Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസംസ്ഥാന പദവിക്ക്...

സംസ്ഥാന പദവിക്ക് കേഴുന്ന ജമ്മു-കശ്മീർ

text_fields
bookmark_border
സംസ്ഥാന പദവിക്ക് കേഴുന്ന ജമ്മു-കശ്മീർ
cancel

ജനാധിപത്യ രാജ്യത്ത് ജനം വോട്ടുചെയ്ത് അധികാരത്തിലെത്തിയ സർക്കാർ ആരുടേതായാലും പാലിക്കേണ്ട പ്രാഥമിക ചുമതലയാണ്, കഴിഞ്ഞകാലത്ത് അതേ പാർട്ടിയാണ് അധികാരത്തിലിരുന്നിരുന്നതെങ്കിൽ തങ്ങൾ കൈവരിച്ച നേട്ടങ്ങളോടൊപ്പം സംഭവിച്ചുപോയ അബദ്ധങ്ങളും പാളിച്ചകളും ഏറ്റുപറയുകയോ ചുരുങ്ങിയപക്ഷം തിരുത്തുകയോ ചെയ്യുക എന്നുള്ളത്. ജനാധിപത്യത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്നതോടൊപ്പം അത് ദുരുപയോഗിച്ച് ജനാധിപത്യത്തെത്തന്നെ ഗളച്ഛേദം ചെയ്യുന്ന നടപടികളാണ് നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ പതിനാറ് വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന് ഏറെ ഉദാഹരണങ്ങൾ നിരത്തേണ്ടതില്ല. എങ്കിലും ഏറ്റവും പ്രമാദമായ ഒരു വഞ്ചന അനുസ്യൂതം തുടരുന്നത് രാജ്യം ശ്രദ്ധിക്കാതെ പോവുകയോ അവഗണിക്കുകയോ ചെയ്യുന്നത് മനുഷ്യത്വപരമല്ല. 2019 ആഗസ്റ്റ് അഞ്ചിന് ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ലഡാക്കും ജമ്മു-കശ്മീരും കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്ത നടപടി തീർത്തും സ്വേച്ഛാപരവും അനീതിപരവുമായിരുന്നെന്ന് അന്ന് സമ്മതിക്കാത്തവർപോലും, നടപടിക്ക് ഏഴുവർഷങ്ങൾ പിന്നിട്ടപ്പോഴെങ്കിലും സമ്മതിക്കേണ്ടിവന്നിരിക്കുന്നു. സുപ്രീംകോടതി വിധിയെ അപ്പാടേ തള്ളിക്കളയുന്നത് ഉചിതമല്ലെന്ന് തോന്നിയതുകൊണ്ടാവാം തെരഞ്ഞെടുപ്പ് നടത്തി ഭരണം ജനകീയ സർക്കാറിനെ ഏൽപിക്കാൻ, കോടതി നിശ്ചയിച്ച തീയതിക്ക് തൊട്ടുമുമ്പ് ഇലക്ഷൻ നടത്താൻ മോദി സർക്കാർ തയാറായത്. അതുതന്നെ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിവേണം മണ്ഡല പുനർനിർണയമെന്ന വ്യവസ്ഥയെ അപ്പടി നോക്കുകുത്തിയാക്കി, ജനസംഖ്യ ഏറ്റവും കുറഞ്ഞ ജമ്മു മേഖലയിൽ പരമാവധി നിയമസഭാ സീറ്റുകൾ വർധിപ്പിച്ചും, കൂടുതലുള്ള കശ്മീർ താഴ്വരയിലെ സീറ്റുകൾ ആകാവുന്നിടത്തോളം കുറച്ചും അവിടത്തെ പട്ടികജാതി സംവരണ സീറ്റുകളുടെ എണ്ണം ക്രമാതീതമായി വർധിപ്പിച്ചും ഇലക്ഷൻ കമീഷൻ നടത്തിയ അഭ്യാസത്തിന് ശേഷമാണുതാനും. ജനങ്ങൾ പക്ഷേ, പാകിസ്താന്റെ എല്ലാവിധ കുത്തിത്തിരിപ്പുകളും മറികടന്ന് വൻതോതിൽ വോട്ട് രേഖപ്പെടുത്തി. അപ്രകാരം നിലവിൽവന്ന നിയമസഭക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അധികാരങ്ങൾ പോലും വകവെച്ചുകൊടുക്കാൻ കേന്ദ്ര സർക്കാർ ഇന്നുവരെ തയാറായിട്ടില്ല. സ്വാഭാവികമായും ഭരണകക്ഷിയായ നാഷനൽ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് സാധ്യമായ അളവിൽ പ്രതിഷേധിച്ചു. പൂർണ സംസ്ഥാന പദവിയും തദനുസൃതമായ അധികാരങ്ങളും ജമ്മു-കശ്മീരിന് നൽകാതെ കേവലം നഗരസഭക്ക് തുല്യമായ അധികാരങ്ങളുമായി ഒതുങ്ങിയിരിക്കാനാവില്ലെന്ന്, ജനങ്ങൾ വോട്ടുചെയ്ത് അധികാരത്തിലേറ്റിയവർ തുറന്നടിച്ചു. ഇത് തികഞ്ഞ നീതിനിഷേധമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും സ്വതന്ത്ര മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിട്ടും കേട്ടഭാവമില്ല മോദി-അമിത്ഷാ ടീമിന്.

അതേസമയം ജമ്മു-കശ്മീരിന്റെ അധികാരങ്ങളത്രയും കൈപ്പിടിയിലൊതുക്കി, സംസ്ഥാനത്ത് ഇന്ത്യൻ സൈന്യത്തിന്റെ പകുതിയിലധികവും വിന്യസിപ്പിച്ചും, ഭീകരരെ തുരത്താനും ഉന്മൂലനം ചെയ്യാനും പരമാവധി പണിയെടുത്തിട്ടും കണക്കുകൾ നൽകുന്നത് ആശ്വാസകരമായ ചിത്രമല്ല. പൂർണ കേന്ദ്രഭരണത്തിന്റെ കീഴിൽ ജമ്മു-കശ്മീരിനെ കൊണ്ടുവരുന്നതിനുമുമ്പ് 2014-2016 കാലത്ത് നിലവിലിരുന്നതിനേക്കാൾ സിവിലിയൻ-സൈനിക നഷ്ടം കുറക്കാൻ സാധ്യമായിട്ടില്ല.

അതേസമയം യു.എ.പി.എ പ്രയോഗിക്കപ്പെട്ടവരുടെ എണ്ണം കുത്തനെ കൂടുകയും ചെയ്തിരിക്കുന്നു. ഭീകര സംഘടനകളുടെ പട്ടിക വലുതാക്കി, സമാധാനപരമായി പ്രവർത്തിക്കുന്ന മിക്ക കശ്മീരി സംഘടനകളെയും പാടേ നിരോധിച്ചും, നേതാക്കളെയും സഹപ്രവർത്തകരെയും ജയിലിലടച്ചും, അവരുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടിയും അക്ഷരാർഥത്തിൽ ഭീകരവാഴ്ചയാണ് കശ്മീരിൽ നടക്കുന്നതെന്ന പരാതി വ്യാപകമായി ഉയരുന്നു. പൊലീസിന്റെ അധികാരംപോലും ഉമർ ഫാറൂഖിന്റെ സർക്കാറിന് നൽകാത്തതിന്റെ കാരണവും മറ്റൊന്നല്ല. സാമ്പത്തിക വളർച്ച കുറഞ്ഞുകുറഞ്ഞ് 2024-25 വർഷത്തിൽ നെല്ലിപ്പടി കണ്ടു. ഉപരി വിദ്യാഭ്യാസ രംഗത്തും 2023-24 വർഷത്തിൽ 11 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. അതോടൊപ്പം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ ഉപരിപഠനം തുടരുന്ന കശ്മീരി വിദ്യാർഥികളെ രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടുന്നുവെന്ന പരാതികൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ആറ്റിക്കുറുക്കിയാൽ തെളിയുന്ന ചിത്രം ഒട്ടും ആശ്വാസകരമോ മതേതര ജനാധിപത്യ പ്രതിച്ഛായയുടെ അടുത്ത് നിൽക്കുന്നതോ പോലുമല്ല. ‘ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, കശ്മീരികൾ ഇന്ത്യൻ ജനതയുടെ ഘടകമല്ല’ എന്ന തീവ്രഹിന്ദുത്വ മാനസിക ഘടനയുടെ ഇരകളാണ് കശ്മീർ ജനത. അവർക്ക് ഭരണഘടനാദത്തമായ പദവിയും അധികാരങ്ങളും അവകാശങ്ങളും വകവെച്ചുകൊടുക്കാത്തിടത്തോളം കാലം, പട്ടാള ബാരക്കുകളിൽ ചങ്ങലക്കിട്ടാൽ പോലും രാജ്യത്തിന്റെ മൊത്തം പ്രതിച്ഛായ മോശമായി തുടരാനേ വഴിയുള്ളൂ. പാകിസ്താനാകട്ടെ കിട്ടുന്ന ഏത് വേദിയും ഏതവസരവും ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് അതുപയോഗിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and KashmirIndiaJammu and Kashmir statehood
News Summary - Jammu and Kashmir seeks statehood
Next Story