാരോപിതർ.

വിചാരണ വേളയിൽ തന്റെ പങ്കാളിത്തം സമ്മതിച്ച ഹയർ മറ്റു രണ്ടുപേർക്കും സംഭവത്തിൽ പങ്കില്ലെന്നും മറ്റു ചിലരാണ് സംഭവം ആസൂത്രണം ചെയ്തതും നടപ്പാക്കിയതെന്നും പലവട്ടം പറഞ്ഞുവെങ്കിലും നീതിപീഠം ഗൗനിച്ചതേയില്ല. എന്നാൽ, പതിറ്റാണ്ടുകളുടെ തടവുശിക്ഷ അനുഭവിച്ച നോർമാൻ ബട്‍ലർ (മുഹമ്മദ് അബ്ദുൽ അസീസ്), തോമസ് ജോൺസൻ (ഖലീൽ ഇസ്‍ലാം) എന്നിവരെ അധികൃതർ തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ട് 2021ൽ മാൻഹാട്ടൻ കോടതി കുറ്റമുക്തരാക്കി.

58 വർഷങ്ങൾക്കുശേഷം മാൽകം എക്സിന്റെ ഓർമദിനത്തിൽ പിതാവിന്റെ കൊലയിൽ എഫ്.ബി.ഐക്കും സി.എ.എക്കും പൊലീസിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മകൾ ഇല്യാസാ ശഹ്ബാസ്. അമേരിക്കൻ ഭരണകൂടത്തിലെ അതിശക്തർ ഈ കൊലപാതക ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവരുടെ അഭിഭാഷകൻ ബെഞ്ചമിൻ ക്രംപ് ആരോപിക്കുന്നു. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽത്തന്നെ പലരും ഇക്കാര്യം ഉന്നയിച്ചിരുന്നതാണ്.

39ാമത്തെ വയസ്സിൽ ആ വിപ്ലവകാരിയെ ഇല്ലാതാക്കിയിരുന്നില്ലെങ്കിൽ ആധുനിക അമേരിക്കയുടെയും ആഗോള പൗരാവകാശ സമൂഹത്തിന്റെയും മുഖം മറ്റൊന്നാകുമായിരുന്നു. അത് അംഗീകരിക്കാനാവാത്ത ശക്തികൾ തന്നെയാവും ആ വെടിയുണ്ടകൾക്കുപിന്നിൽ. ആരോപണങ്ങളോട് പ്രതികരിക്കാൻ അധികൃതർ കൂട്ടാക്കിയിട്ടില്ല. മനുഷ്യാവകാശത്തിന്റെ കുപ്പായമിട്ട് ലോകത്തെ മര്യാദപഠിപ്പിക്കാൻ നടക്കുന്ന യു.എസ് ഭരണകൂടം അതങ്ങനെ എളുപ്പത്തിൽ സമ്മതിച്ചുതരാനും വഴിയില്ല. ഈ നിയമപോരാട്ടം യഥാവിധി മുന്നോട്ടുപോയാൽ ജീവിച്ചിരുന്ന മാൽകം എക്സിനേക്കാൾ അത് ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.

മാൽകം എക്സിന്റെ കുടുംബം പറഞ്ഞതുപോലെ തോക്കിന്റെ കാഞ്ചി വലിച്ചവരെയല്ല, അതു ചെയ്യിക്കാൻ ഗൂഢതന്ത്രം മെനഞ്ഞവരാണ് ലോകത്തിനു മുന്നിൽ വെളിപ്പെടേണ്ടത്. ഇതേ മട്ടിൽ ഇന്ത്യയിൽ നടന്ന ചില അരും കൊലകൾ, വിശിഷ്യാ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യ, മുംബൈയിലെ അഭിഭാഷകൻ ശാഹിദ് ആസ്മി, എഴുത്തുകാരായ ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി, മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് തുടങ്ങിയവർക്കുനേരെ വെടിയുണ്ട പായിക്കാൻ തന്ത്രം മെനഞ്ഞവരാരെന്നു കൂടി ലോകം അറിയേണ്ടതുണ്ട്. അത്തരമൊരു നിയമപ്പോരാട്ടത്തിന് ആരാണ് മുന്നിട്ടിറങ്ങുക?

Show Full Article
TAGS:madhyamam editorialMalcom XIlyasah Shabazz
News Summary - Let the world know the killers of civil rights
Next Story