ജോലി ദുഃഖമാണുണ്ണീ യൂനിയനല്ലോ സുഖപ്രദം
text_fieldsകൊല്ലം ജില്ലയിലെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇന്നലെയുണ്ടായ (ബുധനാഴ്ച) സംഭവം കൗതുകകരമാണ്. സി.പി.എം അനുഭാവ േട്രഡ് യൂനിയനായ സി.ഐ.ടി.യുവിൽ അഫിലിയേറ്റ് ചെയ്ത കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷെൻറ യൂനിറ്റ് സമ്മേളനമായിരുന്നു ഇന്നലെ. സമ്മേളനം ഗംഭീരമായി നടത്തുന്നതിെൻറ ഭാഗമായി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു. ആ ഒരൊറ്റ ഡിപ്പോയിൽ ഇരുപതിലധികം സർവിസുകളാണ് മുടങ്ങിയത്. ഫലം, പ്രധാനമായും കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിക്കുന്ന ആ മേഖലയിലെ യാത്രക്കാർ നടുറോഡിൽ. കെ.എസ്.ആർ.ടി.സിയെ സാമ്പത്തികഞെരുക്കത്തിൽനിന്ന് രക്ഷിക്കാൻ സംസ്ഥാന ധനവകുപ്പ് 130 കോടിയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിെൻറ തൊട്ടടുത്ത ദിവസമാണ് ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള തൊഴിലാളി യൂനിയൻ സ്ഥാപനത്തെ തകർക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമായ ഈ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മാർച്ചിൽ, ഇതേ പുനലൂർ ഡിപ്പോയിൽതന്നെ ഇതേ സി.ഐ.ടി.യു യൂനിയെൻറ മീറ്റിങ്ങിൽ പങ്കെടുക്കാൻവേണ്ടി അവധിയെടുത്ത തൊഴിലാളി നേതാക്കൾ അടുത്ത ദിവസം ഹാജർ രേഖപ്പെടുത്തിയത് വാർത്തയും വിവാദവുമായിരുന്നു. കഴിഞ്ഞ ഏപ്രിൽ 30ന് പുനലൂർ ഡിപ്പോയിൽ സി.ഐ.ടി.യു യൂനിയെൻറ ജനറൽ ബോഡി മീറ്റിങ്ങിെൻറ ഭാഗമായി 26 സർവിസുകളാണ് മുടങ്ങിയത്. കൊല്ലം ജില്ലയിലെതന്നെ ചാത്തന്നൂർ ഡിപ്പോയിൽ കഴിഞ്ഞ വർഷം സി.ഐ.ടി.യു യൂനിയെൻറ സമ്മേളനത്തിെൻറ ഭാഗമായി ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്ന് 45 സർവിസുകൾ റദ്ദായ സംഭവമുണ്ടായിരുന്നു. ഇത് റിപ്പോർട്ട് ചെയ്ത ദൃശ്യമാധ്യമപ്രവർത്തകനെ ആക്രമിച്ചുകൊണ്ടാണ് തൊഴിലാളി യൂനിയൻ ‘പൊതുമേഖല സ്നേഹം’ പ്രകടിപ്പിച്ചത്! ഇത് കൊല്ലം ജില്ലയിലോ സി.ഐ.ടി.യു നേതൃത്വത്തിലോ മാത്രം സംഭവിക്കുന്ന കാര്യമല്ല. ഏറിയോ കുറഞ്ഞോ അളവിൽ ഏതാണ്ടെല്ലാ യൂനിയനുകളും ഈ മട്ടിലാണ് തങ്ങളുടെ മഹത്തായ ‘തൊഴിലാളിക്ഷേമ പ്രവർത്തനങ്ങൾ’ മുന്നോട്ടുകൊണ്ടുപോവുന്നത്. അവധിയെടുക്കുകയെന്നത് തൊഴിലാളിയുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. പക്ഷേ, ഒരു പ്രത്യേക ദിവസം പ്രത്യേക ഡിപ്പോയിൽനിന്ന് ആളുകൾ കൂട്ടത്തോടെ അവധിയെടുക്കുമ്പോൾ അത് സ്ഥാപനത്തിെൻറ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ അവധി നിരസിക്കാനും ദൈനംദിനപ്രവർത്തനത്തെ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും മേലുദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ, അങ്ങനെ ഉത്തരവാദിത്തബോധത്തോടെ കടമ നിർവഹിക്കാനും അവധി നിഷേധിക്കാനും മേലുദ്യോഗസ്ഥർക്ക് സാധിക്കാത്തവിധം ഭീകരമാണ് പൊതുമേഖല സ്ഥാപനങ്ങളിലെ യൂനിയൻ ആധിപത്യം. ഇടതുപക്ഷം ഭരിക്കുമ്പോൾ സി.ഐ.ടി.യുക്കാരെ മുഷിപ്പിക്കുന്ന തീരുമാനമെടുക്കാൻ ഒരു ഉദ്യോഗസ്ഥനും ധൈര്യം വരില്ല എന്നത് ലളിതമായ കാര്യം. അതിനിടയിൽ ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നതോ സ്ഥാപനത്തിന് ലക്ഷങ്ങളുടെ നഷ്ടം വരുന്നതോ പരിഗണനാവിഷയമേ ആവുന്നില്ല.
കെ.എസ്.ആർ.ടി.സിയെ മെച്ചപ്പെടുത്തുകയെന്നത് എൽ.ഡി.എഫ് സർക്കാറിെൻറ നയമാണ്. മൂന്നു വർഷത്തിനുള്ളിൽ സ്ഥാപനത്തെ ലാഭത്തിലാക്കുന്ന തരത്തിൽ പുനരുദ്ധാരണ പദ്ധതികൾ നടപ്പാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രസ്താവിച്ചത്. കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലെ പ്രഫ. സുശീൽ ഖന്നയെ പുനരുദ്ധാരണ പാക്കേജ് സമർപ്പിക്കാനായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 2016 ഡിസംബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അന്തിമ റിപ്പോർട്ട് ഇതുവരെയും വന്നിട്ടില്ല. കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താൻ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ തൂക്കിവിറ്റാൽതന്നെ വൻതുക ലഭിക്കുമെന്നാണ് ദോഷൈകദൃക്കുകൾ പരിഹാസവാക്ക് പറയാറുള്ളത്. സുശീൽ ഖന്ന എന്ത് മാന്ത്രികവിദ്യയാണ് മുന്നോട്ടുവെക്കാൻ പോകുന്നതെന്നും എന്തു നടപടിയാണ് സർക്കാർ സ്വീകരിക്കാൻ പോകുന്നതെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
എന്തുതന്നെയായാലും കെ.എസ്.ആർ.ടി.സി ഇന്ന് ഒട്ടും ജനപ്രിയമായ സ്ഥാപനമല്ല. അതിനെ ഇങ്ങനെയാക്കുന്നതിൽ മാറിമാറിവന്ന സർക്കാറുകൾക്കെന്നപോലെ തൊഴിലാളി യൂനിയനുകൾക്കും നല്ല പങ്കുണ്ട്. ബസുകളുടെ എണ്ണവും ജീവനക്കാരുടെ അനുപാതവും എടുത്താൽ ഏറ്റവും ഉയർന്ന ദേശീയ ശരാശരി കെ.എസ്.ആർ.ടി.സിയുടേതാണ്. താൽക്കാലിക ജീവനക്കാരെക്കൂടി പരിഗണിച്ചാൽ ഒരു ബസിന് ഒമ്പത് ജീവനക്കാരാണുള്ളത്. എന്നിട്ടും രണ്ടാളെവെച്ച് ഓടിക്കുന്ന സ്വകാര്യ ബസുകാർ നൽകുന്ന സേവനത്തിെൻറ പകുതിപോലും നൽകാൻ അവർക്കാവുന്നില്ല. ജീവനക്കാരുടെ സംഘടനകൾക്ക് അതിനാൽതന്നെ ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. സി.പി.എം അനുകൂല േട്രഡ് യൂനിയനാണ് സ്ഥാപനത്തിലെ ഏറ്റവും പ്രബല സംഘടന. സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരിക്കെ, അവരുടെ േട്രഡ് യൂനിയന് ആധിപത്യമുള്ള ഒരു പൊതുമേഖല സ്ഥാപനത്തെ രക്ഷപ്പെടുത്താൻ അവർ അൽപം കവിഞ്ഞ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. അതുണ്ടാവുന്നില്ലെന്ന് മാത്രമല്ല, സ്ഥാപനത്തെ തകർക്കുകയും ജനങ്ങളെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നതിലാണ് അവർക്ക് താൽപര്യം എന്നാണ് തോന്നുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
