Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഈ അവഗണനക്കെതിരെ കേരളം...

ഈ അവഗണനക്കെതിരെ കേരളം ഒന്നിച്ചു പോരാടണം

text_fields
bookmark_border
ഈ അവഗണനക്കെതിരെ കേരളം ഒന്നിച്ചു പോരാടണം
cancel

തങ്ങള്‍ രാഷ്ട്രീയമായി കണ്ണുവെച്ച സംസ്ഥാനമായ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനയെക്കുറിച്ച് ബി.ജെ.പി നേതൃത്വം സ്വയം പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവിടെ വേരിറക്കാനും രാഷ്ട്രീയസ്വാധീനം വിപുലപ്പെടുത്താനും നാനാവിധ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരുതരത്തിലും അത് രചനാത്മക മാര്‍ഗത്തിലൂടെയല്ല എന്ന് സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു.  കേന്ദ്രത്തില്‍ അധികാരാരോഹണം സാധ്യമായിട്ട് മൂന്നു വര്‍ഷത്തോളമായിട്ടും സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി നേതാക്കളിലാരും സുപ്രധാനമായ ഒരു പദവിയിലേക്കും നിയോഗിക്കപ്പെടാത്തതില്‍പോലും പ്രതികാരവാഞ്ഛ വായിച്ചെടുക്കുന്നവരുണ്ട്.

മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും വികസനവഴിയില്‍ കൈത്താങ്ങായി വര്‍ത്തിക്കുകയും ചെയ്യുന്ന മോദിസര്‍ക്കാര്‍ കേരളത്തിന്‍െറ കാര്യം വരുമ്പോള്‍ കാണിക്കുന്ന കൊടിയ അവഗണന എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ബുധനാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയും തെളിഞ്ഞിരിക്കയാണ്. വളരെ നേരത്തേതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി മോദിയെ കണ്ട് കേരളത്തിന്‍െറ അരിവിഹിതം കൂട്ടണമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കണമെന്നുമൊക്കെയുള്ള കുറെ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചപ്പോള്‍ അല്‍പം വിശാലമനസ്കതയോടെ പെരുമാറുമെന്നാണ് ജനം പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, ആവശ്യങ്ങള്‍ ഗൗനിച്ചില്ല എന്നു മാത്രമല്ല, സംസ്ഥാനത്തിന്‍െറ മുന്നോട്ടുള്ള ഗമനത്തിന് വിഘ്നം വരുത്തുംവിധം കേരളത്തിനുള്ള സാമ്പത്തികസഹായം ഗണ്യമായി കുറക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനം ചുരുങ്ങിയ കാലംകൊണ്ട് ബഹുദൂരം പിന്നോട്ടടിക്കുമെന്ന് പറയേണ്ടതില്ലല്ളോ.കക്ഷിപക്ഷസങ്കുചിതത്വങ്ങള്‍ മാറ്റിവെച്ച് സംസ്ഥാനത്തിനുവേണ്ടി ഒറ്റക്കെട്ടായി ശബ്ദിക്കുകയും കേന്ദ്രത്തിന്‍െറ ഉദാസീന മനോഭാവം തിരുത്താന്‍ പോരാടുകയും ചെയ്യുകയേ ഇനി നിവൃത്തിയുള്ളൂ. 

ബജറ്റില്‍ കേരളത്തിനു പുതുതായി ഒന്നുമില്ല എന്നു മാത്രമല്ല, പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഇതുവരെ കിട്ടിക്കൊണ്ടിരുന്ന വിഹിതംപോലും വെട്ടിക്കുറച്ചിരിക്കുകയുമാണ്. കഴിഞ്ഞ ബജറ്റില്‍ 2,300 കോടി അനുവദിച്ച സ്ഥാനത്ത് ഇക്കുറി 1,450 കോടി മാത്രം. കൊച്ചി ഷിപ്യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ ബജറ്റിതര മാര്‍ഗങ്ങളിലൂടെ വേണം നിത്യനിദാനച്ചെലവ് കണ്ടത്തൊന്‍. ‘ഫാക്ടി’ന്‍െറ അവസ്ഥയും വ്യത്യസ്തമല്ല. സ്ഥാപനത്തിന്‍െറ ഭൂമി പണയംവെച്ചാണ് കഴിഞ്ഞ വര്‍ഷം 1,000 കോടി സമാഹരിച്ചത്. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിനു രണ്ടുകോടി കുറച്ചാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് 135 കോടി കിട്ടിയ സ്ഥാനത്ത് മറൈന്‍ പ്രൊഡക്ട് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റിക്ക് 105 കോടി മാത്രമാണ് അരുണ്‍ ജെയ്റ്റ്ലി നല്‍കിയത്.

പൊതുമേഖല സ്ഥാപനങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുകയും ഭാവിവികസനം അസാധ്യമാക്കുകയും ചെയ്യുന്ന തരത്തില്‍ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കുന്ന നിഷേധാത്മക നിലപാടിലൂടെ കേരളത്തെ മോദി സര്‍ക്കാര്‍ ശിക്ഷിച്ചിരിക്കുകയാണ്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കേരളത്തോട് അനുഭാവപൂര്‍വം പെരുമാറിയപ്പോഴാണ് വല്ലാര്‍പാടം ടെര്‍മിനലും മറ്റു വന്‍കിട പദ്ധതികളും യാഥാര്‍ഥ്യമായത്. നാണ്യവിളകളുടെ വിലയിടിവ് കേരളത്തിന്‍െറ നട്ടെല്ല് തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ അത് നേരിടാനുള്ള പരിഹാരമാര്‍ഗങ്ങള്‍ സംസ്ഥാനം കേന്ദ്രത്തിന്‍െറ മുന്നില്‍ വെച്ചിരുന്നുവെങ്കിലും അവയൊന്നും ഗൗനിച്ചില്ല.

റബര്‍ വിലസ്ഥിരത ഫണ്ടിലേക്ക് 1,000 കോടി രൂപ കേന്ദ്രസഹായമായി നല്‍കണമെന്ന അപേക്ഷ കേന്ദ്രം കേട്ടമട്ടില്ല. റബര്‍ ഇറക്കുമതി ചുങ്കം കൂട്ടണമെന്ന നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ നിര്‍മാണം കടലാസില്‍ ഒതുങ്ങാനാവും വിധി. പൊതുബജറ്റില്‍ റെയില്‍വേ ബജറ്റ് ലയിക്കപ്പെട്ടതോടെ, കൃത്യതയില്ലാത്ത കുറെ നിര്‍ദേശങ്ങളില്‍ നമ്മുടെ സ്വപ്നപദ്ധതികള്‍ അലിഞ്ഞുതീര്‍ന്നപ്പോള്‍ നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി -മൈസൂരു പാതകളെല്ലാം സ്വപ്നങ്ങളിലൊതുങ്ങുമെന്നുറപ്പായി.

കേരളം മാറിച്ചിന്തിക്കാന്‍ സമയമായിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഓരോ ബജറ്റും കൈമാറുന്നത്. കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ വിഹിതം ലഭിക്കുന്നതിലൂടെ വികസനരംഗത്ത് പുതിയ ചുവടുവെപ്പുകള്‍ നടത്താമെന്ന പ്രതീക്ഷകള്‍ നിരന്തരമായി തകരുമ്പോള്‍, കേവലം പ്രതിഷേധിച്ച് പിന്മാറുന്നതില്‍ അര്‍ഥമില്ല. കേന്ദ്രത്തെക്കൊണ്ട് തെറ്റ് തിരുത്തിക്കാനും അവകാശപ്പെട്ടത് വാങ്ങിച്ചെടുക്കാനും ഏത് ജനാധിപത്യമാര്‍ഗമാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് കൂട്ടായി ആലോചിക്കേണ്ട സമയമായിരിക്കുന്നു. ഇടതുവലതു മുന്നണികളെ പഴിചാരി, കേരളത്തെ അധോഗതിയിലത്തെിക്കുന്നതോടെ തങ്ങള്‍ക്ക്  രാഷ്ട്രീയവേരിറക്കാന്‍ മണ്ണ് പാകപ്പെടുമെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ടെങ്കില്‍ അത് മണ്ടത്തമായിരിക്കുമെന്ന് മനസ്സിലാക്കുന്നത് അവര്‍ക്കു നന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - kerala fight against the avoidness
Next Story