Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇത് കഴുത്തറപ്പൻ...

ഇത് കഴുത്തറപ്പൻ നിരക്കുകൊള്ള

text_fields
bookmark_border
KSRTC Flexi Rate
cancel


റിസർവേഷനുള്ള ദീർഘദൂര സർവിസുകളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് യാത്രാനിരക്ക് വർധിപ്പിക്കുന്ന പരിഷ്കാരം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരിക്കുന്നു. കൂടുതൽ തിരക്ക് വരുന്ന സമയം കൂടുതൽ നിരക്ക് എന്നതാണ് പുതിയ നയം. തിരക്ക് കുറയുന്ന ദിവസം നിരക്ക് കുറയും എന്നു പറയുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത വളരെ കുറവാണ്. കൂടുതൽ വരുമാന വർധന ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം. ഫലത്തിൽ ദൂരയാത്രക്ക് കെ.എസ്.ആർ.ടി.സിയെ ​ആശ്രയിക്കുന്നവർ യാത്രക്ക് കൂടുതൽ തുക നൽകേണ്ടിവരും എന്നു സാരം. പൊതുഗതാഗതത്തിന് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് പരിഷ്കാരം കൂടുതൽ ബാധിക്കുക. നിലവിൽതന്നെ ട്രെയിൻ നിരക്കും ബസ് നിരക്കും തമ്മിൽ വലിയ അന്തരമുണ്ട്. ശരാശരി മൂന്നിലൊന്നാണ് ട്രെയിൻ നിരക്ക്. അതിനാൽതന്നെ, ​ട്രെയിനുകളിൽ തിരക്ക് രൂക്ഷവുമാണ്. തിരക്കുമൂലം യാത്രക്കാർ ബോധംകെടുന്ന അവസ്ഥ വരെയുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്കാരം തിരക്ക് കൂടുതൽ രൂക്ഷമാക്കാനാണ് സാധ്യത.

യാത്രക്കാർ കൂടുന്ന ദിവസങ്ങൾ മുൻകൂട്ടി കണക്കാക്കി നിരക്ക്​ വർധിപ്പിക്കുന്ന ‘ഫ്ലക്സി ഫെയർ’ സംവിധാനം 2018 മുതൽതന്നെ കെ.എസ്.ആർ.ടി.സി നടപ്പാക്കിയിരുന്നു. തിരക്ക്​ കൂടുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിരക്ക് 30 ശതമാനം ഉയർത്തുകയും തിരക്ക് കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നിരക്ക്​ 15 ശതമാനം കുറക്കുകയും എന്നതായിരുന്നു ഇത്. ഇതനുസരിച്ച് ആഘോഷ, അവധി സീസണുകൾ മുന്നിൽകണ്ടും മൂന്നുമാസം മുമ്പേ നിരക്ക് വര്‍ധനയോ കുറവോ പ്രഖ്യാപിക്കാറുമുണ്ട്​. ഇതെല്ലാം മാറ്റിയാണ് എപ്പോൾ തിരക്ക്​ കൂടുന്നുവോ അപ്പോൾ നിരക്കുയർത്താനും തിരക്ക്​ കുറയുമ്പോൾ നിരക്ക്​ താഴ്ത്താനുമുള്ള ‘ഡൈനാമിക് റിയല്‍ ടൈം ഫ്ലക്സി ഫെയര്‍’ സംവിധാനം വരുന്നത്. ഒാരോ ബസിലെയും ബുക്കിങ് നിരീക്ഷിച്ച് നിരക്ക് നിശ്ചയിക്കുകയാവും ഇനി മുതൽ. നിലവിൽ 30 ശതമാനം വരെ കൂട്ടാമെന്നും 15 ശതമാനം വരെ കുറക്കാമെന്നുമാണ് തീരുമാനം. നിരക്ക് കൂട്ടുന്ന കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്ന കെ.എസ്.ആർ.ടി.സി നിരക്ക് കുറക്കുന്നത് പലപ്പോഴും നടപ്പാക്കാറില്ലതാനും. നിലവിലെ ഫ്ലക്സി ഫെയർ സംവിധാനം ഉപയോഗിച്ചുതന്നെ ഈ ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് ബംഗളൂരു-കേരള സർവിസുകളിൽ അധിക നിരക്ക് കെ.എസ്.ആർ.ടി.സി ഈടാക്കിയിരുന്നു. കഴിഞ്ഞ വർഷം 50 ശതമാനം വരെ വാങ്ങിയതായി ആക്ഷേപവും ഉയർന്നിരുന്നു. സ്​പെഷൽ സർവിസുകളിലും വലിയ നിരക്കാണ് ഈടാക്കിയത്. ഈ സർവിസുകളിൽ അവസാന സ്റ്റോപ് വരെയുള്ള ചാർജാണ് നൽകേണ്ടതും.

140 കിലോമീറ്ററിലധികം സർവിസ് നടത്തുന്ന ദീർഘദൂര സർവിസുകൾ ഏറ്റെടുക്കുന്ന ടേക് ഓവർ നിയമംകൂടി വന്നതോടെ കെ.എസ്.ആർ.ടി.സിയുടെ കുത്തക കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. 140 കിലോമിറ്ററിലധികം സർവിസ് നടത്തിയിരുന്ന ഭൂരിഭാഗം സ്വകാര്യ ബസ് സർവിസുകളുടെ റൂട്ടുകളും കെ.എസ്.ആർ.ടി.സി ഏറ്റെടുത്തുകഴിഞ്ഞു. വളരെ കുറഞ്ഞ സർവിസുകളേ ഏറ്റെടുക്കാൻ ബാക്കിയുള്ളൂ. അവതന്നെ ദൂരം കുറച്ചും നിയമ പരിരക്ഷ തേടിയുമെല്ലാമാണ് മുന്നോട്ടുപോവുന്നത്. അതിനാൽതന്നെ, തെക്കൻ ജില്ലകളിൽനിന്ന് മലബാറിലേക്കും തിരിച്ചും നടത്തുന്ന സർവിസുകളിൽ സാധാരണ ദിവസങ്ങളിൽതന്നെ വലിയ തിരക്കുമാണ്. ഇത്തരം ടേക് ഓവർ റൂട്ടുകളിൽ ഓൾ ഇന്ത്യ പെർമിറ്റ് തരപ്പെടുത്തി കെ.എസ്.ആർ.ടി.സിയെ നേരിടാൻ സ്വകാര്യ ബസുകൾ ശ്രമിച്ചെങ്കിലും ബഹു ഭൂരിപക്ഷവും പരാജയപ്പെട്ടു. പലതും ഇപ്പോൾ ടൂറിസ്റ്റ് ബസുകളായി ബുക്കിങ് നടത്തിയാണ് സർവിസ് നടത്തുന്നതും. തിരുവനന്തപുരത്തുനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് സർവിസുള്ളത്. പുതിയ സംവിധാനത്തോടെ ഈ റൂട്ടുകളിലെല്ലാം നിരക്ക് വർധിക്കാനാണ് ഇടവരുക. തന്നെയുമല്ല, കുടുംബയാത്രക്ക്​ തിരക്കിനനുസരിച്ച് ചാർജ് വർധിക്കുന്നത് അവരുടെ ബജറ്റിനെത്തന്നെ മാറ്റിമറിക്കുകയും ചെയ്യും.

നേരത്തേതന്നെ സംസ്ഥാനത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ബസ് ചാർജ് കൂടുതലാണെന്ന ആക്ഷേപമുണ്ട്. കെ.എസ്.ആർ.ടി.സിയുടെ നഷ്ടവുംകൂടി ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ചാർജ് വർധന എന്ന ആവശ്യമുയരുന്നതും നടപ്പാക്കുന്നതും. സ്വകാര്യ ബസുകളിൽനിന്ന് വ്യത്യസ്തമായി ടിക്കറ്റിന്റെ നിശ്ചിത ശതമാനം തുക സെസ് എന്നു പറഞ്ഞും കെ.എസ്.ആർ.ടി.സി വാങ്ങുന്നുമുണ്ട്. തമിഴ്നാട്, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും യാത്ര സൗജന്യമാണ്. കേരളത്തിൽ അത്തരം സൗജന്യങ്ങളില്ല. അനർഹമായ പല സൗജന്യങ്ങൾ നൽകുന്നുമുണ്ട്. ചുരുങ്ങിയ ചെലവിൽ പൊതു ഗതാഗത സംവിധാനം എന്നത് ജനങ്ങളുടെ അവകാശമാണ്. അത് കൂടുതൽ പരിഗണന വേണ്ട സേവന മേഖലകൂടിയാണ്. വികസനത്തിന്റെ അളവുകോലുകളിൽ മെച്ചപ്പെട്ട പൊതു ഗതാഗത സംവിധാനം ഏറെ പ്രാധാന്യമുള്ളതുമാണ്. അത്തരം ലക്ഷ്യങ്ങളുടെ കടക്കൽ കത്തിവെക്കുന്നതാണ് പുതിയ തീരുമാനം എന്നു പറയാതെവയ്യ. ഏതു രീതിയിലും, കഴുത്തറപ്പൻ രീതിയിലൂടെയായാലും പണമുണ്ടാക്കുക എന്നത് ഒരു ഇടതുപക്ഷ സർക്കാറിന് ഭൂഷണമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialKSRTCflexi rate
News Summary - KSRTC Flexi Rate
Next Story