ഉ​പ​തെര​ഞ്ഞെ​ടു​പ്പുകൾ  വ​ഴി​കാ​ട്ടു​ന്നു

07:30 AM
07/11/2018
editorial
ക​ർ​ണാ​ട​ക​യി​ലെ ബെള്ളാ​രി, മാണ്ഡ്യ, ശി​വ​​മൊഗ്ഗ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ജമഖ​ണ്ഡി, രാ​മ​ന​ഗ​ര എ​ന്നീ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​ത്​ മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചു​നി​ന്നാ​ൽ തീ​വ്ര​വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ബി.​ജെ.​പി​യെ മു​ട്ടു​കു​ത്തി​ക്കു​ക സു​സാ​ധ്യ​മാ​ണ്​ എ​ന്ന സ​ത്യ​മാ​ണ്. ഇൗ ​വ​ർ​ഷം മേ​യി​ൽ ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും ജ​ന​ത​ാദ​ൾ-​എ​സും ഭി​ന്നി​ച്ചു മ​ത്സ​രി​ച്ച​പ്പോ​ൾ ബി.​ജെ.​പി​ക്ക്​ പ്ര​തീ​ക്ഷ​ിച്ചപോ​ലെ ഭ​രി​ക്കാ​നു​ള്ള കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​വാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന്​ പ​തി​വു​പോ​ലെ ചാ​ക്കി​ട്ടുപി​ടിത്ത​വും കു​തി​ര​ക്ക​ച്ച​വ​ട​വും എ​ല്ലാം യ​ഥേ​ഷ്​​ടം പ്ര​യോ​ഗി​ച്ച്​ ഭ​ര​ണം പി​ടി​ക്കാ​ൻ ബി.​ജെ.​പി പ​തി​നെ​ട്ട​ട​വും പ​യ​റ്റി​യ​പ്പോ​ൾ തി​ക​ച്ചും യാ​ദൃ​ച്ഛി​ക​മാ​യി അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്നു​ കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡ്. മൂ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ജ​ന​താ​ദ​ൾ-​എ​സ്​ നി​യ​മ​സ​ഭ പാ​ർ​ട്ടി നേ​താ​വ്​ എ​ച്ച്.​ഡി. ​കു​മാ​ര​സ്വാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി സം​യു​ക്ത സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ രാ​ഹു​ൽ​ ഗാ​ന്ധി ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ നീ​ക്കം സ​ഫ​ല​മാ​യ​ത്​ ശ്ര​ദ്ധേ​യ​മാ​യ വ​ഴി​ത്തി​രി​വാ​യി​ത്തീ​ർ​ന്നു. കേ​ന്ദ്ര​ഭ​ര​ണം ഉ​പ​യോ​ഗി​ച്ച്​ ബി.​ജെ.​പി ന​ട​ത്തി​യ എ​ല്ലാ ക​രു​നീ​ക്ക​ങ്ങ​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ്​-​ജ​ന​താ​ദ​ൾ സ​ർ​ക്കാ​റാ​ണ്​ ഇ​പ്പോ​ൾ ക​ർ​ണാ​ട​ക ഭ​രി​ക്കു​ന്ന​ത്. ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മി​ട​യി​ൽ ഭി​ന്നി​പ്പും വി​ള്ള​ലു​മു​ണ്ടാ​ക്കി ഭ​ര​ണം പി​ടി​​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മം ബി.​ജെ.​പി ഇ​പ്പോ​ഴും അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും, അ​തി​നെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​ൽ മ​തേ​ത​ര ചേ​രി വി​ജ​യി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ൾ വ്യ​ക്ത​മ​ാക്കുന്ന​ത്.

നി​യ​മ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ എം.​പി​മാ​ർ രാ​ജി​വെ​ച്ച ബെള്ളാ​രി, ശി​വമൊഗ്ഗ, മാ​ണ്ഡ്യ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ, പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഇ​പ്പോ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ബി.​ജെ.​പി​യു​ടെ ആ​വ​ശ്യം തെരഞ്ഞെടുപ്പ്​ ക​മീ​ഷ​ൻ നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​ജ​യ സാ​ധ്യ​ത​യാ​ണ്​ ബി.​ജെ.​പി ഭ​യ​പ്പെ​ട്ട​തെ​ന്ന്​ വ്യ​ക്ത​മാ​ണ്. ഫല​ങ്ങ​ൾ അ​ത്​ സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഖ​നി​രാ​ജാ​ക്ക​ന്മാ​രാ​യ റെ​ഡ്​​ഡി സ​ഹോ​ദ​ര​ന്മാ​ർ പ​ണ​മൊ​ഴു​ക്കി വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന ബെ​ള്ളാ​രി​യി​ൽ വലിയ തിരിച്ചടിയാ​ണ്​ ബി.​ജെ.​പി നേരിട്ടിരി​ക്കു​ന്ന​ത്. കോൺഗ്രസ്​ വൻ തിരിച്ചുവരവ്​ നടത്തിയിരിക്കുന്നു. മാ​ണ്ഡ്യ​യി​ൽ ജനതാദൾ സ്​ഥാനാർഥി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യ​ിച്ചു. ശിവമൊഗ്ഗയിൽ മാത്രമാണ്​ ബി.ജെ.പിക്ക്​ ആശ്വാസജയം. യെദിയൂരപ്പ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഇവിടെ മകൻ രാഘവേന്ദ്ര ചെറിയ ഭൂരിപക്ഷത്തിൽ കടന്നുകൂടുകയായിരുന്നു. രാ​മ​ന​ഗ​ര​യിൽ​ മു​ഖ്യ​മ​ന്ത്രി കു​മാ​രസ്വാ​മി​യു​ടെ ഭാ​ര്യ അ​നി​തയും ജമഖണ്ഡിയിൽ കോൺഗ്രസ്​ സ്​ഥാനാർഥി ആനന്ദ്​ ന്യാം ഗൗഡയും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രിക്കുന്ന​ത്. രാ​ജ്യ​ത്താ​കെ 2018ൽ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ന്ന 14 ലോ​ക​്​സഭ-​നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി​ക്ക്​ നേ​ടാ​നാ​യ​ത്​ ഒാ​രോ​രോ ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ സീ​റ്റു​ക​ൾ മാ​ത്ര​മാ​ണെ​ന്നോ​ർ​ക്ക​ണം.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ളും ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും വി​ശ​ക​ല​നം ചെ​യ്യു​േ​മ്പാ​ൾ മു​ന്നി​ൽ വ​രു​ന്ന ചി​ത്രം സു​വ്യ​ക്ത​വും സു​താ​ര്യ​വു​മാ​ണ്. കോ​ൺ​ഗ്ര​സും ഇ​ത​ര മ​തേ​ത​ര​ പാ​ർ​ട്ടി​ക​ളും ബി.​ജെ.​പി​ക്കെ​തി​രെ പ​ര​സ്​​പ​രധാ​ര​ണ​യോ​ടെ മ​ത്സ​രി​ച്ചാ​ൽ പാർട്ടിയെ കേ​ന്ദ്ര​ത്തി​ലോ സം​സ്​​ഥാ​ന​ങ്ങ​ളി​ലോ അ​ധി​കാ​ര​ത്തി​ലേ​റ്റാ​ൻ അ​മി​ത്​ ഷാ​യു​ടെ ഒ​രു മാ​സ്​​മ​രി​ക​ ത​ന്ത്രവി​ദ്യ​കൊ​ണ്ടും സാ​ധ്യ​മാ​വി​ല്ല. ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ​ക്ക്​ ല​ഭി​ച്ച മൊ​ത്തം വോ​ട്ട്​ വി​ഹി​തം 38 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​ർ​ല​മെ​ൻ​റ്​ പി​ടി​ച്ചെ​ടു​ക്കാ​നും ഭ​രി​ക്കാ​നു​ം ഫാ​ഷി​സ്​​റ്റു​ക​ൾ​ക്ക്​ സാ​ധ്യ​മാ​യ​ത്​ മ​േ​ത​ത​ര​പ​ക്ഷ​ത്തെ ശൈ​ഥി​ല്യ​വും ത​മ്മി​ൽത്തല്ലും മൂ​ലം മാ​ത്ര​മാ​ണ്. സ​മ്പൂ​ർ​ണ സ​ഖ്യം സാ​ധ്യ​മാ​വി​​ല്ലെ​ങ്കി​ൽ വേ​ണ്ട, കേ​വ​ലം ഇ​ല​ക്​​ഷ​ൻ ധാ​ര​ണ​യി​ലൂ​ടെ പ​ര​സ്​​പ​ര മ​ത്സ​രം ഒ​ഴി​വാ​ക്കാ​നാ​യാ​ൽ പോ​ലും 62 ശ​ത​മാ​നം വോ​ട്ടി​ലൂ​ടെ മ​തേ​ത​ര പ്ര​തി​പ​ക്ഷ​ത്തി​ന്​ മോ​ദി-​അ​മി​ത്​ ഷാ ​തേ​ർ​വാ​ഴ്​​ച​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നാ​വും. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഭ​ര​ണ​ഘ​ട​ന സ്​​ഥാ​പ​ന​ങ്ങ​ളെ​യും പി​ടി​യി​ലൊ​തു​ക്കി സം​ഘ്​​പ​രി​വാ​ർ മേ​ധാ​വി​ത്വം അ​ടി​ച്ചേ​ൽ​പി​ക്ക​പ്പെ​ടു​ന്ന ആ​പ​ത്​കര​മാ​യ സാ​ഹ​ച​ര്യ​മാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന ബോ​ധ​മാ​ണ്​ കോ​ൺ​ഗ്ര​സി​നും ഇ​ത​ര മ​തേ​ത​ര​ പാ​ർ​ട്ടി​ക​ൾക്കും ഒ​ന്നാ​മ​താ​യു​ണ്ടാ​വേ​ണ്ട​ത്. പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഭ​ര​ണഘ​ട​ന ബെ​ഞ്ചി​െ​ൻ​റ അ​ലം​ഘ​നീ​യ വി​ധി​ക​ളെപ്പോ​ലും പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ന്ന ഫാ​ഷി​സ​ത്തെ 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​ഖ്യ ഭീ​ഷ​ണി​യായി കാ​ണാ​ൻ ത​ട​സ്സം സീ​റ്റു പ​ങ്കു​വെ​പ്പി​ലെ ക​ടി​പി​ടി​യാ​ണെ​ങ്കി​ൽ ച​രി​ത്രം അ​വ​ർ​ക്ക്​ മാ​പ്പുന​ൽ​കി​ല്ല. ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ​യും ബി.​എ​സ്.​പി​യു​ടെ​യും ചാ​ഞ്ചാ​ട്ട​ത്തി​ന്​ ത​ട​യി​ടാ​ൻ സ​മ​യം വൈ​കി​യി​രി​ക്കു​ന്നു. ആ​ഴ​ക്ക​ട​ലി​ലാ​ണ്​ മു​ങ്ങാ​ൻ​പോ​വു​ന്ന​തെ​ന്ന തി​രി​ച്ച​റി​വുകൊ​ണ്ടാ​വാം മ​ഹാ​രാ​ഷ്​​ട്ര​യി​ൽ എ​ൻ.​സി.​പി കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​റ​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്. യു.​പി​യി​ൽ മാ​യാ​വ​തി​യും അ​ഖി​േ​ല​ഷ്​ യാ​ദ​വും പി​ണ​ങ്ങി​പ്പി​രി​ഞ്ഞി​ട്ടി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​വേ​ക​പൂ​ർ​വ​മാ​യ നീ​ക്ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു അ​വ​സാ​ന​മാ​യി ദേ​ശീ​യ മ​തേ​ത​ര സ​ഖ്യസാ​ധ്യ​ത​ക​ൾ.
Loading...
COMMENTS