കൊലപാതകങ്ങളിൽ ഞെട്ടിത്തരിച്ച് കേരളം
text_fieldsപാലക്കാട്ടെ നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ ജയിൽപുള്ളി പട്ടാപ്പകൽ 54കാരനെയും 75കാരിയായ അയാളുടെ ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന് ഒളിവിൽ പോയ ഭീകരസംഭവം സംസ്ഥാനത്തെയാകെ ഞെട്ടിക്കുകയും ജനരോഷം ക്ഷണിച്ചുവരുത്തുകയും ചെയ്തത് സ്വാഭാവികമാണ്. 2019 ആഗസ്റ്റ് 31ന് സജിത എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെന്താമരയാണ് നാലുവർഷത്തെ ജയിൽ വാസത്തിനുശേഷം ജാമ്യത്തിലിറങ്ങി വ്യവസ്ഥകൾ മുഴുവൻ ലംഘിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി നടന്നത്. നിരന്തരം ആക്രമണ ഭീഷണി ഉയർത്തിയ ഇയാൾക്കെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബവും നാട്ടുകാരും പരാതിപ്പെട്ടിരുന്നുവെങ്കിലും സ്റ്റേഷൻ മുറ്റത്ത് നിർത്തി താക്കീത് നൽകി വിട്ടയക്കുകയായിരുന്നുവത്രെ പൊലീസ്.
നേരത്തേ കൊലപ്പെടുത്തിയ സജിത കൂടോത്രം ചെയ്തിട്ടാണ് കുടുംബം ഇയാളിൽനിന്ന് അകന്നതെന്ന് ഒരു മന്ത്രവാദി പ്രതിയെ വിശ്വസിപ്പിച്ചിരുന്നതായി പറയുന്നു. ജയിലിൽ കഴിഞ്ഞ കാലമത്രയും ഈ വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച കൊലപാതകി ജാമ്യത്തിലിറങ്ങിയതുതന്നെ നേരത്തേ തന്റെ കൊലക്കത്തിക്കിരയായ വീട്ടമ്മയുടെ കുടുംബത്തോട് പ്രതികാരം ചെയ്യണമെന്ന ദുരുദ്ദേശ്യത്തോടെയായിരുന്നെന്ന് വ്യക്തം. മന്ത്രവാദികളുടെയും ജ്യോത്സ്യന്മാരുടെയുമൊക്കെ വാക്കുകൾ വേദവാക്യമായെടുത്ത് കൊടുംക്രൂര കൃത്യങ്ങൾക്കിറങ്ങിപ്പുറപ്പെടുന്ന അന്ധവിശ്വാസികൾ പ്രബുദ്ധ കേരളത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സത്യം തന്നെ ലജ്ജാകരമാണ്. അതോടൊപ്പം കൊലക്കത്തിക്കിരയായവരുടെ മകളും നാട്ടുകാരും യഥാസമയം പരാതിപ്പെട്ടിട്ടും കൊലപ്പുള്ളിയെ പിടികൂടി ജയിലിലടക്കുന്നതിൽ അക്ഷന്തവ്യമായ അനാസ്ഥ കാട്ടിയ പൊലീസും സംസ്ഥാനത്തിന് അഭിമാനകരമല്ല.
തൽക്കാലം ജനരോഷമടക്കാൻ ആഭ്യന്തര വകുപ്പ് ചില നടപടികളെടുക്കുന്നതിലപ്പുറമൊന്നും സംഭവിക്കാൻ പോവുന്നില്ലെന്നതാണ് മുന്നനുഭവങ്ങൾ. അത് പൊലീസിനും അറിയാം. കൊലപാതകി ആത്മഹത്യ ചെയ്തിട്ടില്ലെങ്കിൽ അയാളെ പിടികിട്ടിയാൽ വീണ്ടും കാരാഗൃഹത്തിലടക്കപ്പെട്ടേക്കാം എന്നതല്ലാതെ പ്രശ്നത്തിന്റെ മർമം മനസ്സിലാക്കി, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
ഇവ്വിധത്തിൽ ആശങ്കപ്പെടേണ്ടിവരുന്നത് സമാനസംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുക മാത്രമല്ല, വർധിക്കുകകൂടി ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ്. ഇതേ ജനുവരിയിലാണ് പയ്യന്നൂരിൽ മകൻ മരവടികൊണ്ട് തല തല്ലിപ്പൊളിച്ച് ഗുരുതരപരിക്കേറ്റ 75കാരൻ ചികിത്സയിലിരിക്കെ മരിച്ചത്. അമിത മദ്യപാനം മൂലം ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയതിലെ ദേഷ്യം മൂലമാണ് മകൻ അച്ഛനെ മരണവക്ത്രത്തിലേക്ക് തള്ളിവീഴ്ത്തിയതത്രെ. സഹോദരന്റെ മക്കളുടെ മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എഴുപത്തിനാലുകാരൻ കുറ്റിപ്പുറത്ത് അന്ത്യശ്വാസം വലിച്ചതും അതേദിവസം തന്നെ.
മയക്കുമരുന്നിന്റെ അടിമയായ 24കാരൻ ഒന്നര വയസ്സുമുതൽ കൂലിവേല ചെയ്ത് പോറ്റിവളർത്തിയ തന്റെ ഉമ്മയെ പതിനേഴ് വെട്ടുകളാൽ കൊലപ്പെടുത്തിയത് ജനുവരി 19നാണ്. ജനുവരി 21നാണ് കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. പോയവർഷം ആലപ്പുഴയിൽ കൊന്നുകുഴിച്ചിട്ടത് ആറുപേരെയായിരുന്നു. ഇവ്വിധം നടുക്കുന്ന കൊലപാതകങ്ങളുടെയും അതിക്രൂര പീഡനങ്ങളുടെയും സംഭവവിവരണങ്ങൾ ആഘോഷമാക്കുകയാണ് നിത്യേനയെന്നോണം അച്ചടി, ദൃശ്യ മാധ്യമങ്ങൾ. മുമ്പൊക്കെ അപസർപ്പക കഥകളായിരുന്നു വായനക്കാരുടെ ലഹരിയെങ്കിൽ ഇന്ന് മാധ്യമങ്ങളിലൂടെ ചുരുളഴിയുന്ന യഥാർഥ കൊടും ക്രൂരകൃത്യങ്ങളാണ്. ഇതെന്തുകൊണ്ട് സംഭവിക്കുന്നു, എന്തുകൊണ്ടതിന്റെ എണ്ണം കുറക്കാൻപോലും സർക്കാറിനും പൊലീസിനും കഴിയാതെ പോവുന്നു എന്നതിനെക്കുറിച്ച് ഗൗരവപൂർവമായ ആലോചനകളും നടപടികളും നടക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചിന്താവിഷയം.
പ്രഥമവും പ്രധാനവുമായി പ്രതിക്കൂട്ടിൽ കയറ്റേണ്ടത് നമ്മുടെ കുറ്റാന്വേഷണ സംവിധാനത്തെയും പൊലീസിനെയും തന്നെ; രണ്ടാമതായി കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുന്ന സാമൂഹിക-രാഷ്ട്രീയ സമ്മർദങ്ങളെയും. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഭീകര കൊലപാതകങ്ങളിൽപോലും പ്രതികളെ വിചാരണ ചെയ്ത് അർഹമായ ശിക്ഷ വിധിക്കുന്നതിൽ അക്ഷന്തവ്യമായ കാലതാമസം വരുത്തുന്ന ജുഡീഷ്യറിക്കും തെളിഞ്ഞ വെള്ളത്തിൽ മുങ്ങാനാവില്ല.
സുരക്ഷാസേനയുടെ എണ്ണത്തിലെ ഭീമമായ അപര്യാപ്തി, പരിശീലനത്തിലെ ഗർഹണീയമായ പോരായ്മ, പൊലീസിന്റെ ജോലിഭാരം, നിരന്തരം നടക്കുന്ന സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമിടയിൽ മന്ത്രിമാർക്കും വകുപ്പ് മേധാവികൾക്കും ഒരുക്കേണ്ട സുരക്ഷാ ശൃംഖല തുടങ്ങി ഒരുപാട് ഘടകങ്ങളുണ്ട് ക്രമസമാധാനപാലനത്തിനും കുറ്റകൃത്യങ്ങളുടെ പ്രതിരോധത്തിനും പരിക്കേൽപിക്കുന്നതായി. ജനകീയ ബോധവത്കരണത്തിന്റെ അഭാവം എടുത്തുപറയേണ്ട മറ്റൊരു കാരണമാണ്. മത-രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലെ ചർച്ചകളും സംവാദങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നതിലും പഴിചാരുന്നതിലും ശകാരിക്കുന്നതിലും ഒതുങ്ങിപ്പോവുമ്പോൾ വളരുന്ന തലമുറ തെറ്റിയ പാഠങ്ങളാണ് പഠിക്കുന്നത്, മോശമായ മാതൃകകളെയാണ് അനുകരിക്കുന്നത്.
സാങ്കേതികവിദ്യയുടെ അപ്രതിഹതമായ വളർച്ച നന്മയെക്കാളേറെ തിന്മക്കാണ് സഹായകമാവുന്നതെന്ന സത്യം അവഗണിച്ചിട്ട് കാര്യമില്ല. ഭരണഘടനയുടെ ആമുഖവും കോപ്പിയും ആഘോഷങ്ങളിൽ ഉയർത്തിപ്പിടിച്ചതുകൊണ്ടായില്ല. അത് ജനസഞ്ചയത്തോട് എന്താവശ്യപ്പെടുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
