ബജറ്റ് അവതരണം എന്ന ആചാര സംരക്ഷണം
text_fields‘കാലം മാറിപ്പോയി, കേവലമാചാര നൂലുകളെല്ലാം പഴകിപ്പോയി’ എന്ന കുമാരനാശാെൻറ വരികൾ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസകിെൻറ 2019–2020 വർഷത്തേക്കുള്ള ബജറ്റ് പ്രഭാഷണം അവസാനിക്കുന്നത്. 156 പേജുള്ള ബജറ്റ് പ്രഭാഷണം മൊത്തത്തിൽ നവോത്ഥാന ആലസ്യത്തിൽ നിൽക്കുന്ന ഒരു ഇടതുപക്ഷക്കാരെൻറ കാൽപനിക പ്രഭാഷണമായാണ് അനുഭവപ്പെടുക. എന്താണ് ഈ ബജറ്റിെൻറ മുഖ്യ ഉൗന്നൽ, നയപരമായ എന്ത് മുൻഗണനകളാണ് അത് മുന്നോട്ടുവെക്കുന്നത്, അടുത്ത ഒരു വർഷത്തെ സംസ്ഥാനത്തെ മനുഷ്യരുടെ ജീവിതത്തിൽ അത് എങ്ങനെയാണ് ഇടപെടുന്നത്, എന്താണ് സാമ്പത്തിക ആസൂത്രണത്തിെൻറ ഉൗന്നൽ; തുടങ്ങിയ ബജറ്റുമായി ബന്ധപ്പെട്ട് സാധാരണഗതിയിൽ ഉയർന്നുവരാവുന്ന പ്രാഥമിക ചോദ്യങ്ങൾക്ക് ഒരു നിലക്കും ഉത്തരം ലഭിക്കുന്ന ഒന്നല്ല ഈ ബജറ്റ്. ‘ലക്ഷ്യബോധമില്ലാത്ത ബജറ്റ്’ എന്ന് ഒറ്റവാക്കിൽ അതിനെ വിലയിരുത്തുമ്പോൾ, പ്രതിപക്ഷ കക്ഷികൾ സാധാരണഗതിയിൽ ഉയർത്തുന്ന വിമർശനരീതിയുടെ കള്ളിയിൽ അതിനെ പെടുത്തരുത്. നിശ്ചയമായും കൃത്യതയോ ലക്ഷ്യബോധമോ ആസൂത്രണമോ ഇല്ലാത്ത ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ, അതിെൻറ ഉത്തരവാദി തോമസ് ഐസക് മാത്രമല്ല എന്നതാണ് വാസ്തവം. ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്. ജി.എസ്.ടിക്കുശേഷം സംസ്ഥാന ബജറ്റിന്, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പോലെ, ആചാരപരമായ പ്രസക്തി മാത്രമേയുള്ളൂ എന്നതാണ് സത്യം. അത്തരമൊരു ആചാര സംരക്ഷണ നടപടി മാത്രമാണ് ഐസക് വ്യാഴാഴ്ച അവതരിപ്പിച്ച ബജറ്റ്.
ജി.എസ്.ടി നടപ്പാക്കുമ്പോൾ അതിനെ ആദ്യം പിന്തുണച്ചവരിൽ ഒരാളാണ് തോമസ് ഐസക്. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലക്ക് ജി.എസ്.ടി വരുമ്പോൾ സംസ്ഥാനത്തിന് വലിയ നേട്ടം ഉണ്ടാവുമെന്ന് അദ്ദേഹം യഥാർഥത്തിൽതന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, 2018-19ലെ ഇതുവരെയുള്ള കണക്കു പ്രകാരം 10 ശതമാനം വരെ മാത്രമാണ് നികുതി വരുമാനത്തിലെ വർധന. ജി.എസ്.ടി വരുന്നതിനുമുമ്പ് ഇത് 18 ശതമാനം വരെയുണ്ടായിരുന്നു എന്നോർക്കണം. അതായത്, ഐസക് പ്രതീക്ഷിച്ചതുപോലെ, ജി.എസ്.ടി സംസ്ഥാനത്തിന് നേട്ടമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, വലിയ നികുതി ചോർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. നികുതി വരുമാനത്തിലെ വലിയ ചോർച്ച, സംസ്ഥാനത്തിെൻറ സമ്പദ് ഘടനയിൽ ആഘാതമേൽപിച്ച ഓഖി, നിപ, പ്രളയദുരന്തങ്ങൾ, ഗൾഫ് രാജ്യങ്ങളിലുണ്ടായ സാമ്പത്തിക തിരിച്ചടികൾ, ഇതിനെല്ലാമിടയിലും കേന്ദ്രം കാണിക്കുന്ന അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനം; ഇത്തരമൊരു പശ്ചാത്തലത്തിൽ ധനസമാഹരണത്തിന് സ്വന്തമായി അധികാരമില്ലാത്ത ജി.എസ്.ടി അനന്തര കാലത്തെ ഒരു സംസ്ഥാന ധനമന്ത്രിക്ക് ഇങ്ങനെയൊരു ബജറ്റേ അവതരിപ്പിക്കാൻ സാധിക്കൂ എന്നതാണ് വാസ്തവം. അതിൽ നവോത്ഥാനം, നവകേരളം തുടങ്ങിയ ക്ലീഷേകൾ ഉപയോഗിച്ച് ആർഭാടം കൊണ്ടുവന്നു എന്നതുമാത്രമാണ് തോമസ് ഐസക് ചെയ്തത്. ധനസമാഹരണത്തിനായി പ്രളയ സെസ് ഏർപ്പെടുത്തിയെന്നതാണ് ഈ ബജറ്റിലെ വ്യത്യസ്തമായ ഒന്ന്. പക്ഷേ, ബജറ്റ് വരെ കാത്തിരിക്കാതെ ഒരു ഓർഡിനൻസിലൂടെ സർക്കാറിന് സാധിക്കുന്ന കാര്യം മാത്രമാണിത്.
ജി.എസ്.ടി നിരക്കിൽ 12, 18, 28 എന്നീ പട്ടികയിൽ വരുന്ന എല്ലാ ചരക്കുകൾക്കും സേവനങ്ങൾക്കും ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താനുള്ള തീരുമാനം ഒട്ടുമിക്ക ഉപഭോക്തൃ വസ്തുക്കളുടെയും വിലവർധനക്കിടയാക്കും. വിവിധയിനം സർക്കാർ സേവനങ്ങളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. അതായത്, സാധാരണക്കാരെൻറ ജീവിതച്ചെലവിൽ വർധന വരുന്ന നിർദേശങ്ങൾ ബജറ്റിലുണ്ട്. ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ, ഇത്തരമൊരു നീക്കത്തിന് സർക്കാർ മുതിർന്നത് ധനസമാഹരണത്തിന് മറ്റൊരു വഴിയുമില്ല എന്നതുകൊണ്ടുതന്നെയാവണം. അതേസമയം, ഇടതുപക്ഷത്തിെൻറ ഇഷ്ടമേഖലയായ സാമൂഹികക്ഷേമത്തിൽ പെൻഷൻ നേരിയ തോതിൽ വർധിപ്പിക്കാനുള്ള തീരുമാനം, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനുവേണ്ടിയുള്ള നിർദേശങ്ങൾ, പൊതുവിദ്യാലയത്തിെൻറ ഗുണമേന്മ വർധിപ്പിക്കാനുള്ള നിർദേശങ്ങൾ എന്നിവ ബജറ്റിെൻറ ഗുണപരമായ വശങ്ങളാണ്. പ്രളയ പുനർനിർമാണവുമായി ബന്ധപ്പെട്ട് ‘റീബിൽഡ് കേരള’ പോലുള്ള മുദ്രാവാക്യങ്ങളല്ലാതെ, കൃത്യതയുള്ള പദ്ധതിയോ വിഹിതമോ ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. മറ്റ് പല പദ്ധതി പ്രഖ്യാപനങ്ങളുമാകട്ടെ, കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിെൻറ അക്ഷരംപ്രതിയുള്ള ആവർത്തനങ്ങൾ മാത്രമാണ്.
ജി.എസ്.ടി അനന്തര കാലത്ത് സംസ്ഥാന സമ്പദ്ഘടനയുടെ പരിമിതികൾ എന്തെന്ന് കൃത്യതയിൽ വരച്ചുവെക്കുന്നതാണ് വ്യാഴാഴ്ച അവതരിപ്പിക്കപ്പെട്ട ബജറ്റ്. അതായത്, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയം പര്യാപ്തതയെ തകർക്കുന്നതാണ് ജി.എസ്.ടിക്കു ശേഷമുള്ള ഘടന. ഇക്കാര്യം ഈ കോളത്തിലൂടെ ഞങ്ങൾ പലതവണ സൂചിപ്പിച്ചതാണ്. നമ്മുടെ ഫെഡറൽ ഘടനയുടെ അടിവേരറുക്കുന്ന ഘടകങ്ങൾ അതിലുണ്ട്. എന്നാൽ, അതെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കാൻ സി.പി.എം, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ വരെ സന്നദ്ധമായിട്ടില്ല എന്നതാണ് ഖേദകരമായ കാര്യം. മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ഇടക്ക് പങ്കുവെച്ച അഭിപ്രായങ്ങൾ മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. ജി.എസ്.ടിക്കുശേഷം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച ആലോചനക്ക് തുടക്കം കുറിക്കുകയാണ് തോമസ് ഐസകിനെപ്പോലുള്ള ധനശാസ്ത്ര വിദഗ്ധർ യഥാർഥത്തിൽ ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
