Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആ സർട്ടിഫിക്കറ്റ്...

ആ സർട്ടിഫിക്കറ്റ് ഭാഗവതിന്റെ കീശയിലിരിക്കട്ടെ

text_fields
bookmark_border
ആ സർട്ടിഫിക്കറ്റ് ഭാഗവതിന്റെ കീശയിലിരിക്കട്ടെ
cancel

രൂപവത്കരണത്തിന്റെ നൂറാം വാർഷികത്തിൽ നിൽക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന ആർ.എസ്.എസ് രാജ്യത്ത് ഇന്ന് ഏറ്റവും പ്രബലമായ സംഘടനയാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലെ ചെങ്കോട്ട പ്രസംഗത്തിൽ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയെന്നാണ് മുൻ ആർ.എസ്.എസ് പ്രചാരകൻകൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മാതൃസംഘടനയെ വിശേഷിപ്പിച്ചത്. ഏറെ ആളും അർഥവുമുണ്ടെങ്കിലും പ്രത്യയശാസ്ത്ര മേന്മകൊണ്ടല്ല, കേന്ദ്ര ഭരണകൂടത്തിന് മേലുള്ള നിയന്ത്രണവും രാജ്യത്തെ അധികാര മേഖലകളിൽ വഴിവിട്ട് സ്വാധീനം ചെലുത്താനുള്ള സാമർഥ്യവും ഉപയോഗിച്ചാണ് ആർ.എസ്.എസ് കരുത്ത് കാട്ടുന്നത്. ഭരണതലത്തിൽ മാത്രമല്ല, ജുഡീഷ്യറിയിലും പൊലീസിലും സർവകലാശാലകളിലും സാംസ്കാരിക ഭരണഘടനാ സ്ഥാപനങ്ങളിലും മാധ്യമങ്ങളിലുമെല്ലാം കാലാകാലങ്ങളിൽ അജണ്ടകൾ നടപ്പാക്കാൻ ആർ.എസ്.എസ് ശ്രമിച്ചുപോരുന്നുണ്ട്.

രൂപവത്കരണ കാലം മുതൽക്കുതന്നെ ഇന്ത്യയിൽ അരങ്ങേറിയ വർഗീയ കലാപങ്ങളിൽ ആർ.എസ്.എസിന്റെ കൈയൊപ്പുണ്ട്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആരോപണവിധേയരായതിന് പിന്നാലെയാണ് ഈ സംഘടന ആദ്യമായി നിരോധിക്കപ്പെട്ടത്. കോടതി നിർദേശങ്ങളും ഭരണഘടനാ തത്ത്വങ്ങളും അവഗണിച്ച് ബാബരി മസ്ജിദ് തകർത്തതിലും രാജ്യത്ത് നടമാടിയ വിവിധ മുസ്‍ലിം-ക്രൈസ്തവ വിരുദ്ധ വംശീയ കലാപങ്ങളിലും ആൾക്കൂട്ട അതിക്രമങ്ങളിലുമെല്ലാം ആർ.എസ്.എസിന് പങ്കുണ്ട്. മാധ്യമങ്ങളും നവമാധ്യമങ്ങളും ഉപയോഗിച്ച് വ്യാജ ആഖ്യാനങ്ങൾ പ്രചരിപ്പിച്ചും ജനവിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുമെല്ലാം ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ വരുതിയിൽ നിർത്തിപ്പോരുന്ന ഈ സംഘടന, അതിന്റെ നൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോൽവി ഏറ്റുവാങ്ങിയത് ഇക്കഴിഞ്ഞ മാസങ്ങളിലാണ്.

ഭരണകൂട മർദനങ്ങളിലും വ്യാജ ആഖ്യാനങ്ങളിലും കുയുക്തികളിലുമൊന്നും പതറാതെ രാജ്യത്തെ വിദ്യാർഥി-യുവജന സമൂഹം നടത്തിയ ഐതിഹാസിക പോരാട്ടം വിജയം വരിച്ചപ്പോൾ തോറ്റുപോയത് ആർ.എസ്.എസ് ആയിരുന്നു. സംഘടനയുടെ വിദ്യാഭ്യാസ അജണ്ട നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് അവർ പ്രതിഷ്ഠിച്ചയാളെ ഗത്യന്തരമില്ലാതെ രാജിവെപ്പിക്കേണ്ടിവന്നു. മറ്റൊരു സ്വയംസേവകനെ ആ കസേരയിൽ കുടിയിരുത്തി അജണ്ട തുടരുമെങ്കിലും ആ രാജി ഏൽപിച്ച ആഘാതം വളരെ വലുതാണ്.

രാജ്യമൊട്ടുക്ക് 88,949 ശാഖകളും പല പ്രായക്കാരായ ദശലക്ഷക്കണക്കിന് അംഗങ്ങളും സമസ്ത മേഖലകളിലും സ്വാധീനവുമുണ്ടെങ്കിലും തങ്ങൾക്ക് വഴങ്ങുന്നവരല്ല രാജ്യത്തെ വളർന്നുവരുന്ന തലമുറ എന്ന വലിയ തിരിച്ചറിവ് ആർ.എസ്.എസ് നേതൃത്വത്തിനുണ്ടായി എന്നതാണ് ഈ സമരത്തിന്റെ പ്രധാന ഫലങ്ങളിലൊന്ന്. നേരമൊട്ടും പാഴാക്കാതെ പുതിയ തലമുറയുടെ പ്രതിനിധികളുമായി സംഭാഷണം നടത്താൻ അവർ വേദിയൊരുക്കി. മുംബൈയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള 15നും 19നും ഇടയിൽ പ്രായമുള്ള രണ്ടായിരത്തിലധികം വിദ്യാർഥികളെ വിളിച്ചുവരുത്തി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതാണ് അവരുമായി സംസാരിച്ചത്. എന്തെങ്കിലും ഒരു കാര്യം മനസ്സിലായി എന്ന് സൂചിപ്പിക്കാൻ ("Clock it") പുതുതലമുറ ഉപയോഗിക്കുന്ന കൈയാംഗ്യം കാണിക്കുന്ന ഭാഗവതിന്റെ വിഡിയോ സംഘ്പരിവാർ വൃത്തങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടു.

എന്നാൽ, സംവാദശേഷം വിദ്യാർഥികൾ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത് ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ എല്ലാത്തിനും മതവിഭാഗീയ ഭാഷ്യം ചമയ്ക്കുന്ന രീതി ഇനിമേൽ വിലപ്പോവില്ല എന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വർഗീയ ആഖ്യാനങ്ങളിൽ കുരുങ്ങി വോട്ട് ചെയ്ത രക്ഷിതാക്കൾക്ക് തെറ്റുപറ്റിയെന്നും തങ്ങൾ ആ തെറ്റിന് കൂട്ടുനിൽക്കില്ലെന്നുമാണ്.

ജന്തർമന്തറിൽ പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലണമെന്നും അവിടെ സമരത്തിനെത്തിയ വനിതകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും പറഞ്ഞ കേരളത്തിലെ സംഘ്പരിവാർ സൈദ്ധാന്തികനെ തള്ളിപ്പറഞ്ഞില്ലെങ്കിലും, ഇന്നത്തെ യുവതലമുറ സമരത്തിനിറങ്ങിയാൽ അവരെ രാജ്യവിരുദ്ധരായി കാണരുതെന്നും പ്രതിഷേധം ജനാധിപത്യപരമായ മാർഗമാണെന്നും ഭാഗവത് അഭിപ്രായപ്പെടുകയുണ്ടായി. മറ്റു വഴികൾ അടയുമ്പോഴാണ് ആളുകൾ പ്രതിഷേധവുമായി മുന്നോട്ടുവരുന്നതെന്നും ജെൻ സി തലമുറ രാജ്യവിരുദ്ധരല്ലെന്നും നമ്മുടെയൊക്കെ തലമുറയെക്കാൾ സത്യസന്ധമായും ആത്മാർഥതയോടെയുമാണ് ദേശസ്നേഹം, സേവനം എന്നിവയെക്കുറിച്ച് അവർ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാഗവത് അത് പറയുമ്പോഴും അതിനുശേഷവും പ്രതിഷേധക്കാരുടെയും വിശേഷിച്ച് പെൺകുട്ടികളുടെയും പിന്നാലെ ബലാത്സംഗ ഭീഷണിയുമായി നടക്കുകയാണ് സംഘ്പരിവാർ അണികൾ. ജന്തർമന്തർ സമരം അവസാനിപ്പിക്കുന്നതിന് ഉപാധിയായി സമരക്കാർക്കെതിരെ കേസുകളുണ്ടാവില്ല എന്ന് മന്ത്രിമാർ നടത്തിയ പരസ്യ ആണയിടലും പൂർണമായി പാലിക്കപ്പെട്ടിട്ടില്ല.

എല്ലാം മനസ്സിലായെന്ന് കുട്ടികളെ നോക്കി കൈയാംഗ്യം കാണിച്ചുവെങ്കിലും ആർ.എസ്.എസ് മേധാവിക്ക് ഒന്നും മനസ്സിലായില്ലെന്നാണ് അദ്ദേഹം നൽകിയ ‘ദേശസ്നേഹ സർട്ടിഫിക്കറ്റ്’ സൂചിപ്പിക്കുന്നത്. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന സംഘ്പരിവാറിന്റെ സർട്ടിഫിക്കറ്റ് ജെൻ സിക്കെന്നല്ല, രാജ്യത്തെ ഒരു സമൂഹത്തിനും ആവശ്യമില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേരാത്ത, സ്വാതന്ത്ര്യം ലഭിച്ച ശേഷം പതിറ്റാണ്ടുകളോളം ഇന്ത്യൻ ദേശീയ പതാക ഉയർത്താൻ സന്നദ്ധത പുലർത്താത്ത സംഘടനയാണിതെന്ന സത്യം സർസംഘചാലകൻ പറഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം വായിച്ചിട്ടുള്ളവർക്കെല്ലാമറിയാം. നൂറു വർഷം പിന്നിട്ടിട്ടും രാജ്യത്തെ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാൻപോലും സന്നദ്ധമാവാത്ത സംഘടനയുടെ മേധാവിയാണ് താനെന്ന കാര്യം അദ്ദേഹം ഒരുവേള മറന്നുപോയതാവാം.

മറ്റുള്ളവരെ വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നത് നിൽക്കട്ടെ, നിയമങ്ങൾ മാനിച്ചു രജിസ്റ്റർ ചെയ്യാനും നിയമങ്ങൾ പാലിച്ച്, വർഗീയ-വിഭാഗീയ ചിന്തകൾ വെടിഞ്ഞ് നാടിയായി പ്രവർത്തിക്കാനും ആർ.എസ്.എസ് എന്നാണ് തയാറാവുക? എന്തായാലും അതുവരെയെങ്കിലും ആ സർട്ടിഫിക്കറ്റ് ഭാഗവത് തന്റെ കീശയിൽതന്നെ വെക്കുന്നതല്ലേ നല്ലത്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestsMohan BagawatRSSIndiaGen Z
News Summary - Let that certificate remain in Bhagavat's pocket.
Next Story