Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളം ഇരുട്ടിലാവരുത്

text_fields
bookmark_border
കാലാവസ്ഥ വ്യതിയാനവും അനുബന്ധ പ്രതിസന്ധികളുമെല്ലാം യാഥാർഥ്യമാണെങ്കിലും ആവശ്യമായ മുൻകരുതലുകൾ ഒരു പരിധിവരെയെങ്കിലും സർക്കാറിന് സ്വീകരിക്കാമായിരുന്നു. വൈദ്യുതി മുടക്കത്തിന്റെ സമയക്രമം ജനങ്ങളെ അറിയിക്കാനുള്ള സമാന്യമര്യാദയും ബോർഡിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായില്ല
കേരളം ഇരുട്ടിലാവരുത്
cancel

സമീപകാലത്തൊന്നും ദൃശ്യമായിട്ടില്ലാത്തവിധം, സംസ്ഥാനം കനത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാൻ, തൽക്കാലം വൈദ്യുതി നിയന്ത്രണമല്ലാതെ മാർഗമില്ലെന്ന് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഒരുപോലെ വ്യക്തമാക്കിയിരിക്കുന്നു. ഉടനടിയൊരു പരിഹാരം സാധ്യമാകാത്ത വിധം സ്ഥിതി സങ്കീർണമായതിനാൽ ഈ മാസം പൂർണമായും നിയന്ത്രണം തുടരുമെന്നുതന്നെയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ വാക്കുകളിൽനിന്ന് മനസ്സിലാകുന്നത്. പ്രതിദിനം, ഒന്നര മണിക്കൂർ വരെ പലതവണയായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ട് നിലവിൽ. പവർ കട്ട് ജനങ്ങളെ മുൻകൂട്ടി അറിയിക്കാത്തതിനാൽ അവർക്ക് മുൻകരുതലെടുക്കാനും സാധിക്കുന്നില്ല. ഇത് ആശുപത്രികളടക്കമുള്ള അടിയന്തര-അവശ്യ സേവന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയടക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ആശുപത്രികളിൽ ശസ്ത്രക്രിയകളെപ്പോലും ബാധിക്കും വിധം പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ അത്യന്തം ഗുരുതരമാണ്. അത്യുഷ്ണ കാലാവസ്ഥയിൽ രാത്രി തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ഗാർഹിക ഉപഭോക്താക്കളുടെ രോഷത്തിനും കാരണമായിരിക്കുന്നു. പൊതുവിൽ, ഈ ഊർജപ്രതിസന്ധി വി.ഡി.എസ് സർക്കാറിന് ഒരു പരീക്ഷണമായിരിക്കുന്നു; നൂറ് ദിവസത്തെ യു.ഡി.എഫ് ഭരണം ജനം ചർച്ചചെയ്തുകൊണ്ടിരിക്കെയാണ് ഈ ‘ഊർജപരീക്ഷണ’മെന്നതും ശ്രദ്ധേയമാണ്.

നിലവിലെ പ്രതിസന്ധിക്ക് പല കാരണങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനം കാലാവസ്ഥയിലുണ്ടായ മാറ്റംതന്നെയാണ്; ബാക്കിയെല്ലാം അതിന്റെ അനുബന്ധമായി കണക്കാക്കാം. മൺസൂൺ മഴ പെയ്തൊഴിയുംമുന്നേ ശക്തമായ ചൂട് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽതന്നെ കാലാവസ്ഥ മാറ്റത്തിന്റെ മുഖ്യഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന എൽനിനോ പ്രതിഭാസം കാരണം രണ്ട് മുതൽ മൂന്ന് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നുനിൽക്കുകയാണ്. സാധാരണ നിലയിൽ ശരാശരിയിലും കുറയേണ്ട സമയമായിരുന്നിട്ടും വൈദ്യുതി ഉപയോഗം ഈ ദിവസങ്ങളിൽ വർധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 3600-3700 മെഗാവാട്ടായിരുന്ന പരമാവധി വൈദ്യുതി ആവശ്യം ഇത്തവണ 5000 മെഗാവാട്ട് കടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുമൂലം, പ്രതിദിനം ശരാശരി 900 മെഗാവാട്ടിന്റെ കുറവാണ് സംഭവിച്ചിട്ടുള്ളത്. കേന്ദ്ര ഉൽപാദന നിലയങ്ങൾ, ദീർഘകാല കരാറുകൾ, ഇടക്കാല കരാറുകൾ എന്നിവ വഴി സംസ്ഥാനത്തിന് സാധാരണയായി പ്രതിദിനം 65 ദശലക്ഷം യൂനിറ്റോളം വൈദ്യുതി ലഭിച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് മധ്യത്തോടെ ഇത് ഏകദേശം 50 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. സെപ്റ്റംബർ അഞ്ചിന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 95 ദശലക്ഷം യൂനിറ്റിലെത്തിയപ്പോൾ വിവിധ സ്രോതസ്സുകളിൽനിന്നായി ലഭിച്ചത് 53 ദശലക്ഷം യൂനിറ്റ് മാത്രമാണ്. തുറന്ന വിപണിയിൽനിന്ന് 7.7 ദശലക്ഷം യൂനിറ്റും ഹ്രസ്വകാല കരാറുകളിലൂടെ നാല് ദശലക്ഷം യൂനിറ്റിൽ താഴെയും മാത്രമാണ് കണ്ടെത്താനായത്. ആഗസ്റ്റിൽ കമ്മി രേഖപ്പെടുത്തുകയും സെപ്റ്റംബറിലും വൈദ്യുതി ഉപയോഗം കൂടുമെന്ന സൂചന ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഹ്രസ്വകാല കരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമിച്ചിരുന്നു. പക്ഷേ, ടെൻഡറിനുപോലും ആരും തയാറായില്ല. ഒഡിഷ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൽക്കരി വൈദ്യുതിനിലയങ്ങളിൽ ഉൽപാദനം കുറഞ്ഞത് കേന്ദ്രവിഹിതത്തെ ബാധിച്ചിട്ടുണ്ട്. കനത്ത മഴയിൽ കൽക്കരിയിലെ ഈർപ്പം വർധിച്ചതോടെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനവും മന്ദഗതിയിലായി. അതുകൊണ്ടുതന്നെ, കരാർപ്രകാരമുള്ള വൈദ്യുതി പൂർണമായി നൽകാൻ പല നിലയങ്ങൾക്കും കഴിയുന്നില്ല എന്നത് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നു. മൺസൂൺ മഴയിൽവന്ന കുറവ് സംസ്ഥാനത്തെ ജല വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനത്തെയും കാര്യമായി ബാധിച്ചു. ഈ നിലയങ്ങളിൽനിന്ന് പ്രതിദിനം ശരാശരി 25 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത് അണക്കെട്ടുകളിലെ ജലശേഖരം വേഗത്തിൽ കുറയാൻ ഇടയാക്കുന്നു. ഇടുക്കി അണക്കെട്ടിൽ നിലവിലുള്ള വെള്ളം ഉപയോഗിച്ച് 1384 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. കഴിഞ്ഞ വർഷം ഇതേസമയത്ത് 1680 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള ജലശേഖരമുണ്ടായിരുന്നു.

കാലാവസ്ഥ വ്യതിയാനവും അനുബന്ധ പ്രതിസന്ധികളുമെല്ലാം യാഥാർഥ്യമാണെങ്കിലും, അക്കാര്യം ചൂണ്ടിക്കാട്ടി മാത്രം വൈദ്യുതി ബോർഡിനും സർക്കാറിനും കൂടുതൽ ന്യായം ചമയ്ക്കാനാവില്ല. കാരണം, മേൽസൂചിപ്പിച്ച ഘടകങ്ങളെല്ലാം മുൻകൂട്ടിക്കണ്ട് ആവശ്യമായ മുൻകരുതലുകൾ ഒരു പരിധിവരെയെങ്കിലും സർക്കാറിന് സ്വീകരിക്കാമായിരുന്നുവെന്നതാണ് സത്യം. അതുണ്ടായില്ലെന്ന് മാത്രമല്ല, വൈദ്യുതി മുടക്കത്തിന്റെ സമയക്രമംപോലും ജനങ്ങളെ അറിയിക്കാനുള്ള സാമാന്യമര്യാദയും ബോർഡിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായില്ല. കൽക്കരി ക്ഷാമവും മഴക്കുറവുമൊന്നും പുതിയ കാര്യമല്ല. 2017ലും സമാനമായ സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, കൃത്യമായ ആസൂത്രണമികവിലൂടെ അന്നത്തെ സർക്കാർ അതിനെ മറികടക്കുകയായിരുന്നു. സത്യത്തിൽ, എൽ നിനോ ഉൾപ്പെടെയുള്ള കാലാവസ്ഥ പ്രതിഭാസങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും തദനുസൃതമായ നടപടികൾ വൈദ്യുതി ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ഗുരുതര വീഴ്ചയാണ്. റെഗുലേറ്ററി കമീഷനുമായുള്ള ബോർഡിന്റെ പോരും കേരളത്തെ ഇരുട്ടിലാക്കിയതിന്റെ മറ്റൊരു കാരണമാണ്. ഇപ്പോൾ, മുൻ സർക്കാർ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതാണ് പ്രതിസന്ധിയുടെ മൂലകാരണമെന്ന് മന്ത്രിയും യു.ഡി.എഫ് നേതാക്കളും പറയുന്നുണ്ട്. അത് പൂർണമായും ശരിയല്ലെന്ന് തോന്നുന്നു. 2015ൽ ഒപ്പിട്ട 765 മെഗാ വാട്ടിന്റെ ദീർഘകാല കരാർ 2023ൽ എൽ.ഡി.എഫ് സർക്കാർ ഏകപക്ഷീയമായി റദ്ദാക്കി എന്ന ആരോപണം വസ്തുതാപരമല്ല. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമീഷനാണ് കരാർ റദ്ദാക്കിയത്. തുടർന്ന്, കരാർ പുനഃസ്ഥാപിക്കാനായി പിണറായി സർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചതുമാണ്. ഈ കേസിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. യാഥാർഥ്യം ഇതായിരിക്കെ, അനാവശ്യമായി മുൻ സർക്കാറിനെ പഴിചാരുന്നതിൽ അർഥമില്ല; കേരളം ഇരുട്ടിലാകാതിരിക്കാനുള്ള പ്രായോഗിക നടപടികളാണ് ഈ ഘട്ടത്തിൽ ആവശ്യം. വൈദ്യുതി ഉൽപാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കാൻ കഴിയുന്ന പുതിയ പദ്ധതികളെക്കുറിച്ചുകൂടിയുള്ള ആലോചനകളും ഈയവസരത്തിൽ അനിവാര്യമാണ്. നിലവിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനമാണ് കേരളം സ്വന്തം നിലയിൽ ഉൽപാദിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ഇത് 50 ശതമാനമാണ്. ആന്ധ്ര, കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ അതിലും കൂടുതലാണ് വൈദ്യുതി ഉൽപാദനത്തിലെ സ്വയം പര്യാപ്തത. അയൽസംസ്ഥാനങ്ങൾ ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നും കേരളത്തിന് പഠിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala must not be plunged into darkness
Next Story