Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അതീവ അപകടകരം ഈ മനോനില
cancel

കേരളത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? നമ്മൾ, നമ്മുടെ മക്കൾ എങ്ങോട്ടാണ് പോകുന്നത്? ആശങ്ക പെരുക്കുന്ന ചോദ്യം ഓരോരുത്തരുടെയും ഉള്ളിൽ നിറയുകയാണ്. കുറച്ചുനാളുകളായി കേരളം കേൾക്കുകയും കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അത്രമേൽ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതും മാത്രമല്ല, ഉള്ളിൽ തീ കോരിയിടുന്നതു കൂടിയാണ്. നമുക്കുചുറ്റും നിന്ന് ഉയരുന്ന നിലവിളികൾ സമൂഹ മനഃസാക്ഷിയുടെ ആഴത്തിലുള്ള ചിന്തകളും പഠനങ്ങളും പരിഹാര മാർഗങ്ങളും ആവശ്യപ്പെടുന്നതാണ്.

ചോര വീഴ്ത്താനും ജീവനെടുക്കാനും ഒരു മടിയും ഇല്ലാതായിരിക്കുന്ന അതീവ ഭയാനകമായ അവസ്ഥ. അതിൽ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഉറ്റവരും ഉടയവരുമായ അഞ്ചുപേരെ തലക്കടിച്ചു കൊലപ്പെടുത്തിയ ദാരുണ സംഭവം. ഏതുകാരണം പറഞ്ഞാലും കണ്ടെത്തിയാലും കൗമാരം പിന്നിട്ട പ്രതി ഏറെ സമയമെടുത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ യാത്ര ചെയ്ത് നടത്തിയ അറുകൊലകൾ മനഃസാക്ഷിയുള്ള ആരെയും സ്തബ്ധമാക്കുന്നതാണ്.

2025 പിറന്ന ശേഷമുള്ള രണ്ടു മാസത്തെ കണക്കെടുത്താൽ മാത്രം ഈ രീതിയിൽ ഉറ്റവരുടെ അറുകൊലകളുടെ എണ്ണം ചെറുതല്ല. കൂട്ടത്തോടെയും അല്ലാതെയുമുള്ള സ്വയംഹത്യകളുടെ എണ്ണം കുറയുകയല്ല, വർധിക്കുകയാണ്. കുടുംബബന്ധങ്ങളിലെ ശൈഥില്യവും ഒറ്റപ്പെടലും മയക്കുമരുന്നുമടക്കം വ്യത്യസ്ത കാരണങ്ങൾ ഓരോന്നിനും ചൂണ്ടിക്കാട്ടാനാവുമെങ്കിലും സമൂഹത്തിന്റെ മൊത്തത്തിലുള്ള മാനസികാരോഗ്യം വലിയ തോതിൽ അപകടത്തിലായിരിക്കുന്നു എന്ന ഗുരുതരമായ രോഗലക്ഷണമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലക്ക് കാരണമായി സാമ്പത്തിക പ്രതിസന്ധി, മയക്കുമരുന്ന്, മദ്യം, മനോനില തുടങ്ങി വ്യത്യസ്ത കാരണങ്ങൾ പരിശോധനയിലാണ്. അത് എന്തുതന്നെയായാലും പെറ്റമ്മയെയും സഹോദരനെയും പെൺ സുഹൃത്തിനെയും അടുത്ത ബന്ധുക്കളെയും നിഷ്ഠുരവും നികൃഷ്ടവുമായി കൊലപ്പെടുത്തുന്ന മട്ടിലേക്ക് അധഃപതിച്ച അത്യന്തം ഭീതിദമായ മാനസികാവസ്ഥയെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടതും അടിയന്തരമായി പരിഹാരം തേടേണ്ടതും.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം കുറ്റകൃത്യങ്ങളും ആത്മഹത്യകളും വർധിച്ചുവരുകയാണ്. അവ തടയുന്നതിൽ നമ്മുടെ നിയമ സംവിധാനങ്ങൾ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. ഇത്തരം കേസുകളിൽ നിയമത്തിന്റെ പഴുതുപയോഗിച്ചുള്ള ജാമ്യവും പ്രതികൾക്ക് കിട്ടുന്ന രാഷ്ട്രീയ സംരക്ഷണവും എല്ലാതരം പ്രതിരോധ ശ്രമങ്ങളെയും വൃഥാവിലാക്കുകയുമാണ്.

മുമ്പൊരിക്കൽ ബംഗളൂരുവിലെ നിംഹാൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ, 12 സംസ്ഥാനങ്ങളിലെ സാമ്പിൾ സർവേയിൽ 10 ശതമാനത്തിലധികം പേരുടെ മാനസികാരോഗ്യം ദുർബലമാണെന്ന് കണ്ടെത്തിയിരുന്നു. അതായത് 10ൽ ഒരാളുടെ മാനസിക നില ഭദ്രമല്ലെന്ന് വ്യക്തം. ഇന്ത്യയെ പോലെ ഒരു വികസ്വര രാജ്യത്തെ അപേക്ഷിച്ച് താങ്ങാവുന്നതിനപ്പുറമാണെന്നും അവർ കേന്ദ്ര സർക്കാറിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യ സൂചികയിലെ മറ്റു പല ഘടകങ്ങളിലും ഉയർന്നുനിൽക്കുമ്പോഴും നമ്മുടെ സംസ്ഥാനം മാനസികാരോഗ്യ സാക്ഷരതയിൽ പിന്നിലാണെന്ന് നേരത്തേതന്നെ ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അവ്വിധത്തിലെ മാനസികാവസ്ഥക്കൊപ്പം മദ്യവും മയക്കുമരുന്നും കൂടി ചേരുന്നതോടെ അബോധാവസ്ഥയിൽ, ഉന്മാദാവസ്ഥയിലാണ് പൈശാചികമെന്ന് വിളിക്കേണ്ടിവരുന്ന ഇത്തരം ചെയ്തികളുണ്ടാവുന്നത്.

നമ്മുടെ സമൂഹം വലിയ തോതിൽ മാറിക്കഴിഞ്ഞു എന്നത് ഒരു വസ്തുതയാണ്. മുൻകാലത്തെ അപേക്ഷിച്ച് സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും ഉയരുന്ന അതിക്രമങ്ങൾ അതിന് തെളിവാണ്. സഹപാഠിയുടെ മുഖം ക്ലോസറ്റിൽ പൂഴ്ത്തിപ്പിടിച്ച് ഫ്ലഷ് ചെയ്യുന്നതുപോലുള്ള റാഗിങ് രീതികൾ അപരിഷ്കൃത സമൂഹങ്ങൾപോലും ചെയ്യാനറക്കുന്നവയാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം പരിധി വിട്ടതോടെ വിദ്യാർഥികളെ പേടിച്ചാണ് ഓരോ ദിവസവും കഴിയുന്നതെന്ന് ചില അധ്യാപകർ പരസ്യമായിത്തന്നെ പറയുന്നുണ്ട്.

മുൻകാലങ്ങളെ അപേക്ഷിച്ച് ഏതുതരം മദ്യവും മയക്കുമരുന്നും പ്രായഭേദമന്യേ വീട്ടുമുറ്റത്തടക്കം ലഭ്യമാവുന്നത് അതിക്രമങ്ങൾക്ക് വളമാവുന്നു. എന്നിട്ടും നാം പുതിയ പുതിയ മദ്യശാലകൾ തുറന്നുകൊണ്ടിരിക്കുന്നു. ലഹരിയുമായി കണ്ടെത്തിയ എം.എൽ.എയുടെ മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷാ നടപടിയിൽ ഒപ്പുവെക്കുന്ന അതേ അധികാര കേന്ദ്രങ്ങൾ പ്രഖ്യാപിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞങ്ങൾ എന്തു ചലനം സൃഷ്ടിക്കുമെന്നാണ് നമ്മൾ പ്രതീക്ഷ വെക്കേണ്ടത്?

കുറ്റകൃത്യങ്ങൾക്ക് പ്രായം ഒരു ഘടകമല്ലാതായിമാറിയ ഇക്കാലത്ത് നമ്മുടെ സമൂഹത്തിന്റെ മാനസിക സമനില വീണ്ടെടുക്കാതെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എളുപ്പമല്ല. കുട്ടികളുടെ മാനസികാരോഗ്യ പരിപാലനം വീടുകളിൽനിന്നും സ്കൂളുകളിൽ നിന്നും തുടങ്ങണം. എങ്കിലേ വരും തലമുറയേയെങ്കിലും ഭീതിദമായ അവസ്ഥയിൽനിന്ന് സംരക്ഷിച്ചുനിർത്താൻ സാധിക്കൂ. സഹാനുഭൂതി, കാരുണ്യം, ദയ, വാത്സല്യം തുടങ്ങിയ വികാരങ്ങൾ എന്തെന്ന് കുട്ടികളെ പഠിപ്പിക്കണം.

എല്ലാ കളിയിലും ജയിക്കില്ലെന്നും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും അവരെ ബോധ്യപ്പെടുത്തണം. ശരീരഭാഗങ്ങൾക്ക് മുറിവുപറ്റിയാൽ ചികിത്സ തേടുന്നതുപോലെ സ്വാഭാവികമാണ് മനസ്സിനേറ്റ മുറിവുണക്കാനുള്ള ചികിത്സയുമെന്ന് അംഗീകരിക്കാനുള്ള പക്വത ഈ വൈകിയ വേളയിലെങ്കിലും കുട്ടികളും മുതിർന്നവരുമായ ഓരോ ‘പ്രബുദ്ധ മലയാളി’യും കൈവരിക്കണം. കൂടുതൽ മഹാദുരന്തങ്ങൾക്കായി കാത്തിരിക്കാതെ ഈ നിമിഷം മുതൽ തിരുത്തലിന് തയാറാവുക എന്നതു മാത്രമേയുള്ളൂ നാം അകപ്പെട്ടിരിക്കുന്ന സങ്കടവൃത്തത്തിൽനിന്ന് പുറത്തുകടക്കാനുള്ള ഒരേയൊരു വഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialVenjaramoodu Mass Murder
News Summary - Madhyamam Editorial on Kerala Youth Mental Health on Behalf of Venjaramoodu Mass Murder
Next Story