പനിച്ചുവിറച്ച് കേരളം
text_fieldsഉയർന്ന ആയുർദൈർഘ്യം, താഴ്ന്ന ശിശുമരണ നിരക്ക്, ആശുപത്രികളിൽ നടക്കുന്ന പ്രസവം, ആവശ്യമായ ഭാരത്തോടുകൂടി ജനിക്കുന്ന കുഞ്ഞുങ്ങൾ, സ്ത്രീ-പുരുഷ അനുപാതത്തിലെ സന്തുലനം എന്നിങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട സൂചകങ്ങൾ എടുത്താൽ ഏതാണ്ടെല്ലാ കാര്യത്തിലും മുന്നിലാണ് നമ്മുടെ സംസ്ഥാനം. സാർവത്രികമായ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം കേരളത്തിെൻറ പ്രത്യേകതയാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും കേരളത്തിെൻറ താരതമ്യം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളോടല്ല, മറിച്ച് വികസിത പടിഞ്ഞാറൻ രാജ്യങ്ങളോടാണ്. സംസ്ഥാനത്തെ ഉയർന്ന സാക്ഷരതയും ജനങ്ങളുടെ ഉദ്ബുദ്ധതയും മാറിമാറി വന്ന സർക്കാറുകളുടെ ക്രിയാത്്മകമായ നടപടികളുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് സംസ്ഥാനത്തെ ഉയർത്തിയത് എന്നതിൽ സംശയമില്ല. ഇതെല്ലാം എല്ലാവരും അംഗീകരിക്കുന്ന യാഥാർഥ്യങ്ങളുമാണ്.
ഇനി, ഈ ജൂൺ മാസത്തെ ചില കണക്കുകളിലേക്ക്:
13ാം തീയതി ആകുമ്പോഴേക്ക്, ജൂണിൽ മാത്രം, സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആണ്. പകർച്ചപ്പനികൾക്ക് ചികിത്സ തേടി സർക്കാർ ആശുപത്രികളിലെത്തിയവരുടെ എണ്ണം 1,56,225. ഇതിൽ 1597 ഡെങ്കിപ്പനി, 706 പേർക്ക് ചിക്കൻ പോക്സ്, 128 പേർക്ക് എച്ച് 1 എൻ1. ഇത് സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട മാത്രം കണക്കാണ്. മരണപ്പെട്ട 83 പേരിൽ 15 പേർ ഡെങ്കിപ്പനി ബാധിതരും ആറു പേർ എച്ച് 1 എൻ1 ബാധിതരുമാണ്. ഒരാൾ മലേറിയ ബാധിച്ചും മരണപ്പെട്ടു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ നിന്നുതിരിയാൻ ഇടയില്ലാത്തവിധം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലേടങ്ങളിലും ഒ.പി പ്രവർത്തനം താളംതെറ്റുകയും പുതുതായി രോഗികളെ എടുക്കാതിരിക്കുകയും ചെയ്യുന്നു. വരാന്തകളിലും തിണ്ണകളിലുമാണ് മാരകമായ പനി ബാധിച്ച രോഗികളെ പല സർക്കാർ ആശുപത്രികളിലും കിടത്തിയിരിക്കുന്നത്. അധികസമയം ജോലിചെയ്യുന്ന ഡോക്ടർമാരും അനുബന്ധ ജീവനക്കാരുമാകട്ടെ അങ്ങേയറ്റത്തെ പ്രയാസത്തിലുമാണ്. ചുരുക്കത്തിൽ, അത്യന്തം ഗൗരവതരമായ സാഹചര്യമാണ് സംസ്ഥാനത്തിെൻറ ആരോഗ്യരംഗത്ത് സംജാതമായിരിക്കുന്നത്. എന്നാൽ, സാഹചര്യത്തിെൻറ തീവ്രതയും ഗൗരവവും സർക്കാർ മാത്രമല്ല, മാധ്യമങ്ങൾപോലും വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ല എന്നാണ് തോന്നുന്നത്.
മഴക്കാലം തുടങ്ങുമ്പോൾ പനിയും രോഗങ്ങളും വർധിക്കുകയെന്നത് നമ്മുടെ സംസ്ഥാനത്തെ പൊതുപ്രവണതയാണ്. എന്നാൽ, ഏതാനും വർഷങ്ങളായി അപരിചിതങ്ങളായ പുതിയ പല രോഗങ്ങളും പനികളും നാട്ടിൽ പടർന്നുപിടിക്കുകയാണ്. ഈ വർഷം അത് കൂടുതൽ രൂക്ഷമാവുകയും ചെയ്തു. പടർന്നുപിടിക്കുന്ന അസുഖങ്ങളിൽ നല്ലൊരു പങ്കും കൊതുകുജന്യ രോഗങ്ങളാണ്. അതായത്, മഴ തുടങ്ങുമ്പോഴേക്ക് രോഗം പരത്തുന്ന കൊതുകുകൾ പെരുകുന്ന അവസ്ഥ. എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് എല്ലാവരും കൂട്ടായി ആലോചിക്കണം. രാജ്യത്തിനുതന്നെ അഭിമാനാർഹമായ വിധത്തിൽ പൊതുജനാരോഗ്യ രംഗത്ത് മുന്നേറ്റം നടത്തിയ ഒരു ജനത മഴയോടൊപ്പം വന്നെത്തുന്ന കൊതുകുകൾക്ക് മുന്നിൽ തോറ്റുപോകുന്നത് വലിയ നാണക്കേട് തന്നെയാണ്. ആരോഗ്യ രംഗത്ത് ഇത്രയും വികാസം നേടിയിട്ടും എന്തുകൊണ്ട് ഓരോ വർഷവും പുതിയ രോഗങ്ങൾ നമുക്ക് വെല്ലുവിളി ഉയർത്തുന്നുവെന്ന കാര്യം ഗൗരവത്തിൽ പരിശോധിക്കണം. കൊതുകുകൾ പരത്തുന്ന രോഗങ്ങൾ വർധിക്കുന്നുവെന്ന് പറഞ്ഞാൽ അതിെൻറ മറ്റൊരർഥം, സംസ്ഥാനം അങ്ങേയറ്റം വൃത്തിഹീനമാണ് എന്നതു കൂടിയാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മുന്നേറിയ ഒരു ജനതക്ക് നാണക്കേടാണ് ഇത്തരമൊരു അവസ്ഥ.
എവിടെയാണ് പിഴച്ചതെന്ന് സർക്കാറും ആരോഗ്യപ്രവർത്തകരും സന്നദ്ധ സംഘടനകളുമെല്ലാം കൂട്ടായി ആലോചിക്കണം. ഇപ്പോൾ ആശുപത്രികളിൽ തളച്ചിടപ്പെട്ടവരിൽ നല്ലൊരു ശതമാനം തൊഴിലാളികളും സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളിൽനിന്നുള്ളവരുമാണ്. കുടുംബത്തിൽ ഒരാൾ പകർച്ചപ്പനി വന്ന് കിടപ്പിലാകുന്നതോടെ കുടുംബം തന്നെ പട്ടിണിയിലേക്ക് പോകുന്ന അവസ്ഥയാണ്. ഇത്തരം കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ അനുവദിക്കാൻ സർക്കാർ തയാറാവണം. പനിയുടെ വ്യാപനം നമ്മുടെ തൊഴിൽ, ഉൽപാദന മേഖലകളെ വരെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സർക്കാർ അതീവ ഗൗരവത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ട സന്ദർഭം തന്നെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
