വാർത്തക്ക് ജയിൽ: അപകടകരമായ കീഴ്വഴക്കം
text_fields2017ന് ശേഷം അദാനി ഗ്രൂപ് മാധ്യമവേട്ട ശക്തമാക്കി എന്ന് ആരോപിക്കുന്ന ആർ.എസ്.എഫ്, ഇതിനകം പ്രമുഖരടക്കം 15 മാധ്യമപ്രവർത്തകരെയെങ്കിലും നിശ്ശബ്ദരാക്കാൻ അതുവഴി അവർക്ക് കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടുന്നു
മാധ്യമപ്രവർത്തകൻ രവി നായർക്ക് ഗുജറാത്തിലെ ഒരു ഒരു മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ ഇന്ത്യയിൽ ശോഷിച്ചുവരുന്ന മാധ്യമസ്വാതന്ത്ര്യത്തിന്റെ മറ്റൊരു സൂചികയാണ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ ക്രിമിനൽ അപകീർത്തിക്കേസിലാണ് രവി നായർക്ക് ഒരുവർഷം തടവും 5000 രൂപ പിഴയും വിധിച്ചിരിക്കുന്നത്. 2020 ഒക്ടോബർമുതൽ 2021 ജൂലൈവരെ അദ്ദേഹം ‘ട്വിറ്ററി’ലും (ഇപ്പോൾ ‘എക്സ്’) ആസ്ട്രേലിയൻ പ്രസിദ്ധീകരണമായ ‘അദാനി വാച്ചി’ലും പ്രസാധനം ചെയ്ത കുറിപ്പുകളും ലേഖനങ്ങളും അപകീർത്തികരമാണെന്ന് കമ്പനി വാദിച്ചു. ഐ.പി.സി 499ാം വകുപ്പ് പ്രകാരം മാധ്യമപ്രവർത്തകൻ കുറ്റം ചെയ്തിട്ടുണ്ട് എന്ന് മജിസ്ട്രേറ്റ് ദാമിനി ദീക്ഷിത്ത് വിധിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരു മാസത്തെ സമയമനുവദിച്ചിട്ടുണ്ട്. പൊതുനന്മ ലക്ഷ്യമാക്കി സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ചതാണ് കുറിപ്പുകൾ എന്ന വാദം കോടതി അംഗീകരിച്ചില്ല. ഇത് ദൗർഭാഗ്യകരമാണ്. വൻകിടക്കാരുടെ താൽപര്യങ്ങൾക്കുവേണ്ടി മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ നിർമിച്ചതാണ് ക്രിമിനൽ അപകീർത്തിച്ചട്ടമെന്ന നിയമജ്ഞരുടെ അഭിപ്രായം സാധൂകരിക്കപ്പെടുകയാണിവിടെ. അപകീർത്തിക്കെതിരെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം വേണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, സിവിൽ അപകീർത്തി നിയമം തന്നെ അതിനുപയുക്തമാണെന്നിരിക്കെ 499 പോലുള്ള ഒരു കൊളോണിയൽ, ക്രിമിനൽ ചട്ടം നിലനിൽക്കുന്നതിന്റെ ലക്ഷ്യം, ന്യായമായ വിമർശനത്തെപോലും തടുക്കലാണ് എന്ന ആരോപണത്തിന് പ്രസക്തിയുണ്ട്. കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ) എന്ന ആഗോള മാധ്യമപ്രവർത്തക കൂട്ടായ്മയുടെ വാക്കുകളിൽ, ‘മാധ്യമസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ അപകടകരമായ കീഴ്വഴക്കമാണ് ഈ വിധിയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്’.
മൂന്ന് കാര്യങ്ങളെ ആധാരമാക്കിയാണ് രവി നായരുടെ കുറിപ്പുകളെ അപകീർത്തികരം എന്ന് കോടതി തീരുമാനിച്ചത്: ആവർത്തിച്ചുള്ള ആരോപണങ്ങൾ, അന്വേഷണപരമെന്നതിനു പകരം ആരോപണസ്വഭാവത്തിലുള്ള കുറിപ്പുകൾ, സമൂഹമാധ്യമങ്ങൾ വഴി അവ പ്രചരിപ്പിച്ചത് എന്നിവ. 17 പോസ്റ്റുകൾ മാനഹാനിക്കിടയാക്കിയതായി തങ്ങളുടെ അന്യായത്തിൽ അദാനി ഗ്രൂപ് എടുത്തുപറഞ്ഞു. മൂന്ന് പ്രോസിക്യൂഷൻ സാക്ഷികളെ കോടതി വിസ്തരിച്ചു. മൂന്നുപേരും അദാനി ഗ്രൂപ്പിന്റെ ജീവനക്കാരാണ്. കുറിപ്പുകൾ പരിശോധന കൂടാതെ, കമ്പനിക്കെതിരെ അവിശ്വാസമുയർത്തുന്ന രീതിയിലാണ് എഴുതിയതെന്ന് കമ്പനി വാദിച്ചപ്പോൾ, മുമ്പേ പ്രസിദ്ധീകൃതമായ ലേഖനങ്ങൾ പഠിച്ച് എഴുതിയതാണ് അവ എന്ന് പ്രതിഭാഗം വാദിച്ചു. കമ്പനിയുടെ സൽപ്പേരിന് ക്ഷതമുണ്ടായെന്ന് കണ്ടെത്തിയ കോടതി, അതിനിടയാക്കിയ കാര്യങ്ങൾ മതിയായ അന്വേഷണം നടത്തിയല്ല പ്രസിദ്ധീകരിച്ചതെന്ന് നിരീക്ഷിച്ചു. വാസ്തവത്തിൽ മറ്റ് വിവിധ പ്രസിദ്ധീകരണങ്ങളിൽ ('ഗാർഡിയൻ', 'ടൈംസ് ഓഫ് ഇന്ത്യ', 'ബ്ലൂംബെർഗ്' തുടങ്ങി വിവിധ മാധ്യമങ്ങളിൽ) വന്ന, പൊതുമണ്ഡലത്തിൽ നേരത്തേ ഉള്ള, ലേഖനങ്ങളുടെ ലിങ്ക് ചേർത്തുകൊണ്ടാണ് രവി കുറിപ്പുകൾ പോസ്റ്റ് ചെയ്തത്. ആസ്ട്രേലിയയിലും ശ്രീലങ്കയിലും ഇന്ത്യയിലും അദാനി ഗ്രൂപ് ചെയ്തതായി ആരോപിക്കപ്പെടുന്ന അഴിമതിയെ ചിലതിൽ സൂചിപ്പിക്കുന്നു. കമ്പനിയുടെ കുത്തക സ്വഭാവത്തെപ്പറ്റി മറ്റു ചിലതിൽ പറയുന്നു. ഇത്തരം കുറിപ്പുകൾ വിമർശനാത്മകം എന്നല്ലാതെ അപകീർത്തികരമെന്ന് വിധിക്കുന്നത്, അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തെതന്നെ കുറ്റകരമാക്കുന്നതിന് തുല്യമാണ്.
മാധ്യമപ്രവർത്തകന് സദുദ്ദേശ്യമല്ല ഉള്ളത് എന്ന് കാണിക്കാൻ കോടതി അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ ആവർത്തന സ്വഭാവം എടുത്തു പറഞ്ഞു. ആ മാനദണ്ഡമനുസരിച്ച്, അദാനി ഗ്രൂപ് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരായി നിരന്തരം കേസ് കൊടുക്കുന്നത് സദുദ്ദേശ്യത്തോടെ ആയിരിക്കില്ലല്ലോ. ന്യായമായ വിമർശനങ്ങൾപോലും ഉയരാത്ത തരത്തിൽ ഭയപ്പെടുത്തുക എന്ന ലക്ഷ്യം അതിനുണ്ടാകില്ലേ? പൊതുവ്യവഹാരത്തിൽനിന്ന് ഒഴിവാകാൻ കേസ് കൊടുക്കുക (Strategic Lawsuits Against Public Participation -- SLAPPs) എന്ന തന്ത്രമാണ് ഇത് എന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) പറയുന്നതിൽ കാര്യമുണ്ട്. 2017ന് ശേഷം അദാനി ഗ്രൂപ് മാധ്യമവേട്ട ശക്തമാക്കി എന്ന് ആരോപിക്കുന്ന ആർ.എസ്.എഫ് ഇതിനകം പ്രമുഖരടക്കം 15 മാധ്യമപ്രവർത്തകരെയെങ്കിലും നിശ്ശബ്ദരാക്കാൻ അതുവഴി അവർക്ക് കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടുന്നു. ശിക്ഷയിലേക്ക് എത്തുന്നത് ഇപ്പോൾ ആദ്യമാണെങ്കിലും, താൽക്കാലിക വിലക്കുകൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പൊതുനന്മക്കുവേണ്ടി, പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ രചിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും കോടതികളുടെ വ്യാഖ്യാനം ഇക്കാര്യത്തിൽ പ്രധാനമാകുന്നു. ചുരുക്കത്തിൽ അനാവശ്യവും ആപത്കരവുമായ ഒരു നിയമം എപ്രകാരം ജനാധിപത്യത്തിന്റെ മർമമായ മാധ്യമസ്വാതന്ത്ര്യത്തിന് എതിരാകും എന്നതിന് തെളിവാണ് രവി നായർക്ക് നൽകിയ ശിക്ഷ. കോർപറേറ്റ് അഴിമതിയും ചങ്ങാത്ത മുതലാളിത്തത്തിന്റെ ജനവിരുദ്ധതയും തുറന്നു കാണിക്കാൻ മാധ്യമപ്രവർത്തകർ മടിക്കുന്ന സ്ഥിതിയാണ് ഇതുണ്ടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

