Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനീതി ഒളിവിലല്ല,...

നീതി ഒളിവിലല്ല, വെളിച്ചത്തു നിൽക്കട്ടെ

text_fields
bookmark_border
നീതി ഒളിവിലല്ല, വെളിച്ചത്തു നിൽക്കട്ടെ
cancel
ജനാധിപത്യ സംവിധാനത്തിൽ ജനത്തിന്റെ അവസാന പിടിവള്ളിയാണ് ജുഡീഷ്യറി; നീതിയും ന്യായവുമാണ് അതി​ന്റെ ആണിക്കല്ലുകൾ, സുതാര്യതയാണ് മുഖമുദ്ര. ജുഡീഷ്യറിക്കു സംഭവിക്കുന്ന ചെറുപിഴവുകൾ​ പോലും ജനത്തെ നിരാശയിലേക്കും അമർഷത്തിലേക്കും തള്ളിവിടും

ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് വന്നുപെട്ട അനാരോഗ്യത്തെക്കുറിച്ച് ഈയിടെ പുറത്തുവന്ന റിപ്പോർട്ട് അസുഖകരമായ അനേകം ചോദ്യങ്ങളുയർത്തുന്നു. നീതിന്യായരംഗത്തെ നയനിലപാടുകൾ രൂപപ്പെടുത്തുന്ന ‘വിധി ​സെൻറർ ഫോർ ലീഗൽ പോളിസി’യുടെ സംരംഭമായ ‘ജസ്റ്റിസ്, ആക്സസ് ആൻഡ് ലോവറിങ് ഡിലേയ്സ് ഇൻ ഇന്ത്യ’ (JALDI) തയാറാക്കിയ ജുഡീഷ്യൽ ട്രാൻസ്പരൻസി ഇൻഡക്സ് (ജെ.ടി.ഐ) റിപ്പോർട്ട് രാജ്യത്തെ കോടതി വ്യവഹാരങ്ങളും നിയമനങ്ങളും മറ്റു നടപടികളും മതിയായത്ര സുതാര്യമല്ല എന്നു ​സാക്ഷ്യപ്പെടുത്തുന്നു. സുപ്രീംകോടതിയും ഹൈകോടതികളും ഔദ്യോഗിക വെബ്സൈറ്റുകളിൽ വെളിപ്പെടുത്തുന്ന വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഇത്തരമൊരു നിരീക്ഷണത്തിലേക്ക് ‘ജൽദി’ എത്തിയത്. കോടതികളിൽ നടന്നുവരുന്ന നിയമവ്യവഹാരങ്ങൾ, സ്ഥാപന ഭരണവും ​നടത്തിപ്പും, ന്യായാധിപരും അഭിഭാഷകരും നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുമടങ്ങുന്ന ജുഡീഷ്യൽ സമൂഹത്തെക്കുറിച്ച് പൊതുമണ്ഡലത്തിലുള്ള വിവരങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. മൂന്നു മാസത്തെ സ്ഥിതിവിവരങ്ങൾ വെച്ചു തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാകുന്നത് കോടതിനടപടികൾ വെളിപ്പെടുത്തുന്നതിൽ മിക്ക കോടതികളും സാമാന്യത്തിനപ്പുറം പോകുന്നില്ലെന്നാണ്.

13 ഹൈകോടതികളാണ് നടപടികൾ വെബ്സൈറ്റുകളിൽ പരിമിതമായ തോതിൽ ലൈവ് സംപ്രേഷണത്തിന് മുതിരുന്നത്. അവയിൽ നാലെണ്ണം മുക്കാൽ പങ്ക് ഇടപാടുകളും ലൈവായി നൽകുന്നുണ്ട്. 25 ഹൈകോടതികൾ അവരുടെ കേസ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽ എട്ടെണ്ണമാണ് 24 മണിക്കൂർ മുമ്പ് പട്ടിക പുറത്തുവിടുന്നത്. എട്ടു ഹൈകോടതികൾ മാത്രമേ മാധ്യമങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കേണ്ട വിധം സംബന്ധിച്ച നയം രൂപപ്പെടുത്തിയിട്ടുള്ളൂ.

ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിച്ചത് 11 ഹൈകോടതികളാണ്. വിവരാവകാശ നിയമമനുസരിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയ 25 ഹൈകോടതികളിൽ പതിനഞ്ചും അത് ആർ.ടി.ഐ നിയമത്തിന്റെ പരിധിവിട്ടു കടക്കരുതെന്ന് പ്രത്യേകം നിഷ്‍കർഷിച്ചിട്ടുണ്ട്. ഇന്നോളം വാർഷിക ബജറ്റ് തയാറാക്കാത്ത എട്ടു കോടതികളുണ്ട്. 813 ഹൈകോടതി ജഡ്ജിമാരുള്ളതിൽ 87 പേർ മാത്രമാണ് സ്വന്തം ആസ്തികൾ വെളിപ്പെടുത്തിയത്. ജില്ല ജുഡീഷ്യൽ ​ഓഫിസർമാർക്കെതിരായ നടപടികൾ രണ്ടു ഹൈകോടതി​കളേ പ്രസിദ്ധീകരിക്കുന്നുള്ളൂ.

ജനാധിപത്യ സംവിധാനത്തിൽ ജനത്തിന്റെ അവസാന പിടിവള്ളിയാണ് ജുഡീഷ്യറി; നീതിയും ന്യായവുമാണ് അതി​ന്റെ ആണിക്കല്ലുകൾ, സുതാര്യതയാണ് മുഖമുദ്ര. ഭരണകൂടം ഫാഷിസ്റ്റ് ഇരുമ്പുമറക്കുള്ളിൽ വസ്തുതകളെയും വ്യക്തികളെയും ഇരുട്ടിൽ നിർത്തുമ്പോൾ അതു പൊളിച്ചു മറനീക്കി പൗരാവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതികളുടേതാണ്. നീതിന്യായ സംവിധാനം അതിനു മുതിരുമ്പോൾ ജനത്തിനു ലഭിക്കുന്ന ആശ്വാസം ചെറുതല്ല. അതേസമയം, ജുഡീഷ്യറിക്കു സംഭവിക്കുന്ന ചെറുപിഴവുകൾ പോലും ജനത്തെ നിരാശയിലേക്കും അമർഷത്തിലേക്കും തള്ളിവിടും എന്നതിനും ഇന്ത്യ കഴിഞ്ഞ നാളുകളിൽ സാക്ഷ്യംവഹിച്ചു. ‘ജൽദി’ റിപ്പോർട്ട് പ്രസിദ്ധീകരണ സന്ദർഭത്തിൽ, കോടതികൾ സുതാര്യമാവേണ്ട അനിവാര്യത സുപ്രീംകോടതിയിലെ പ്രമുഖ ന്യായാധിപൻ ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഊന്നിപ്പറഞ്ഞു. സുതാര്യതയിൽ പുലരുന്നത് കോടതിവിധികളുടെ നീതിനിഷ്ഠ കൂടിയാണ്. കോടതികളിൽ എന്തു നടക്കുന്നുവെന്നും ആരാണ് തങ്ങളെ വിധിക്കുന്ന ന്യായാധിപരെന്നും അറിയാൻ പൗരർക്ക് അവകാശമു​ണ്ടെന്നാണ് ഉജ്ജൽ ഭുയാന്റെ വാദം. ജഡ്ജിമാരുടെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും സംബന്ധിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ നിരീക്ഷണങ്ങളും നിരൂപണങ്ങളും ഇപ്പോഴും രഹസ്യസ്വഭാവത്തിലാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കൊളീജിയത്തിനു മുന്നിൽ വരുന്ന ശിപാർശകൾ തള്ളാ​നോ മാറ്റിവെക്കാനോ ഉള്ള കാരണങ്ങളും വെളിപ്പെടാതെ പോകുകയാണ്.

ദേശസുരക്ഷയുടെ പേരുപറഞ്ഞ് കേസുകളിൽ മുദ്രവെച്ച കവർ ഭരണകൂടം കോടതിക്കു കൈമാറുന്ന പതിവ് തുടരുന്നതിനെയും സുപ്രീംകോടതി ജസ്റ്റിസ് വിമർശിച്ചു. കോടതികളിലേക്ക് ഗവൺമെന്റ് കോൺസൽമാരുടെയും ഇതര ഉദ്യോഗസ്ഥരുടെയും നിയമനങ്ങൾ മെറിറ്റ് നോക്കിയും സുതാര്യതയോടെയും വേണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലിരിക്കെ തന്നെ, അടുത്ത കാലത്ത് ആന്ധ്രപ്രദേശ് ഹൈകോടതിയും അലഹബാദ് ഹൈകോടതിയും നിയമനങ്ങളുടെ മാനദണ്ഡം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് നോട്ടീസ് അയക്കുകയുണ്ടായി. അഭിഭാഷക ബന്ധുക്കൾക്ക് കോടതി ചേംബറുകൾ അനുവദിക്കുന്നതിലെ അന്യായം ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിക്കപ്പെട്ടു. രണ്ടുവർഷം മുമ്പ് രാജസ്ഥാനിൽ അഡീഷനൽ അഡ്വക്കറ്റ് ജനറൽ രാജിവെച്ചത് നിയമനത്തിൽ സ്വജനപക്ഷപാതം ആരോപിക്കപ്പെട്ടതിനെ തുടർന്നാണ്. സുപ്രീംകോടതിയിൽ 650 അഭിഭാഷകർ കേന്ദ്രസർക്കാർ കോൺസൽമാരായി എം.പാനൽ ചെയ്യ​പ്പെട്ടതിനെതിരെയും കോടതിയുടെ ആക്ഷേപമുയർന്നു. ന്യായാധിപരുടെ മക്കൾതന്നെ സർക്കാർ കോൺസലായി നിയമിക്കപ്പെട്ട പരാതിയും ഈ വർഷം ഡൽഹി ഹൈകോടതിയിൽ എത്തിയിരുന്നു.

നീതിയുടെ പുലർച്ച ആ സംവിധാനത്തെ നിയന്ത്രിക്കുന്ന കോടതികൾക്കു മാത്രം ബോധ്യപ്പെട്ടാൽ മതിയോ എന്നതാണ് മേൽപറഞ്ഞ റിപ്പോർട്ടും സുപ്രീംകോടതി ന്യായാധിപന്റെ നിരീക്ഷണങ്ങളും ഉയർത്തുന്ന ചോദ്യം. കൃത്യമായ മാനദണ്ഡങ്ങളോടുകൂടിയ സുതാര്യത, കോടതി നിയമനങ്ങൾക്ക് പ്രഖ്യാപിത മാനദണ്ഡങ്ങൾ, രഹസ്യാത്മകത വേണ്ടിടത്ത് അത് സംരക്ഷിക്കാൻ ന്യായയുക്തമായ തീരുമാനങ്ങൾ, പൊതുതാൽപര്യം പരിഗണിക്കേണ്ടിടത്ത് കാര്യങ്ങൾ വെളിപ്പെടുത്തൽ എന്നിങ്ങനെ ​ചട്ടവട്ടങ്ങൾ ക്രമപ്പെടുത്തി നീതിന്യായ സംവിധാനം അന്തസ്സും പ്രതാപവും ഉയർത്തിപ്പിടിക്കണം. ധാർമികവിശുദ്ധിയുടെ മാതൃക കാഴ്ചവെക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ തന്നെയാണ് മുൻകൈയെടുക്കേണ്ടത്. നീതിയെ ഒളിവിലല്ല, വെളിച്ചത്തുനിർത്തിത്തന്നെ വേണം ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialindian judicial systemSupreme Court
News Summary - Let justice not be obscured, but manifest in full view
Next Story