Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ​ദ്യം വേ​ണ്ട​ത് സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം
cancel

വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന ടീം ​യു.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​തേ​യു​ള്ളൂ. അ​തി​നി​ടെ ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം നി​യ​മ​സ​ഭ​യി​ൽ ന​ട​ന്നു. അ​തി​ന്മേ​ലു​ള്ള ച​ർ​ച്ച​യും ക​ഴി​ഞ്ഞ​ ദി​വ​സം ആ​രം​ഭി​ച്ചു. വ​ൻപ്ര​തീ​ക്ഷ​ക​ളാ​ണ്, പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ​ർ​ക്കാ​ർ മൂ​ന്ന​ര​ക്കോ​ടി മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ പ​കു​തി​യെ​ങ്കി​ലും അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​ത്തി​നി​ട​യി​ൽ നി​റ​വേ​റ്റ​ണ​മെ​ങ്കി​ൽ അ​നേ​ക​ല​ക്ഷം കോ​ടി​ക​ൾ വേ​ണം. നി​ല​വി​ലെ കൃ​ഷി​യും ക​ച്ച​വ​ട​വും വ്യ​വ​സാ​യ​വു​മെ​ല്ലാം വ​ഴി, ജ​ന​കീ​യപ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നും വി​ക​സ​ന​ത്തിനു​മാ​വ​ശ്യ​മാ​യ​തി​ന്റെ വ​ക്ക് തൊ​ടാ​ൻ പ​ര്യാ​പ്ത​മാ​വി​ല്ലെ​ന്ന് വ്യ​ക്തം.

നി​കു​തി​വ​രു​മാ​ന​ത്തി​ന്റെ സിം​ഹ​ഭാ​ഗ​വും ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ത്തി​നാ​യി ചെ​ല​വി​ടേ​ണ്ട നി​ർ​ബ​ന്ധി​താ​വ​സ്ഥ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു​വ​രു​ന്ന​ത്. ജി.​എ​സ്.​ടി വി​ഹി​ത​ത്തി​ന്റെ അ​പ​ര്യാ​പ്തി സം​സ്ഥാ​നസ​ർ​ക്കാ​റു​ക​ളു​ടെ സ്ഥി​രം വേ​വ​ലാ​തി​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ടു​ന്ന​തി​ൽ ഇ​ട​ത്-​ഐക്യമുന്നണി ഗ​വ​ൺ​മെ​ന്റു​ക​ൾ​ക്ക് ഒ​രേ സ്വ​ര​മാ​ണ്. അ​ന​ന്ത​മാ​യി വ​ർ​ധി​ച്ചുവ​രു​ന്ന ക​ട​ബാ​ധ്യ​ത ഒ​രി​ക്ക​ലും നാ​മ​മാ​ത്ര​മാ​യി​പോ​ലും ല​ഘൂ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല. ക​ടു​ത്ത പ​ലി​ശ ഖ​ജ​നാ​വി​ന്റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്നു. ഉ​പ​ഭോ​ക്തൃസം​സ്ഥാ​ന​മെ​ന്ന പ​ദ​വി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​വോ​ളം അ​ങ്ങ​നെ​യേ സം​ഭ​വി​ക്കൂ. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഭാ​വ​ന കൂ​ടി​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​നം മു​മ്പെ​ന്നോ പി​ച്ച​ച്ച​ട്ടി​യെ​ടു​ത്തേ​നെ. സാ​മ്പ​ത്തി​ക ദുഃ​സ്ഥി​തി​യു​ടെ വ്യ​ക്ത​മാ​യ ചി​ത്രം ദി​വ​സ​ങ്ങ​ൾ​ക്ക​കം, ധ​ന​മ​ന്ത്രി ​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി ധ​വ​ള​പ​ത്രം നി​യ​മ​സ​ഭ​യി​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തോ​ടെ കാ​ണാ​നാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക.

അ​തേ​സ​മ​യം, ക​ട​ക്കെ​ണി​യി​ൽ​നി​ന്ന് ക​ട​ക്കെ​ണി​യി​ലേ​ക്ക് കു​തി​ക്കു​ന്ന ഒ​രു സം​സ്ഥാ​ന​ത്ത് വീ​ണ്ടു​വി​ചാ​ര​വും തി​രു​ത്തും സ​തീ​ശ​ൻ സ​ർ​ക്കാ​റി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​മോ എ​ന്ന​താ​ണ് ഉ​ട​ന​ടി പ്ര​സ​ക്ത​മാ​യ ചോ​ദ്യം. പ്ര​തീ​ക്ഷി​ക്കാ​മെ​ങ്കി​ൽ അ​ത് പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യി കാ​ണേ​ണ്ട​ത് 21 അം​ഗ മ​ന്ത്രി​സ​ഭ​യി​ലെ ഓ​രോ അം​ഗ​ത്തെ​യും സ്പീക്കർ, ചീഫ് വിപ്പ് തുടങ്ങിയവരെയും വ​ല​യം​ചെ​യ്യു​ന്ന പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​ന്റെ എ​ണ്ണ​വും അ​തു​വ​ഴി പൊ​തു​ഖ​ജ​നാ​വി​ന് താ​ങ്ങേ​ണ്ടി​വ​രു​ന്ന വ​ൻ സാ​മ്പ​ത്തി​കഭാ​ര​വു​ം എങ്ങനെ കൈകാര്യം ചെയ്യും എന്നതിലാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കുപു​റ​മെ ഇ​രു​പ​തം​ഗ മ​ന്ത്രി​സ​ഭ​യു​ടെ വ​ലു​പ്പം​ത​ന്നെ ദു​ർ​വ​ഹ​​മാ​ണെ​ന്ന് പ​റ​യാ​തെ​വ​യ്യ.

സാ​മാ​ന്യം വ​ലി​യ നാ​ല് പാ​ർ​ട്ടി​ക​ളും ര​ണ്ട് ഒ​റ്റ​യാ​ൾ പാ​ർ​ട്ടി​ക​ളു​മു​ള്ള മു​ന്ന​ണി​യി​ലെ ഘ​ട​ക​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഇ​ത്ര​യും വ​ലി​യ മ​ന്ത്രി​പ്പ​ട വേ​ണ്ടി​വ​ന്നു എ​ന്ന​താ​വും ന്യാ​യീ​ക​ര​ണം. അ​ത് സ​മ്മ​തി​ച്ചു​കൊ​ടു​ത്താ​ൽ​ത​ന്നെ എ​ന്തി​നാ​ണ് ഓ​രോ മ​ന്ത്രി​സ​ഭാം​ഗ​ത്തി​നും 25-30 പേ​രു​ടെ ​പേ​ഴ്സ​ന​ൽ സ്റ്റാ​ഫ്? ഇ​പ്പോ​ൾ​ത​ന്നെ ഓ​രോ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നും ല​ഭി​ച്ചി​രി​ക്കു​ന്ന പേ​ഴ്സ​ന​ൽ സ്റ്റാ​ഫ് അം​ഗ​ത്വ​ത്തി​നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ളി​ൽ​നി​ന്ന് വേ​ണ്ട​പ്പെ​ട്ട​വ​രെ സെ​ല​ക്ട് ചെ​യ്യാ​ൻ അ​സാ​മാ​ന്യ ക്ഷ​മ​യും അ​തി​ജീ​വ​ന​ശേ​ഷി​യും വേ​ണ​മെ​ന്ന​താ​ണ് സ്ഥി​തി. സ്ഥാ​ന​മോ​ഹി​ക​ളും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​രു​മാ​യി വ​ൻ പ​ട ത​ല​സ്ഥാ​ന​ ന​ഗ​രി​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​ല​ക്ഷ​ൻ ജ​യി​ക്കാ​നും മ​ന്ത്രി​സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കാ​നും പ​ണി​യെ​ടു​ത്ത​​വ​രെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല​ല്ലോ. അ​തി​നാ​ൽ ക​ർ​ക്ക​ശ​മാ​യ സം​ഘ​ട​നാവ്യ​വ​സ്ഥ അ​വ​കാ​ശ​പ്പെ​ടു​ന്ന ക​മ്യൂ​ണി​സ്റ്റ്പാ​ർ​ട്ടി​ക​ൾ ഭ​ര​ണ​ത്തി​ലി​രു​ന്ന കാ​ല​ത്തു​പോ​ലും സ്റ്റാ​ഫം​ഗ​ങ്ങ​ളു​ടെ സേ​വ​ന ​കാ​ലാ​വ​ധി ര​ണ്ട​ര​ വ​ർ​ഷ​മാ​ക്കി ചു​രു​ക്കി അം​ഗ​സം​ഖ്യ കൂ​ട്ടി ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ദു​ർ​വ​ഹ ചെ​ല​വു​ക​ൾ പൊ​തു​ഖ​ജ​നാ​വി​നെ​ക്കൊ​ണ്ട് വ​ഹി​പ്പി​ച്ചു.

ഇ​ത് തി​രു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ മു​ഖ്യ​മ​ന്ത്രി സ​തീ​ശ​നെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. ​പേ​ഴ്സ​നൽ സ്റ്റാ​ഫി​​ന്റെ കാ​ലാ​വ​ധി മി​നി​മം നാ​ലു​വ​ർ​ഷ​മാ​യി​രി​ക്കു​മെ​ന്നും അ​തി​ൽ കു​റ​ഞ്ഞ കാ​ലാ​വ​ധി​ക്കാ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത് ജ​നം സ്വാ​ഗ​തം​ചെ​യ്ത​തു​മാ​ണ്. എ​ന്നാ​ൽ, നി​സ്സാ​ര വ​കു​പ്പു​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ​ക്കു​വ​രെ 25-30 അം​ഗ സ്റ്റാ​ഫി​ന്റെ എ​ണ്ണം യാ​ഥാ​ർ​ഥ്യ​ബോ​​ധ​ത്തോ​ടെ വെ​ട്ടി​ക്കു​റ​ച്ചേ മ​തി​യാ​വൂ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, സ്​​പെ​ഷ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ ത​സ്തി​ക​ക​ൾ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി ഒ​രു യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത​വ​ർ​ക്ക് കൂ​ടി പ​തി​ച്ചു​ന​ൽ​കി ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തു​ല്യ​മാ​യ ശ​മ്പ​ള​സ്കെ​യി​ൽ അ​നു​വ​ദി​ക്കു​ന്ന​തി​ലെ അ​നീ​തി ഒ​ര​ർ​ഥ​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. 70000 രൂ​പ​ക്ക് മു​ക​ളി​ൽ ശ​മ്പ​ളം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നാം​ക്ലാ​സ് ട്രെ​യി​ൻ ടി​ക്ക​റ്റി​ൽ യാ​ത്ര​ചെ​യ്യാം. 77000ന് ​മീ​തെ​യു​ള്ള​വ​ർ​ക്ക് വി​മാ​ന​യാ​ത്ര​യും സൗ​ജ​ന്യം. ഇ​വ​ർ​ക്കൊ​ക്കെ ആ​നു​പാ​തി​ക​മാ​യി ആ​ജീ​വ​നാ​ന്തം പെ​ൻ​ഷ​നും ല​ഭി​ക്കും. വെ​റു​​തെ​യാ​ണോ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​ൽ ക​ട​ന്നു​കൂ​ടാ​ൻ ആ​ശ്രി​ത​രും പാ​ർ​ട്ടി​ക്കാ​രും പെ​ടാ​പ്പാ​ട് പെ​ടു​ന്ന​ത്. കേ​ന്ദ്ര കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ​ക്കുപോ​ലും 15 പേ​രെ മാ​ത്ര​മേ പേ​ഴ്സ​നൽ സ്റ്റാ​ഫി​ൽ നി​യ​മി​ക്കാനാ​വൂ. ബാ​ക്കി​യു​ള്ള​വ​ർ സ​ർ​ക്കാ​ർ സ​ർ​വിസി​ലു​ള്ള​വ​രാ​യി​രി​ക്ക​ണം.

ആ​വ​ശ്യ​മെ​ന്നോ അ​നാ​വ​ശ്യ​മെ​ന്നോ പ​രി​ഗ​ണി​ക്കാ​തെ കാ​ക്ക​ത്തൊ​ള്ളാ​യി​രം കോ​ർ​പ​റേ​ഷ​നു​ക​ൾ, ബോ​ർ​ഡു​ക​ൾ, അ​ക്കാ​ദ​മി​ക​ൾ, കൗ​ൺ​സി​ലു​ക​ൾ തു​ട​ങ്ങി​യ സ​ർ​ക്കാ​ർസ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​നു ​പു​റ​മെ​യു​ണ്ട്. 21 അം​ഗ കാ​ബി​ന​റ്റി​ൽ ഓ​രോ മ​ന്ത്രാ​ല​യ​ത്തി​നും വേ​ണ്ട​തി​ല​ധി​കം സ്റ്റാ​ഫ് നി​ല​വി​ലി​രി​ക്കെ പു​റ​മെ എ​ന്തി​നാ​ണ് ഇ​ത്ര​യേ​റെ സ​മി​തി​ക​ൾ. ഓ​രോ സ​മി​തി​ക്കും മേ​ധാ​വി വേ​ണം. അ​യാ​ൾ​ക്ക് കാ​റും ഡ്രൈ​വ​റും ​പേ​ഴ്സ​ന​ൽ സ്റ്റാ​ഫും വേ​ണം. ഇ​വ​രൊ​ക്കെ​യും വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന മീ​റ്റിങ്ങു​ക​ൾ​ക്ക് ചെ​ല​വു​ക​ൾ വേ​റെ. ഓ​ഫിസ് മു​റി​ക​ൾ​ക്ക് വാ​ട​ക​യും പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന്. സ​മ​ഗ്ര​മാ​യ പ​ഠ​ന​ത്തി​നു​ശേ​ഷം അ​നു​പേ​​ക്ഷ്യ​മാ​യ സ​ർ​ക്കാ​ർ സ​മി​തി​ക​ൾ മാ​ത്രം നി​ല​നി​ർ​ത്തി ബാ​ക്കി​യെ​ല്ലാം പി​രി​ച്ചു​വി​ട്ടാ​ൽ പൊ​തു​ഖ​ജ​നാ​വി​ന്റെ ഭാ​രം അ​ത്ര​യെ​ങ്കി​ലും കു​റ​ക്കാ​നാ​വും. മാ​റ്റ​ത്തി​നാ​യി ജ​ന​ങ്ങ​ൾ വോ​ട്ടു​ചെ​യ്ത് അ​ധി​കാ​ര​ത്തി​ൽ വാ​ഴി​ച്ച വി.​ഡി. സ​തീ​ശ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ഗൗ​ര​വം പ​രി​ഗ​ണി​ക്കു​മോ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തെ​ക്കു​റി​ച്ച്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentfinanceeditorial opinionFinancial disciplineresponsibility
News Summary - The first thing you need is financial discipline
Next Story