Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവികസനത്തി​െൻറ...

വികസനത്തി​െൻറ ലാസ്‌റ്റ്​ ബസ് വീണ്ടും ബെല്ലടിക്കുന്നു

text_fields
bookmark_border
വികസനത്തി​െൻറ ലാസ്‌റ്റ്​ ബസ് വീണ്ടും ബെല്ലടിക്കുന്നു
cancel

വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെല്ലാം വീണ്ടും വീണ്ടും ഒന്നാം റാങ്കു നേടുമ്പോഴും വ്യവസായ വികസനത്തിൽ പാസ് മാർക്ക ുപോലും നേടാനാവാതെ പതറിനിൽക്കുന്ന നാടാണ് കേരളം. സംരംഭകരെ ആകർഷിക്കാൻ വേണ്ട പശ്ചാത്തല സൗകര്യങ്ങൾ ഇല്ലാത്തതു മാത്രമല്ല, കേരളത്തോട് ഇഷ്​ടം തോന്നി മുതൽമുടക്കാൻ എത്തുന്നവരുടെ മനസ്സ്​ മടുപ്പിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്​ട്രീയ തിണ്ണമിടുക്കും തൊഴിലാളിസമൂഹത്തെ റാഞ്ചി നടമാടുന്ന ട്രേഡ് യൂനിയൻ ഗുണ്ടായിസവുമെല്ലാം അതിനു കാരണമായിട്ടുണ്ട്. ഒരു പാട് സംരംഭക സ്വപ്​നങ്ങളുടെ ചുടലപ്പറമ്പാണ് നമ്മുടെ നാട്. എന്നാൽ, ഈ നടപ്പുരീതികൾക്കു അറുതിവരുന്നു എന്നാണ് കേരള മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വ്യവസായലോകത്തിനു മുന്നിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നിക്ഷേപസമാഹരണ യജ്ഞങ്ങളിൽ മുഖ്യമന്ത്രിയും സംഘവും ആണയിട്ടു പറഞ്ഞത് കേരളം പഴയ കേരളമല്ല എന്നാണ്. വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞുവെന്നും സൗകര്യങ്ങൾ എല്ലാം ഒരുക്കി നൽകാൻ സർക്കാർ സന്നദ്ധമാണെന്നും വ്യക്തമാക്കി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിൽ കോടികളുടെ നിക്ഷേപ വാഗ്ദാനവും നേടിയാണ് മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തുന്നത്.

ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ വ്യവസായികളും ദുബൈ പോർട്ട് ഉൾപ്പെടെയുള്ള അവിടുത്തെ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളും നിക്ഷേപം നടത്താൻ താൽപര്യം അറിയിച്ചിരിക്കുന്നു. ഇവയിൽ പലതും നേരത്തെയും പറഞ്ഞു കേട്ട താൽപര്യങ്ങളോ പദ്ധതികളോ ആണ്. എന്നിരിക്കിലും നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിലും വിശ്വാസം ആർജിക്കുന്നതിലും മുഖ്യമന്ത്രിയുടെ യാത്ര വിജയിച്ചു എന്നുതന്നെ പറയണം. കൊച്ചിയിൽ ലോജിസ്​റ്റിക് മേഖലയിൽ മുതൽ മുടക്കുമെന്നു ദുബൈ പോർട്ട് നേരത്തെയും അറിയിച്ചിരുന്നതാണ്. എന്നാൽ, ഇക്കുറി ധാരണപത്രം ഒപ്പിടാൻ അവർ മുന്നോട്ടു വന്നു. കേരളത്തിൽ ഏറെ സാധ്യതയുള്ള ഭക്ഷ്യ സംസ്കരണമേഖലയിലും ആരോഗ്യമേഖലയിലുമെല്ലാം നിക്ഷേപങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ താൽപര്യങ്ങളെ പ്രയോഗതലത്തിൽ എത്തിക്കുക എന്ന വലിയ കടമ്പയുണ്ട് ഇനി മുന്നിൽ. ഡിസംബറിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ഈ പദ്ധതികളുടെ എല്ലാം കൃത്യമായ രൂപരേഖ പ്രതീക്ഷിക്കുന്നു. അതിനു ചിട്ടയാർന്ന തുടർപ്രവർത്തനങ്ങളും സർക്കാറി​​െൻറ കർക്കശമായ മേൽനോട്ടവുമുണ്ടെങ്കിൽ പദ്ധതികൾ പ്രയോഗത്തിലെത്തിക്കാൻ തടസ്സമൊന്നുമുണ്ടാവില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന സജീവ താൽപര്യം പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്​.

സാധാരണക്കാരായ പ്രവാസികൾക്ക് നിക്ഷേപം നടത്താനും വരുമാനം നേടാനും ഉതകുന്ന സർക്കാർ മേൽനോട്ടത്തിലുള്ള പ്രവാസി കമ്പനിയും വലിയ പ്രതീക്ഷയാണ് തീർത്തിരിക്കുന്നത്. അധിക കോണുകളിൽനിന്ന് എതിർ പ്രചാരണങ്ങളോ ദോഷബുദ്ധിയിലുള്ള നോട്ടങ്ങളോ ഇതിനെതിരെ ഇല്ല. കേരളത്തി​​െൻറ പുനരുജ്ജീവനം നമ്മൾ ഓരോരുത്തരുടെയും ബാധ്യതയാണെന്ന് കക്ഷിരാഷ്​ട്രീയ ഭേദ​െമന്യേ പ്രവാസി മലയാളികൾ കരുതുന്നതും അവരുടെ വികാരങ്ങൾക്കൊപ്പം നിൽക്കാൻ വിവിധ രാഷ്​ട്രീയ പാർട്ടികൾ തീരുമാനിച്ചതുമാണ് ഇതിനു വഴിയൊരുക്കിയത്.

ആന്തൂരിലെ സാജനെപ്പോലുള്ള മനുഷ്യർ ജീവൻ കൊടുത്തതി​​െൻറ ഫലമായി സംഭവിച്ച വീണ്ടുവിചാരം കൂടിയാണ് സംരംഭക സൗഹൃദ കേരളം. വീണ്ടും ഒരു ആഗോള നിക്ഷേപക സംഗമം പ്രഖ്യാപിക്കപ്പെടുമ്പോൾ ഇപ്പോൾ സാധ്യമായില്ലെങ്കിൽ ഇനി ഒരിക്കലും കഴിയില്ലെന്നും വികസനത്തി​​െൻറ ലാസ്‌റ്റ്​ ബസ് ആണിതെന്നും മുൻകഴിഞ്ഞ മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനമാണ് ഓർമയിലെത്തുന്നത്. ഇനിയും പുറപ്പെട്ടിട്ടില്ലാത്ത ആ ബസിൽനിന്ന് വീണ്ടും മണിയടി മുഴങ്ങുന്നതുപോലെ. ഈ ഘട്ടത്തിൽ സർക്കാറിന് മറന്നുപോകാൻ പാടില്ലാത്ത ഒന്നുണ്ട്. സംരംഭകത്വ സൗഹൃദവും മുതലാളിത്ത സൗഹൃദവും രണ്ടും രണ്ടാണ് എന്ന അടിസ്ഥാനതത്ത്വം. കേരളത്തെ വ്യവസായ-സംരംഭകത്വ -നിക്ഷേപ സൗഹൃദ ഭൂമി ആക്കുന്നതിൽ ഒരാൾക്കും എതിർപ്പില്ല തന്നെ. പക്ഷേ, ആ താൽപര്യങ്ങൾ സാധാരണ ജനതാൽപര്യങ്ങൾക്കു വിരുദ്ധമാവരുത്.

സർക്കാറി​െൻറ പരമാധികാരത്തെ പണയപ്പെടുത്തുന്നതും ആവരുത്. ഇത് മറന്നാൽ സംഭവിക്കുക എന്താകും എന്നതിന് ബംഗാളിലെ കൊടി നിറം മാറിയ പാർട്ടി ഓഫിസുകൾ തെളിവ് പറയും. മാത്രമല്ല, മുതലാളിത്ത സൗഹൃദ നിക്ഷേപങ്ങൾ ഏതുവഴിയുള്ള വികസനത്തിനാണ്​ വഴിതുറക്കുകയെന്നും അതി​​െൻറ കെടുതികൾ ഏതു വിധമായിരിക്കുമെന്നും ​പ്രളയാനന്തര കേരളത്തിന്​ ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. ഇൗ മുന്നനുഭവങ്ങളുടെയൊക്കെ വെളിച്ചത്തിൽ പുതിയ സാധ്യതകൾക്കു വഴിയൊരുക്കാനുള്ള ജാഗ്രതയും ആവേശവുമാണ്​ ഭരണകൂടം കാണിക്കേണ്ടത്​. വികസനത്തെക്കുറിച്ച ഗമണ്ടൻ പ്രഖ്യാപനങ്ങളോ കുറേ ധാരണപത്രം ഒപ്പിടലോ അല്ല, മണ്ണിലേക്ക്​ അതൊക്കെ ഇറങ്ങിച്ചെല്ലുന്നുവെന്നും കേരള​ത്തി​​െൻറ സർവതോമുഖ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും ജനത്തെ ബോധ്യപ്പെടുത്താനായാൽ പ്രവാസികൾ മാത്രമല്ല, കേരളം ഒന്നടങ്കം അവസാന ബസിനു പിറകെയോടാനും ഇടംപിടിക്കാനും തയാറായുണ്ടാവും എന്നു തീർച്ച.

Show Full Article
TAGS:Kerala Development editorial Opinion News malayalam news 
Next Story