Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൊലീസ്​ ​ക്രൂരത തടയാൻ...

പൊലീസ്​ ​ക്രൂരത തടയാൻ ജുഡീഷ്യൽ സമിതി

text_fields
bookmark_border
പൊലീസ്​ ​ക്രൂരത തടയാൻ ജുഡീഷ്യൽ സമിതി
cancel



പൊലീസ്​ അടക്കമുള്ള ഉദ്യോഗസ്​ഥർ ചെയ്യുന്ന കടുംകൈകളെപ്പറ്റി സാധാരണക്കാർക്ക്​ പരാതിപ്പെടാനും ആ പരാതികൾ അന്വേഷിക്കാനും ഒരു സ്​ഥിരം സമിതി ഉണ്ടാകണമെന്ന്​ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ നിർദേശിച്ചിരിക്കുന്നു. പൊലീസ്​ ക്രൂരതകൾ ദേശീയ ശ്രദ്ധയിൽ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്​ അദ്ദേഹം ഈ നിർദേശം വാക്കാൽ മുന്നോട്ടുവെച്ചിരിക്കുന്നത്​.

ഉത്തർപ്രദേശിൽ മനീഷ്​ ഗുപ്​ത എന്ന ബിസിനസുകാരൻ ഈയിടെ പൊലീസ്​ റെയ്​ഡിനിടക്ക്​ മർദനമേറ്റ്​ മരിച്ചു. തമിഴ്​നാട്ടിൽ പി. ജയരാജും മകൻ ബെനിക്​സും കഴിഞ്ഞ വർഷം പൊലീസ്​ മർദനത്തിൽ കൊല്ലപ്പെട്ടു. 2002ൽ യു.പി. പൊലീസ്​ വ്യാജ ഏറ്റുമുട്ടലിൽ ഒരു യുവാവിനെ കൊലപ്പെടുത്തിയതും പിന്നീട്​ പൊലീസ്​ തന്നെ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞതും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച്​ യു.പി സംസ്​ഥാന സർക്കാറിന്​ ഏഴുലക്ഷം രൂപ പിഴ ചുമത്തുകയുണ്ടായി.

കൊല്ലപ്പെട്ട യുവാവി​െൻറ പിതാവ്​ രണ്ടു പതിറ്റാണ്ടായി നീതിക്കുവേണ്ടി അലയുന്നു. എത്ര കടുത്ത കുറ്റം ചെയ്​താലും സർക്കാറുകൾ പൊലീസിനെ അന്യായമായി സംരക്ഷിക്കുന്നതായി കോടതി നിരീക്ഷിച്ചു. ആ കേസിൽ 19 വർഷം കഴിഞ്ഞ്​ കോടതി ഉത്തരവ്​ വേണ്ടിവന്നു കുറ്റം ചെയ്​ത പൊലീസുകാരെ അറസ്​റ്റ്​ ചെയ്യാൻ. ഛത്തിസ്​ഗഢിലെ കുറ്റാരോപിതനായ എ.ഡി.ജി.പി ഗുർജിന്ദർപാൽ സിങ്​ അറസ്​റ്റിൽനിന്ന്​ സംരക്ഷണമാവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി വിധിതീർപ്പിനായി മാറ്റിവെച്ചുകൊണ്ടാണ്​ ചീഫ്​ ജസ്​റ്റിസ്​ സാധാരണക്കാർക്ക്​ സംരക്ഷണത്തിനായി സ്​ഥിരം സമിതി വേണമെന്ന്​ നിരീക്ഷിച്ചത്​.

ഈ നിരീക്ഷണത്തിന്​ പശ്ചാത്തലമായത്​ പ്രത്യേകം എടുത്തുപറയാത്ത ഏതാനും കേസുകളാണെങ്കിലും പൊലീസ്​ അതിക്രമങ്ങളും മറ്റ്​ ഉദ്യോഗസ്​ഥ അന്യായങ്ങളും കുറെ വർഷങ്ങളായി പരിഹാരമില്ലാതെ തുടരുന്നുണ്ടെന്നത്​ വസ്​തുതയാണ്​. മാത്രമല്ല, അടുത്തകാലത്തായി അവ വല്ലാതെ വർധിക്കുകയും ചെയ്യുന്നു. ബ്യൂറോക്രസിയും പൊലീസ്​ ഉദ്യോഗസ്​ഥരും പെരുമാറുന്ന രീതി അസ്വീകാര്യമാണെന്ന ജസ്​റ്റിസ്​ രമണയുടെ അഭിപ്രായം നാട്ടിലെ സാധാരണക്കാരുടേതുകൂടിയാണ്​.

രണ്ടുമാസം മുമ്പും ചീഫ്​ ജസ്​റ്റിസ്​ രമണ പൊലീസി​െൻറ ചെയ്​തികളെ വിമർശിച്ചിരുന്നു. ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ഏറ്റവും കൂടുതൽ ലംഘിക്കപ്പെടുന്നത്​ പൊലീസ്​ സ്​റ്റേഷനുകളിലാണ്​ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഹായത്തിന്​ ഭരണഘടന നൽകുന്ന അവകാശം പല പൗരന്മാർക്കും നിഷേധിക്കപ്പെടുന്നുമുണ്ട്​. നിയമ പരിജ്​ഞാനവും നിയമസഹായവും പൗരന്മാർക്ക്​ സൗജന്യമായി ലഭ്യമാകണമെന്നാണ്​ അദ്ദേഹം നാഷനൽ ലീഗൽ സർവിസസ്​ അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിൽ നിർദേശിച്ചത്​.

ചീഫ്​ ജസ്​റ്റിസി​െൻറ ആശങ്കകൾ ശരിവെക്കുന്നതാണ്​ സമീപകാല സംഭവങ്ങളും സ്​ഥിതിവിവരക്കണക്കും. ആഗസ്​റ്റിൽ സർക്കാർ പാർലമെൻറിൽ സമർപ്പിച്ച കണക്കനുസരിച്ച്​, കഴിഞ്ഞ മൂന്നു വർഷങ്ങളിലായി രാജ്യത്ത്​ 348 പേർ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ചു; 1189 പേർ മർദിക്കപ്പെട്ടു. രേഖകളിലും കണക്കിലുംപെടാത്ത സംഭവങ്ങളും ശാരീരികമല്ലാതെ മാനസികമായി ഏൽപിക്കുന്ന ആഘാതങ്ങളും ഇതിനു പുറമെയാണ്​. പലപ്പോഴും ഭരണകൂടത്തി​െൻറ സംരക്ഷണം ലഭിക്കുന്നതിനാൽ ഇത്തരം പ്രവണതകൾ ശക്​തിപ്പെട്ടുവരുന്നു എന്നത്​ വസ്​തുതയാണ്​.

കുറ്റക്കാരായ പൊലീസുകാർ ശിക്ഷിക്കപ്പെടണമെന്ന്​ മനുഷ്യാവകാശ കമീഷൻ മുതൽ രാഷ്​ട്രീയക്കാർ വരെ ആവശ്യപ്പെട്ടുപോരുന്നതുമാണ്​. പക്ഷേ, ഫലപ്രദമായ നടപടി ഒന്നുമുണ്ടാകുന്നില്ല. ചീഫ്​ ജസ്​റ്റിസ്​ തന്നെ ഒരു ആശയമെന്ന നിലക്കു മാത്രമാണ്​ സ്​ഥിരം സമിതികളുടെ നിയമനത്തെപ്പറ്റി പറയുന്നത്​. 'ഹൈകോടതികളുടെ ചീഫ്​ ജസ്​റ്റിസുമാർ തലവന്മാരായി പൊലീസ്​ അടക്കമുള്ള ഉദ്യോഗസ്​ഥർക്കെതിരായ അതിക്രമ പരാതികൾ കേൾക്കാനും അന്വേഷിക്കാനും സ്​ഥിരം സമിതികൾ വേണമെന്ന്​ ഒരു ഘട്ടത്തിൽ എനിക്ക്​ തോന്നിയിട്ടുണ്ടെങ്കിലും അക്കാര്യം ഞാൻ മാറ്റിവെക്കുന്നു' എന്നാണ്​ ജസ്​റ്റിസ്​ രമണ പറഞ്ഞത്​.

ഇക്കാര്യത്തിൽ സംവാദവും അഭിപ്രായ രൂപവത്​കരണവും അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവാം. ഏതായാലും ഒട്ടും വൈകാതെ തീരുമാനിച്ച്​ നടപ്പിൽ വരുത്തേണ്ട ഒന്നാണ്​ ഈ നിർദേശമെന്ന കാര്യത്തിൽ സംശയമില്ല. കസ്​റ്റഡിക്കൊലകളും ഏറ്റുമുട്ടൽ കൊലകളും പീഡനങ്ങളും അന്യായമായ വെടിവെപ്പും മാത്രമല്ല, നിയമ ബാഹ്യമായ, വിവിധ തരത്തിലുള്ള അവകാശലംഘനങ്ങൾ നടക്കുന്നുണ്ട്​.

കേസെടുക്കുന്നതിലും എടുക്കാതിരിക്കുന്നതിലും ശിക്ഷാ വകുപ്പുകൾ ചാർത്തുന്നതിലും ജാമ്യം കിട്ടാതാക്കുന്നതിലും എന്നുവേണ്ട വയോവൃദ്ധനായ രോഗിക്ക്​ തടവറയിൽ വെള്ളം കുടിക്കാൻ സ്​ട്രോ നൽകുന്ന കാര്യത്തിൽപോലും മനുഷ്യത്വമില്ലായ്​മ വ്യാപകമായി നടമാടുന്നുണ്ട്​. ഇതു​തടയാനും പൗരന്മാർക്ക്​ ഭരണഘടനാപരമായ സംരക്ഷണം നൽകാനും ജുഡീഷ്യൽ സ്​ഥിരം സമിതികൾ ആശാസ്യം മാത്രമല്ല, അത്യാവശ്യം തന്നെയാണ്​. ജുഡീഷ്യറിയും മനുഷ്യാവകാശ പ്രസ്​ഥാനങ്ങളും സത്വരമായി മുന്നിട്ടിറങ്ങി യാഥാർഥ്യമാക്കേണ്ട ഒന്നാണിത്​. എത്ര വൈകുന്നുവോ അത്രയും കൂടുതൽ പേർ അനീതിക്കിരയാകും എന്ന്​ എടുത്തുപറയേണ്ടതില്ലല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police crueltypoliceNV ramanaJudicial Committee
News Summary - Judicial Committee to Prevent Police Cruelty
Next Story