Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightക്ഷേമഭാരം

ക്ഷേമഭാരം

text_fields
bookmark_border
ക്ഷേമഭാരം
cancel


കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വർഷാവർഷം അവതരിപ്പിക്കുന്ന ബജറ്റുകൾ വെറും വരവുചെലവ് കണക്കുകൾ മാത്രമല്ല. സർക്കാറിന്‍റെ നയങ്ങളുടെയും കാര്യക്ഷമതയുടെയും സൂചകവും ഭരണകൂടം എവിടെ നിൽക്കുന്നുവെന്നതിന്‍റെ അടയാളപ്പെടുത്തലുമാണ്. അത് കാലത്തിന്‍റെ വെല്ലുവിളികളെ നേരിടുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായിരിക്കണം. ഈ അളവുകോൽ വെച്ച് നോക്കിയാൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച മൂന്നാം ബജറ്റ് തികഞ്ഞ പരാജയമാണ് എന്നു പറയാതെ വയ്യ. മാത്രമല്ല, സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടാൻ അത് പര്യാപ്തവുമല്ല.

ജീവിതം വഴിമുട്ടിക്കുന്ന വിലക്കയറ്റമായിരുന്നു ബജറ്റിലേക്ക് പോകുമ്പോൾ ധനമന്ത്രിക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സാമ്പത്തിക നയങ്ങളെ വിമർശിക്കുന്ന ഇടത് സർക്കാറിന്‍റെ ഏറ്റവും ഒടുവിലത്തെ ബജറ്റ് പൊതുജനത്തിന് സമ്മാനിക്കുന്നത് വിലക്കയറ്റത്തിന്‍റെ തീരാദുരിതമാണ്. 3000 കോടി രൂപയാണ് നികുതി വർധനകൾവഴി അടുത്ത സാമ്പത്തിക വർഷം സംസ്ഥാനം അധികസമാഹരണം ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ കേവലം 650 കോടി രൂപയുടെ പുതിയ നികുതി നിർദേശങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന്‍റെ അഞ്ചു മടങ്ങാണ് ഇത്തവണത്തെ നികുതി വർധന. പെട്രോൾ, ഡീസൽ, വെള്ളം, വൈദ്യുതി, ഭൂമി രജിസ്ട്രേഷൻ, വാഹന നികുതി, കെട്ടിട നികുതി ഇവയെല്ലാം കൂട്ടിയാണ് ധനമന്ത്രി ‘ജനാഭിമുഖ്യം’ പ്രകടമാക്കുന്നത്. സമീപകാലത്തൊന്നും ഇത്ര ഭീമമായ അധികനികുതി സമാഹരണം നടപ്പാക്കാൻ ഒരു സർക്കാറും ധൈര്യപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പുകളെയൊന്നും പേടിക്കേണ്ടാത്ത ഒരു വർഷത്തെ ബജറ്റ് എന്നതാവാം ധനമന്ത്രിയുടെ ധൈര്യത്തിന്‍റെ മൂലകാരണം.

സാമൂഹിക സുരക്ഷയുടെ മറവിൽ ഇന്ധനത്തിന്ന് ചുമത്തിയ അധിക സെസ് ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ കടുത്ത വിലക്കയറ്റത്തിലേക്ക് തള്ളിവിടും. പണപ്പെരുപ്പം മൂലം ഇപ്പോൾതന്നെ നട്ടം തിരിയുന്ന സാധാരണക്കാരെ ഇത് കൂടുതൽ ദുരിതത്തിലാക്കും. ആരെ സഹായിക്കാനെന്ന പേരിലാണോ ധനമന്ത്രി ഈ സാഹസത്തിന് മുതിർന്നത് അവരെ തന്നെയാവും വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുക. നികുതി വർധനക്ക് സാമൂഹിക സുരക്ഷയുടെ മറയാണ് ധനമന്ത്രി കെട്ടുന്നതെങ്കിലും ഇക്കുറി സാമൂഹിക സുരക്ഷാ പെൻഷനുകൾ ഒറ്റ പൈസ പോലും വർധിച്ചിട്ടില്ല. ഫലത്തിൽ ധനമന്ത്രി തന്ത്രപൂർവം സാമൂഹിക സുരക്ഷ പെൻഷനുകളുടെ ഭാരം പൂർണമായും പൊതുജനത്തിന്‍റെ ചുമലിൽ മറ്റൊരു അധികബാധ്യതയായി കെട്ടിവെക്കുന്നു.

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി കേരളത്തെ കൂടുതൽ മുന്നോട്ട് നയിക്കുകയും അതുവഴി നവകേരളം സൃഷ്ടിക്കുകയുമാണ് ബജറ്റിന്‍റെ കാഴ്ചപ്പാട് എന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് തുടങ്ങിയത്. എന്നാൽ, ഇത്തരമൊരു കാഴ്ചപ്പാടിനോട് നീതിപുലർത്തുന്നതിൽ ബജറ്റ് അമ്പേ പരാജയപ്പെട്ടു. നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും അതിനെല്ലാം കുറെ പണം നീക്കിവെക്കുകയും ചെയ്യുന്ന പതിവിനപ്പുറം ഈ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള മാർഗരേഖ ബജറ്റിൽ മുന്നോട്ടു വെക്കുന്നില്ല. ‘മേക് ഇൻ കേരള’, ‘വിഴിഞ്ഞം പദ്ധതി’ എന്നിവയാണ് വ്യവസായ നിക്ഷേപം ത്വരിതപ്പെടുത്താൻ ധനമന്ത്രി കണ്ടെത്തുന്ന മാർഗങ്ങൾ. എന്നാൽ, ബജറ്റിൽ പ്രഖ്യാപിക്കുംമുമ്പ് ഇതേപ്പറ്റി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്ന് സംശയമാണ്. ഓരോ വർഷവും കേരളം പുറമെനിന്ന് വാങ്ങുന്ന 1,28,000 കോടി രൂപയുടെ ഉൽപന്നങ്ങൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കാം എന്നതാണ് ‘മേക് ഇൻ കേരള’ ആശയത്തിന്‍റെ കാതൽ. മുമ്പ് പലകുറി കേട്ട ആശയമാണെങ്കിൽകൂടി അത് നടപ്പാക്കാൻ നിർദേശങ്ങളൊന്നും മന്ത്രിക്കില്ല.

2031ഓടെ കേരളത്തിലെ വാർഷിക ജനനനിരക്ക് 3.6 ലക്ഷമായി കുറയുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. പദ്ധതികളുടെ എണ്ണത്തിലല്ല അവയുടെ കാര്യമായ നിർവഹണമാണ് പ്രധാനം എന്നതാണ് ഇത് നൽകുന്ന സൂചന. പദ്ധതികളുടെ പ്രാധാന്യം നിർണയിച്ച് അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള മാർഗരേഖ രൂപവത്കരിക്കുന്ന കാര്യങ്ങളിലും ബജറ്റിന് അടിതെറ്റുന്നു.

കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയും വായ്പ എടുക്കുന്ന കാര്യത്തിൽ കാണിക്കുന്ന കാർക്കശ്യവുമാണ് സംസ്ഥാനത്തിന്‍റെ പ്രതിസന്ധികൾക്ക് ഒരു പരിധിവരെ കാരണമെന്നത് ശരിതന്നെ. എന്നാൽ സാഹചര്യം ആവശ്യപ്പെടുന്ന സാമ്പത്തിക മാനേജ്മെന്‍റിൽ ധനമന്ത്രി വിജയിച്ചോയെന്ന് സംശയമാണ്. കേന്ദ്രസർക്കാർ ഗ്രാന്‍റുകൾ വെട്ടിക്കുറക്കുകയും വായ്പയെടുക്കുന്നത് നിയന്ത്രിക്കുകയും ചെയ്തതുമൂലം 11,000 കോടി രൂപയുടെ വിഭവസമാഹരണം മുടങ്ങിയെന്നാണ് സംസ്ഥാനത്തിന്‍റെ കണക്ക്. എന്നാൽ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുമ്പോൾ അത്ര ശുഭകരമല്ലാത്ത വസ്തുതകളാണ് പുറത്തുവരുന്നത്. കേരളം കടക്കെണിയിലേക്കാണ് എന്ന ആരോപണം സജീവമായി നടക്കുന്നതിനിടയിൽ അവതരിപ്പിക്കപ്പെട്ട ബജറ്റായിരുന്നിട്ടുപോലും ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ധനമന്ത്രി കാര്യമായ പരിഗണന നൽകിയിട്ടില്ല.

നടപ്പ് സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്‍റെ വരവ് 129268.15 കോടിയും ചെലവ് 149183.68 കോടിയുമാണ്. വരവും ചെലവും തമ്മിലെ അന്തരം 19,915.53 കോടി രൂപ. വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റ് പ്രകാരം വരവ് 135418.67 കോടിയും ചെലവ് 159360.91 കോടിയുമാണ്. അന്തരം 23,942.24 കോടി രൂപ. ഒറ്റ വർഷം കൊണ്ട് വരവും ചെലവും തമ്മിലെ അന്തരത്തിൽ ഉണ്ടായ വർധന 4026.71 കോടി രൂപ. 3000 കോടിയുടെ അധിക നികുതി നിർദേശം പോലും താങ്ങാനാവാത്ത സംസ്ഥാനത്തിന് ഇത്തരത്തിലുള്ള ഭീമമായ വർധന ആശാസ്യമല്ല.

അതേസമയം 159360 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ വെറും 14539.23 കോടി മാത്രമാണ് മൂലധനചെലവിനായി നീക്കിവെച്ചിരിക്കുന്നത്. അതായത് ചെലവിന്‍റെ പത്ത് ശതമാനംപോലും പദ്ധതി ചെലവുകൾക്കില്ല. നടപ്പ് സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൂലധനചെലവ് 14833.34 കോടിയാണ്. ഇക്കുറി ആ തുകപോലും വകകൊള്ളിച്ചിട്ടില്ല. പൊതുകടം 25716 കോടിയിൽ നിന്ന് 28552 കോടിയാവുകയും ചെയ്തു. വർധന 2836 കോടി രൂപ.

ശമ്പളം, പെൻഷൻ ഇനത്തിൽ 2020-21ൽ സംസ്ഥാനം 46754 കോടിയാണ് ചെലവഴിച്ചത്. എന്നാൽ, 2021-22ൽ ഇത് 71393 കോടിയായി കുത്തനെയുയർന്നു. വർധന 24,639 കോടി രൂപ. ഈ നിരക്കിലുള്ള വർധനയും കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് താങ്ങാനാവില്ല. ഈ പ്രശ്നവും ധനമന്ത്രി ബജറ്റിൽ പരിഗണിച്ചിട്ടില്ല. അങ്ങനെ ജനത്തിന്‍റെ പ്രതീക്ഷകൾ തകർത്തുള്ള ഇരുട്ടടിയായി മാറുന്ന ബജറ്റിൽ കണക്കിലെ കളികളും സന്ദേഹങ്ങളും ശങ്കകളുമാണ് അവശേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialkerala budget
News Summary - kerala budget
Next Story