Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപരിഹാസ്യമായ നയതന്ത്ര...

പരിഹാസ്യമായ നയതന്ത്ര നാടകം

text_fields
bookmark_border
പരിഹാസ്യമായ നയതന്ത്ര നാടകം
cancel

ജമ്മു-കശ്മീരി​െൻറ സവിശേഷ അധികാരങ്ങൾ റദ്ദാക്കപ്പെട്ടിട്ട് 90 ദിവസമാകുകയാണ്. കഴിഞ്ഞ മൂന്നു മാസമായി മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ആയിരക്കണക്കിന്​ ആളുകൾ വീട്ടുതടങ്കലിലും സൈനിക കസ്​റ്റഡിയിലുമാണ്. അവരെപ്പോൾ പുറത്തുവരുമെന്ന് ആർക്കും നിശ്ചയമില്ല. മനുഷ്യാവകാശലംഘനങ്ങൾ നിർബാധം അരങ്ങുതകർക്കുന്നുവെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിലെ ഡെമോക്രാറ്റിക് നേതാവ് സാൻഡേഴ്സ്, ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ തുടങ്ങി യൂറോപ്പിലെ വിവിധ രാഷ്​ട്രീയനേതാക്കളും മനുഷ്യാവകാശ സംഘടനകളും കശ്മീർപ്രശ്നത്തെ ഒരു രാഷ്​ട്രാന്തരീയ ചർച്ചയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്. ജർമൻ ചാൻസലർ അംഗലാ മെർകൽ ഇന്ത്യ സന്ദർശനത്തിൽ കശ്മീർ പ്രശ്നം ഉന്നയിച്ചേക്കും. എന്നാൽ, കശ്മീർ സാധാരണ നില കൈവരിച്ചുവെന്നാണ് സർക്കാർ അവകാശവാദം. അത് തെളിയിക്കുന്നതിനുവേണ്ടിയാണ് യൂറോപ്യൻ യൂനിയനിൽനിന്ന് ‘​െതരഞ്ഞെടുത്ത’ 27 എം.പിമാരുടെ കശ്മീർ സന്ദർശനം സംഘടിപ്പിച്ചത്. നഷ്​ടപ്പെട്ട അന്തർദേശീയ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഈ പിന്നാമ്പുറ നീക്കം പ​േക്ഷ, അങ്ങേയറ്റത്തെ അപഹാസ്യതയിലും നയതന്ത്ര പരാജയത്തിലുമാണ് അവസാനിച്ചിരിക്കുന്നത്.

ബ്രസൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിമൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ തിങ്ക് ടാങ്ക് (വെസ്​റ്റ്​) എന്ന, അധികമാരും അറിയാത്ത എൻ.ജി.ഒ ആയിരുന്നു ഇൗ ദൗത്യത്തി​​െൻറ പ്രായോജകർ. അതി​െൻറ സ്ഥാപകയും ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജയുമായ മാഡി ശർമയാണ് യൂറോപ്യൻ പ്രതിനിധികളെ കാണാൻ പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നുവെന്നും ജമ്മു^കശ്മീർ സന്ദർശനത്തിന് അവസരമൊരുക്കാമെന്നും വ്യക്തമാക്കി എം.പിമാർക്ക് മെയിൽ അയച്ചത്. സന്ദർശനത്തി​െൻറ മുഴുവൻ ചെലവുകളും ഡൽഹി കേന്ദ്രമായുള്ള ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ നോൺ അലൈൻഡ് സ്​റ്റഡീസ് എന്ന അപ്രശസ്തമായ മറ്റൊരു എൻ.ജി.ഒ വഹിക്കുമെന്ന ഉറപ്പും അവർക്കു നൽകി. ജർമനി, പോളണ്ട്, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ സംഘടനകളിൽ അംഗങ്ങളായ കടുത്ത കുടിയേറ്റവിരുദ്ധരും ഇസ്​ലാം ഭീതിയുടെ പ്രചാരകരുമായ എം.പിമാരെയാണ് സന്ദർശകസംഘത്തിലേക്ക് തെരഞ്ഞെടുത്തത്​ എന്നതിൽനിന്ന് ഊഹിക്കാം അതി​െൻറ താൽപര്യവും ഉദ്ദേശ്യശുദ്ധിയും. തികച്ചും അനൗദ്യോഗിക സംഘമാ​െണന്നും സർക്കാറിന്​ അതിൽ പങ്കില്ലെന്നും വിശദീകരിക്കപ്പെടുമ്പോഴും മാഡി ശർമ യൂറോപ്യൻ എം.പിമാർക്ക് നൽകിയ എല്ലാ ഉറപ്പുകളും കൃത്യതയോടെ പാലിക്കപ്പെട്ടിരിക്കുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി, ഉപരാഷ്​ട്രപതി, ദേശീയ സുരക്ഷ ഉപദേഷ്​ടാവ് തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടന്നു. വിദേശകാര്യമന്ത്രി യൂറോപ്യൻ എം.പിമാർക്ക് അത്താഴവിരുന്നൊരുക്കി. കശ്മീരിലാകട്ടെ, ഗവർണർ, ഉയർന്ന സൈനികോദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി തുടങ്ങിയവരുമായിട്ടായിരുന്നു ചർച്ചകൾ.

കേന്ദ്ര സർക്കാറി​െൻറ പ്രതിച്ഛായ നിർമാണത്തിനുവേണ്ടിയുള്ള പിന്നാമ്പുറ പണിയാണ് മാഡി ശർമ നിർവഹിച്ചതെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധിതന്നെ ധാരാളം. അന്താരാഷ്​ട്ര വ്യാപാര ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവർക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലും ഭരണസിരാകേന്ദ്രങ്ങളിലും ശക്തമായ സ്വാധീനം കരഗതമായത് അതിനാലാണ്. ഇന്ത്യയിലെ രാഷ്​ട്രീയ സംഘടനകളുടെ പ്രതിനിധികൾക്കും പാർലമ​െൻറ് അംഗങ്ങൾക്കും തടയപ്പെട്ട കശ്മീരിലേക്കുള്ള പ്രവേശനം എങ്ങനെ ലഭ്യമായി? ഇതി​െൻറ സാമ്പത്തിക സ്രോതസ്സ് എവിടെനിന്നാണ്? ഭരണകൂടത്തിലെ ഉന്നതരുമായി ഇത്ര എളുപ്പത്തിൽ കൂടിക്കാഴ്ചക്കു സാധിച്ചതെങ്ങനെ തുടങ്ങിയ ലളിതചോദ്യങ്ങളിൽ തകരുന്നതാണ് സർക്കാറിന് പങ്കില്ലെന്ന ഔദ്യോഗിക വിശദീകരണങ്ങൾ മുഴുവനും. വിദേശമന്ത്രാലയത്തെ ഒഴിവാക്കി സ്വകാര്യ ഏജൻസികൾ നയതന്ത്ര ഇടപാട് നിർവഹിച്ചതി​െൻറ ഭരണഘടന സാധൂകരണവും ജനാധിപത്യമര്യാദയും വിശദീകരിക്കാനുള്ള പ്രതിപക്ഷത്തി​െൻറ ആവശ്യത്തിന് ഉത്തരം പറയാൻ അക്കാരണത്താൽ സർക്കാറിന് ബാധ്യതയുണ്ട്. അതോടൊപ്പം ഇത് നിർവഹിച്ച ഏജൻസികളും സർക്കാറും തമ്മിലുള്ള ഇടപാടുകളുടെ വിശദാംശവും പുറത്തുവരേണ്ടതാണ്.

വങ്കത്തം നിറഞ്ഞ ഈ നയതന്ത്ര നാടകത്തിലൂടെ കാന്തി നഷ്​ടപ്പെട്ടത് രാജ്യത്തി​െൻറ പ്രതിച്ഛായക്കാണ്. ഇന്ത്യയിൽ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് രാജ്യത്തിന് പുറത്ത് സജീവ ചർച്ചയാകുന്നതിന്​ അത് കാരണമാകുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ എം.പിമാരെ കശ്മീർ സന്ദർശിക്കാൻ അനുവദിക്കുന്നുവെങ്കിൽ ഇന്ത്യയിലെ രാഷ്​ട്രീയപാർട്ടികൾക്കും മനുഷ്യാവകാശ സംഘടനകൾക്കും എന്തുകൊണ്ട് നിഷേധിക്കുന്നുവെന്ന ചോദ്യത്തിന് സർക്കാറിന് ഇനിയും മൗനം പാലിക്കാനാകില്ല. ഡൽഹിയിലെത്തിയ ശേഷം കശ്മീർ സന്ദർശിക്കാതെ തിരിച്ചുപോയ നാല് യൂറോപ്യൻ യൂനിയൻ അംഗങ്ങളിൽ ക്രിസ് ഡേവിസും നികോളസ് ഫെസ്​റ്റും ഈ ചോദ്യം ഉയർത്തിക്കഴിഞ്ഞു. അപഹാസ്യമായ നയതന്ത്ര ഗിമ്മിക്കുകളുെട അനന്തര ഫലം കശ്മീർ കൂടുതൽ പ്രക്ഷുബ്​ധമാകാൻ ഇടവരുമെന്നതുമാണ്. സമീപകാലത്തെ ഏറ്റവും രൂക്ഷമായ പ്രതിഷേധത്തിനാണ് ഈ ദിനങ്ങളിൽ കശ്മീർ സാക്ഷിയായത്. പ്രതിഷേധത്തിനു നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിലും വെടിവെപ്പിലും ആറ് കശ്മീരികൾ കൊല്ലപ്പെ​ട്ടുവെന്ന് അനൗദ്യോഗിക ഏജൻസികൾ വെളിപ്പെടുത്തുന്നു. ഹിസ്ബുൽ മുജാഹിദീനെന്നു സംശയിക്കുന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചു തൊഴിലാളികളാണ്. നയതന്ത്ര ഇരട്ടത്താപ്പുകൾ ഒരു രാജ്യത്തി​െൻറയും പ്രതിച്ഛായനിർമാണത്തിന് സഹായകരമായിട്ടില്ല. അതു ആഭ്യന്തരകാലുഷ്യം സങ്കീർണമാക്കുകയും ചെയ്യും. ആഗസ്​റ്റ്​ അഞ്ചിനുശേഷമുള്ള കശ്മീർ നൽകുന്ന പാഠമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialarticle 370kashmir bifurcation
News Summary - kashmir bifurcation - Editorial
Next Story