കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ്: തീരുമാനവുമായി മുന്നോട്ടു പോവണം

08:34 AM
06/01/2017

സംസ്ഥാന സര്‍വിസിലെ ഉയര്‍ന്ന തസ്തികകളിലേക്ക് പ്രാപ്തരായ ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കാന്‍ കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) രൂപവത്കരിക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. തീരുമാനം വന്നയുടന്‍തന്നെ ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്ന് വലിയ എതിര്‍പ്പുകളുണ്ടായി. എന്നാല്‍, എതിര്‍പ്പുകളുണ്ടെങ്കിലും തീരുമാനവുമായി മുന്നോട്ടുപോവാന്‍ ജനുവരി നാലിന് ചേര്‍ന്ന മന്ത്രിസഭ യോഗം വീണ്ടും തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകളുമായി ജനുവരി 13ന് ചര്‍ച്ച നടത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ്, ബി.ജെ.പി അനുകൂല സര്‍വിസ് സംഘടനകള്‍ വ്യാഴാഴ്ച സൂചന പണിമുടക്ക് നടത്തിക്കൊണ്ടാണ് തീരുമാനത്തോട് പ്രതികരിച്ചത്. സി.പി.എം, സി.പി.ഐ അനുകൂല സര്‍വിസ് സംഘടനകള്‍ പണിമുടക്കില്‍ പങ്കാളികളായില്ളെങ്കിലും സര്‍ക്കാര്‍ തീരുമാനത്തില്‍ അവര്‍ക്കും പ്രതിഷേധമുണ്ട്. അവര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ അഡ്മിനിസ്ട്രേഷന്‍, ഫിനാന്‍സ് ഉള്‍പ്പെടെ 29 വകുപ്പുകളിലും മറ്റു വകുപ്പുകളിലെ സമാന തസ്തികകളിലുമാണ് കെ.എ.എസ് വഴി നിയമനം നടത്തുക. ഈ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെ 10 ശതമാനം ഒഴിവുകളാണ് കെ.എ.എസ് വഴി നികത്തുക. ബിരുദം അടിസ്ഥാന യോഗ്യതയാക്കി പി.എസ്.സിയാണ് ഇതിനുള്ള പരീക്ഷ നടത്തുന്നത്. യോഗ്യത നേടുന്നവര്‍ക്ക് ഒന്നര വര്‍ഷം നീണ്ടുനില്‍ക്കുന്ന തീവ്രപരിശീലനം നല്‍കും.  കേന്ദ്രതലത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (ഐ.എ.എസ്) മാതൃകയില്‍ സംസ്ഥാനത്തെ സേവനമേഖലയിലും മികച്ച ഉദ്യോഗസ്ഥരെ ലഭ്യമാക്കാനുള്ള ഈ തീരുമാനം എല്ലാ നിലക്കും സ്വാഗതംചെയ്യപ്പെടേണ്ടതാണ്.

പ്രതീക്ഷിക്കപ്പെട്ടതുപോലെതന്നെ, ഇടത്-വലത് ഭേദമന്യേ സര്‍വിസ് സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കെ.എ.എസ് രൂപവത്കരിക്കാനുള്ള തീരുമാനം യഥാര്‍ഥത്തില്‍ ആദ്യമെടുക്കുന്നത് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്. പക്ഷേ, സെക്രട്ടേറിയറ്റിലെ സര്‍വിസ് സംഘടനകള്‍ മുഖ്യമന്ത്രിയെ തടയുന്നതടക്കമുള്ള ശക്തമായ സമരങ്ങളുമായി രംഗത്തുവന്നപ്പോള്‍ തീരുമാനത്തില്‍നിന്ന് സര്‍ക്കാറിന് പിന്നോട്ടുപോവേണ്ടിവന്നു. അന്ന് ഉമ്മന്‍ ചാണ്ടിക്കെതിരായ സമരത്തില്‍ എല്‍.ഡി.എഫ് അനുകൂല സര്‍വിസ് സംഘടനകള്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ച് നല്ല അഭിപ്രായമുള്ളവര്‍ നമ്മുടെ സമൂഹത്തില്‍ വളരെ കുറവായിരിക്കും. ജനങ്ങളുടെ വെറുപ്പ് നേടിയെടുക്കുന്നതില്‍ അസാധാരണമായ മിടുക്ക് നേടിയെടുത്തവരാണ് അവര്‍. ഇടതുപക്ഷ സംഘടനകള്‍ക്കാണ് സര്‍വിസ് രംഗത്ത് ആധിപത്യമെങ്കിലും എന്തെങ്കിലും ഇടതുപക്ഷ മൂല്യങ്ങള്‍ ആ മേഖലയില്‍ കൊണ്ടുവരുന്നതില്‍ അവര്‍ അമ്പേ പരാജയമാണ്. ഇക്കാര്യങ്ങളെക്കുറിച്ച് തിരിച്ചറിവുള്ളതുകൊണ്ടാവണം, പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം സര്‍വിസ് രംഗം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പല നിര്‍ദേശങ്ങളും ആശയങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. ജോലിസമയത്തെ ആഘോഷങ്ങള്‍, തരാതരം കച്ചവടങ്ങള്‍ എന്നിവക്കെതിരെയെല്ലാം രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. ഇടതുപക്ഷ സര്‍വിസ് സംഘടനകള്‍ക്കു പോലും ഇത്തരം നീക്കങ്ങളോട് മുറുമുറുപ്പ് ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍, മുഖ്യമന്ത്രിയുടെ കര്‍ക്കശമായ നിലപാടുകള്‍ക്കു മുന്നില്‍ അവരുടെ എതിര്‍പ്പുകള്‍ വേണ്ടത്ര വിലപ്പോയില്ല എന്നു മാത്രം. മുഖ്യമന്ത്രിയുടെ ഇത്തരം നീക്കങ്ങളുടെ തുടര്‍ച്ചയായി കെ.എ.എസ് രൂപവത്കരണ നീക്കത്തെയും കാണാന്‍ കഴിയും.

തങ്ങള്‍ കണ്ണുവെച്ചിരിക്കുന്ന പ്രമോഷന്‍ തസ്തികകളില്‍ ചുറുചുറുക്കും പുതിയ ആശയങ്ങളുമുള്ള ചെറുപ്പക്കാര്‍ വന്നിരിക്കുന്നതില്‍, തലനരച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അസ്വസ്ഥത മാത്രമാണ് കെ.എ.എസിനെതിരെയുള്ള എതിര്‍പ്പിന്‍െറ അടിസ്ഥാനം. പ്രമോഷന്‍, ഇന്‍ക്രിമെന്‍റ്, പലതരം ബത്തകള്‍ എന്നു തുടങ്ങി നിരവധിയായ ആനുകൂല്യങ്ങളെക്കുറിച്ച ചര്‍ച്ചകളും ആധികളും മാത്രമാണ് നമ്മുടെ സിവില്‍ സര്‍വിസ് രംഗത്തെ സജീവമാക്കി നിലനിര്‍ത്തുന്നത്. ജനങ്ങളുടെ പ്രയാസങ്ങള്‍ എങ്ങനെ പരിഹരിക്കാം, സര്‍ക്കാര്‍ സേവനങ്ങളെ എങ്ങനെ ഏറ്റവും വേഗത്തിലും ഫലപ്രദമായും ജനങ്ങളിലത്തെിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച ഗൗരവപ്പെട്ട ആലോചനകള്‍ എവിടെയും നടക്കുന്നില്ല. ഇടത്തും വലത്തുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍വിസ് സംഘടനകളും ഇതില്‍ ഒരുപോലെ കുറ്റക്കാരാണ്. കെ.എ.എസ് നടപ്പാക്കുക വഴി ഈ പ്രശ്നങ്ങളെല്ലാം ഒറ്റയടിക്ക് പരിഹരിക്കപ്പെടും എന്ന് വിചാരിക്കുന്നത് അമിതമായ ആത്മവിശ്വാസമായിരിക്കും.

അതേസമയം, സിവില്‍ സര്‍വിസില്‍ പുതിയ ഊര്‍ജം പ്രവഹിപ്പിക്കാന്‍ തീര്‍ച്ചയായും അത് ഉപകാരപ്പെടും. പുതിയ കാഴ്ചപ്പാടുകളും ചിന്തകളും കൊണ്ടുവരാന്‍ അത് ഉപകരിക്കും. അതിനാല്‍ തീരുമാനവുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോവണം. സര്‍വിസ് സംഘടനകളുടെ മര്‍ക്കടമുഷ്ടിക്കും യാഥാസ്ഥിതിക മനോഭാവങ്ങള്‍ക്കും മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങരുത്. ജനങ്ങള്‍ തെരഞ്ഞെടുത്ത യു.ഡി.എഫ് സര്‍ക്കാറും എല്‍.ഡി.എഫ് സര്‍ക്കാറും ഒരുപോലെ തീരുമാനിച്ച കാര്യം ഉദ്യോഗസ്ഥ സംഘടനകളുടെ എതിര്‍പ്പുകൊണ്ടുമാത്രം നടപ്പാക്കാന്‍ കഴിയുന്നില്ല എന്നു വന്നാല്‍ അത് നമ്മുടെ ജനാധിപത്യത്തിനുതന്നെ നാണക്കേടാണ്.

COMMENTS