പി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി നൽകുമ്പോൾ
text_fieldsചുട്ടുപൊള്ളുന്ന വേനലെന്നോ കോരിച്ചൊരിയുന്ന മഴയെേന്നാ ഭേദമില്ലാതെ കർമനിരതരായ ആളുകൾ പുറത്തിറങ്ങാൻ ഭയന്നിരുന്ന മഹാമാരിക്കാലത്തും ഉരുൾ ദുരന്തനാളുകളിലും സഹജീവികൾക്കായി സദാ രംഗത്തുണ്ടായ സംസ്ഥാനത്തെ ആശാ വർക്കർമാർ ഓണറേറിയം വർധന അഭ്യർഥിച്ച് തലസ്ഥാനനഗരിയിൽ സമരം തുടങ്ങിയിട്ട് പത്തു ദിവസമായിരിക്കുന്നു. 2018 മുതൽ നൽകിവരുന്ന 7000 രൂപയുടെ പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നും മറ്റുമാണ് അവരുടെ ആവശ്യം. ആശാവർക്കർമാരുടെ സേവനം മികച്ചതാണെന്നും പക്ഷേ, വേതനം വർധിപ്പിച്ചു നൽകാൻ തക്ക ധനസ്ഥിതിയിലല്ല സംസ്ഥാന ഖജനാവെന്നുമാണ് സർക്കാറിന്റെ നിലപാട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നതെന്നും കേന്ദ്രം ഞെരുക്കുകയാണെന്നുമുള്ളത് നിസ്തർക്കമായ വസ്തുതയാണ്.
മന്ത്രിമാരുടെ ഉലകം ചുറ്റലിനും വീട് മോടികൂട്ടലുൾപ്പെടെയുള്ള ധൂർത്തുകൾക്കും ഒരു കുറവും വരുത്തുന്നില്ലെങ്കിലും ശമ്പളം, ഓണറേറിയം, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ, സാമൂഹിക പെൻഷൻ തുടങ്ങിയവ നൽകുന്നതിലെ കാലതാമസത്തിനും ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ് തടഞ്ഞുവെക്കുന്നതിനും എന്തിന് കുഞ്ഞുമക്കൾക്ക് ഉച്ചക്കഞ്ഞി നൽകുന്നതിനുള്ള ഫണ്ട് വൈകിപ്പിക്കുന്നതിന് പോലും സർക്കാർ ചൂണ്ടിക്കാട്ടുന്നത് ഇതേ കാരണമാണ്. ക്ഷേമ പെൻഷൻ വർധിപ്പിക്കാനോ കുടിശ്ശിക പെൻഷൻ നൽകാനോ എട്ടുമാസമായിട്ടും കായികതാരങ്ങളുടെ ഭക്ഷണ അലവൻസ് നൽകാനോ തയാറാകാത്ത അതേ സർക്കാർ ഇപ്പോഴിതാ കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
നിത്യവൃത്തിക്കുപോലും വകയില്ലെന്നും മുന്നോട്ടു പോകാൻ കടമെടുക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നുമുള്ള നിരന്തര പല്ലവികൾക്കിടയിൽ ഉദ്യോഗസ്ഥ വരേണ്യരുടെ ശമ്പള വർധന റെക്കോഡ് നിരക്കിലാണ്. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. പെൻഷനിലും മറ്റ് ആനുകൂല്യങ്ങളിലും ആനുപാതിക വർധനയുണ്ട്. വർധന നൽകണമെന്ന് പി.എസ്.സി ആവശ്യമുന്നയിച്ചു തുടങ്ങിയ 2016 മുതൽ മുൻകാല പ്രാബല്യം നൽകുന്ന കാര്യവും അനുഭാവപൂർവം പരിഗണിക്കുമെന്നാണ് വിവരം. പലതവണ പരിഗണനക്ക് വന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മാറ്റിവെച്ച നിർദേശമാണ് കഴിഞ്ഞ ദിവസം അംഗീകരിച്ചത്.
നിലവില്‍ പി.എസ്.സി ചെയര്‍മാന്റെ ആകെ ശമ്പളം 2.26 ലക്ഷം രൂപയാണ്. ഇത് 3.50 ലക്ഷമായാണ് ഉയരുക. അംഗങ്ങളുടെ ശമ്പളം 2.23 ലക്ഷമെന്നത് 3.25 ലക്ഷമായും വര്‍ധിക്കും. പെൻഷനാകട്ടെ, ചെയർമാന്റേത് 1.25 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍നിന്ന് 2.25 ലക്ഷമായും വര്‍ധിക്കും. സംസ്ഥാന പി.എസ്.സിയിൽ ചെയർമാൻ അടക്കം 21 അംഗങ്ങളാണുള്ളത്. ഒരു അംഗത്തിന്റെ ഒഴിവുണ്ട്. ആറുവര്‍ഷം അല്ലെങ്കില്‍, 62 വയസ്സ് ആണ് കാലാവധി. വിസ്തൃതിയിലും ജനസംഖ്യയിലും കേരളത്തിന്റെ പല ഇരട്ടി വലിപ്പമുള്ള വലിയ സംസ്ഥാനങ്ങളിലെന്നുവേണ്ട യൂനിയൻ പബ്ലിക് സർവിസ് കമീഷനിൽ (യു.പി.എസ്.സി) പോലും കേരള പി.എസ്.സിയുടെ പകുതി അംഗങ്ങളില്ല.
നിയമനങ്ങളുടെ കാര്യത്തിൽ പിന്നാക്കം പോയ്ക്കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം എന്നുകൂടി ഓർക്കേണ്ടതുണ്ട്. നിയമനം നടത്താതെ റദ്ദായിപ്പോകുന്ന റാങ്ക് ലിസ്റ്റുകൾതന്നെയാണ് അതിന് സാക്ഷി. ഓൺലൈൻ ഇടപാടുകളും ആധുനീകരണവും വഴി തസ്തികകൾ കുറയുന്നുമുണ്ട്. എന്നാൽ, പി.എസ്.സി അംഗങ്ങളുടെ എണ്ണം വർധിക്കുകയാണുണ്ടായത്. നിയമനത്തിന് പ്രത്യേകിച്ച് യോഗ്യതയൊന്നും നിഷ്കർഷിക്കാത്തതിനാൽ രാഷ്ട്രീയ ഭിക്ഷാംദേഹികളെയും അല്ലെങ്കിൽ അവരുടെ അടുപ്പക്കാരെയും പുനരധിവസിപ്പിക്കാനും കുടിയിരുത്താനുമുള്ള സങ്കേതം കൂടിയാണ് പി.എസ്.സി.
ഉയർന്ന ശമ്പളം, പെന്‍ഷന്‍, ഒന്നാം ക്ലാസ് യാത്ര, പി.എ, ഡ്രൈവര്‍, ആശ്രിതര്‍ക്ക് അടക്കം ചികിത്സ, ചെയര്‍മാന് കാറ്, വീട് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുമെന്നതിനാൽ പി.എസ്.സി അംഗമാവാനും വലിയ തള്ളാണ്. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി എന്ന ആരോപണവും കോലാഹലവും ഉയർന്നിട്ട് അധികകാലമായിട്ടില്ല. വലിയ ശമ്പളവും ആനുകൂല്യവുമുള്ളതിനാൽ വൻതുക മുടക്കി പി.എസ്.സി അംഗമാവാൻ തൽപരകക്ഷികൾ മുന്നോട്ടുവരുന്നത് സ്വാഭാവികം. പൂർണമായും രാഷ്ര്ടീയ പ്രതിനിധികളാണ് നിലവിൽ പി.എസ്.സി അംഗങ്ങളിൽ ഭൂരിഭാഗവും.
സംസ്ഥാനത്ത് മുഴുവൻ നോക്കിയാൽ ഒരു ബസിൽ കൊള്ളാവുന്നത്ര അംഗങ്ങളെ തികക്കാൻ കഴിയാത്ത പാർട്ടിക്കുപോലും പ്രാതിനിധ്യമുണ്ട്. മുൻവർഷം ഒരു ഈർക്കിൽ പാർട്ടി പിളരാനുള്ള കാരണം പാർട്ടിക്ക് അനുവദിച്ചുകിട്ടിയ പി.എസ്.സി മെംബർ സ്ഥാനം വിൽപന നടത്തിയതാണെന്ന് പാർട്ടി നേതാക്കൾതന്നെ വ്യക്തമാക്കിയിരുന്നു. കാര്യക്ഷമതയും സുതാര്യതയും സമീപ വർഷങ്ങളിൽ വലിയതോതിൽ ചോദ്യം ചെയ്യപ്പെട്ട പി.എസ്.സിയെ ഇത്തരത്തിൽ പുരസ്കരിക്കുന്നതിൽ ഭരണമുന്നണിയിലെ ആദർശവാദികൾപോലും എതിർപ്പുന്നയിക്കാത്തതിന്റെ രഹസ്യവും ഇവ്വിധമുള്ള പ്രാതിനിധ്യമാണ്.
കത്തിക്കുത്ത് കേസിൽ പ്രതികളായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ഭരണപക്ഷ വിദ്യാർഥി സംഘടനയുടെ നേതാക്കൾ പരീക്ഷയിൽ ക്രമക്കേട് നടത്തി പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ മുൻനിരയിൽ ഇടംപിടിച്ചതും 65 ലക്ഷത്തോളം ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ് വേഡും സൈബർ ഹാക്കർമാർ പി.എസ്.സിയുടെ സർവറിൽനിന്ന് ചോർത്തി ഡാർക്ക് നെറ്റിൽ വിൽപനക്ക് വെച്ചതുമുൾപ്പെടെ കേരളത്തിലെ യുവജനങ്ങളുടെയും ഉദ്യോഗാർഥികളുടെയും ഭാവിവെച്ച് പന്താടിയ ഒട്ടനവധി ദുരനുഭവങ്ങൾ മുന്നിൽ നിൽക്കുന്ന സമയത്തുതന്നെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും വേതനം വർധിപ്പിക്കാനുള്ള സർക്കാറിന്റെ തീരുമാനം എതിർക്കപ്പെടേണ്ടതു തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

